This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോപ്‌റ്റിക്‌ സഭ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോപ്‌റ്റിക്‌ സഭ

ഈജിപ്‌തിലെ ആദിമനിവാസികളുടെ പിന്‍ഗാമികളായ കോപ്‌റ്റുകളെ ഉള്‍ക്കൊള്ളുന്ന ക്രൈസ്തവസഭ. ഇവരില്‍ ഭൂരിപക്ഷവും യാക്കോബായ ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തില്‍പ്പെടുന്നു. കത്തോലിക്ക വിശ്വാസികളും നല്ലൊരുവിഭാഗമുണ്ട്‌.

ഈജിപ്‌തുകാരനെ അറബിഭാഷയില്‍ "ക്യൂബ്‌ത്‌' എന്നും ഗ്രീക്കുഭാഷയില്‍ "എജിപ്‌തോസ്‌' എന്നും വിളിക്കുന്നു. ഈ രണ്ടു പദങ്ങളും പാശ്ചാത്യവത്‌കരിക്കപ്പെട്ടപ്പോള്‍ ഉടലെടുത്ത പദമാണ്‌ "കോപ്‌റ്റ്‌'. ഈജിപ്‌തുകാരായ ക്രിസ്‌ത്യാനികള്‍ കോപ്‌റ്റുകള്‍ എന്നറിയപ്പെട്ടു. എ.ഡി. ഒന്നാം ശതകം മുതല്‍ കോപ്‌റ്റുകളില്‍ ക്രൈസ്തവവിശ്വാസം രൂഢമൂലമായിത്തീര്‍ന്നു. അലക്‌സാന്‍ഡ്രിയയിലെ പാത്രിയാര്‍ക്കീസിനു വിധേയരായിക്കഴിഞ്ഞിരുന്ന കോപ്‌റ്റുകള്‍ മാര്‍പ്പാപ്പയുടെ മേല്‍ക്കോയ്‌മ അംഗീകരിച്ചിരുന്നു.

എ.ഡി. അഞ്ചാം ശതകത്തില്‍ ക്രൈസ്തവസഭയ്‌ക്കുള്ളില്‍ വിശ്വാസസംബന്ധമായ ഭിന്നിപ്പുണ്ടായി. ക്രിസ്‌തുവില്‍ ദൈവീകസ്വഭാവവും മനുഷ്യസ്വഭാവവും ഉണ്ടായിരുന്നുവെന്നതാണ്‌ ക്രൈസ്തവസഭയുടെ, വിശേഷിച്ചു റോമന്‍ കത്തോലിക്കാസഭയുടെ നിലപാട്‌. എന്നാല്‍ ക്രിസ്‌തുവില്‍ ദൈവീകസ്വഭാവം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നൊരു ചിന്താഗതി പില്‌ക്കാലത്ത്‌ ഉടലെടുത്തു. ഏകസ്വഭാവവാദം (monophysm)എന്നാണ്‌ ഇത്‌ അറിയപ്പെടുന്നത്‌. കോപ്‌റ്റുകളുടെയിടയില്‍ ഏകസ്വഭാവവാദം ഗണ്യമായ സ്വാധീനം നേടി. ഏകസ്വഭാവവാദികളായ ക്രൈസ്തവരും റോമന്‍കത്തോലിക്കരും തമ്മില്‍ മത്സരങ്ങളുണ്ടായി. 450 മുതല്‍ 457 വരെ നീണ്ടുനിന്ന "കാല്‍സെദോന്‍ സൂനഹദോസി'ല്‍ (Council of Chalcedon) കോപ്‌റ്റിക്‌ ക്രൈസ്തവസഭ പിളര്‍ന്നു. മാര്‍പ്പാപ്പയോടു വിധേയത്വം പുലര്‍ത്തിയ കോപ്‌റ്റുകള്‍ "മെല്‍ക്കായര്‍' (Melchites)എന്നും മാര്‍പ്പാപ്പയെ എതിര്‍ത്തുകൊണ്ടു എകസ്വഭാവവാദം സ്വീകരിച്ചവര്‍ "യാക്കൊബായര്‍' (Jacobites)എന്നും അറിയപ്പെട്ടു. യാക്കൊബായര്‍ക്കായിരുന്നു ഭൂരിപക്ഷം. കത്തോലിക്കരായ മെല്‍ക്കായര്‍ക്കു പൗരസ്‌ത്യ റോമാചക്രവര്‍ത്തിയുടെ പിന്തുണലഭിച്ചു. കുറേക്കാലം ഈ രണ്ടുവിഭാഗക്കാരും തമ്മിലുള്ള സംഘര്‍ഷം നിലനിന്നു. അലക്‌സാന്‍ഡ്രിയയിലെ പാത്രീയാര്‍ക്കീസിന്റെ ആസ്ഥാനം പിടിച്ചെടുക്കുവാനായിരുന്നു ഇരുകൂട്ടരുടെയും ശ്രമം. കാലക്രമത്തില്‍ യാക്കൊബായ വിഭാഗക്കാര്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസിന്റെ നേതൃത്വം അംഗീകരിച്ചു. മെല്‍ക്കായരെ നിയന്ത്രിച്ചിരുന്നത്‌, മാര്‍പ്പാപ്പയോടു വിധേയത്വം പുലര്‍ത്തിയിരുന്ന അലക്‌സാന്‍ഡ്രിയയിലെ പാത്രിയാര്‍ക്കീസായിരുന്നു. ഇരുവിഭാഗക്കാരെയും സാന്ത്വനപ്പെടുത്തുവാന്‍ പൗരസ്‌ത്യറോമാചക്രവര്‍ത്തിമാര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. എ.ഡി. 567-ല്‍ പൗരസ്‌ത്യറോമാചക്രവര്‍ത്തിയായിരുന്ന ജസ്റ്റിന്‍ രണ്ടാമന്‍ ഇരുവിഭാഗം കോപ്‌റ്റുകളെയും അംഗീകരിച്ചു. അതോടുകൂടി ഇരുവിഭാഗക്കാര്‍ക്കും പാത്രിയാര്‍ക്കീസുകാര്‍ അലക്‌സാന്‍ഡ്രിയയിലുണ്ടായി.

ഈജിപ്‌തിലെ കോപ്‌റ്റുകള്‍ക്കിടയില്‍ യാക്കൊബായക്കാര്‍ക്കാണ്‌ സ്വാധീനമുള്ളത്‌. യാക്കൊബായ കോപ്‌റ്റിക്‌ സഭയുടെ മേധാവി ഒരു പാത്രിയാര്‍ക്കീസ്‌ (Patriarch) ആകുന്നു. "മജ്‌ലിസ്‌ മെല്ലി' (Maglis Milli) എന്ന ഭരണസമിതിയുടെ സഹായത്തോടുകൂടി പാത്രിയാര്‍ക്കീസ്‌ ഭരണം നടത്തുന്നു. പാത്രിയാര്‍ക്കീസിനെ മജ്‌ലിസ്‌ മെല്ലിയുടെ പ്രവര്‍ത്തനങ്ങളില്‍ അല്‍മായര്‍ സഹായിക്കുന്നു. ഒരു പാത്രിയാര്‍ക്കീസിന്‌ തന്റെ മരണംവരെ അധികാരത്തില്‍ തുടരാം. "അലക്‌സാന്‍ഡ്രിയയുടെയും പെന്റപ്പോളിസിന്റെയും എത്യോപ്യയുടെയും മാര്‍പ്പാപ്പ' എന്ന സ്ഥാനപ്പേരും ഈ പാത്രിയാര്‍ക്കീസിനുണ്ട്‌. മജ്‌ലിസ്‌ മെല്ലിയുടെ യോഗങ്ങളില്‍ ആധ്യക്ഷ്യം വഹിക്കുന്നത്‌ പാത്രിയാര്‍ക്കീസാണ്‌. മജ്‌ലിസ്‌ മെല്ലിയുടെ തീരുമാനങ്ങളെ വീറ്റോ ചെയ്യുവാന്‍ ഇദ്ദേഹത്തിനധികാരമുണ്ട്‌. യാക്കൊബായ കോപ്‌റ്റിക്‌സഭ 24 രൂപത(Diocese)കളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഓരോ രൂപതയുടെയും അധിപന്‍ ഒരു ആര്‍ച്ച്‌ ബിഷപ്പാണ്‌. ആര്‍ച്ച്‌ ബിഷപ്പിനെ സഹായിക്കുവാന്‍ രണ്ടു ബിഷപ്പുമാര്‍ വേറെയുണ്ട്‌. 1000-ത്തിലധികം വൈദികരും 700-ലധികം ദേവാലയങ്ങളും ഇവര്‍ക്കുണ്ട്‌.

യാക്കൊബായ കോപ്‌റ്റിക്‌ സഭാദേവാലയങ്ങളില്‍ വിശുദ്ധ മാര്‍ക്കോസിന്റെ കുര്‍ബാനപ്രകാരമുള്ള ആരാധനാക്രമം പാലിക്കപ്പെടുന്നു. ദേവാലയത്തിലെ ചില ഭാഗങ്ങളില്‍ സ്‌ത്രീകള്‍ക്കു പ്രവേശനമില്ല. കുമ്പസാരം നടത്തിയവരെ മാത്രമേ തിരുവത്താഴകര്‍മത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നുള്ളു. ഓരോ വര്‍ഷവും അഞ്ചു ഘട്ടങ്ങളില്‍ വിശ്വാസികള്‍ നൊയ്‌മ്പ്‌ ആചരിക്കുന്നു-നിനെമാ സംഭവത്തെ അനുസ്‌മരിച്ചുള്ള 3 നാളത്തെ ഉപവാസം, ഉയിര്‍പ്പു തിരുനാളിനു തൊട്ടുമുമ്പ്‌ 56 ദിവസത്തെ ഉപവാസം, ക്രിസ്‌തുവിന്റെ സ്വര്‍ഗാരോഹണത്തിനുശേഷമുള്ള ശ്ലീഹാ നൊയ്‌മ്പ്‌, കന്യകാമറിയത്തിന്റെ ഓര്‍മയ്‌ക്കുവേണ്ടിയുള്ള 15 ദിവസത്തെ നൊയ്‌മ്പ്‌, ജ്ഞാനസ്‌നാനം എന്നിവ നിര്‍ബന്ധമാണ്‌. ആണ്‍കുട്ടികള്‍ ജനിച്ചു 40 ദിവസം കഴിഞ്ഞും പെണ്‍കുട്ടികള്‍ ജനിച്ചു 80 ദിവസം കഴിഞ്ഞും ജ്ഞാനസ്‌നാനം നല്‌കുന്നു. ആണ്‍കുട്ടികളെ "പരിച്ഛേദനകര്‍മ'ത്തിനു വിധേയരാക്കുന്നു. തക്കതായ കാരണമുണ്ടെങ്കില്‍ വിവാഹമോചനം നേടുന്നതിനും പുനര്‍വിവാഹം നടത്തുന്നതിനും യാക്കൊബായ കോപ്‌റ്റുകളെ അനുവദിച്ചിട്ടുണ്ട്‌.

റോമന്‍ കത്തോലിക്കാസഭയിലെ പതിനെട്ടു "കാനോനിക റീത്തുകളില്‍' (Canonical Rites) െഒന്നാണു "കോപ്‌റ്റിക്‌ റീത്ത്‌' (Coptic Rite). ഈ റീത്തില്‍പ്പെട്ട സഭയ്‌ക്കു പ്രത്യേകം ആരാധനാക്രമവും ഭരണവും ഉണ്ടെങ്കിലും, അവരെല്ലാം കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായ മാര്‍പ്പാപ്പയുടെ നിയന്ത്രണത്തിലാണ്‌. ഒരു പാത്രിയാര്‍ക്കീസാണ്‌ കത്തോലിക്കാ കോപ്‌റ്റിക്‌ സഭയുടെ മേധാവി. കെയ്‌റോ ആണ്‌ ഇദ്ദേഹത്തിന്റെ ആസ്ഥാനം. ഇദ്ദേഹത്തെ സഹായിക്കുവാന്‍ മൂന്നു "മെത്രാപ്പൊലീത്ത'മാരും (Metropolitans) രണ്ടു സഹായമെത്രാന്മാരും ഉണ്ട്‌. മെത്രാപ്പൊലീത്താമാരാണ്‌ പുതിയ പാത്രിയാര്‍ക്കീസിനെ തെരഞ്ഞെടുക്കുന്നത്‌. അലക്‌സാന്‍ഡ്രിയയിലെ പാത്രിയാര്‍ക്കീസിന്റെ കാലത്തെ ഗ്രീക്കുസമ്പ്രദായത്തിലുള്ള ആരാധനാക്രമം ചില്ലറ മാറ്റങ്ങളോടെ കോപ്‌റ്റിക്‌ കത്തോലിക്കര്‍ പിന്തുടരുന്നു. പൂജാവേളയില്‍ കോപ്‌റ്റിക്‌ ഭാഷയും അറബിഭാഷയും ഉപയോഗിക്കുന്നു. "മാമ്മോദീസ', "മുന്‍പിലത്തെ ഒപ്രൂശുമ' തുടങ്ങിയ കൂദാശകളോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ വളരെ ദീര്‍ഘമാണ്‌.

അടുത്തകാലത്ത്‌ അനേകം കോപ്‌റ്റുകള്‍ പ്രൊട്ടസ്റ്റന്റ്‌ വിശ്വാസം സ്വീകരിച്ചിട്ടുണ്ട്‌.

(നേശന്‍ ടി. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍