This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോര്‍പ്പസ്‌ ക്രിസ്റ്റി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോര്‍പ്പസ്‌ ക്രിസ്റ്റി

റോമന്‍ കത്തോലിക്കാസഭയില്‍ ത്രിത്വപ്പെരുന്നാളിന്റെ (Trinity Sunday) അടുത്ത വ്യാഴാഴ്‌ച നടത്തുന്ന തിരുവത്താഴ സ്‌മാരകപ്പെരുന്നാള്‍. കുര്‍ബാനയുടെ തിരുനാള്‍ എന്നും ഇത്‌ അറിയപ്പെടുന്നു. ലത്തീന്‍ ഭാഷയില്‍ ക്രിസ്‌തുവിന്റെ തിരുശരീരം എന്ന അര്‍ഥത്തിലാണ്‌ ഈ പദം പ്രേയാഗിച്ചു വരുന്നത്‌.

1247-ല്‍ കിഴക്കന്‍ ബല്‍ജിയത്തിലെ ലിയേഷ്‌ (Liege) നഗര ഇടവകയിലാണ്‌ ഈ പെരുന്നാള്‍ ആദ്യമായി ആഘോഷിക്കപ്പെട്ടത്‌. മൗണ്ട്‌ കാര്‍നിലോണിലെ കന്യാസ്‌ത്രീയായ വിശുദ്ധ ജൂലിയാന സമര്‍പ്പിച്ച നിവേദനപ്രകാരം ലിയേഷിലെ അന്നത്തെ ബിഷപ്പായിരുന്ന റൊബേര്‍ ദ്‌ തൂറോത്ത്‌ (Robert de Thourotte) വൈദിക കാര്യാലോചനാസഭ വിളിച്ചുകൂട്ടി തന്റെ ഇടവകയില്‍ ഈ പെരുന്നാള്‍ ആഘോഷിക്കുവാന്‍ ഉത്തരവ്‌ ഇടുകയാണുണ്ടായത്‌. വിശുദ്ധ ജൂലിയാനയ്‌ക്കു ദിവ്യാനുഭൂതി ഉണ്ടായതിനെത്തുടര്‍ന്നാണ്‌ അവര്‍ നിവേദനം സമര്‍പ്പിച്ചത്‌ എന്നു പറയപ്പെടുന്നു. 1264-ല്‍ പോപ്പ്‌ അര്‍ബന്‍ IV (Pope Urban IV) റോമന്‍ കത്തോലിക്കാസഭയുടെ എല്ലാ ദേവാലയങ്ങളിലും തിരുവത്താഴ സ്‌മാരകപ്പെരുന്നാള്‍ ആഘോഷിക്കുവാന്‍ ഉത്തരവിട്ടു. ഇതോടുകൂടി ഈ ആഘോഷം വ്യാപകമായി. ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനു സാമ്പത്തികം ഉള്‍പ്പെടെയുള്ള പല സഹായങ്ങളും പോപ്പ്‌ ഏര്‍പ്പെടുത്തി.

വിശുദ്ധ തോമസ്‌ അക്വിനാസ്‌ ആണ്‌ ആഘോഷരീതിയെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ തയ്യാറാക്കി അവതരിപ്പിച്ചത്‌. ആര്‍ഭാടപൂര്‍വമുള്ള ഘോഷയാത്രയാണ്‌ ആഘോഷത്തിന്റെ മുഖ്യഘടകം. ബൈബിളില്‍ നിന്നുള്ള രംഗങ്ങള്‍ ഘോഷയാത്രയില്‍ നാടകരൂപത്തില്‍ അവതരിപ്പിക്കുക പതിവാണ്‌. ഇതിനായി സഞ്ചരിക്കുന്ന നാടകേവദികളും തയ്യാറാക്കിയിരിക്കും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍