This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോരുത്തോട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോരുത്തോട്‌

കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയിലുള്ള ഒരു ഗ്രാമപഞ്ചായത്ത്‌. കാഞ്ഞിരപ്പള്ളി താലൂക്കില്‍ കാഞ്ഞിരപ്പള്ളി ബ്ലോക്കിലാണ്‌ കോരുത്തോട്‌ എന്ന പ്രദേശം സ്ഥിതിചെയ്യുന്നത്‌. റബ്ബര്‍, തെങ്ങ്‌, കൊക്കോ, കുരുമുളക്‌, കാപ്പി എന്നിവയാണ്‌ ഇവിടത്തെ പ്രധാന കാര്‍ഷിക വിളകള്‍. 2005 ഒ. 2-ന്‌ രൂപീകൃതമായ കോരുത്തോട്‌ പഞ്ചായത്തിന്റെ വിസ്‌തീര്‍ണം; 27.46 ച.കി.മീ.

പ്രാചീന കാലത്ത്‌ ഇവിടത്തെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ഗോത്രവര്‍ഗ-ആദിവാസി സമൂഹം താമസിച്ചിരുന്നതിന്‌ വ്യക്തമായ തെളിവുകളുണ്ട്‌. മുത്തിയെ പ്രതിഷ്‌ഠിച്ചിരുന്ന ക്ഷേത്രങ്ങളും സര്‍പ്പക്കാവുകളും ഇവരുടെ ആരാധനാസമ്പ്രദായത്തിന്റെ ഭാഗമായിരുന്നു. "കുശവന്റെ കല്ലറ' എന്നും "നിധിക്കുഴികള്‍' എന്നും ഇവ വിളിക്കപ്പെടുന്നു, നാലുവശവും കാട്ടുകല്ല്‌ കീറി അടുക്കി, മുകളില്‍ കീറിയ കല്ലുവച്ചുമൂടിയ അറകള്‍ ഈ പ്രദേശത്തിനു ചുറ്റുമുള്ള വനപ്രദേശങ്ങളില്‍ കാണാന്‍ സാധിക്കും.

രണ്ടാംലോക യുദ്ധത്തെത്തുടര്‍ന്ന്‌ ഭക്ഷ്യക്ഷാമം നേരിട്ടപ്പോള്‍ കോരുത്തോടിന്റെ കിഴക്കന്‍ മേഖലയിലെ വനപ്രദേശങ്ങളെ വെട്ടിത്തെളിച്ച്‌ "ഗ്രാ മോര്‍ ഫുഡ്‌ പ്രാഡക്ഷന്‍' പദ്ധതിയുടെ ഭാഗമാക്കി വിവിധസംഘടനകള്‍ക്ക്‌ കൃഷിക്കായി അനുവദിച്ചു നല്‍കി.

കേരളത്തിന്റെ കായികരംഗത്ത്‌ കോരുത്തോടിന്‌ പ്രത്യേക പ്രാധാന്യമുണ്ട്‌. അത്‌ലറ്റിക്‌സിലും മറ്റിതര കായിക ഇനങ്ങളിലും സ്‌കൂള്‍തലം മുതല്‍ക്കേ പ്രതിഭാശാലികളായ വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കുന്നതില്‍ കോരുത്തോട്‌ ഹൈസ്‌കൂളും അവിടത്തെ കായിക അധ്യാപകനായ തോമസ്‌ മാഷും പ്രധാന പങ്കുവഹിച്ചുവരുന്നു.

പഞ്ചായത്തിന്റെ അതിര്‍ത്തികൂടിയായ അഴുതയാറാണ്‌ ഈ പ്രദേശത്തു കൂടെ ഒഴുകുന്ന പ്രധാന പുഴ. ചകിരിമേട്‌, പട്ടാളക്കുന്ന്‌, കോപ്പാറമല എന്നിവയാണ്‌ പഞ്ചായത്ത്‌ പ്രദേശത്തെ പ്രധാന കുന്നുകള്‍. മുണ്ടക്കയമാണ്‌ സമീപത്തെ വാണിജ്യ കേന്ദ്രം. ആനക്കല്ല്‌ അയ്യപ്പക്ഷേത്രം, കോരുത്തോട്‌ ശ്രീമണികണ്‌ഠ വിലാസം, കോസടി ശ്രീ ധര്‍മശാസ്‌ത, മടുക്ക ശ്രീകൃഷ്‌ണ ക്ഷേത്രം, കെമ്പുക്കുത്തി ക്ഷേത്രം, കോരുത്തോട്‌ സെന്റ്‌ ജോര്‍ജ്‌ ചര്‍ച്ച്‌, സെന്റ്‌ മാത്യൂസ്‌ മടുക്ക, സെന്റ്‌ തോമസ്‌ മൗണ്ട്‌, മടുക്ക ജുമാ മസ്‌ജിദ്‌ എന്നിവയാണ്‌ സ്ഥലത്തെ പ്രധാന ആരാധനാലയങ്ങള്‍. കായിക താരങ്ങളെ പ്രോത്സാഹിപ്പിച്ചുപോരുന്ന നിരവധിയായ സ്‌പോര്‍ട്‌സ്‌ ക്ലബ്ബുകള്‍ ഇവിടത്തെ കായിക സംസ്‌കാരത്തിന്‌ മുതല്‍ക്കൂട്ടാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍