This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോര

Mulloway

കോരമത്സ്യം

ഒരു ഉഷ്‌ണമേഖലാ സമുദ്രജല മത്സ്യം. ജൂത മത്സ്യം, മല്ലവി, കിങ്‌ ഫിഷ്‌, റിവര്‍കിങ്‌ ഫിഷ്‌ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന ഈ മത്സ്യം ഇന്ത്യ, പാകിസ്‌താന്‍, ജപ്പാന്‍, ചൈന, കൊറിയ, ആസ്‌റ്റ്രലിയയുടെ തെക്കന്‍ തീരങ്ങള്‍ എന്നിവിടങ്ങളില്‍ സുലഭമായി കാണപ്പെടുന്നു. മുള്ളന്‍ ചിറക്‌ (rayfinned) മത്സ്യഗണമായ ആക്‌റ്റിനോറ്റെറിജി(Actinopterygii)യില്‍ പെരുമ്പറ മത്സ്യങ്ങളടങ്ങിയ സയനിഡേ (Sciaenidae) ഗോത്രത്തിലാണ്‌ കോരമത്സ്യങ്ങള്‍ ഉള്‍പ്പെടുന്നത്‌. ശാ.നാ. അര്‍ഗൈറോസോമസ്‌ ഹോളോലെപ്പി ഡോട്ടസ്‌ (Argyrosomus hololepidotes). "ശരീരത്തിന്റെ വെള്ളിനിറം' എന്നര്‍ഥം വരുന്ന ഗ്രീക്കുപദമാണ്‌ ഈ പേരിനാധാരം.

പൂര്‍ണ വളര്‍ച്ചയെത്തിയ മത്സ്യത്തിന്‌ 1.8 മീ. വരെ നീളവും 45 കിലോഗ്രാം വരെ ഭാരവും ഉണ്ടാകും. ശരീരത്തിന്‌ ചാരനിറം കലര്‍ന്ന വെള്ളിനറമാണ്‌. വളരുന്നതിനനുസരിച്ച്‌ മുതുകുഭാഗം ഇരുളുകയും അടിവശം വെളുക്കുകയും ചെയ്യും. ചിലതിന്‌ തലയ്‌ക്ക്‌ ചെമ്പുനിറമാണ്‌. തവിട്ടുനിറമോ ചാരനിറമോ ആണ്‌ ചിറകുകള്‍ക്ക്‌. വലിയ പൃഷ്‌ഠപത്രം മുതുകിലെ മുള്ളുകള്‍ക്ക്‌ പിന്നിലേക്ക്‌ നീണ്ടുവളരും. വായ വലുതാണ്‌. താടിയില്‍ 6 ചെറുസുഷിരങ്ങളുണ്ട്‌. ഉരുണ്ടതോ 'ട' (ഇംഗ്ലീഷ്‌ അക്ഷരമാലയിലെ "എസ്‌') ആകൃതിയോ ആണ്‌ വാല്‍ച്ചിറകിന്‌.

അഴിമുഖത്തും, നദീതടത്തിലും പവിഴപ്പുറ്റുകള്‍ക്ക്‌ സമീപവുമൊക്കെയാണ്‌ കോര മത്സ്യങ്ങളുടെ ആവാസം. വേനല്‍ക്കാലത്ത്‌ മത്സ്യങ്ങള്‍ ഇണചേരാന്‍ തീരത്തിനു സമീപം കടലിന്റെ മുകള്‍പ്പരപ്പിലേക്ക്‌ വരും. 15-16 സെ.മീ. വലുപ്പമെത്തുമ്പോള്‍ കുഞ്ഞുങ്ങള്‍ അഴിമുഖത്തേക്ക്‌ താവളം മാറ്റുന്നു. ഒരു വര്‍ഷം വളര്‍ച്ചയുള്ള മത്സ്യങ്ങള്‍ക്ക്‌ 35 സെ.മീ. വരെ നീളമുണ്ടാകും. ലൈംഗിക വളര്‍ച്ച പൂര്‍ത്തിയാകുവാന്‍ 6 വര്‍ഷം വരെ വേണ്ടിവരും. 30 വര്‍ഷം പ്രായമുള്ള കോരമത്സ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്‌. മൂപ്പു കൂടുന്നതിനനുസരിച്ച്‌ മാംസത്തിന്റെ രുചിയും വര്‍ധിക്കുന്നു.

(ബി. പ്രസാദ്‌)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8B%E0%B4%B0" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍