This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോമണ്‍വെല്‍ത്ത്‌ രാഷ്‌ട്രങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോമണ്‍വെല്‍ത്ത്‌ രാഷ്‌ട്രങ്ങള്‍

Commonwealth of Nations

സ്വതന്ത്ര പരമാധികാര രാജ്യങ്ങളുടെ ഒരു അന്താരാഷ്‌ട്രസംഘടന. ബ്രിട്ടീഷ്‌ കോമണ്‍വെല്‍ത്ത്‌ അഥവാ ഇംപീരിയല്‍ കോമണ്‍വെല്‍ത്ത്‌ എന്നായിരുന്നു ഇതിന്റെ പൂര്‍വരൂപം. പൊതുവായ ലക്ഷ്യങ്ങളെയും മൂല്യങ്ങളെയും അടിസ്ഥാനമാക്കിയുള്ള സഹകരണം അംഗരാജ്യങ്ങള്‍ക്കിടയില്‍ വിപുലപ്പെടുത്തുക എന്നുള്ളതാണ്‌ സംഘടനയുടെ അടിസ്ഥാന ലക്ഷ്യം. ജനാധിപത്യ ശാക്തീകരണം, മനുഷ്യാവകാശസംരക്ഷണം, സദ്‌ഭരണം, നിയമവാഴ്‌ച, വ്യക്തിസ്വാതന്ത്ര്യം, സ്വതന്ത്രവ്യാപാരം, ബഹുകക്ഷി സമ്പ്രദായം, ലോകസമാധാനം എന്നിവയെ പ്രചോദിപ്പിക്കുകയാണ്‌ സംഘടനയുടെ പ്രധാനപ്പെട്ട കര്‍ത്തവ്യങ്ങള്‍. വ്യത്യസ്‌തമായ രാഷ്‌ട്രീയ-സാമൂഹിക, സാമ്പത്തിക പശ്ചാത്തലമുള്ള വിവിധ രാജ്യങ്ങളെ മേല്‌പറഞ്ഞ പൊതുഘടകങ്ങളുടെ അടിസ്ഥാനത്തില്‍ യോജിപ്പിക്കുകയെന്നതാണ്‌ കോമണ്‍വെല്‍ത്ത്‌ കൂട്ടായ്‌മയുടെ ദൗത്യം.

ഇംഗ്ലണ്ടിന്റെ തലസ്ഥാനമായ ലണ്ടനില്‍ മള്‍ബറോ ഹൗസ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോമണ്‍വെല്‍ത്തില്‍ നിലവില്‍ (2012) 54 സ്വതന്ത്രപരമാധികാര രാജ്യങ്ങള്‍ അംഗങ്ങളാണ്‌. ഇതില്‍ മൊസാംബിക്‌, റുവാണ്ട എന്നീ രാജ്യങ്ങളൊഴികെ മറ്റെല്ലാ അംഗരാജ്യങ്ങളും ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. ഇംഗ്ലീഷാണ്‌ സംഘടനയുടെ ഔദ്യോഗികഭാഷ.

കോമണ്‍വെല്‍ത്ത്‌ പതാകയിലെ ഔദ്യോഗിക ചിഹ്നം

ചരിത്രം. ബ്രിട്ടനിലെ റോസ്‌ബറിപ്രഭു 1884-ല്‍ തന്റെ ആസ്റ്റ്രേലിയന്‍ സന്ദര്‍ശനത്തിനിടയിലാണ്‌, ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്റെ കീഴില്‍ കോളനികളായുള്ള ചില രാഷ്‌ട്രങ്ങള്‍ മോചിതരായി "കോമണ്‍വെല്‍ത്ത്‌' രൂപപ്പെടുമെന്ന്‌ പ്രഖ്യാപിച്ചത്‌. കോളനി വാഴ്‌ചക്കാല്‌ത്ത്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയും കോളനികളിലെ പ്രധാമന്ത്രിമാരും 1887 മുതല്‍ തുടര്‍ച്ചയായി സമ്മേളിച്ചിരുന്നു. ഇത്‌ 1911-ല്‍ ഇംപീരിയല്‍ കോണ്‍ഫറന്‍സ്‌ എന്ന സംഘടന രൂപമെടുക്കുന്നതിന്‌ കാരണമായി. 1926-ലെ ബാല്‍ഫര്‍ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ "പുത്രികാരാഷ്‌ട്ര'പദവിയുള്ള കോളനികളും ബ്രിട്ടനും തമ്മില്‍ തുല്യതയും സ്ഥിതിസമത്വവും പ്രഖ്യാപിച്ചു. "സ്റ്റാറ്റ്യൂട്ട്‌ ഒഫ്‌ വെസ്റ്റ്‌മിനിസ്റ്റര്‍' എന്നാണ്‌ ഈ കരാര്‍ അറിയപ്പെടുന്നത്‌. ഡേവിസ്‌ പ്രഭുവിന്റെ മുഖ്യകാര്‍മികത്വത്തില്‍ "ലീഗ്‌ ഒഫ്‌ നേഷന്‍സ്‌ യൂണിയന്‍' ബ്രിട്ടനില്‍ സ്ഥാപിക്കപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ്‌ 1932-ല്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പ്രസിഡന്റായി ആധുനിക കോമണ്‍വെല്‍ത്ത്‌ രൂപീകൃതമായത്‌. രണ്ടാംലോകയുദ്ധാനന്തരം ബ്രിട്ടീഷ്‌ സാമ്രാജ്യം പതനത്തിലാവുകയും 14 കോളനികള്‍ മാത്രമായി ചുരുങ്ങുകയും ചെയ്‌തു.

ലണ്ടന്‍ പ്രഖ്യാപനം. ആധുനിക കോമണ്‍വെല്‍ത്ത്‌ രൂപവത്‌കരണത്തില്‍ ഒരു നാഴികക്കല്ലായിരുന്നു 1949-ലെ ലണ്ടന്‍ പ്രഖ്യാപനം. സംഘടനയുടെ പേരായ ബ്രിട്ടീഷ്‌ കോമണ്‍വെല്‍എന്ന പദത്തില്‍ നിന്നും "ബ്രിട്ടീഷ്‌' എന്ന വാക്ക്‌ ഒഴിവാക്കിയത്‌. ലണ്ടന്‍ പ്രഖ്യാപനത്തോടനുബന്ധിച്ചായിരുന്നു. ഇതോടൊപ്പം അയര്‍ലണ്ട്‌ ജനതയ്‌ക്ക്‌ ബ്രിട്ടീഷ്‌ പൗരത്വത്തിന്‌ തുല്യമായ പദവി നല്‍കുന്ന ഒരു നിയമവും പാസ്സാക്കപ്പെട്ടു. കോമണ്‍വെല്‍ത്ത്‌ രാഷ്‌ട്രങ്ങളിലെ പ്രധാനമന്ത്രിമാരുടെ സമ്മേളനം ലണ്ടനില്‍ ചേര്‍ന്നാണ്‌ ഈ പ്രഖ്യാപനം നടത്തിയത്‌. ബ്രിട്ടീഷ്‌ ആധിപത്യത്തില്‍നിന്നും സ്വതന്ത്രമായ ഈജിപ്‌ത്‌, ഇറാഖ്‌, ജോര്‍ദാന്‍, പലസ്‌തീന്‍, സുഡാന്‍, സൊമാലിയ, കുവൈറ്റ്‌, ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ എന്നീ രാഷ്‌ട്രങ്ങള്‍ കോമണ്‍വെല്‍ത്തില്‍ അംഗങ്ങളാകാന്‍ താത്‌പര്യപ്പെട്ടില്ല. 1947-ലാണ്‌ ഇന്ത്യ കോമണ്‍വെല്‍ത്തില്‍ അംഗമാകുന്നത്‌. സ്വാതന്ത്ര്യാനന്തരവും ബ്രിട്ടന്റെ മേല്‍ക്കോയ്‌മയെ അംഗീകരിക്കുന്നതിനോട്‌ നെഹ്‌റു ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നേതാക്കള്‍ വിയോജിക്കുകയുണ്ടായി. എന്നാല്‍ കോമണ്‍വെല്‍ത്തില്‍ നിന്നും വിട്ടുപോന്നാല്‍ അന്താരാഷ്‌ട്ര സമൂഹത്തില്‍ ഇന്ത്യ ഒറ്റപ്പെടുന്നതിനും കോമണ്‍വെല്‍ത്ത്‌ ഒരു പാക്‌ അനുകൂല സംഘടനയായിത്തീരും എന്നതിനാലും ബ്രിട്ടന്റെ അധീശത്വത്തെ അംഗീകരിക്കാതെതന്നെ കോമണ്‍വെല്‍ത്ത്‌ ലോകരാഷ്‌ട്രങ്ങളോട്‌ പുലര്‍ത്തുന്ന സമഭാവനയ്‌ക്കും വര്‍ണവിവേചനത്തിനെതിരായ നിലപാടിനും പ്രാമുഖ്യം നല്‍കിക്കൊണ്ട്‌ 1950-ല്‍ കോമണ്‍വെല്‍ത്ത്‌ അംഗത്വം നിലനിര്‍ത്തുവാന്‍ റിപ്പബ്ലിക്കായ ഇന്ത്യ നയപരമായ തീരുമാനമെടുത്തു. ഇതിലൂടെ കോമണ്‍വെല്‍ത്തില്‍ അംഗമായ ആദ്യ പരമാധികാര രാഷ്‌ട്രം ഇന്ത്യയായി.

രണ്ടാംലോക യുദ്ധാനന്തരം പ്രത്യേകിച്ച്‌ 1960-ഓടെ ചില കോമണ്‍വെല്‍ത്ത്‌ രാഷ്‌ട്രങ്ങള്‍ പുതിയതായി കോമണ്‍വെല്‍ത്തില്‍ ചേര്‍ന്ന ഏഷ്യയിലെയും ആഫ്രിക്കയിലെയും അവികസിത രാഷ്‌ട്രങ്ങളോട്‌ അസഹിഷ്‌ണുത കാട്ടാന്‍ തുടങ്ങി. കോമണ്‍വെല്‍ത്തിലെ വെള്ളക്കാരുടെ രാജ്യങ്ങളും തമ്മില്‍ ആഫ്രിക്കന്‍ രാജ്യങ്ങളും വിവിധ കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായി. 1960-കളില്‍ റൊഡേഷ്യയും 1970-കളില്‍ ദക്ഷിണാഫ്രിക്കയും (വര്‍ണവിവേചനം) 1980-കളില്‍ നൈജീരിയായും സിംബാബ്‌വെയും വിവാദങ്ങളില്‍ നിറഞ്ഞുനിന്നു.

ഉദ്ദേശ്യലക്ഷ്യങ്ങളും പരിപാടികളും. കോമണ്‍വെല്‍ത്ത്‌ പരിപാടി ആദ്യമായി രൂപകല്‌പന ചെയ്‌തത്‌ 1971-ലെ സിംഗപ്പൂര്‍ പ്രഖ്യാപനത്തോടെയാണ്‌. ലോകസമാധാനത്തിനും പന്നാളിത്ത ജനാധിപത്യത്തിനും വ്യക്തിസ്വാതന്ത്ര്യസംരക്ഷണത്തിനുമാണ്‌ പ്രഖ്യാപനത്തില്‍ ഊന്നല്‍ നല്‍കിയത്‌. സ്ഥിതിസമത്വം, വര്‍ണവെറിയോടുള്ള എതിര്‍പ്പ്‌, ദാരിദ്യ്രനിര്‍മാര്‍ജനം, നിരക്ഷരത, രോഗങ്ങള്‍, സ്വതന്ത്രവാണിജ്യം എന്നീ പ്രശ്‌നങ്ങളെ ക്രിയാത്മകമായി അഭിമുഖീകരിക്കുന്നതിനായിട്ടാണ്‌ കോമണ്‍വെല്‍ത്ത്‌ രൂപവത്‌കരിക്കപ്പെട്ടത്‌. ഇതോടൊപ്പം 1979-ലെ ലുസാക്ക (Lusaka) പ്രഖ്യാപനത്തിന്റെ ഭാഗമായി ലിംഗവിവേചനവും 1989-ലെ ലന്നാവി (Langkawi) പ്രഖ്യാപനത്തിന്റെ ഭാഗമായി പാരിസ്ഥിതിക സന്തുലനവും കോമണ്‍വെല്‍ത്ത്‌ പരിപാടികളില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. 1991-ലെ ഹരാരെ പ്രഖ്യാപനത്തോടെ പ്രസ്‌തുത പരിപാടികള്‍ പുനഃരുജ്ജീവിപ്പിക്കപ്പെടുകയും ചെയ്‌തു.

കോമണ്‍വെല്‍ത്തിന്റെ ഇപ്പോഴത്തെ മുന്തിയ പരിഗണന, ജനാധിപത്യപുരോഗതിയും വികസനത്തിനുമാണെന്ന്‌ 2003-ലെ അസോ റോക്ക്‌ (Aso Rock) പ്രഖ്യാപനം വെളിപ്പെടുത്തുന്നു.

ഘടന.

കോമണ്‍വെല്‍ത്ത്‌ മേധാവി (Head of the Commonwealth). ലണ്ടന്‍ പ്രഖ്യാപനത്തിന്റെ ശിപാര്‍ശപ്രകാരം 1958 ഫെ. 6 മുതല്‍ എലിസബത്ത്‌ IIരാജ്ഞിയാണ്‌ കോമണ്‍വെല്‍ത്തിന്റെ മേധാവി. 16 അംഗരാജ്യങ്ങളടങ്ങുന്ന ഒരു ഉന്നതാധികാര സമിതിയുമുണ്ട്‌. അംഗരാജ്യങ്ങളില്‍ ഭൂരിപക്ഷവും റിപ്പബ്ലിക്കുകളാണ്‌-33. രാജഭരണമുള്ള അഞ്ച്‌ അംഗങ്ങള്‍ വേറെയുമുണ്ട്‌.

രാഷ്‌ട്രത്തലവന്മാരുടെ സമ്മേളനം കോമണ്‍വെല്‍ത്തിന്റെ നയരൂപീകരണസമിതിയും പ്രധാനതീരുമാനങ്ങള്‍ എടുക്കുന്ന വേദിയുമാണ്‌. കോമണ്‍വെല്‍ത്ത്‌ ഹെഡ്‌സ്‌ ഒഫ്‌ ഗവണ്‍മെന്റ്‌ മീറ്റിങ്‌ [Commonwealth Heads of Government Meeting (CHOGM)] രണ്ടുവര്‍ഷത്തിലൊരിക്കല്‍ സമ്മേളിക്കുന്നു. ധനകാര്യനിയമം, ആരോഗ്യം എന്നീ വകുപ്പുമന്ത്രിമാരുടെയും യോഗങ്ങള്‍ തുടര്‍ച്ചയായി ചേരാറുണ്ട്‌. രാഷ്‌ട്രത്തലവന്മാര്‍ സമ്മേളിക്കുന്ന രാജ്യത്തെ ഭരണത്തലവനായിരിക്കും അധ്യക്ഷന്‍. തൊട്ടടുത്ത സമ്മേളനം വരെ ഈ പദവി നിലനില്‌ക്കുന്നു.

കോമണ്‍വെല്‍ത്ത്‌ സെക്രട്ടറിയേറ്റ്‌. അംഗരാജ്യങ്ങള്‍ക്കിടയില്‍ സൗഹാര്‍ദവും സഹകരണവും ഉറപ്പാക്കുന്നതിനുവേണ്ടിയുള്ള ഇടപെടലുകള്‍ നടത്തുന്ന പ്രധാനപ്പെട്ട ഒരു സമിതി. 1965-ലാണ്‌ ഇത്‌ സ്ഥാപിതമായത്‌. അംഗരാജ്യങ്ങള്‍ക്കിടയില്‍ കൂട്ടുത്തരവാദിത്ത്വം ഉറപ്പാക്കാനുള്ള ചുമതലയും സെക്രട്ടേറിയേറ്റിനുണ്ട്‌. ഐക്യരാഷ്‌ട്രസംഘടയുടെ പൊതുസഭയില്‍ കോമണ്‍വെല്‍ത്തിനെ പ്രതിനിധീകരിക്കുന്നത്‌ സെക്രട്ടറിയേറ്റാണ്‌. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെക്രട്ടറിയേറ്റ്‌, കോമണ്‍വെല്‍ത്ത്‌ ഉച്ചകോടിയും, മന്ത്രിതല സമ്മേളനങ്ങളും സംഘടിപ്പിക്കുന്നു. അംഗരാജ്യങ്ങള്‍ തമ്മിലുള്ള ആശയവിനിമയം ദൃഢപ്പെടുത്തുന്നതും സെക്രട്ടറിയേറ്റാണ്‌. കോമണ്‍വെല്‍ത്തിന്റെ മൗലികമായ രാഷ്‌ട്രീയനയങ്ങളിലൂന്നി അംഗരാജ്യങ്ങള്‍ക്കാവശ്യമായ സാങ്കേതികസഹായങ്ങള്‍ ചെയ്യാറുണ്ട്‌. സാമൂഹിക-സാമ്പത്തിക മേഖലകളെ പരിപോഷിപ്പിക്കുന്നതില്‍ പ്രത്യേകപരിഗണന നല്‍കിവരുന്നു. സെക്രട്ടറി ജനറലായിരിക്കും സെക്രട്ടറിയേറ്റിലെ പ്രധാനി. എട്ടുവര്‍ഷമാണ്‌ കാലാവധി. രണ്ട്‌ ഡെപ്യൂട്ടിസെക്രട്ടറിമാരും ഉണ്ടാകും. ഇപ്പോഴത്തെ (2011) സെക്രട്ടറി ജനറല്‍, 2008 ഏ. 1-ന്‌ ചുമതലയേറ്റ ഇന്ത്യാക്കാരനായ കമലേഷ്‌ ശര്‍മയാണ്‌.

അംഗത്വം. കോമണ്‍വെല്‍ത്ത്‌ രാജ്യങ്ങളുടെ അംഗത്വനിബന്ധനകള്‍ നിരവധി പഴയകാല പ്രമാണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്‌. 1931-ലെ "സ്റ്റാറ്റ്യൂട്ട്‌ ഒഫ്‌ വെസ്റ്റ്‌ മിനിസ്റ്റര്‍' കരാറാണ്‌ ഇതിനാധാരമായി അംഗീകരിക്കപ്പെട്ടിരിക്കുന്നത്‌. പുത്രികാരാജ്യപദവിയെങ്കിലുമുള്ളവര്‍ക്കുമാത്രമേ നേരത്തേ അംഗത്വമുണ്ടായിരുന്നുള്ളൂ. എന്നാല്‍ 1949-ലെ ലണ്ടന്‍ പ്രഖ്യാപനത്തോടെ ബ്രിട്ടീഷ്‌ രാജപദവിയെ അംഗീകരിക്കുന്ന സ്വതന്ത്ര-പരമാധികാര രാജ്യങ്ങള്‍ക്കും ആഭ്യന്തര രാജഭരണം നിലവിലുള്ള രാജ്യങ്ങള്‍ക്കും അംഗത്വം നല്‌കി. നവകോളനിവത്‌കരണത്തിന്റെ വെളിച്ചത്തില്‍ അംഗത്വനിബന്ധനകള്‍ രാഷ്‌ട്രീയ-സാമൂഹിക, സാമ്പത്തിക മാനങ്ങള്‍ കൈവരിച്ചു. 1961-ല്‍ വര്‍ണസമത്വം കര്‍ശനമാക്കിക്കൊണ്ട്‌ ഇത്തരത്തിലുള്ള പുരോഗമനാത്മക നിബന്ധന ആദ്യമായി പ്രാബല്യത്തില്‍വന്നു. 1971-ലെ സിംഗപ്പൂര്‍ പ്രഖ്യാപനത്തിന്റെ പതിനാലിന പരിപാടികള്‍ ഈ ദിശയില്‍ കൂടുതല്‍ പ്രസക്തമാണ്‌. 1991-ലെ ഹരാരെ പ്രഖ്യാപനം വരുന്നതുവരെ ഈ നിബന്ധനകള്‍ നടപ്പാക്കിയിരുന്നില്ല. 1995-ലെ മില്‍ബ്രൂക്ക്‌ മന്ത്രിതല പ്രവര്‍ത്തക സമിതിക്ക്‌ അംഗത്വനിബന്ധനകള്‍ ഉറപ്പാക്കാനുള്ള അധികാരം നല്‌കി. ഇതേവര്‍ഷം തന്നെ അംഗരാഷ്‌ട്രങ്ങുടെ ഒരു പ്രത്യേകസമിതി അംഗത്വനിബന്ധനകള്‍ പരിഷ്‌കരിക്കുന്നതിനും പരിപാലിക്കുന്നതിനുമായി നിലവില്‍വന്നു. 1997-ലെ എഡിന്‍ബര്‍ഗ്‌ പ്രഖ്യാപനം അടിസ്ഥാനമാക്കി അംഗത്വം നേടണമെങ്കില്‍, നിലവിലുള്ള ഒരു അംഗരാജ്യവുമായി ഭരണഘടനാപരമായ ബന്ധം അനിവാര്യമാണ്‌.

കോമണ്‍വെല്‍ത്ത്‌ കുടുംബം. കോമണ്‍വെല്‍ത്ത്‌ രാജ്യങ്ങള്‍ തമ്മിലും അവയുടെ ഭരണകൂടങ്ങളും സാംസ്‌കാരികസംഘങ്ങള്‍ തമ്മിലും കുടുംബപരമായ ബന്ധമാണുള്ളത്‌. സാംസ്‌കാരികം, കായികം, വിദ്യാഭ്യാസം, നിയമം, സേവനം എന്നീ മേഖലകളില്‍ സഹകരണത്തിന്റെ വ്യാപ്‌തികാണാം. വിദ്യാഭ്യാസബന്ധങ്ങളുടെ വിപുലീകരണത്തിന്റെ സന്ദേശവാഹകരായി പ്രവര്‍ത്തിക്കുന്നത്‌ "ദി അസ്സോസിയേഷന്‍ ഒഫ്‌ കോമണ്‍വെല്‍ത്ത്‌ യൂണിവേഴ്‌സിറ്റീസ്‌' ആണ്‌. ഒരു അംഗരാജ്യത്തെ വിദ്യാര്‍ഥി മറ്റ്‌ ഏതെങ്കിലും ഒരു കോമണ്‍വെല്‍ത്ത്‌ രാജ്യത്ത്‌ പഠിക്കുന്നതിനുള്ള വിവിധ സ്‌കോളര്‍ഷിപ്പുകളും നല്‍കിവരുന്നു. കോമണ്‍വെല്‍ത്ത്‌ ലായേഴ്‌സ്‌ അസോസിയേഷനും കോമണ്‍വെല്‍ത്ത്‌ പാര്‍ലമെന്ററി അസോസിയേഷനും കോമണ്‍വെല്‍ത്ത്‌ കുടുംബത്തിലുണ്ട്‌.

കോമണ്‍വെല്‍ത്ത്‌ ഫൗണ്ടേഷന്‍. കോമണ്‍വെല്‍ത്ത്‌ താത്‌പര്യസംരക്ഷണത്തിനും മൂല്യങ്ങളുടെ മുന്‍ഗണനക്രമം നിശ്ചയിക്കുന്നതിനുമായി സ്ഥാപിതമായ (1965) അന്താരാഷ്‌ട്ര ഭരണകൂടസംവിധാനം. ജനാധിപത്യവും, സദ്‌ഭരണവും പ്രോത്സാഹിപ്പിക്കുന്നതിനും പൗരസമൂഹത്തിന്റെ ശാക്തീകരണത്തിനും ഈ വേദി കര്‍മനിരതമാണ്‌. മനുഷ്യാവകാശങ്ങളോടുള്ള അനുകമ്പയും ബഹുമാനവും, ലിംഗസമത്വം, ദാരിദ്യ്രനിര്‍മാര്‍ജനം, ജനകേന്ദ്രീകൃതവും സന്തുലിതവുമായ വികസനം, കലാ-സാംസ്‌കാരിക മേഖലകളുടെ പുരോഗതി എന്നിവയിലാണ്‌ ഫൗണ്ടേഷന്‍ ശ്രദ്ധപതിപ്പിക്കുന്നത്‌. എല്ലാ അംഗരാജ്യങ്ങള്‍ക്കും ഇതില്‍ അംഗങ്ങളാകാം. ലണ്ടനിലെ മാള്‍ബറോ ഹൗസ്‌ ആണ്‌ ആസ്ഥാനം.

കോമണ്‍വെല്‍ത്ത്‌ ലോയേഴ്‌സ്‌ അസോസിയേഷന്‍. തൊഴില്‍രംഗത്തുള്ള അഭിഭാഷകരുടെയും അധ്യയനരംഗത്തെ നിയമവിദഗ്‌ധരെയും ഒന്നിച്ചണിനിരത്തുന്ന കോമണ്‍വെല്‍ത്ത്‌ സംഘടന. 1983-ലാണ്‌ ഇത്‌ രൂപംകൊള്ളുന്നത്‌. നിയമവാഴ്‌ച നിലനിര്‍ത്തി പരിപോഷിപ്പിക്കുന്നതിനും സ്വതന്ത്രവും കാര്യക്ഷമവുമായ നീതിന്യായ വ്യവസ്ഥ ഉറപ്പാക്കുന്നതിനും സംഘടന മുന്‍കൈയെടുക്കുന്നു. കോമണ്‍വെല്‍ത്ത്‌ രാഷ്‌ട്രങ്ങളിലെ നിയമവ്യവഹാരങ്ങളെ പൊതുധാരയില്‍ കൊണ്ടുവരുന്നതിനും സാമാന്യമായെങ്കിലും ഏകീകൃതസ്വഭാവം കൈവരിക്കുന്നതിനും സംഘടന പരിശ്രമിക്കുന്നുണ്ട്‌.

യുദ്ധക്കെടുതി നിവാരണസമിതി (Commonwealth Wargranes Commission). ഒന്നാംലോകയുദ്ധത്തില്‍ മരണപ്പെട്ട 1.7 മില്യണ്‍ സൈനികാംഗങ്ങളുടെ കുടുംബത്തെ സഹായിക്കാനായി 1917-ല്‍ രൂപംകൊണ്ട സമിതി. യുദ്ധത്തില്‍ മരണപ്പെട്ടവരെ ഔദ്യോഗിക ബഹുമതികളോടെ അടക്കം ചെയ്യുന്നതിനായായി കോമണ്‍വെല്‍ത്തിന്റെ വിവിധഭാഗങ്ങളില്‍ 2,500 സെമിത്തേരികള്‍ സ്ഥാപിച്ചു. ഇവയില്‍ മിക്കവയും ഇംഗ്ലണ്ടിലായിരുന്നു. 1998-ല്‍ ഈ സമിതി ശവസംസ്‌കാരങ്ങളെ സംബന്ധിച്ച രേഖകള്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചു.

കോമണ്‍വെല്‍ത്ത്‌ പഠനസമിതി (Common wealth Learning). അംഗരാഷ്‌ട്രത്തലവന്മാര്‍ യോഗംചേര്‍ന്ന്‌ വിദ്യാഭ്യാസ വ്യാപനത്തിനും വികസനത്തിനുമായി രൂപീകരിച്ച കോമണ്‍വെല്‍ത്ത്‌ സമിതി. ഓപ്പണ്‍ സ്‌കൂളുകളും വിദൂരവിദ്യാഭ്യാസവും വിപുലപ്പെടുത്തുകയാണ്‌ ഉദ്ദേശ്യം. മനുഷ്യവിഭവശേഷിയും സാങ്കേതികവിദ്യയും ഒന്നിച്ചിണക്കുന്നതില്‍ പ്രത്യേകമായ പരിഗണനതന്നെയുണ്ട്‌. വികസ്വരരാജ്യങ്ങളെ ലക്ഷ്യംവച്ച്‌ ഈ സമിതി ബൃഹത്തായ ഒരു പരിശീലനപദ്ധതിയും നടപ്പാക്കിവരുന്നു.

കോമണ്‍വെല്‍ത്ത്‌ വ്യാപാരസമിതി (Business council). 1997-ലെ കോമണ്‍വെല്‍ത്ത്‌ രാഷ്‌ട്രത്തലവന്മാരുടെ യോഗത്തില്‍വച്ചാണ്‌ കോമണ്‍വെല്‍ത്ത്‌ ബിസിനസ്സ്‌ കൗണ്‍സില്‍ രൂപീകൃതമായത്‌. അംഗരാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം മെച്ചപ്പെടുത്തുന്നതിനും നിക്ഷേപം വര്‍ധിപ്പിക്കുന്നതിനുമാണ്‌ കൗണ്‍സില്‍ ലക്ഷ്യമിടുന്നത്‌. വ്യാപാര-വാണിജ്യസ്ഥാപനങ്ങളും ഗവണ്‍മെന്റുകളും തമ്മില്‍ യോജിച്ച്‌ പ്രവര്‍ത്തിക്കുന്നതിനുള്ള ശ്രമത്തിന്റെ ഫലംഎല്ലാ കോമണ്‍വെല്‍ത്ത്‌ രാജ്യങ്ങള്‍ക്കും ലഭ്യമാക്കും. പൊതുമേഖലയെയും സ്വകാര്യമേഖലയെയും കൂട്ടിയിണക്കിക്കൊണ്ടുള്ള വ്യവസായസംരംഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നു. വ്യവസായ വികസനത്തിന്‌ ഉതകുന്നവിധത്തില്‍ സാങ്കേതിക വിദ്യയെ പാകപ്പെടുത്തി ഉപയോഗിക്കുകയെന്നത്‌ പ്രഖ്യാപിത നയമാണ്‌.

കോമണ്‍വെല്‍ത്ത്‌ സംസ്‌കാരവും സാഹിത്യവും. കോമണ്‍വെല്‍ത്ത്‌ സംസ്‌കാരത്തിന്റെ തനിമയ്‌ക്കും നിലനില്‌പിനും ഉത്തമോദാഹരണമാണ്‌ പാര്‍ലമെന്ററി ജനാധിപത്യം, കായികയിനങ്ങള്‍, പൊതുവായ നിയമസംഹിത, ഇംഗ്ലീഷ്‌ ഭാഷയുടെ സാര്‍വത്രികത, ഔദ്യോഗികഭാഷയെന്ന തലത്തിലുള്ള ഇംഗ്ലീഷിന്റെ പ്രാധാന്യം, സൈനികഭരണ മാതൃക എന്നിവ.

കോമണ്‍വെല്‍ത്ത്‌ സാഹിത്യം (Commonwealth Literature) എന്നു വിശേഷിപ്പിക്കാവുന്ന തരത്തില്‍ അംഗരാജ്യങ്ങളിലെ വിവിധഭാഷകളുടെ സമന്വയമാണ്‌ കോമണ്‍വെല്‍ത്ത്‌ സാഹിത്യലോകം. കോമണ്‍വെല്‍ത്ത്‌ ഭാഷയും സാഹിത്യവും വിപുലപ്പെടുത്താനായി അസോസിയേഷന്‍ ഫോര്‍ കോമണ്‍വെല്‍ത്ത്‌ ലിറ്ററേച്ചര്‍ ആന്‍ഡ്‌ ലാങ്‌ഗ്വേജ്‌ സ്റ്റഡീസ്‌ (Association for Common-wealth Literature and Language Studies)എന്ന ഒരു സംഘടനതന്നെയുണ്ട്‌. ഈ സംഘടനയുടെ ആഭിമുഖ്യത്തില്‍ വര്‍ഷത്തിലൊരിക്കല്‍ അന്താരാഷ്‌ട്രതലത്തില്‍ സാഹിത്യസമ്മേളനം നടത്തിവരുന്നു. 1987 മുതല്‍ കോമണ്‍വെല്‍ത്ത്‌ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ "റൈറ്റേഴ്‌സ്‌ പ്രസ്‌' നല്‍കിവരുന്നു. പ്രസിദ്ധീകരണരംഗത്ത്‌ മികച്ച ഗ്രന്ഥത്തിനും മികച്ച പ്രഥമഗ്രന്ഥത്തിനും അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഇത്തരം അവാര്‍ഡുകള്‍ പ്രാദേശികാടിസ്ഥാനത്തിലുമുണ്ട്‌. വര്‍ഷന്തോറുമുള്ള "ബുക്കര്‍ പ്രസ്‌' ലഭിക്കുന്നത്‌ കോമണ്‍വെല്‍ത്തില്‍പ്പെടുന്ന ഏതെങ്കിലും അംഗരാജ്യത്തെ സാഹിത്യകാരന്മാര്‍ക്കായിരിക്കും.

രാഷ്‌ട്രീയസംവിധാനം (Political System). അംഗരാജ്യങ്ങളില്‍ പൊതുവേ സമാനമായ രാഷ്‌ട്രീയ നിയമസംവിധാനമാണ്‌ നിലവിലുള്ളത്‌. മനുഷ്യാവകാശത്തെയും നിയമവാഴ്‌ചയെയും അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്‌തുകൊണ്ടുള്ള ജനാധിപത്യ സംവിധാനമാണ്‌ മിക്ക രാഷ്‌ട്രങ്ങളിലും നിലനില്‌ക്കുന്നത്‌. പകുതിയിലേറെ രാഷ്‌ട്രങ്ങള്‍ വെസ്റ്റ്‌ മിനിസ്റ്റര്‍ സമ്പ്രദായത്തിലുള്ള പാര്‍ലമെന്ററി ജനാധിപത്യത്തിലാണ്‌. കോമണ്‍വെല്‍ത്ത്‌ പാര്‍ലമെന്ററി അസോസിയേഷനും ലോക്കല്‍ ഗവണ്‍മെന്റ്‌ ഫോറവും ജനാധിപത്യശാക്തീകരണത്തിന്റെ പ്രധാനപ്പെട്ട രണ്ട്‌ ഏജന്‍സികളാണ്‌. 14 കോമണ്‍വെല്‍ത്ത്‌ രാഷ്‌ട്രങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന പരമോന്നത നീതിപീഠമാണ്‌ ജുഡീഷ്യല്‍ കമ്മിറ്റിയുടെ ഭാഗമായുള്ള പ്രിവികൗണ്‍സില്‍.

ലോകത്തെ മൂന്നിലൊന്നു ജനങ്ങളെ പ്രതിനിധീകരിക്കുന്ന കോമണ്‍വെല്‍ത്തില്‍ ഏകദേശം 2.1 ബില്യണ്‍ ജനങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഇതില്‍ 1.7 ബില്യണ്‍ ഇന്ത്യയിലും ശേഷിക്കുന്നവ ഏഷ്യ, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലുമാണ്‌. വിസ്‌തൃതിയുടെ കാര്യത്തില്‍ കോമണ്‍വെല്‍ത്ത്‌ അംഗരാജ്യങ്ങളില്‍ ഏറ്റവും വലുത്‌ കാനഡയാണ്‌. ജനസംഖ്യയില്‍, ഇന്ത്യയാണ്‌ ഒന്നാം സ്ഥാനത്ത്‌. ഏറ്റവും ചെറിയ ജനസംഖ്യയുള്ള രാഷ്‌ട്രം തുവാലുവും (10,000). 10,000 മില്യണ്‍ ഡോളറാണ്‌ കോമണ്‍വെല്‍ത്തിന്റെ ജി.ഡി.പി. പ്രത്യേക അംഗത്വപദവിമാത്രം ലഭിച്ചിരുന്ന നൂറു റിപ്പബ്ലിക്‌ രാജ്യങ്ങള്‍ 2011 ജൂണില്‍ പൂര്‍ണ അംഗത്വം നേടിയിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍