This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോര്‍ഡിലിയേഴ്‌സ്‌ ക്ലബ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോര്‍ഡിലിയേഴ്‌സ്‌ ക്ലബ്‌

Cordeliers, Club of the

ഫ്രഞ്ചുവിപ്ലവകാലത്ത്‌ 1790-ല്‍ പാരിസില്‍ സ്ഥാപിക്കപ്പെട്ട ഒരു സംഘം. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള ഒരു സുഹൃദ്‌സംഘം (Society of the Friends of the Rights of Man and the Citizen) എന്നും ഇതിനുപേരുണ്ട്‌. അധികാരദുര്‍വിനിയോഗം, മനുഷ്യാവകാശങ്ങളിന്മേലുള്ള കടന്നാക്രമണം എന്നിവ തടയുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. പാരിസില്‍ ഫ്രാന്‍സിസ്‌കന്‍ സന്ന്യാസി സമൂഹത്തിന്റെ ഒരാവന്താര വിഭാഗമായിരുന്ന കോര്‍ഡലിയന്മാരുടെ സന്ന്യാസി മഠമുണ്ടായിരുന്ന സ്ഥലത്തു സ്ഥാപിക്കപ്പെട്ടതുമൂലമാണ്‌ ക്ലബ്ബിന്‌ ആ പേരുവന്നത്‌. ഴാങ്‌പോള്‍ മരാ, ഴോര്‍ഷ്‌ ദാന്തോങ്‌ (ഡാന്റണ്‍ എന്ന്‌ പ്രസിദ്ധമായ ഇംഗ്ലീഷ്‌ ഉച്ചാരണം), ഹേബര്‍, കമീല്‍ ദേ മൂലാങ്‌ എന്നിവരായിരുന്നു ഈ ക്ലബ്ബിന്റെ പ്രധാന നേതാക്കള്‍.

1791-ല്‍ ലൂയി XIV-ന്റെ പലായനത്തിനുശേഷം കോല്‍ഡിലിയേഴ്‌സ്‌ ക്ലബംഗങ്ങള്‍ രാജാവിനെ സ്ഥാനഭ്രഷ്‌ടനാക്കണമെന്നാവശ്യപ്പെട്ടു. ഈ ആവശ്യത്തിനുവേണ്ട്‌ അവര്‍ അക്കൊല്ലം ജൂല 17-ന്‌ "ഷാങ്‌-ദ-മാര്‍സ്‌' എന്ന പേരില്‍ പ്രകടനം നടത്തി. പ്രകടനത്തെ നാഷണല്‍ ഗാര്‍ ശക്തിയുപയോഗിച്ചു പിരിച്ചുവിട്ടു. സംഭവത്തില്‍ അമ്പതുപേര്‍ കൊല്ലപ്പെടുകയും ക്ലബ്ബിന്റെ പ്രവര്‍ത്തനം താത്‌കാലികമായി നിലയ്‌ക്കുകയും ചെയ്‌തു. 1792 ആഗസ്റ്റില്‍ രാജാധികാരത്തിന്റെ പതനശേഷം ഡാന്റനും സുഹൃത്തുക്കളും ക്ലബിന്റെ നേതൃത്വം ഉപേക്ഷിച്ചു. പിന്നീടു നേതൃത്വമേറ്റെടുത്തത്‌ ആന്ത്വാഫ്രാന്‍സ്വാ മൊ മോറോ, ഴാക്‌റെനെ ഹേബര്‍ എന്നിവരായിരുന്നു. അവരാകട്ടെ ഴിറോന്‍ഡാങ്‌ കക്ഷിയെ മറിച്ചിടുന്നതില്‍ സുപ്രധാന പങ്കുവഹിക്കുകയും ചെയ്‌തു. പാരിസ്‌ കമ്യൂണ്‍ വിഭാവനം ചെയ്‌ത വിധത്തിലുള്ള പ്രാദേശിക സ്വയംഭരണം, പൗരന്മാര്‍ക്കു നേരിട്ടു പന്നാളിത്തമുള്ള ജനായത്തരീതി, നിരീശ്വരവാദം എന്നിവ ക്ലബ്ബിന്റെയും ലക്ഷ്യങ്ങളായിത്തീര്‍ന്നു. ബഹുജനപ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ ഒരു "വിപ്ലവസേന' സ്ഥാപിക്കാനും ക്ലബ്‌ ഉദ്ദേശിച്ചു. 1794-ല്‍ വിപ്ലവശ്രമം പരാജയപ്പെട്ടതിനാല്‍ ഹേബറും കൂട്ടരും അറസ്റ്റു ചെയ്യപ്പെട്ടു. അവര്‍ വധശിക്ഷയ്‌ക്കു വിധേയരായി. 1795-ല്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ കോര്‍ഡിലിയേഴ്‌സ്‌ ക്ലബ്‌ പിരിച്ചുവിട്ടു.

(ഡോ. സി.പി. ശിവദാസന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍