This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോര്‍ട്ടിസോള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോര്‍ട്ടിസോള്‍

Cortisol

ഒരു സ്റ്റിറോയ്‌ഡ്‌ ഹോര്‍മോണ്‍. ഫോര്‍മുല: C21 H30 O5 ഹൈഡ്രോ കോര്‍ട്ടിസോണ്‍ എന്ന പേരിലും അറിയപ്പെടുന്നു. നിറമോ മണമോ ഇല്ല. ക്രിസ്റ്റലീയ പൊടിയായി സ്ഥിതിചെയ്യുന്നു. കയ്‌പുരുചിയാണ്‌. ഉരുകല്‍ നില 212-220ºC. ഡയോക്‌സിന്‍, മെഥനോള്‍, എന്നിവയില്‍ നന്നായി ലയിക്കും. ഈഥര്‍, ജലം എന്നിവയില്‍ അലേയമാണ്‌. ചാരായം, അസിറ്റോണ്‍ എന്നിവയിലും ലയിക്കും. അഡ്രിനാല്‍ ഗ്രന്ഥിയുടെ സത്തില്‍നിന്നു വേര്‍തിരിച്ചാണ്‌ കോര്‍ട്ടിസോള്‍ പ്രധാനമായും നിര്‍മിക്കുന്നത്‌; മറ്റു പല സ്റ്റിറോയിഡുകളില്‍നിന്നും ഇത്‌ സംശ്ലേഷണം ചെയ്‌തെടുക്കാറുണ്ട്‌. അഡ്രിനല്‍ ഗ്രന്ഥിയിലെ സോണ ഫസിക്കുലേറ്റയിലാണ്‌ കോര്‍ട്ടിസോള്‍ നിര്‍മ്മിക്കപ്പെടുന്നത്‌.

കരളില്‍ ഗ്ലൂക്കോസ്‌ നിര്‍മാണത്തെ (gluconeogenesis) ത്വരിതപ്പെടുത്തുന്നത്‌ കോര്‍ട്ടിസോളാണ്‌. അമിനോ അമ്ലങ്ങള്‍, ഗ്ലിസറോള്‍, ലാക്‌റ്റേറ്റ്‌ എന്നിവയില്‍നിന്നും ഗ്ലൂക്കോസ്‌ നിര്‍മിക്കുന്ന പ്രക്രിയയിലാണ്‌ കോര്‍ട്ടിസോള്‍, പ്രരകമായി വര്‍ത്തിക്കുന്നത്‌. ഇതിനുപുറമേ ഇന്‍ഫ്‌ളമേഷന്‍, അലര്‍ജി, റൂമാറ്റോയ്‌ഡ്‌ രോഗങ്ങള്‍ എന്നിവയുടെ ചികിത്സയ്‌ക്കും ഈ സ്റ്റിറോയ്‌ഡ്‌ ഹോര്‍മോണ്‍ ഉപയോഗിച്ചുവരുന്നു. 30-32 ആഴ്‌ച പ്രായമാകുമ്പോള്‍ ഗര്‍ഭസ്ഥശിശുക്കളിലെ കോര്‍ട്ടിസോളിന്റെ അളവ്‌ സ്വാഭാവികമായി ഉയരുന്നു. ഇത്‌ ശ്വാസകോശത്തിന്റെ പൂര്‍ണമായ വളര്‍ച്ചയെ സഹായിക്കുന്നു.

മനുഷ്യരില്‍ പകല്‍സമയത്തും രാത്രികാലങ്ങളിലും ഉത്‌പാദിപ്പിക്കപ്പെടുന്ന കോര്‍ട്ടിസോളിന്റെ അളവ്‌ വ്യതിയാനപ്പെട്ടിരിക്കുന്നു. രാവിലെ കോര്‍ട്ടിസോളിന്റെ അളവ്‌ ഏറ്റവും കൂടുതലാണെങ്കില്‍ അര്‍ധരാത്രി ഇത്‌ ഏറ്റവും കുറഞ്ഞനിലയിലായിരിക്കും. ഇതിനുപുറമേ ഓട്ടിസം, ശസ്‌ത്രക്രിയകള്‍, പനി, വേദന, ഭയം എന്നീ അവസ്ഥകളിലും കോര്‍ട്ടിസോളിന്റെ അളവില്‍ വ്യത്യാസം സംഭവിക്കുന്നു. ശാരീരികാധ്വാനം കൂടുതലായി ആവശ്യമാകുന്ന സന്ദര്‍ഭങ്ങളില്‍ കോര്‍ട്ടിസോളിന്റെ ഉത്‌പാദനം കൂടുകയും അതിനനുസരിച്ച്‌ കൂടുതല്‍ ഗ്ലൂക്കോസ്‌ ഉത്‌പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു.

അഡ്രിനല്‍ ഗ്രന്ഥിയില്‍വച്ച്‌ കൊളസ്റ്റിറോളില്‍ നിന്നാണ്‌ കോര്‍ട്ടിസോള്‍ നിര്‍മിക്കപ്പെടുന്നത്‌. പിറ്റ്യൂട്ടറി ഗ്രന്ഥിയില്‍ നിന്നുള്ള അഡ്രിനോകോര്‍ട്ടിക്കോട്രാപ്പിക്‌ ഹോര്‍മോണിന്റെ (ACTH) പ്രവര്‍ത്തനം മൈറ്റോകോണ്‍ഡ്രിയല്‍ സ്‌തരത്തില്‍ കൊളസ്റ്റിറോളിന്റെ സാന്ദ്രത വര്‍ധിപ്പിക്കാന്‍ കാരണമാകുന്നു. എ.സി.റ്റി. എച്ചിന്റെ ഉത്‌പാദനത്തെ തലച്ചോറിലെ ഹൈപ്പോതലാമസ്‌ ഭാഗത്തുള്ള കോര്‍ട്ടികോട്രാപ്പിന്‍ റിലീസിങ്‌ ഹോര്‍മോണ്‍ (CRH) ആണ്‌ നിയന്ത്രിക്കുന്നത്‌.

ഉയര്‍ന്ന അളവിലുള്ള കോര്‍ട്ടിസോള്‍ അസ്ഥിരൂപീകരണത്തിന്റെ നിരക്ക്‌ കുറയ്‌ക്കുന്നതിനാല്‍, ഓസ്റ്റിയോപൊറോസിസ്‌ എന്ന രോഗത്തിന്‌ കാരണമാകുന്നു. ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവ്‌ കൂടുന്ന അവസ്ഥ ഹൈപ്പര്‍ കോര്‍ട്ടിസോളിസം എന്നറിയപ്പെടുന്നു. കുഷിങ്‌സ്‌ രോഗം ഈ അവസ്ഥയുമായി ബന്ധപ്പെട്ടതാണ്‌. കോര്‍ട്ടിസോളിന്റെ അളവ്‌ കുറയുന്ന അവസ്ഥ (ഹൈപ്പോ കോര്‍ട്ടിസോളിസം) ഷീഹന്‍സ്‌ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍