This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോമനേച്ചി, നാദിയ (1961 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോമനേച്ചി, നാദിയ (1961 - )

നാദിയ കോമനേച്ചി

റുമേനിയന്‍ ജിംനാസ്റ്റ്‌. 10/10 എന്ന സ്‌കോര്‍ നേടിക്കൊണ്ട്‌ കായികചരിത്രത്തിലെ ഏറ്റവും മികവുറ്റ പ്രകടനം കാഴ്‌ചവച്ചിട്ടുള്ള ആദ്യ വനിതാ കായികതാരമാണ്‌ നാദിയ എലേന കോമനേച്ചി.

നാദിയ കോമനേച്ചിയുടെ ജെംനാസ്റ്റിക് പ്രകടനം

1961 ന. 12-ന്‌ റുമേനിയയിലെ ഗിയോര്‍ ഗെ ഗിയോര്‍ഗിയു ദെജിലില്‍ ജനിച്ചു. റുമേനിയന്‍ പരിശീലകനായ ബേലാ കൊറോലൈയിനു കീഴില്‍ നേടിയ മികച്ച പരിശീലനം, നന്നേ ചെറുപ്പത്തിലേ നാദിയയെ "ജിംനാസ്റ്റിക്‌സിലെ അദ്‌ഭുതബാലിക' എന്നറിയപ്പെടുവാന്‍ പ്രാപ്‌തയാക്കി.

1976-ലെ മോണ്‍ട്രീല്‍ ഒളിമ്പിക്‌സില്‍ "ബീം', "ബാഴ്‌സ്‌' ഇനങ്ങളില്‍ മൂന്നു സ്വര്‍ണമെഡലും ഒരു ഓട്ടുമെഡലും നേടിക്കൊണ്ട്‌ അന്താരാഷ്‌ട്ര പ്രശസ്‌തിനേടി. 1980-ലെ മോസ്‌കോ ഒളിമ്പിക്‌സില്‍ "ബീം ഫ്‌ളോര്‍' ഇനത്തില്‍ രണ്ട്‌ സ്വര്‍ണവും ഒരു വെള്ളിയും നേടിക്കൊണ്ട്‌ നാദിയ തന്റെ പ്രകടനം ശ്രദ്ധേയമാക്കി. 1975, 77, 79 വര്‍ഷങ്ങളിലെ യൂറോപ്യന്‍ ചാമ്പ്യന്‍, 1979-ലെ വേള്‍ഡ്‌ കപ്പ്‌ ചാമ്പ്യന്‍, 1981-ലെ വേള്‍ഡ്‌ യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ തുടങ്ങി ഒട്ടനവധി കിരീടങ്ങള്‍ നാദിയ കരസ്ഥമാക്കി. 1970-ല്‍ നാഷണല്‍ ജൂനിയര്‍ ചാമ്പ്യനും 1973-74 വര്‍ഷങ്ങളില്‍ ആള്‍ റൗണ്ട്‌ ജൂനിയര്‍ ചാമ്പ്യനുമായിരുന്ന നാദിയയെ റുമേനിയ 1976-ല്‍ "ഹീറോ ഒഫ്‌ സോഷ്യലിസ്റ്റ്‌ ലേബര്‍' എന്ന ബഹുമതി നല്‍കി ആദരിച്ചു. 1976 മേയില്‍ മത്സരങ്ങളില്‍നിന്നും വിരമിച്ച നാദിയ തുടര്‍ന്ന്‌ 1989 വരെ ജൂനിയര്‍ ടീം കോച്ചായി സേവനമനുഷ്‌ഠിച്ചു. ചില വിവാദങ്ങളും നാദിയായെ പിന്തുടര്‍ന്നിരുന്നു. റുമേനിയന്‍ ഭരണകൂടവും മാധ്യമങ്ങളും ഇവരെ നിരന്തരം പഴിചാരുകയും സഞ്ചാരങ്ങള്‍ക്ക്‌ വിലക്കേര്‍പ്പെടുത്തുകയും നിരീക്ഷണത്തിനു വിധേയയാക്കുകയും ചെയ്‌തു. 2000-ത്തിന്റെ തുടക്കത്തോടെ അനവധി ദേശീയ അന്തര്‍ദേശീയ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളുമായി സഹകരണത്തിനു തുടക്കമിട്ട നാദിയ വികലാംഗര്‍ക്കായുള്ള ഇന്റര്‍നാഷണല്‍ സ്‌പെഷ്യല്‍ ഒളിമ്പിക്‌സ്‌, റുമേനിയന്‍ ഒളിമ്പിക്‌സ്‌ കമ്മിറ്റി, ഇന്റര്‍നാഷണല്‍ ജിംനാസ്റ്റിക്‌സ്‌ ഫെഡറേഷന്‍ ഫൗണ്ടേഷന്‍ തുടങ്ങിയവയുടെ പ്രചാരകയായി പ്രവര്‍ത്തിച്ചു. 2005-ലെ മെല്‍ബണ്‍ വേള്‍ഡ്‌ ചാമ്പ്യന്‍ഷിപ്പ്‌, 2008-ലെ ബീജിങ്‌ ഒളിമ്പിക്‌സ്‌ എന്നീ കായിക വേദികളില്‍ ജിംനാസ്റ്റിക്‌ മത്സരങ്ങളുടെ ടെലിവിഷന്‍ കമന്റേറ്ററായിരുന്നു. 2003-ല്‍ ലെറ്റേഴ്‌സ്‌ ടു എ യങ്‌ ജിംനാസ്റ്റ്‌ എന്ന പേരില്‍ തന്റെ കായിക അനുഭവങ്ങളും ഓര്‍മകളും പുസ്‌തകരൂപത്തില്‍ നാദിയ പ്രസിദ്ധീകരിക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍