This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോര്‍പ്പറേഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോര്‍പ്പറേഷന്‍

മൂലധനം സംഭാവന ചെയ്യാന്‍ തയ്യാറുള്ളവര്‍ ചേര്‍ന്ന്‌ സംയുക്തമായി രജിസ്റ്റര്‍ ചെയ്‌തു രൂപവത്‌കരിക്കുന്ന സ്ഥാപനം. വമ്പിച്ച മുതല്‍മുടക്ക്‌ ആവശ്യമായ വ്യാപാരവാണിജ്യസംരംഭങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതിന്‌ ഒരു വ്യക്തിക്കു തനിച്ചോ ഏതാനും വ്യക്തികളുടെ പന്നാളിത്തത്തിനോ കഴിഞ്ഞു എന്നു വരില്ല. അങ്ങനെയുള്ള അവസരങ്ങളില്‍ നിരവധി വ്യക്തികളില്‍നിന്നു മൂലധനം സമാഹരിക്കേണ്ടിവരുന്നു. സംയോജനം എന്നര്‍ഥമുള്ള ഇന്‍ കോര്‍പ്പറേഷന്‍ (Incorporation) എന്ന പദത്തില്‍നിന്നാണ്‌ കോര്‍പ്പറേഷന്‍ എന്ന സംജ്ഞ നിഷ്‌പന്നമായത്‌.

കോര്‍പ്പറേഷന്‌ അതില്‍ കൂട്ടുചേര്‍ന്ന വ്യക്തികളില്‍ നിന്നു വ്യത്യസ്‌തമായ ഒരു നിലനില്‌പുണ്ട്‌. അതായത്‌ നിയമദൃഷ്‌ട്യാ പന്നാളികളുടെ കൂട്ടായ നിലനില്‌പില്‍ കവിഞ്ഞ ഒരു വ്യക്തിത്വം കോര്‍പ്പറേഷനുണ്ട്‌. അംഗങ്ങള്‍ മാറുകയോ മരിക്കുകയോ പാപ്പരാവുകയോ ചെയ്‌താല്‍ കോര്‍പ്പറേഷനു യാതൊരു മാറ്റവുമുണ്ടാകുന്നില്ല. കോര്‍പ്പറേഷനു സ്വന്തംനിലയില്‍ സ്വത്തു സമ്പാദിക്കാം; ബാങ്ക് അക്കൗണ്ട്‌ ആരംഭിക്കാം; പണം കടം കൊടുക്കുകയും വാങ്ങുകയും ചെയ്യാം; ഉദ്യോഗസ്ഥരെ നിയമിക്കാം; ഓഹരിയുടമകളുമായി കരാറില്‍ ഏര്‍പ്പെടാം; അവരുടെ പേരില്‍ വ്യവഹാരം കൊടുക്കുകയും അവരാല്‍ വ്യവഹരിക്കപ്പെടുകയും ചെയ്യാം. കോര്‍പ്പറേഷന്റെ പണവും സ്വത്തും അതിനുമാത്രം അവകാശപ്പെട്ടതാണ്‌. അല്ലാതെ ഓഹരിയുടമകള്‍ക്കോ ഡയറക്‌ടര്‍മാര്‍ക്കോ അവകാശപ്പെട്ടതല്ല. കോര്‍പ്പറേഷന്റെ ബാധ്യതകള്‍ കോര്‍പ്പറേഷന്റെ മാത്രം ബാധ്യതകളാണ്‌. ആ ബാധ്യതകള്‍ തീര്‍ക്കാന്‍ ഓഹരിയുടമകള്‍ ഉത്തരവാദികളല്ല.

പൊതുതാത്‌പര്യം മുന്‍നിര്‍ത്തി കോര്‍പ്പറേഷനുകളെ സര്‍ക്കാര്‍ നിയന്ത്രിക്കുകയും അവയുടെ പ്രവര്‍ത്തനം ക്രമീകരിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ പാസ്സാക്കി നടപ്പില്‍ വരുത്തുന്ന നിയമങ്ങള്‍ക്കു വിധേയമായി മാത്രമേ കോര്‍പ്പറേഷന്‍ രൂപവത്‌കരിക്കാനാകൂ. കോര്‍പ്പറേഷന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍, നടത്താന്‍ ഉദ്ദേശിക്കുന്ന ബിസിനസ്സിന്റെ സ്വഭാവം, ഓഹരിയുടമകളുടെയോ പ്രമോട്ടര്‍മാരുടെയോ പേര്‌, ഓഹരിവിവരങ്ങള്‍ തുടങ്ങിയവ അടങ്ങിയ മെമ്മോറാണ്ടം ബന്ധപ്പെട്ട അധികാരികള്‍ക്കു സമര്‍പ്പിച്ചുവെങ്കില്‍ മാത്രമേ സംയോജനം ലഭിക്കൂ. ഇന്ത്യയില്‍ കോര്‍പ്പറേഷനുകളുടെ രൂപവത്‌കരണം, ഭരണം എന്നിവ നിയന്ത്രിക്കുന്നതും ക്രമീകരിക്കുന്നതും 1956-ലെ ഇന്ത്യന്‍ കമ്പനി നിയമവ്യവസ്ഥകളാണ്‌.

ചരിത്രം. കോര്‍പ്പറേഷന്‍ അതിന്റെ ആധുനികാര്‍ഥത്തില്‍ രൂപവത്‌കരിക്കപ്പെട്ടത്‌ 16-ാം ശതകത്തിന്റെ ആരംഭത്തിലാണ്‌. എന്നാല്‍ ഇതിനോട്‌ ഏതാണ്ട്‌ സാദൃശ്യമുള്ള ചില സ്ഥാപനങ്ങള്‍ക്ക്‌ 2000 വര്‍ഷത്തിലേറെ പഴക്കമുണ്ട്‌. പ്രാചീന റോമിലെ യൂണിവേഴ്‌സിറ്റേറ്റുകള്‍ ആണ്‌ ഇതില്‍ ആദ്യത്തേത്‌. ഏകാംഗ വ്യാപാര-വാണിജ്യ സംരംഭങ്ങളില്‍നിന്നു വ്യത്യസ്‌തമായി ബഹുജനപന്നാളിത്തമുള്ള വ്യാപാര-വാണിജ്യ ആവശ്യങ്ങള്‍ക്കുവേണ്ടിയും മതപരമായ കാര്യങ്ങള്‍ക്കുവേണ്ടിയും മുന്‍സിപ്പല്‍ ഭരണ നിര്‍വഹണത്തിനുവേണ്ടിയും ആണ്‌ അക്കാലത്ത്‌ യൂണിവേഴ്‌സിറ്റേറ്റുകള്‍ സ്ഥാപിച്ചിരുന്നത്‌. എ.ഡി. മൂന്നാം ശതകം വരെ ഈ സ്ഥാപനങ്ങളുടെമേല്‍ യാതൊരുവിധ സര്‍ക്കാര്‍ നിയന്ത്രണങ്ങളുമുണ്ടായിരുന്നില്ല. അലക്‌സാണ്ടര്‍ സെവറസ്‌ ചക്രവര്‍ത്തി(205-235)യുടെ കാലത്താണ്‌ കോര്‍പ്പറേഷനുകളുടെ സ്ഥാപനത്തിനു സര്‍ക്കാര്‍ അനുമതി നേടിയിരിക്കണമെന്ന വ്യവസ്ഥയുണ്ടായത്‌. റോമാസാമ്രാജ്യത്തില്‍ പോപ്പിന്റെ അധികാരം പ്രാബല്യത്തില്‍ വന്നതോടെ കോര്‍പ്പറേഷനു സദൃശമായ സ്ഥാപനങ്ങളുടെ രൂപവത്‌കരണത്തിനു പോപ്പിന്റെ തീട്ടൂരം കൂടിയേ തീരൂ എന്നുവന്നു. ഇംഗ്ലണ്ടിലെ ബറോകളും ഗില്‍ഡുകളും കോര്‍പ്പറേഷന്‌ ഏതാണ്ടു തുല്യമായ സ്ഥാപനങ്ങളായിരുന്നു. സ്വയംഭരണാധികാരമുണ്ടായിരുന്ന സംഘടനകളായിരുന്നു ബറോകള്‍. ഒരേ തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന കൈത്തൊഴിലാളികളും വ്യവസായികളും വണിക്കുകളും തങ്ങളുടെ പൊതുതാത്‌പര്യസംരക്ഷണത്തിനു സ്ഥാപിച്ചിരുന്ന സംഘടനകളായിരുന്നു ഗില്‍ഡുകള്‍. ബറോകളും ഗില്‍ഡുകളും വികാസംപ്രാപിച്ചതോടെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കു നിയമാനുസൃതമായ നിലനില്‌പുണ്ടാക്കുന്നതിനുവേണ്ടി രാജാവില്‍നിന്നു പേറ്റന്റുകള്‍ വാങ്ങാന്‍ തുടങ്ങി.

വ്യാപാര-വാണിജ്യാവശ്യങ്ങള്‍ക്കുവേണ്ടിയുള്ള കോര്‍പ്പറേറ്റ്‌ സ്ഥാപനങ്ങള്‍ക്ക്‌ സര്‍ക്കാര്‍ അനുമതി നല്‌കിയത്‌ 1313 മുതലാണ്‌. കമ്പിളി വ്യാപാരത്തിനുവേണ്ടി 1313-ല്‍ "ഫെല്ലോഷിപ്പ്‌ ഒഫ്‌ സ്റ്റേപ്പിള്‍സ്‌' സ്ഥാപിക്കുകയുണ്ടായി. 1407-ല്‍ കമ്പിളിത്തുണിത്തരങ്ങളുടെ വാണിജ്യത്തിന്‌ "കമ്പനി ഒഫ്‌ മര്‍ച്ചന്റ്‌ അഡ്വഞ്ചേഴ്‌സ്‌' സ്ഥാപിച്ചു.

കമ്പനി നിയമവ്യവസ്ഥയുടെ പ്രാരംഭം ദൃശ്യമാകുന്നത്‌ സമുദ്രാന്തര വാണിജ്യം വ്യവസ്ഥാപിതമായതോടെയാണ്‌. മസ്‌കോവി കമ്പനി (16-ാം ശതകത്തിന്റെ മധ്യം), ആഫ്രിക്കന്‍ കമ്പനി (1567), സ്‌പാനിഷ്‌ കമ്പനി (1577), ഈസ്റ്റ്‌ലാന്‍ഡ്‌ കമ്പനി (1578), ടര്‍ക്കി കമ്പനി (1581), ലെവന്റ്‌ കമ്പനി (1592) എന്നിവ ഇത്തരത്തില്‍ രൂപം കൊണ്ടവയാണ്‌. 1600 ഡിസംബറിലാണ്‌ എലിസബത്ത്‌ രാജ്ഞി ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാക്കമ്പനി സ്ഥാപിക്കാന്‍ ചാര്‍ട്ടര്‍ നല്‌കിയത്‌. രാജകീയ ചാര്‍ട്ടറുകളെയോ പാര്‍ലമെന്റില്‍ പാസ്സാക്കിയ പ്രത്യേക നിയമങ്ങളെയോ അടിസ്ഥാനമാക്കിയാണു ഹഡ്‌സണ്‍ ബേ കമ്പനി, ന്യൂ റിവര്‍ കമ്പനി, ബാങ്ക് ഒഫ്‌ ഇംഗ്ലണ്ട്‌ എന്നീ കോര്‍പ്പറേഷനുകള്‍ സ്ഥാപിച്ചത്‌. വ്യാവസായിക വിപ്ലവത്തിന്റെ ഫലമായി യൂറോപ്പിലും യു.എസ്സിലും ആധുനിക രീതിയിലുള്ള കോര്‍പ്പറേഷനുകള്‍ തുടങ്ങി. തുടര്‍ന്നു മിക്ക രാഷ്‌ട്രങ്ങളും കോര്‍പ്പറേഷന്റെ രൂപവത്‌കരണത്തിനുവേണ്ട നിയമങ്ങള്‍ നടപ്പിലാക്കി. ന്യൂയോര്‍ക്ക്‌ സ്റ്റേറ്റിലാണ്‌ ഇത്തരത്തിലുള്ള നിയമം ആദ്യമായി പാസ്സാക്കിയത്‌ (1811). കോര്‍പ്പറേഷനുകള്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കണമെന്ന വ്യവസ്ഥ ഇംഗ്ലണ്ടില്‍ 1944-ലാണു പ്രാബല്യത്തില്‍ വന്നത്‌.

1855-ല്‍ ക്ലിപ്‌ത ബാധ്യതാതത്ത്വം അംഗീകരിച്ചു. ഇംഗ്ലണ്ടില്‍ സമഗ്രമായ കമ്പനി നിയമം നടപ്പിലായത്‌ 1948-ലാണ്‌. 1844-ലെ ഇംഗ്ലണ്ടിലെ നിയമത്തിന്റെ മാതൃകയില്‍ ഇന്ത്യയില്‍ ആദ്യത്തെ കമ്പനി നിയമം പാസ്സാക്കിയത്‌ 1850-ലാണ്‌. ഈ നിയമം പിന്നീട്‌ പല സന്ദര്‍ഭങ്ങളിലായി ഭേദഗതി ചെയ്‌തു. 1956-ലാണ്‌ സമഗ്രമായ ഇന്ത്യന്‍ കമ്പനി നിയമം പാസായത്‌.

ഓഹരിയുടമകളുടെ അസ്‌തിത്വമാണ്‌ കോര്‍പ്പറേഷന്റെ പ്രത്യേകത. കോര്‍പ്പറേഷന്റെ മൊത്തം മൂലധനത്തിന്റെ ഓരോ അംഗത്തിന്റെയും ഓഹരിയെ "ഷെയര്‍' എന്നും അംഗങ്ങളെ "ഷെയര്‍ ഹോള്‍ഡര്‍മാര്‍' എന്നും പറയുന്നു. കമ്പനി നിയമമനുസരിച്ച്‌ കോര്‍പ്പറേഷന്റെ ഓഹരിയുടമകള്‍ ആണ്‌ ആ സ്ഥാപനത്തിന്റെ ഉടമകള്‍. കോര്‍പ്പറേഷന്റെ ഓഹരിയുടമകള്‍ക്കു ക്ലിപ്‌ത ബാധ്യത എന്ന ആനുകൂല്യം നിയമം അനുവദിച്ചിട്ടുണ്ട്‌. ഓരോ ഓഹരിയുടമയും വാങ്ങിയ ഓഹരിയില്‍ അടച്ചുതീര്‍ക്കേണ്ട സംഖ്യയ്‌ക്കു മാത്രമേ അയാള്‍ക്കു ബാധ്യതയുള്ളൂ. ഓഹരിയുടമ അയാളെടുത്തിട്ടുള്ള ഓഹരികളുടെ മൊത്തവില തീര്‍ത്തും അടച്ചിട്ടുണ്ടെങ്കില്‍, അയാളില്‍നിന്നു പിന്നീടു യാതൊന്നും വസൂലാക്കാന്‍ സാധ്യമല്ല. രാഷ്‌ട്രത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വസിക്കുന്നവരായിരിക്കും ഓഹരിയുടമകള്‍ എന്നതുകൊണ്ട്‌ അവര്‍ക്കു കോര്‍പ്പറേഷന്റെ ദൈനംദിന ഭരണത്തില്‍ ഭാഗഭാക്കുകളാകാന്‍ കഴിയുകയില്ല. അതുകൊണ്ട്‌ ഈ ഓഹരിയുടമകള്‍ കോര്‍പ്പറേഷന്റെ ഭരണം നിര്‍വഹിക്കുന്നതിനു ഭരണസാമര്‍ഥ്യമുള്ള ഒരുകൂട്ടം ആളുകളെ തിരഞ്ഞെടുക്കുന്നു. ഇവരാണു കോര്‍പ്പറേഷന്റെ "ബോര്‍ഡ്‌ ഒഫ്‌ ഡയറക്‌ടേഴ്‌സ്‌'. ഓഹരിയുടമകളുടെ താത്‌പര്യം സംരക്ഷിച്ചുകൊണ്ട്‌ ഈ സമിതി കോര്‍പ്പറേഷന്റെ ഭരണം നിര്‍വഹിക്കുന്നു.

രൂപവത്‌കരണത്തിന്റെ സ്വഭാവമനുസരിച്ചു കോര്‍പ്പറേഷനുകളെ ചാര്‍ട്ടേഡ്‌ കോര്‍പ്പറേഷനുകള്‍, സ്റ്റാറ്റ്യൂട്ടറി കോര്‍പ്പറേഷനുകള്‍, രജിസ്റ്റേഡ്‌ കോര്‍പ്പറേഷനുകള്‍ എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. രാജകീയ ചാര്‍ട്ടര്‍ അനുസരിച്ചു രൂപവത്‌കരിക്കുന്ന സ്ഥാപനങ്ങളാണ്‌ ചാര്‍ട്ടേഡ്‌ കോര്‍പ്പറേഷനുകള്‍. ഉദാ. ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഈസ്റ്റ്‌ ഇന്ത്യാക്കമ്പനി; ബാങ്ക് ഒഫ്‌ ഇംഗ്ലണ്ട്‌. പ്രത്യേക നിയമങ്ങള്‍ വഴി രൂപവത്‌കരിക്കുന്ന കമ്പനികളാണ്‌ സ്റ്റാറ്റ്യൂട്ടറി കോര്‍പ്പറേഷനുകള്‍. ബാന്നിങ്‌ കമ്പനീസ്‌ ആക്‌റ്റ്‌ 1938 അനുസരിച്ച്‌ രൂപവത്‌കരിച്ച ബാന്നിങ്‌ കമ്പനികള്‍ ഇതിനുദാഹരണമാണ്‌. 1956-ലെ ഇന്ത്യന്‍ കമ്പനി നിയമം അനുസരിച്ചു സംഘടിപ്പിച്ചതോ രജിസ്റ്റര്‍ ചെയ്‌തതോ ആയ സ്ഥാപനങ്ങളാണ്‌ രജിസ്റ്റേഡ്‌ കോര്‍പ്പറേഷനുകള്‍.

കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്‌ത കോര്‍പ്പറേഷനുകളെ പൊതുക്ലിപ്‌ത കോര്‍പ്പറേഷനുകള്‍, സ്വകാര്യ ക്ലിപ്‌ത കോര്‍പ്പറേഷനുകള്‍ എന്നിങ്ങനെ രണ്ടായി തിരിക്കാം. സ്വന്തം നിയമാവലി മുഖേന തുടര്‍ന്നു പറയുന്ന മൂന്നു നിയന്ത്രണങ്ങള്‍ പാലിക്കുന്ന കമ്പനിയാണു സ്വകാര്യ കോര്‍പ്പറേഷന്‍: (1) അംഗസംഖ്യ 50-ല്‍ കവിയരുത്‌; (2) ഓഹരികള്‍ പൊതുവില്‌പനയ്‌ക്കു വേണ്ടി പരസ്യം ചെയ്യരുത്‌; (3) അംഗങ്ങള്‍ക്ക്‌ ഓഹരികള്‍ കൈമാറ്റം ചെയ്യാനുള്ള അവകാശം നല്‌കരുത്‌. ഈ നിയന്ത്രണങ്ങള്‍ സ്വയം ബാധകമാക്കിയിട്ടില്ലാത്ത കമ്പനികള്‍ പൊതുകമ്പനികളും.

ഉടമസ്ഥതയില്‍ സര്‍ക്കാരിന്റെ പങ്കിനെ ആധാരമാക്കി കോര്‍പ്പറേഷനുകളെ സ്വകാര്യമേഖലാ കോര്‍പ്പറേഷനുകള്‍, പൊതുമേഖലാ കോര്‍പ്പറേഷനുകള്‍ എന്നിങ്ങനെ തിരിക്കാം. ഒരു കോര്‍പ്പറേഷന്റെ ഓഹരി മൂലധനത്തില്‍ 51 ശതമാനത്തില്‍ കുറയാത്ത ഭാഗം കേന്ദ്രസര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ അല്ലെങ്കില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കൂട്ടായ കൈവശമോ ആണെങ്കില്‍ ആ സ്ഥാപനം പൊതുമേഖലാ കോര്‍പ്പറേഷനായിരിക്കും. സര്‍ക്കാരും സ്വകാര്യ മേഖലയും ചേര്‍ന്നു ചില കോര്‍പ്പറേഷനുകള്‍ സ്ഥാപിക്കാറുണ്ട്‌. ഇവയാണ്‌ സംയുക്തമേഖലാ കോര്‍പ്പറേഷനുകള്‍.

ഓഹരിയുടെ വില്‌പനയിലുള്ള നിയന്ത്രണത്തെ ആധാരമാക്കി കോര്‍പ്പറേഷനുകളെ ഓപ്പണ്‍ കോര്‍പ്പറേഷന്‍, ക്ലോസ്‌ഡ്‌ കോര്‍പ്പറേഷന്‍ എന്നിങ്ങനെ രണ്ടായി വിഭജിക്കാം. ഓപ്പണ്‍ കോര്‍പ്പറേഷന്റെ ഓഹരികള്‍ ആര്‍ക്കും വാങ്ങാന്‍ കഴിയുന്നതാണ്‌. ക്ലോസ്‌ഡ്‌ കോര്‍പ്പറേഷനില്‍ പുതിയ ഓഹരികള്‍ നിലവിലുള്ള ഓഹരിയുടമകള്‍ക്കു മാത്രമേ നല്‍കാവൂ എന്നുണ്ട്‌.

ലാഭത്തിനുവേണ്ടിമാത്രം പ്രവര്‍ത്തിക്കുന്നവയാണു മിക്ക കോര്‍പ്പറേഷനുകളും. എന്നാല്‍ ചിലതു ലാഭത്തിനല്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഉദാ. ആശുപത്രികള്‍, ധര്‍മസ്ഥാപനങ്ങള്‍, ഫൗണ്ടേഷനുകള്‍ എന്നിവ നടത്തുന്ന കോര്‍പ്പറേഷനുകള്‍. ചില കോര്‍പ്പറേഷനുകളുടെ പ്രവര്‍ത്തനപരിധി ഒരു സ്റ്റേറ്റിനകത്തു മാത്രമായി ഒതുങ്ങി നില്‌ക്കുന്നു. കേരളസര്‍ക്കാര്‍ സ്ഥാപിച്ചിട്ടുള്ള ചില കോര്‍പ്പറേഷനുകള്‍ ഇതിനുദാഹരണങ്ങളാണ്‌: കേരളാ സ്റ്റേറ്റ്‌ ഇന്‍ഡസ്‌ട്രിയല്‍ എന്റര്‍പ്രസസ്‌ ലിമിറ്റഡ്‌, കേരളാ സ്റ്റേറ്റ്‌ കയര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌. രാജ്യം മുഴുവന്‍ പ്രവര്‍ത്തനപരിധിയുള്ള കോര്‍പ്പറേഷനുകള്‍ ഉണ്ട്‌. ഉദാ. നാഷണല്‍ സ്‌മാള്‍ ഇന്‍ഡസ്‌ട്രീസ്‌ കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌. ലോകമൊട്ടാകെ വാണിജ്യ-വ്യാപാരത്തില്‍ ഏര്‍പ്പെടുന്ന ബഹുരാഷ്‌ട്രകോര്‍പ്പറേഷനുകളുമുണ്ട്‌. ഉദാ. ഗ്‌ളാക്‌സോ, ടൊയോട്ട.

കോര്‍പ്പറേഷനു ചില ഗുണങ്ങളും ചില ന്യൂനതകളുമുണ്ട്‌. വിപുലമായ മൂലധന സജ്ജീകരണം സാധിതപ്രായമാകുന്നതിനു കോര്‍പ്പറേഷന്റെ രൂപവത്‌കരണം സഹായകമാണ്‌. വമ്പിച്ച മൂലധന നിക്ഷേപം ആവശ്യമായ വ്യവസായ സംരംഭങ്ങളില്‍ പരാജയസാധ്യത കൂടുതലാണ്‌. എന്നാല്‍ കൂട്ടായ സംരംഭമായതുകൊണ്ട്‌ ഓരോരുത്തര്‍ക്കും ഉണ്ടായേക്കാവുന്ന നഷ്‌ടം നിസ്സാരമായിരിക്കും. ഓഹരി കൈമാറുന്നതിനുള്ള സൗകര്യം ഏറ്റവും കൂടുതലുള്ളത്‌ കോര്‍പ്പറേഷനിലാണ്‌. ഏകാംഗവ്യാപാരത്തെക്കാളും പന്നാളിത്തവ്യാപാരത്തെക്കാളും സ്ഥിരതയുള്ളതും കോര്‍പ്പറേഷനാണ്‌. സാധാരണയായി കോര്‍പ്പറേഷന്റെ ഓഹരികള്‍ ചെറിയ തുകകള്‍ക്കുള്ളതായിരിക്കും. അതുകൊണ്ടു ജനങ്ങള്‍ക്ക്‌ തങ്ങളുടെ ചെറുസമ്പാദ്യങ്ങള്‍ നിക്ഷേപിക്കാനും അങ്ങനെ സമാഹരിച്ചുകിട്ടുന്ന വന്‍തുക ഉത്‌പാദനക്ഷമമായ സംരംഭങ്ങളില്‍ മുടക്കുവാനും അവസരം ലഭിക്കുന്നു. ഓഹരിവില ചെറിയ തുകയായതുകൊണ്ട്‌ എളിയ സമ്പത്‌ശേഷിയുള്ളവര്‍ക്കും കോര്‍പ്പറേഷന്റെ ഉടമകളാകാന്‍ സാധിക്കുന്നു. കോര്‍പ്പറേഷന്റെ രൂപവത്‌കരണം ഭരണവൈദഗ്‌ധ്യം വളര്‍ത്താന്‍ സഹായകമാണ്‌. "ബിസിനസ്‌ മാനേജ്‌മെന്റ്‌' എന്ന ശാഖയുടെ ആവിര്‍ഭാവകാരണം കോര്‍പ്പറേഷനുകളുടെ രൂപവത്‌കരണമാണ്‌.

കോര്‍പ്പറേഷനു ചില ന്യൂനതകളുമുണ്ട്‌. താത്‌പര്യങ്ങളുടെ സംഘട്ടനം കോര്‍പ്പറേഷനില്‍ പ്രകടമാണ്‌. പല തരത്തിലുള്ള ഓഹരിയുടമകള്‍ തമ്മിലും ഓഹരിയുടമകളും ഭരണസമിതിയും തമ്മിലും സംഘട്ടനങ്ങള്‍ സാധാരണമാണ്‌. കോര്‍പ്പറേഷന്റെ യഥാര്‍ഥ ഉടമാവകാശം ഓഹരിയുടമകളിലാണ്‌ നിക്ഷിപ്‌തമെങ്കിലും അവര്‍ക്ക്‌ മാനേജ്‌മെന്റില്‍ കാര്യമായ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയുകയില്ല. ഊഹക്കച്ചവടത്തിനും വഞ്ചന കാണിക്കുന്നതിനും സാധ്യത കൂടുതല്‍ കോര്‍പ്പറേഷനിലുണ്ട്‌. കോര്‍പ്പറേഷനില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന്‌ കാലതാമസമുണ്ടാകുന്നു. ഭരണഘടനയിലോ പ്രവര്‍ത്തനത്തിലോ മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ വിഷമമേറിയ പല ഔപചാരിക നടപടികളും നേരിടേണ്ടിവരും. ഭരണസമിതിയുടെയും ഓഹരിയുടമകളുടെയും സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടുന്നതിനും മറ്റും മുന്‍കൂര്‍ നോട്ടീസ്‌ ആവശ്യമാണെന്നതും ഗൗരവമേറിയ ഒരു ന്യൂനതയാണ്‌. വ്യക്തി മുന്‍കൈയെടുത്തുള്ള പ്രവര്‍ത്തനം ഇവിടെ സാധ്യമല്ല. നിയമങ്ങളുടെ നിയന്ത്രണങ്ങള്‍ക്കു വിധേയമാണെന്നതുകൊണ്ട്‌ കോര്‍പ്പറേഷനു സാധാരണ നിലയില്‍ സ്വതന്ത്രമായ പ്രവര്‍ത്തനം സാധ്യമല്ല.

ഈ ന്യൂനതകളൊക്കെയുണ്ടെങ്കിലും കോര്‍പ്പറേഷനുകളുടെ വളര്‍ച്ച എടുത്തു പറയത്തക്കതാണ്‌. ലോകസാമ്പത്തികരംഗത്തു നിര്‍ണായകങ്ങളായ ചലനങ്ങള്‍ സൃഷ്‌ടിക്കാന്‍ ബഹുരാഷ്‌ട്ര കോര്‍പ്പറേഷനുകള്‍ക്കു കഴിയുന്നു. വികസ്വര രാഷ്‌ട്രങ്ങളിലും അല്‌പവികസിത രാഷ്‌ട്രങ്ങളിലും സമ്പദ്‌ഘടനയെ സഹായിക്കുന്നതും നശിപ്പിക്കുന്നതും ബഹുരാഷ്‌ട്ര കോര്‍പ്പറേഷനുകളാണ്‌. ബഹുരാഷ്‌ട്ര കോര്‍പ്പറേഷനുകളോടു മത്സരിക്കാന്‍ വികസ്വര അല്‌പവികസിത രാഷ്‌ട്രങ്ങളിലെ വ്യവസായ സംരംഭങ്ങള്‍ക്കു കഴിയുന്നില്ല എന്നതാണ്‌ വസ്‌തുത.

ഇന്ത്യയില്‍ പൊതു-സ്വകാര്യമേഖലകളില്‍ നിരവധി കോര്‍പ്പറേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. 2009 മാ. 31-ലെ കണക്കനുസരിച്ച്‌ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലായി 7,86,774 കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.

ചിത്രം: Page185.png

സര്‍ക്കാര്‍ കോര്‍പ്പറേഷനുകള്‍ എണ്ണത്തില്‍ കുറവാണെങ്കിലും അവയുടെ മൂലധനം വളരെ കൂടുതലാണെന്നത്‌ വ്യാപാര-വാണിജ്യ സംരംഭങ്ങളില്‍ സര്‍ക്കാരിന്റെ വര്‍ധിച്ച പങ്കിനെ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ മിശ്ര സമ്പദ്‌വ്യവസ്ഥയില്‍ പൊതുമേഖലാ കോര്‍പ്പറേഷനുകള്‍ നിര്‍ണായകസ്വാധീനം ചെലുത്തുന്നുണ്ട്‌. സ്റ്റീല്‍, പെട്രോളിയം, ലോഹങ്ങള്‍, വളം, എന്‍ജിനീയറിങ്‌ സാമഗ്രികള്‍, ഔഷധങ്ങള്‍, സിമന്റ്‌, തുണിത്തരങ്ങള്‍, ന്യൂസ്‌പ്രിന്റ്‌ എന്നിങ്ങനെ വിവിധ സാധനങ്ങള്‍ ഉത്‌പാദിപ്പിക്കുന്നതില്‍ പൊതുമേഖലാ കോര്‍പ്പറേഷനുകള്‍ കടന്നുചെന്നതിന്റെ ഫലമായി വിദേശനാണ്യച്ചോര്‍ച്ച തടയാന്‍ മാത്രമല്ല, വിദേശനാണ്യം സ്വരൂപിക്കാനും കഴിഞ്ഞു. നോ. കമ്പനി നിയമം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍