This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോര്‍-എപ്പിസ്‌കോപ്പ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോര്‍-എപ്പിസ്‌കോപ്പ്‌

ഗ്രാമത്തിന്റെ എപ്പിസ്‌കോപ്പ്‌ അല്ലെങ്കില്‍ ബിഷപ്പ്‌. ഗ്രീക്‌ഭാഷയില്‍ ഖോറാ (Khora) എന്നാല്‍ ഗ്രാമം എന്നാണര്‍ഥം. നഗരത്തില്‍ വസിച്ചിരുന്ന എപ്പിസ്‌കോപ്പയുടെ ഭരണസീമയ്‌ക്കു പുറത്തുള്ള ഗ്രാമീണ ക്രൈസ്തവ സമൂഹങ്ങളുടെ ആധ്യാത്മിക ചുമതലയാണ്‌ കോര്‍-എപ്പിസ്‌കോപ്പയില്‍ നിക്ഷിപ്‌തമായിരുന്നത്‌. രണ്ടാം ശതകത്തിന്റെ ആരംഭത്തില്‍ ഗ്രാമീണസഭകള്‍ രൂപംപ്രാപിച്ചു തുടങ്ങിയതുകൊണ്ട്‌ അതോടൊപ്പം കോര്‍ എപ്പിസ്‌കോപ്പ്‌ സ്ഥാനവും നിലവില്‍വന്നു എന്ന്‌ കരുതപ്പെടുന്നു. നഗരത്തിലെ എപ്പിസ്‌കോപ്പയും ഗ്രാമത്തിലെ എപ്പിസ്‌കോപ്പയും തമ്മില്‍ തുടക്കത്തില്‍ സ്ഥാനവ്യത്യാസം ഇല്ലായിരുന്നു എന്നു കരുതാം. നഗരങ്ങളുടെ പ്രശസ്‌തി ഉയര്‍ന്നുവന്നതോടെ നഗരങ്ങളില്‍ സഭയ്‌ക്കുണ്ടായിരുന്ന പ്രാധാന്യവും വര്‍ധിച്ചു; അങ്ങനെ മൂന്നാം ശതകത്തിന്റെ മധ്യത്തോടെ നഗരത്തിലെ എപ്പിസ്‌കോപ്പയ്‌ക്കു ഗ്രാമത്തിലെ ബിഷപ്പിനെക്കാള്‍ ഉയര്‍ന്ന സ്ഥാനം നല്‌കിത്തുടങ്ങി.

എ.ഡി. 314-ലെ അന്‍സൈറ സുന്നഹദോസിലാണ്‌ കോര്‍ - എപ്പിസ്‌കോപ്പയെക്കുറിച്ച്‌ ആദ്യപരാമര്‍ശനങ്ങളുള്ളത്‌. ഈ സുന്നഹദോസിന്റെ 13-ാം കാനോന്‍ അനുസരിച്ച്‌ കശീശന്മാര്‍ക്കും പട്ടം കൊടുക്കുന്നതിനു കോര്‍-എപ്പിസ്‌കോപ്പയ്‌ക്ക്‌ അധികാരമുണ്ട്‌. എന്നാല്‍ ഇതു സ്വതന്ത്രാധികാരം ആയിരുന്നില്ല. അതാതു പ്രദേശത്തെ ഭദ്രാസനമെത്രാപ്പൊലീത്തമാരുടെ അനുവാദപ്രകാരമായിരിക്കണം പട്ടംകൊടുക്കുക എന്ന്‌ സുന്നഹദോസ്‌ നിര്‍ദേശിച്ചു. ഒരു സഹായമെത്രാന്റെ പദവി മാത്രമാണ്‌ കോര്‍-എപ്പിസ്‌കോപ്പയ്‌ക്കു നല്‌കിയിരുന്നത്‌.

410-ല്‍ സെലൂക്യറ്റൈസിഫോണില്‍ നടന്ന പൗരസ്‌ത്യ സുറിയാനിസഭയുടെ സുന്നഹദോസില്‍, ഓരോ ഭദ്രാസനത്തിലും മെത്രാപ്പൊലീത്തയോടൊപ്പം ഓരോ കോര്‍-എപ്പിസ്‌കോപ്പകൂടി ഉണ്ടായിരിക്കണം എന്നു തീരുമാനിച്ചു. ഒന്നിലധികമുള്ള കോര്‍-എപ്പിസ്‌കോപ്പസ്ഥാനങ്ങള്‍ നിര്‍ത്തല്‍ ചെയ്‌തു. അഞ്ചാം ശതകത്തോടുകൂടി പല സഭകളിലും കോര്‍-എപ്പിസ്‌കോപ്പ അലങ്കാരസ്ഥാനമായി മാറി. എങ്കിലും മെത്രാപ്പൊലീത്തയുടെ ഔദ്യോഗിക പ്രതിനിധി എന്ന നിലയില്‍ സഭയുടെ ഉന്നമനത്തിനായി പല കാര്യങ്ങളും കോര്‍-എപ്പിസ്‌കോപ്പ ചെയ്‌തിരുന്നു.

മെത്രാപ്പൊലീത്തയുടെ ഇടതുവശത്തു കോര്‍-എപ്പിസ്‌കോപ്പയും വലതുവശത്ത്‌ അര്‍ക്കാദായാക്കോനും ഇരിക്കണം എന്നായിരുന്നു സ്ഥാനക്രമം. 1983-ല്‍ ഗ്രീക്‌ ഓര്‍ത്തഡോക്‌സ്‌ സഭയിലെ ഒരു വൈദികസംഘം, സഹായമെത്രാന്മാര്‍ക്കു പകരം കോര്‍ എപ്പിസ്‌കോപ്പയുടെ പുരാതനസ്ഥാനം പുനരുദ്ധരിക്കണമെന്നും നഗരത്തില്‍നിന്നു വിദൂരമായ ഇടവകകളുടെ ചുമതല അവരെ ഏല്‌പിക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. സാധാരണ ജനങ്ങളുമായി അടുത്ത ബന്ധത്തില്‍ കഴിയാന്‍ കോര്‍-എപ്പിസ്‌കോപ്പമാര്‍ക്കു കഴിയുമെന്നും അത്‌ എപ്പിസ്‌കോപ്പയുടെ ശുശ്രൂഷയെ സഹായിക്കുമെന്നും അവര്‍ ഇതിന്‌ ഉപോദ്‌ബലകമായി ചൂണ്ടിക്കാട്ടി.

(റവ. കെ.സി. ഉമ്മന്‍ കോര്‍-എപ്പിസ്‌കോപ്പ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍