This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോര്‍ഡോവ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കോര്‍ഡോവ
Cordova or Cordoba
1. മധ്യ-അര്‍ജന്റീനയിലെ ഒരു പ്രവിശ്യയും അതിന്റെ തലസ്ഥാന നഗരവും. 2,884 മീ. ഉയരമുള്ള പശ്ചിമ ഭാഗത്തെ സീയ്‌റാ ഗ്രാന്‍ഡി മുതല്‍ പാമ്പ പുല്‍മേടുവരെ കിഴക്കോട്ട് ചരിഞ്ഞുകാണുന്ന ഭൂഭാഗമാണ് കോര്‍ഡോവാ പ്രവിശ്യ. വിസ്‌തീര്‍ണം: 1,68,766 ച.കി.മീ.; ജനസംഖ്യ: 3,304,825 (2010). പ്രിമേറോ, സെഗൂണ്ടോ, റ്റേഴ്‌സറോ, ക്വാര്‍ത്തോ, ക്വിന്റോ തുടങ്ങിയവയാണ് പ്രവിശ്യയിലെ പ്രധാന നദികള്‍.
1869-ല്‍ റൊസാറിയോയില്‍ നിന്നുള്ള തീവണ്ടിപ്പാതപ്പണി പൂര്‍ത്തിയാക്കി. ഇതായിരുന്നു കിഴക്കന്‍ ദിക്കുകളുമായി ഈ പ്രവിശ്യക്കുണ്ടായ ആദ്യത്തെ പ്രധാന ബന്ധം.
16-ാം ശതകത്തില്‍ ബൊളീവിയ, ചിലി തുടങ്ങിയ രാജ്യങ്ങളുമായി കച്ചവടത്തിലേര്‍പ്പെട്ടപ്പോഴാണ് ഇവിടേക്കുള്ള സ്‌പാനിഷ് കുടിയേറ്റം ദൃഢമായിത്തീര്‍ന്നത്. സ്വാതന്ത്ര്യസമരത്തില്‍ സ്‌പാനിഷ് പ്രതിരോധമേഖല ബലവത്തായിരുന്നെങ്കിലും, അവയെല്ലാമതിജീവിച്ച് 1816-ല്‍ കോര്‍ഡോവ അര്‍ജന്റീനാ കോണ്‍ഫെഡറേഷനില്‍ ചേര്‍ന്നു.
ഗോതമ്പ്, ചോളം, മുതിര, ബാര്‍ലി, ചണം, പുല്ല് എന്നിവയാണ് പ്രധാന കാര്‍ഷികവിളകള്‍. ഗ്രാനൈറ്റ്, ചുണ്ണാമ്പുകല്ല് എന്നീ നിക്ഷേപങ്ങള്‍ സമൃദ്ധമായുണ്ട്. സീയ്‌റായില്‍ ടങ്‌സ്റ്റണ്‍, അഭ്രം, ബെറിലിയം തുടങ്ങിയവയും ഖനനം ചെയ്‌തെടുക്കുന്നു. കോര്‍ഡോവ, റീയോ ക്വാര്‍ത്തോ, വിലാമാരിയാ എന്നീ നഗരങ്ങളിലാണ് ഭക്ഷണപദാര്‍ഥങ്ങള്‍ സംസ്‌കരിക്കുകയും തുണിത്തരങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്ന വ്യവസായശാലകള്‍ സ്ഥിതിചെയ്യുന്നത്. കോസ്‌കിന്‍ എന്ന വാര്‍ഷിക വിളവെടുപ്പുത്സവം, കാര്‍ലോസ്‌പാസ്, ലാ ഫാല്‍ദാ എന്നിവയാണ് ഇവിടത്തെ പ്രധാന വിനോദ ദൃശ്യങ്ങള്‍.
കോര്‍ഡോവാനഗരം. കോര്‍ഡോവാ പ്രവിശ്യയുടെ തലസ്ഥാനമായ ഈ നഗരം, വലുപ്പത്തില്‍ അര്‍ജന്റീനയിലെ നഗരങ്ങളില്‍ മൂന്നാം സ്ഥാനത്താണ്. മധ്യ-അര്‍ജന്റീനയുടെ വടക്കുള്ള ബ്യൂണസ് അയേഴ്‌സിന് 691 കി.മീ. വടക്കുപടിഞ്ഞാറായി പ്രിമേറോ നദീതീരത്തു സ്ഥിതിചെയ്യുന്നു. പര്‍വതനിബിഡമായ നഗരത്തിന്റെ പടിഞ്ഞാറുഭാഗം മനോഹരമായ ഒരു പ്രദേശമാണ്. ജനസംഖ്യ: 1,309,536 (2008).
ജെറൊനിമോ ലൂയിസ് ഡീകാബ്രറാ 1573-ല്‍ ഈ നഗരം സ്ഥാപിച്ചു. ജെസ്യൂട്ടുകളുടെ പ്രാദേശികാസ്ഥാനമായിരുന്ന ഇവിടം ഒരിക്കല്‍, റ്റൂകുമാന്‍ എന്ന സ്‌പാനിഷ് പ്രവിശ്യയുടെ തലസ്ഥാനമായിരുന്നു. 17-ാം ശതകത്തില്‍ ബ്യൂണസ് അയേഴ്‌സിനും ചിലിക്കും മധ്യേയുള്ള ഒരു പ്രധാന നഗരമായിരുന്ന ഇതിന്റെ വ്യാവസായിക വളര്‍ച്ചയെ പ്രോത്സാഹിപ്പിച്ചത് റൊസാറിയോ തീവണ്ടിപ്പാതയും 1866-ല്‍ പ്രിമേറോ നദിയില്‍ പണിത ഡിക്‌സാന്‍റോക് എന്ന അണക്കെട്ടുമാണ്. തെക്കേ അമേരിക്കയിലെ വന്‍കിട അണക്കെട്ടുകളില്‍ ഒന്നായ ഇത് നഗരത്തിലെ ജലവിതരണം മെച്ചപ്പെടുത്തുകയും വ്യവസായങ്ങള്‍ക്കാവശ്യമായ വൈദ്യുതി ലഭ്യമാക്കുകയും ചെയ്‌തിട്ടുണ്ട്.
മോട്ടോര്‍ വാഹനങ്ങള്‍, വിമാനങ്ങള്‍, തുകല്‍ സാമഗ്രികള്‍, തുണിത്തരങ്ങള്‍, സ്‌ഫടികം, ബിയര്‍, മറ്റു മദ്യങ്ങള്‍ എന്നിവയാണ് ഇവിടത്തെ പ്രധാന വ്യാവസായികോത്‌പന്നങ്ങള്‍. ധാതുക്കളും കാര്‍ഷികോത്‌പന്നങ്ങളും സംസ്‌കരണം നടത്തിയശേഷം ഇവിടെനിന്നു കയറ്റുമതി ചെയ്യുന്നു.
വൈസ്രോയിമന്ദിരം, സെന്റ് തെരേസാസ് കോണ്‍വെന്റും പള്ളിയും, ഭദ്രാസനപ്പള്ളി തുടങ്ങി കോളനി ഭരണകാലത്തു സ്ഥാപിതമായ കെട്ടിടങ്ങളാണ് ഒരു വിനോദസഞ്ചാരകേന്ദ്രമായ ഇവിടത്തെ പ്രധാന ആകര്‍ഷണകേന്ദ്രങ്ങള്‍. അര്‍ജന്റീനയിലെ അതിപുരാതനമായ സര്‍വകലാശാല 1613-ല്‍ ഇവിടെ സ്ഥാപിക്കപ്പെട്ടു.
2. തെക്കന്‍-സ്‌പെയിനില്‍, ആന്‍ഡലൂഷ്യയുടെ ഭാഗമായ ഒരു പ്രവിശ്യയും അതിന്റെ തലസ്ഥാന നഗരവും. പ്രവിശ്യയുടെ വിസ്‌തൃതി: 13,769 ച.കി.മീ. ഗ്വാഡല്‍ക്കിവീര്‍നദി ഈ പ്രവിശ്യയെ പര്‍വത നിബിഡമായ വടക്കന്‍ ഭാഗമെന്നും ഫലഭൂയിഷ്‌ഠമായ തെക്കന്‍ സമതലമെന്നും രണ്ടായി വിഭജിക്കുന്നു. ജനസംഖ്യ: 8,03,308 (2009). വടക്കുഭാഗത്ത് ലെഡ്, സിന്ന്, കല്‍ക്കരി, തുടങ്ങിയവയുടെ ഖനനമാണ് മുഖ്യ വ്യവസായം. ധാന്യങ്ങള്‍, ഒലീവ്, മുന്തിരി തുടങ്ങിയവ ഇവിടെ കൃഷിചെയ്യുന്നു. കുതിരകളെയും കാളകളെയും വളര്‍ത്തുകയാണ് പ്രവിശ്യയുടെ തെക്കന്‍ ഭാഗത്തെ ജനങ്ങളുടെ മുഖ്യ തൊഴില്‍. ചരിത്രപ്രധാനമായ പ്രവിശ്യാതലസ്ഥാനം ഒരു പ്രശസ്‌ത വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്.
പ്രവിശ്യാതലസ്ഥാനമായ നഗരം സെവിലിന് 117 കി.മീ. വടക്കുകിഴക്ക് ഗ്വാഡല്‍ക്കിവീര്‍ നദീതീരത്തു സ്ഥിതിചെയ്യുന്നു. വിസ്‌തൃതി: 1,255 ച.കി.മീ. ജനസംഖ്യ: 3,25,453 (2008).
കോര്‍ഡോവയുടെ സമ്പദ്‌സമൃദ്ധിക്ക് ഈ പ്രദേശത്തെ കാലാവസ്ഥ വളരെയധികം സഹായം നല്‌കിയിട്ടുണ്ട്. മിതോഷ്‌ണമുള്ളതും താരതമ്യേന വരണ്ടതുമാണിത്. ഒരു കാര്‍ഷികജില്ലാകേന്ദ്രമാണ് കോര്‍ഡോവ. പരിസരത്തുള്ള ഖനികളും ഈ നഗരത്തിന്റെ വളര്‍ച്ചയ്‌ക്കു സഹായകമായി. "കോര്‍ഡോവതുകല്‍' പ്രശസ്‌തമാണ്. നഗരത്തെ വടക്കന്‍ സ്‌പെയിനിലെ മറ്റു പട്ടണങ്ങളുമായി ബന്ധപ്പെടുത്തുന്നത് പ്രധാന നദിയായ ഗ്വാഡല്‍ക്കിവീല്‍ ആണ്.
ചരിത്രപരമായി വളരെയധികം പ്രാധാന്യമുള്ള ഒരു നഗരമാണ് കോര്‍ഡോവ. റോമന്‍ പ്രവിശ്യയായ ബെത്തിക്കയിലെ നാല് നയതന്ത്ര കേന്ദ്രങ്ങളില്‍ ഒന്നായിരുന്ന കോര്‍ഡോവയെ ബി.സി. 152-ല്‍ മാര്‍കസ് ക്ലോഡിയസ് മാഴ്‌സെലസ് ആദ്യമായി ഒരു റോമന്‍ കോളനിയായംഗീകരിച്ചു എന്നാണ് ഗ്രീക് ചരിത്രകാരന്മാരുടെ അഭിപ്രായം. ജൂലിയസ് സീസറിനെതിരെ നടന്ന ആഭ്യന്തരയുദ്ധത്തില്‍ പോമ്പേയുടെ പിന്‍ഗാമികള്‍ ഈ നഗരം അവരുടെ ആസ്ഥാനമാക്കി. ബി.സി. ഒന്നാം ശതകത്തിന്റെ അവസാനത്തില്‍, പാട്രീഷ്യാകോളനി എന്ന പേരു ലഭിച്ച കോര്‍ഡോവ, വ്യാവസായികവും സാംസ്‌കാരികവുമായി അഭിവൃദ്ധി പ്രാപിച്ചു. 549 മുതല്‍ 554 വരെ ഭരിച്ചിരുന്ന അഗിലരാജാവിനെതിരായ രാഷ്‌ട്രീയ വിപ്ലവകേന്ദ്രം, ആര്യന്മാരും കത്തോലിക്കരുമായുണ്ടായ മതയുദ്ധത്തിന്റെ കേന്ദ്രം എന്നിങ്ങനെ സുപ്രധാനമായ പല ചരിത്രസംഭവങ്ങള്‍ക്കും പുരാതനകാലം മുതല്‌ക്കേ ഈ നഗരം സാക്ഷിയായിരുന്നു. 572-ല്‍ വിസിഗോത്തുകളുടെ അധീനതയിലായിരുന്നു ഈ നഗരം.
എ.ഡി. 756 മുതല്‍ 1236 വരെ ഇതിന്റെ ഭരണം മുസ്‌ലിം വംശജരുടെ കൈയിലായിരുന്നു. 711-ല്‍ മുസ്‌ലിങ്ങള്‍ കോര്‍ഡോവ പിടിച്ചടക്കുകയും വന്‍ നാശനഷ്‌ടങ്ങള്‍ വരുത്തുകയും ചെയ്‌തു. 756-ല്‍ ഉമയ്യദ് വംശജനായ അബ്‌ദ് അര്‍-റഹ്മാന്‍ I സ്വയം സ്‌പാനിഷ് മുസ്‌ലിങ്ങളുടെ നേതൃത്വം ഏറ്റെടുക്കുന്നതുവരെ ഗോത്രവര്‍ഗക്കാര്‍ തമ്മിലുള്ള ശത്രുത നിമിത്തം കോര്‍ഡോവയുടെ ഉന്നതി തുലോം കുറവായിരുന്നു. അദ്ദേഹം കോര്‍ഡോവയെ തന്റെ തലസ്ഥാനമാക്കുകയും ഇവിടെ ഒരു മുസ്‌ലിം ദേവാലയം സ്ഥാപിക്കുകയും ചെയ്‌തു. ഇടയ്‌ക്കിടെ വിപ്ലവങ്ങള്‍ ശല്യപ്പെടുത്തിയെങ്കിലും ഉമയ്യദ് വംശക്കാരുടെ ഭരണത്തിന്‍ കീഴില്‍ കോര്‍ഡോവ ദ്രുതഗതിയില്‍ അഭിവൃദ്ധി പ്രാപിച്ചു. 929-ല്‍ "പടിഞ്ഞാറിന്റെ ഖാലിഫ്' എന്ന് സ്വയം പ്രഖ്യാപിച്ച അബ്‌ദ്-അര്‍-റഹ്മാന്‍ III -നുശേഷം കോര്‍ഡോവ യൂറോപ്പിലെ ഏറ്റവും വലുതും മികച്ച സംസ്‌കാരവുമുള്ള ഒരു നഗരമായി മാറി. പശ്ചിമഖാലിഫിന്റെ തലസ്ഥാനമെന്ന നിലയില്‍ ഇവിടെ വ്യവസായങ്ങള്‍, വാസ്‌തുശില്‌പം, കലാസാഹിത്യം, വിദ്യാഭ്യാസം, നാഗരികത എന്നിവയ്‌ക്ക് പ്രശസ്‌തമായി. ഇവിടെ നെയ്യുന്ന പട്ടുതുണിത്തരങ്ങള്‍, കസവുകൊണ്ട് അലങ്കാരപ്പണികള്‍ ചെയ്‌ത പട്ടുവസ്‌ത്രങ്ങള്‍, തുകലുത്‌പന്നങ്ങള്‍, ആഭരണങ്ങള്‍ എന്നിവ യൂറോപ്പിലും മറ്റു ദേശങ്ങളിലും വളരെയധികം പ്രശംസയാര്‍ജിച്ചിരുന്നു. ഉമയ്യദ് വംശജരുടെ ഭരണകാലത്ത് നിര്‍മിച്ച മനോഹരമായ "മദീനത് അസ്-സഹ്‌റാ' എന്ന കൊട്ടാരനഗരത്തിലെ കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ വെള്ളിയിലും സ്വര്‍ണത്തിലുമുള്ള ചിത്രപ്പണികളുള്ളതും വികസിതമായ ഡ്രെയിനേജ് സിസ്റ്റമുള്ളതും ആയിരുന്നു. വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതില്‍ ഉമയ്യദ് വംശജരും അവരുടെ പിന്‍ഗാമികളായ "അമീറിദ്' വംശജരും ശ്രദ്ധ പതിപ്പിച്ചിരുന്നു. എന്നാല്‍ ആദ്യകാലത്ത് ഇവിടത്തെ ക്രിസ്‌ത്യാനികള്‍ക്കനുവദിച്ചിരുന്ന പല ആനുകൂല്യങ്ങളും പില്‌ക്കാലത്ത് അധികാരത്തില്‍വന്ന ഉമയ്യദ് വംശക്കാര്‍ നിര്‍ത്തലാക്കി. ലാറ്റിന്‍ഭാഷ നിരോധിക്കുകയും ക്രിസ്‌ത്യന്‍ കുട്ടികളെ നിര്‍ബന്ധമായി അറബി വിദ്യാലയങ്ങളില്‍ ചേര്‍ക്കുകയും ചെയ്‌തു. അറബിയായിരുന്നു ഇവിടത്തെ ഔദ്യോഗിക ഭാഷ. എന്നിരുന്നാലും. അഭ്യസ്‌തവിദ്യരുടെയിടയില്‍ ദ്വിഭാഷാപ്രയോഗം (അറബിയും ഒരു ഹിസ്‌പാനോ-റോമന്‍ ഭാഷയും) സാധാരണമായിരുന്നു.
11-ാം ശതകത്തിന്റെ ആദ്യകാലത്തു പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരയുദ്ധത്താല്‍ ഖലീഫത്ത് അനാഥമായപ്പോള്‍ ഈ നഗരം സ്‌പെയിനിലെ ചെറുരാജ്യങ്ങള്‍ തമ്മിലുള്ള ഒരു ബലപരീക്ഷണകേന്ദ്രമായി മാറി. ചുരുങ്ങിയ ഇടവേളയ്‌ക്കുശേഷം, 1069 മുതല്‍ 1091 വരെ ഇവിടം ഭരിച്ച കവി സുല്‍ത്താന്‍ അല്‍-മുത്താമിഡിന്റെ ഭരണകാലത്ത്, കോര്‍ഡോവ സെവിലിലെ അബാദിഡുകളുടെ സാമ്രാജ്യത്തില്‍ ചേര്‍ക്കപ്പെട്ടു. തുടര്‍ന്ന് നഗരഭരണം ആല്‍-മൊറെയ്‌ദുകള്‍ (1091), ആല്‍-മൊഹാദുകള്‍ (1172) എന്നീ രണ്ടു വടക്കേ ആഫ്രിക്കന്‍ മതവിഭാഗങ്ങളുടെ കൈയിലായി. മതപരമായും കലാപരമായും തീവ്രമായ അസഹിഷ്‌ണുതയ്‌ക്ക് തുടക്കം കുറിച്ച ഒരു കാലഘട്ടമായിരുന്നു ഇതെങ്കിലും ആഭ്യന്തര സ്ഥിരത പുനഃസ്ഥാപിക്കുന്നതിന് ഇവര്‍ക്കു കഴിഞ്ഞിട്ടുണ്ട്.
ദ റിങ് ഒഫ് ദ ഡവ് എന്ന കൃതിയുടെ കര്‍ത്താവായ പ്രഗല്‌ഭ നിയമ പണ്ഡിതനും, അധ്യാത്മവാദിയും, ഭാഷാശാസ്‌ത്രജ്ഞനുമായ ഇബ്‌ന് ഹാസീം ജനിച്ചതും തത്ത്വജ്ഞാനികളായിരുന്ന ആവറോയ്‌സും മൈമോനിഡസും ജനിച്ചതും വിദ്യാഭ്യാസം നേടിയതും ഈ നഗരത്തിലാണ്.
1223-ല്‍ അവസാനത്തെ ആല്‍-മൊഹദ് ഖാലിഫിന്റെ മരണശേഷം, കോര്‍ഡോവ വീണ്ടും ഒരു ദുര്‍ബല മുസ്‌ലിം സംസ്ഥാനമാവുകയും 1236-ല്‍ കാസ്റ്റിലീയന്‍ രാജാവായ ഫെര്‍ഡിനന്‍ഡ് III-ന്റെ ഭരണത്തിന്‍കീഴിലാവുകയും ചെയ്‌തു.
13-ാം ശതകത്തിന്റെ മധ്യത്തിലുണ്ടായ ക്രിസ്‌ത്യന്‍ പുനരാക്രമണത്തില്‍ കോര്‍ഡോവയ്‌ക്ക് രാഷ്‌ട്രീയവും സാംസ്‌കാരികവുമായ നേതൃത്വം നഷ്‌ടപ്പെട്ടു. എന്നാല്‍ ഗ്രനേഡയുമായുള്ള അതിര്‍ത്തിയുദ്ധത്തില്‍ രണ്ടു നൂറ്റാണ്ടിലധികം ഈ നഗരം ഒരു മുഖ്യ സൈനികാസ്ഥാനമായിരുന്നു. തത്സമയത്ത്, ധാരാളം ഉന്നത കാസ്റ്റിലീയന്‍ കുടുംബക്കാരും വിഖ്യാതരായ യോദ്ധാക്കളും ഇവിടെ താമസമുറപ്പിച്ചു. 1492-ല്‍ ഗ്രനേഡായുടെ പതനം കോര്‍ഡോവയെ ഒരു പ്രവിശ്യാനഗരമായി അവശേഷിപ്പിച്ചു.
ഫ്രഞ്ച് വിപ്ലവത്തെ ഉത്തേജിപ്പിക്കുന്നതിനെന്നോണം 1808-ല്‍ ഫ്രഞ്ചുകാര്‍ ഈ നഗരം ആക്രമിച്ചു കൊള്ളയടിച്ചു. ഫ്രഞ്ചുശക്തികള്‍ ആദ്യമായി കൈയേറിയ നഗരങ്ങളിലൊന്നാണ് കോര്‍ഡോവ.
ചരിത്രപ്രധാനമെന്നപോലെ ആകര്‍ഷകമായ ഒരു വിനോദസഞ്ചാരകേന്ദ്രവുമാണ് ഈ നഗരം. ഇവിടത്തെ മൂറിഷ് വാസ്‌തുശില്‌പകലയുടെ സവിശേഷതകള്‍ വിളിച്ചോതുന്ന മനോഹരമായ കെട്ടിടങ്ങള്‍, ക്രിസ്‌ത്യന്‍ ദേവാലയമായിരുന്ന കോര്‍ഡോവാ കതീഡ്രല്‍ (ഭദ്രാസനപ്പള്ളി) എന്നിവ തികച്ചും ആകര്‍ഷകങ്ങളാണ്.
3. വടക്കുപടിഞ്ഞാറന്‍ കൊളംബിയയില്‍ ആന്‍ഡിയന്‍ കോര്‍ഡിലറയ്‌ക്കു വടക്ക്, കാരബീയന്‍ സമതലപ്രദേശങ്ങള്‍ അടങ്ങിയ ഒരു ഭൂവിഭാഗം. വിസ്‌തീര്‍ണം: 25,978 ച.കി.മീ.; ജനസംഖ്യ: 1,860,445 (2005).
കോളനിഭരണകാലത്ത് ഇവിടെ ജനവാസം വളരെ കുറവായിരുന്നു. 1534-ല്‍ ആദ്യത്തെ സ്‌പാനിഷ് കുടിയേറ്റം നടന്നപ്പോഴേക്ക് ഇവിടത്തെ വെസ്റ്റിന്തീസ് വംശജര്‍ അപ്പാടെ അപ്രത്യക്ഷമായി. ഇത് ഒരു സുപ്രധാന കാര്‍ഷികകേന്ദ്രവും പ്രധാന കന്നുകാലി വളര്‍ത്തല്‍ കേന്ദ്രങ്ങളിലൊന്നും ആണ്. 1,472,699 (2005)
പരുത്തി, നെല്ല്, ചോളം എന്നിവ ഇവിടെ വന്‍തോതില്‍ കൃഷിചെയ്യുന്നു. ജലമാര്‍ഗവും വ്യോമമാര്‍ഗവുമുള്ള ഗതാഗത സൗകര്യം ഏറെ വികസിച്ചിരിക്കുന്നു.
4. മധ്യ-മെക്‌സിക്കോയിലെ വെരാക്രൂസ് സംസ്ഥാനത്തിലെ ഒരു നഗരം. വിസ്‌തീര്‍ണം: 226 ച.കി.മീ., ജനസംഖ്യ: 1,36,237 (2005). സമുദ്രനിരപ്പില്‍നിന്ന് 924 മീ. ഉയരത്തില്‍ സാന്‍ അന്റോണിയോ നദീതീരത്തു സ്ഥിതിചെയ്യുന്നു. 1618-ല്‍ ഇവിടെ കുടിയേറ്റം ആരംഭിച്ചു.
മെക്‌സിക്കോയുടെ ചരിത്രത്തില്‍ കോര്‍ഡോവയ്‌ക്ക് സുപ്രധാന സ്ഥാനമാണുള്ളത്. 1821 ആഗ. 24-ന് സ്‌പെയിനിന്റെ ആധിപത്യത്തില്‍നിന്നു മെക്‌സിക്കോയ്‌ക്കു സ്വാതന്ത്ര്യം നല്‌കുന്ന "കോര്‍ഡോവ ഉടമ്പടി' ഒപ്പുവച്ചത് ഇവിടെയാണ്.
ഒരു കോളനിയുടെ അന്തരീക്ഷം ഇവിടെ നിലനില്‌ക്കുന്നു. കാപ്പി, കരിമ്പ്, പുകയില, ഏത്തപ്പഴം, മറ്റു പഴവര്‍ഗങ്ങള്‍ എന്നിവയാണ് പ്രധാന കാര്‍ഷികവിളകള്‍. ഇവയൊക്കെ സംസ്‌കരിക്കുന്നതിനുള്ള സൗകര്യവും ഇവിടെയുണ്ട്. ഒരു ഭൂകമ്പമേഖലയിലാണ് ഈ നഗരം. 1973 ആഗസ്റ്റില്‍ ഇവിടെയുണ്ടായ ഭൂകമ്പം നഗരത്തിലും മധ്യ-മെക്‌സിക്കോയിലാകമാനവും വന്‍ നാശനഷ്‌ടങ്ങള്‍ വരുത്തുകയുണ്ടായി.
5. തെക്കന്‍ അലാസ്‌കയിലെ ഒരു നഗരം. ജനസംഖ്യ: 2,239 (2010). 1792-ല്‍ സ്‌പാനിഷ് വംശക്കാര്‍ കണ്ടെത്തിയ ഇവിടത്തെ തുറമുഖത്തിനും പ്രസ്‌തുത പേരു നല്‌കി.
ഇവിടത്തെ കെനികോള്‍ട്ട് ചെമ്പുഖനിയുടെ പ്രവര്‍ത്തനസൗകര്യാര്‍ഥം ഒരു തുറമുഖമായി 1900-ല്‍ കോര്‍ഡോവാ നഗരം നിലവില്‍വന്നു. 1938-ല്‍ ഇതിന്റെ പ്രവര്‍ത്തം നിലച്ചു.
ജനങ്ങളുടെ പ്രധാന ജീവിതമാര്‍ഗം മത്സ്യബന്ധനം, രോമത്തിനായി മൃഗങ്ങളെ വളര്‍ത്തല്‍ എന്നിവയാണ്. വിനോദസഞ്ചാരകേന്ദ്രമെന്ന നിലയ്‌ക്കും സാമ്പത്തിക പ്രാധാന്യമുള്ള നഗരമാണിത്. വാല്‍ഡസുമായുള്ള ജലമാര്‍ഗ ഗതാഗതം കോര്‍ഡോവയെ അലാസ്‌കയിലെ മുഖ്യവീഥികളുമായി ബന്ധിപ്പിക്കുന്നു. 1964 മാ. 27-നുണ്ടായ ഭൂകമ്പം ഈ നഗരത്തില്‍ വന്‍ നാശനഷ്‌ടങ്ങള്‍ വരുത്തി.
(ജെ.കെ. അനിത; എസ്.എം.എം. കോയ)