This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോരന്‍, ഒ. (1919-'81)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോരന്‍, ഒ. (1919-'81)

ഒ.കോരന്‍

കേരളത്തിലെ മുന്‍മന്ത്രിയും മലബാറിലെ അധഃസ്ഥിതജനവിഭാഗങ്ങളുടെ നേതാവും. ഒലക്കപ്പുരയ്‌ക്കല്‍ പൊന്നി-മതിയ ദമ്പതികളുടെ മകനായി 1919 ആഗ. 14-ന്‌ വലപ്പാട്‌ ജനിച്ചു. അയിത്താചാരത്തിന്റെ കെടുതികളില്‍ സഹികെട്ട്‌ സാമൂഹിക സേവനത്തിനിറങ്ങിയ ഇദ്ദേഹം, ഹൈസ്‌കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ വിദ്യാര്‍ഥിപ്രസ്ഥാനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ശീലക്കുട, ബ്ലൗസ്‌, ഷര്‍ട്ട്‌, സാരി മുതലായവ ഉപയോഗിച്ച കുറ്റത്തിനും നാട്ടികയിലെ ചില വിഭാഗക്കാരുടെ ഒരു വിവാഹസംഘത്തെ മറ്റു ചിലര്‍ ആക്രമിച്ചതിനെ പ്രതിഷേധിക്കാനും കൂടിയ യോഗത്തിലാണ്‌ എട്ടാംക്ലാസ്‌ വിദ്യാര്‍ഥിയായിരുന്ന കോരന്‍ ആദ്യമായി പ്രസംഗിച്ചത്‌. ടി.ടി.സി. പാസായതിനെത്തുടര്‍ന്ന്‌ 1943-ല്‍ അധ്യാപകജോലി ലഭിച്ചു. 1952-ല്‍ മദ്രാസ്‌ നിയമസഭയിലേക്കു കിസാന്‍ മസ്‌ദൂര്‍ പ്രജാപാര്‍ട്ടി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഇദ്ദേഹം പ്രജാസോഷ്യലിസ്റ്റുപാര്‍ട്ടിയുടെ മലബാര്‍ ഘടകത്തിന്റെ ജോയിന്റ്‌ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്‌. മലബാര്‍ ഹരിജന്‍ സമാജം പ്രസിഡണ്ട്‌, കിസാന്‍ പഞ്ചായത്തിന്റെ വൈസ്‌ പ്രസിഡണ്ട്‌, ഹരിജന്‍ സമാജം കേരളാടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കപ്പെട്ടപ്പോള്‍ അതിന്റെ ചെയര്‍മാന്‍, കൊച്ചിന്‍ ഷിപ്പിയാര്‍ഡ്‌ ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗം, സംയുക്ത സോഷ്യലിസ്റ്റുപാര്‍ട്ടി സംസ്ഥാനകമ്മിറ്റിയുടെ ജോയിന്റ്‌ സെക്രട്ടറി, അധ്യക്ഷന്‍ തുടങ്ങിയ സ്ഥാനങ്ങളിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഇദ്ദേഹം, 1960-ലും 67-ലും കേരള നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുകയും 1969-ല്‍ ഹരിജനക്ഷേമവകുപ്പു മന്ത്രിയാവുകയും ചെയ്‌തു.

സംയുക്ത സോഷ്യലിസ്റ്റുപാര്‍ട്ടി ജനതാപാര്‍ട്ടിയില്‍ ലയിച്ചപ്പോള്‍ അതിന്റെ നേതാവായി പ്രവര്‍ത്തിച്ച ഇദ്ദേഹം, തൊഴിലാളി കര്‍ഷക പ്രസ്ഥാനങ്ങളിലും സഹകരണ സംഘങ്ങളിലും സജീവമായി പ്രവര്‍ത്തിച്ചിരുന്നു. സജീവ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനിടയ്‌ക്ക്‌ 1981 ഏ. 16-ന്‌ ഇദ്ദേഹം അന്തരിച്ചു.

(ടി.എച്ച്‌.പി. ചെന്താരശ്ശേരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍