This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോര്‍ട്ടസ്‌, ഹെര്‍നന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോര്‍ട്ടസ്‌, ഹെര്‍നന്‍

Cortes, Hernan (1485 - 1547)

മെക്‌സിക്കോ ആക്രമിച്ചു കീഴടക്കിയ സ്‌പാനിഷ്‌ പര്യവേക്ഷകന്‍. എസ്‌ട്രമദുരാ(Estremadura)യിലെ മെഡലിനില്‍ ജനിച്ചു. സലാമന്‍ക്‌ സര്‍വകലാശാലയിലെ വിദ്യാഭ്യാസത്തിനുശേഷം ക്യൂബ്‌ ഗവര്‍ണറായിരുന്ന ഡ്യൂഗോ ഡി വാലസ്‌ ക്വസ്‌ന്റെ രഹസ്യകാര്യസ്ഥനായി, പുതിയ ലോകം തേടി കപ്പല്‍ കയറി. 1517-ല്‍ യുകാറ്റന്‍ സന്ദര്‍ശിക്കുകയും അവിടെ പുരോഗമന നാഗരികത്വം കണ്ടെത്തുകയും ചെയ്‌തു. ഒരു പുതിയ പര്യടനസംഘം ഉള്‍പ്രദേശത്തുള്ള ഒരു വലിയ സാമ്രാജ്യത്തെപ്പറ്റി മനസ്സിലാക്കി (1518). മൂന്നാമതൊരു പര്യടനസംഘം രൂപവത്‌കൃതമായപ്പോള്‍ അതിന്റെ പരമാധികാരം കോര്‍ട്ടസിനു ലഭിച്ചു; ചെലവിന്റെ മൂന്നില്‍ രണ്ടുഭാഗം ഏറ്റെടുത്ത്‌ 1518 ന. 18-ന്‌ യാത്ര പുറപ്പെട്ടു. മൂന്നു മാസക്കാലം ഇദ്ദേഹം ക്യൂബയ്‌ക്കു പുറത്ത്‌ സഞ്ചരിച്ചു സൈന്യത്തിലേക്ക്‌ ആളുകളെ ശേഖരിച്ച്‌ അടുത്ത ഫെ. 11-ന്‌ യോദ്ധാക്കളുമായി വന്‍കരയിലേക്കു യാത്രയായി. സംഘത്തില്‍ അഞ്ഞൂറോളം പട്ടാളക്കാരും 16 കുതിരകളും ഏതാനും തോക്കുകളും ചെറിയതരം പീരന്നികളും ഉണ്ടായിരുന്നു.

യുകാറ്റനില്‍ എത്തിയശേഷം തദ്ദേശീയരായ ഇന്ത്യക്കാരുമായി സ്‌നേഹത്തില്‍ വര്‍ത്തിച്ചെങ്കിലും വിഗ്രഹങ്ങള്‍ അടിച്ചുടയ്‌ക്കുകയും അവയുടെ സ്ഥാനത്ത്‌ കുരിശു സ്ഥാപിക്കുകയും ചെയ്‌തു. റ്റബാസ്‌കയിലേക്കുള്ള യാത്രയില്‍ റെഡ്‌ ഇന്ത്യക്കാരുമായി സംഘട്ടനത്തില്‍ ഏര്‍പ്പെട്ട്‌ അവരെ അടിമകളാക്കി. സാന്‍ജ്വാനിലേക്കുള്ള യാത്രാമധ്യേ പരിഷ്‌കൃത റെഡ്‌ ഇന്ത്യന്‍ ഗോത്രക്കാരായ അസ്റ്റെക്കുകളെ കണ്ടുമുട്ടി. ഇവര്‍ ചക്രവര്‍ത്തിയായ മോണ്‍ടിസ്യൂമ II-ല്‍ നിന്നു വിലപ്പെട്ട സമ്മാനങ്ങള്‍ കോര്‍ട്ടസിനു കാഴ്‌ചവച്ചു. ചക്രവര്‍ത്തി മോണ്‍ടിസ്യൂമ കോര്‍ട്ടസിനെപ്പറ്റി കേട്ടറിയുകയും അദ്ദേഹത്തെ ദൈവത്തിന്റെ പ്രതിനിധിയായി സങ്കല്‌പിച്ച്‌ വിലയേറിയ സമ്മാനങ്ങള്‍ നല്‌കുകയും ചെയ്‌തു. എന്നാല്‍ അത്‌ അസ്റ്റൈക്കുകളുടെ വമ്പിച്ച ധനത്തെപ്പറ്റി കോര്‍ട്ടസിനെ ബോധ്യപ്പെടുത്തുന്നതിനു മാത്രമേ ഉപകരിച്ചുള്ളൂ. മോണ്‍ടിസ്യൂമയുടെ തലസ്ഥാനമായ റ്റെനോക്ക്‌ റ്റി റ്റ്‌ലാനിലേക്കു മടങ്ങുന്നതിനുമുമ്പ്‌ കോര്‍ട്ടസ്‌ വെറാക്രൂസില്‍ ഒരു പട്ടണം പണിയുകയും അവിടെ സ്വതന്ത്രഭരണത്തിനുള്ള അവകാശം നേടിയെടുക്കുകയും ചെയ്‌തു. പിന്നീട്‌ അസ്റ്റെക്കുകളുടെ സാമ്രാജ്യത്തെ നശിപ്പിച്ചു. തുടര്‍ന്ന്‌ ഇവിടെ സ്‌പെയിനിന്റെ വക ഒരു പ്രവിശ്യ സ്ഥാപിക്കാന്‍ ശ്രമിച്ചു. ഗവര്‍ണറായിരുന്നെങ്കിലും രാജാവായ ചാള്‍സ്‌ V-ന്റെ വിശ്വാസം നേടുന്നതിന്‌ ഇദ്ദേഹത്തിനു സാധിച്ചില്ല. മോണ്‍ടിസ്യൂമയുടെ ധനമെല്ലാം കോര്‍ട്ടസ്‌ അപഹരിച്ചതായുള്ള ഒരു ആരോപണത്തിന്‌ കോര്‍ട്ടസ്‌ വിധേയനായി. കൂടാതെ, കോര്‍ട്ടസിനെതിരായി അനേകം ആരോപണങ്ങള്‍ ചാള്‍സ്‌ V-നു ലഭിച്ചതിന്‍ പ്രകാരം, ഗവണ്‍മെന്റ്‌ ഏറ്റെടുക്കുന്നതിനായി ഒരു കമ്മിഷന്‍ രൂപവത്‌കരിച്ചു. തുടര്‍ന്ന്‌ 1528-ല്‍ കോര്‍ട്ടസ്‌ സ്‌പെയിനിലേക്കു മടങ്ങി. പിന്നീട്‌ പസിഫിക്‌ തീരത്തു പര്യടനം ചെയ്‌ത്‌ കാലിഫോര്‍ണിയയുടെ ഒരു ഭാഗത്തു പുതിയ പാര്‍പ്പിടം സ്ഥാപിച്ചു (1535). തുടര്‍ന്ന്‌ സ്‌പെയിനില്‍ തിരിച്ചെത്തി ചാള്‍സ്‌ V-ന്റെ അള്‍ജിയേഴ്‌സ്‌ പര്യടനസംഘത്തില്‍ ചേര്‍ന്നെങ്കിലും പ്രധാനാധികാരം ലഭിച്ചില്ല. മാര്‍ഗമധ്യേ കപ്പല്‍ഛേദം ഉണ്ടായെങ്കിലും ഇദ്ദേഹം നീന്തി രക്ഷപ്പെട്ടു. മെക്‌സിക്കോയില്‍ തിരിച്ചുവരാന്‍ തയ്യാറായിരുന്നുവെങ്കിലും പലതരത്തിലുള്ള ആരോപണങ്ങള്‍ കാരണം സ്‌പെയിനില്‍ തന്നെ കഴിഞ്ഞു. 1547 ഡി. 2-ന്‌ സെവിലിനു സമീപം അന്തരിച്ചു.

(ജെ. ഷീല ഐറീന്‍ ജയന്തി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍