This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോമ്‌തെ, ആഗസ്റ്റ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോമ്‌തെ, ആഗസ്റ്റ്‌

Comte, Auguste (1798 - 1857)

ആഗസ്റ്റ്‌ കോമ്‌തെ

ഫ്രഞ്ചുദാര്‍ശനികനും സാമൂഹികശാസ്‌ത്രജ്ഞനും പ്രത്യക്ഷവാദത്തിന്റെ (Positivism) ഉൊപജ്ഞാതാവും. 1798 ജനു. 19-നു മോണ്ട്‌ പെല്ലിയറില്‍ ജനിച്ചു. പ്രഗല്‌ഭനായിരുന്ന കോമ്‌തെ, 1814-ല്‍ പാരിസിലെ എക്കോള്‍ പോളിടെക്‌നിക്കില്‍ ചേര്‍ന്നു. ട്യൂട്ടറന്മാരില്‍ ഒരാളെ പിരിച്ചുവിടണമെന്ന പ്രക്ഷോഭണത്തിനു നേതൃത്വം വഹിച്ചതിനാല്‍ 1816-ല്‍ അവിടെനിന്നു നിഷ്‌കാസിതനാവുകയയും നാട്ടിലേക്ക്‌ മടങ്ങുകയും ചെയ്‌തു. പിന്നീട്‌ പാരീസില്‍ വീണ്ടും എത്തിയ കോമ്‌തെ 1818-ല്‍ സാമൂഹിക പരിഷ്‌കര്‍ത്താവായ ഹെന്‌റി ഡി സെയിന്റ്‌ സൈമന്റെ സെക്രട്ടറിയായെങ്കിലും 1823-ല്‍ അദ്ദേഹവുമായി തെറ്റിപ്പിരിഞ്ഞു.

പ്രത്യക്ഷവാദ ദര്‍ശനത്തിന്‌ 1822 ആയപ്പോഴേക്കും രൂപം നല്‍കിക്കഴിഞ്ഞ കോമ്‌തെ, 1826-ല്‍ തിരഞ്ഞെടുക്കപ്പെട്ട ഏതാനും ശ്രോതാക്കള്‍ക്കായി തന്റെ ദര്‍ശനത്തെ ആസ്‌പദമാക്കി ഒരു പ്രസംഗപരമ്പര നടത്തുകയുണ്ടായി. ശാരീരികാസ്വാസ്ഥ്യം നിമിത്തം കുറച്ചുനാള്‍ വിശ്രമിച്ച ഇദ്ദേഹം 1829-ല്‍ പ്രസംഗപരമ്പര പുനരാരംഭിച്ചു. കോമ്‌തെയുടെ ഏറ്റവും മഹത്തായ പ്രത്യക്ഷവാദപാഠപദ്ധതി (Course in Positive Philosophy) എന്ന ഗ്രന്ഥം 1830 മുതല്‍ 42 വരെയുള്ള കാലഘട്ടത്തില്‍ ആറ്‌ വാല്യങ്ങളിലായി പുറത്തുവന്നു. നാലാം വാല്യത്തില്‍ അന്നോളം ഉപയോഗിച്ചിരുന്ന "സാമൂഹികോര്‍ജതന്ത്രം (Social Physics)എന്നതിനു പകരം "സാമൂഹികശാസ്‌ത്രം' (Sociology) എന്ന പദം ഉപയോഗിച്ചത്‌ ഇദ്ദേഹമാണ്‌. അവസാനത്തെ വാല്യത്തിന്റെ ആമുഖത്തില്‍ തന്റെ അക്കാദമിക്‌ ലോകത്തിലെ മുന്നേറ്റത്തെ എതിര്‍ത്ത പലരെയും നിശിതമായി ആക്ഷേപിച്ചതിനാല്‍, പോളിടെക്‌നിക്കില്‍ വഹിച്ചിരുന്ന ട്യൂട്ടര്‍, പരീക്ഷകന്‍ എന്നീ ഉദ്യോഗങ്ങളില്‍നിന്നും പിരിച്ചുവിടപ്പെട്ടു. സമൂഹത്തെക്കുറിച്ച്‌ അന്നോളം ഇദ്ദേഹം പുലര്‍ത്തിപ്പോന്ന മതേതര വീക്ഷണങ്ങള്‍ക്ക്‌ പിന്നീട്‌ മാറ്റം സംഭവിച്ചതിനെതുടര്‍ന്ന്‌ സാമൂഹിക പരിഷ്‌കരണത്തിനു ശാസ്‌ത്രത്തോടൊപ്പം മതത്തെയും ഉപകരണമായി കോമ്‌തെ സ്വീകരിച്ചു.

കോമ്‌തെയുടെ മറ്റൊരു പ്രധാന ഗ്രന്ഥമാണ്‌ മതത്തെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സാമൂഹിക ശാസ്‌ത്ര ഗ്രന്ഥമായ വ്യാവഹാരിക രാജ്യതന്ത്രപദ്ധതി (System of Positive Polity, 1851-54). ആത്മനിഷ്‌ഠമായ ഉദ്‌ഗ്രഥനം (Synthesis Subjective,1856) എന്ന അപൂര്‍ണമായ ഗ്രന്ഥം വ്യാവഹാരിക ന്യായവിദ്യയുടെ ഒരു ആവിഷ്‌കാരമാണ്‌. പുതിയ ഒരു തത്ത്വശാസ്‌ത്രത്തിന്റെ ആചാര്യനായിത്തീര്‍ന്ന കോമ്‌തെയ്‌ക്ക്‌ അര്‍ഹമായ പദവി ഒരിക്കലും ലഭിച്ചില്ല. കാലഘട്ടത്തിന്റെ ആവശ്യമാണ്‌ സാമൂഹികോര്‍ജതന്ത്രം എന്നു കോമ്‌തെ വിശ്വസിച്ചിരുന്നു. ഇദ്ദേഹത്തെ ചിലര്‍ സോഷ്യലിസ്റ്റായും മറ്റു ചിലര്‍ ലിബറല്‍ ആയും ചിത്രീകരിച്ചിട്ടുണ്ട്‌. അര്‍ബുദരോഗ ബാധിതനായിരുന്ന കോമ്‌തെ, 1857-ല്‍ പാരിസില്‍ കോമ്‌തെ അന്തരിച്ചു.

(എന്‍.കെ. ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍