This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോപ്രാെലൈറ്റ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോപ്രാെലൈറ്റ്‌

Coprolite

ജന്തുവിസര്‍ജ്യങ്ങളുടെ ഫോസില്‍രൂപം. വളരെക്കാലം മുമ്പുതന്നെ നാമാവശേഷമായിക്കഴിഞ്ഞ ജീവികളുടെ ആഹാരരീതികളെപ്പറ്റി മനസ്സിലാക്കുന്നതിന്‌ കോപ്രൊലൈറ്റുകളില്‍ ഫോസിലായി സംരക്ഷിക്കപ്പെട്ടിട്ടുള്ള ദഹിക്കാത്ത ഭക്ഷണാവശിഷ്‌ടങ്ങള്‍ സഹായകമാകുന്നു. ഉദാഹരണത്തിന്‌ എന്നേ അസ്‌തമിതമായിക്കഴിഞ്ഞ "ഗ്രൗണ്ട്‌ സ്ലോത്തു'കളുടെ വിസര്‍ജ്യവസ്‌തുക്കളില്‍ കാണപ്പെടുന്ന സസ്യാവശിഷ്‌ടങ്ങള്‍ അന്ന്‌ ആ ജീവികള്‍ ഇഷ്‌ടപ്പെട്ടിരുന്ന ഭക്ഷണത്തിന്റെ വ്യക്തമായ ചിത്രം പ്രദാനം ചെയ്യാന്‍ പര്യാപ്‌തമാണ്‌. 1829-ല്‍ ഇംഗ്ലീഷ്‌ ജിയോളജിസ്റ്റായ വില്യംബക്‌ലാന്‍ഡാണ്‌ കോപ്രൊലൈറ്റ്‌ എന്ന പേര്‌ ആദ്യമായി ഉപയോഗിക്കുകയും അവയെപ്പറ്റി വിശദമായ പഠനങ്ങള്‍ നടത്തുകയും ചെയ്‌തത്‌. ജീവികളുടെ വിസര്‍ജ്യം ഗോളാകൃതിയില്‍ ഫോസിലായിത്തീര്‍ന്ന കാഷ്‌ഠ ഗോലികളെ ആപേക്ഷിച്ച്‌ വലുപ്പക്കൂടുതലുള്ള കോപ്രൊലൈറ്റുകള്‍ക്ക്‌ 50 സെന്റിമീറ്ററോളം നീളമുണ്ടാകാം. അണ്ഡാകാരത്തിലോ നീണ്ടുരുണ്ടോ കാണപ്പെടുന്ന കോപ്രൊലൈറ്റിന്റെ ഉപരിതലത്തില്‍ ഒറ്റപ്പെട്ടോ, വലയാകൃതിയിലോ ഉള്ള സംവലനങ്ങള്‍ (Conrolutions) സാധാരണമാണ്‌. മുഖ്യമായി ഇത്‌ കാത്സ്യം ഫോസ്‌ഫേറ്റാണ്‌. തവിട്ടു മുതല്‍ കറുപ്പു വരെയുള്ള നിറങ്ങളില്‍ കാണപ്പെടുന്നു. ഘടനാപരമായ പ്രത്യേകതകള്‍, അതില്‍ അടങ്ങിയിരിക്കുന്ന ഭക്ഷണപദാര്‍ഥങ്ങളുടെ അവശിഷ്‌ടങ്ങള്‍, അനുബന്ധ വസ്‌തുക്കള്‍ എന്നിവ ക്രോപ്രൊലൈറ്റിനെ മറ്റു ഫോസിലുകളില്‍നിന്നു വ്യതിരിക്തമാക്കുന്നു.

ഇംഗ്ലണ്ടിലെ ഗ്ലോക്കസ്റ്റര്‍ ഷെയറില്‍നിന്നും കണ്ടെടുത്ത കോപ്രൊലൈറ്റുകള്‍ ജുറാസിക്‌ കാലഘട്ടത്തില്‍ (ഏകദേശം 200 ദശലക്ഷം വര്‍ഷം മുമ്പ്‌) ഉള്ളവയാണെന്ന്‌ കരുതപ്പെടുന്നു. മണ്ണിരകളുടെ വിസര്‍ജ്യത്തിനോടു സാദൃശ്യം വഹിക്കുന്ന കോപ്രൊലൈറ്റുകളും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്‌. വലയാകാരമുള്ള ഇവ നന്നേ മിനുസമായ മണ്ണുമാത്രം ഉള്‍ക്കൊണ്ടതാണ്‌. ചില സമുദ്രജീവികളുടെ വിസര്‍ജ്യങ്ങളില്‍ മീന്‍മുള്ള്‌, എല്ലിന്‍കഷണങ്ങള്‍, കക്കത്തുണ്ടുകള്‍ തുടങ്ങിയവ കണ്ടെത്താനാവും. ഈ ജീവികളുടെ ഭക്ഷണരീതിയിലുള്ള സവിശേഷതകളാണ്‌ ഈ വിസര്‍ജ്യഫോസിലുകള്‍ പ്രകടമാക്കുന്നത്‌. ഇക്കാരണത്താല്‍ പ്രാക്കാലജീവികളുടെ അവശിഷ്‌ടങ്ങളും അവയുടെതന്നെ കോപ്രൊലൈറ്റുകളും ഒരുമിച്ചു ലഭ്യമായാല്‍ ഒരു നിര്‍ദിഷ്‌ട ജീവിയുടെ ഭക്ഷണരീതി മനസ്സിലാക്കുന്നതിന്‌ പ്രയാസമില്ല. സസ്യഭുക്കുകളുടെ കോപ്രൊലൈറ്റുകളാണ്‌ ഇമ്മാതിരി ലഭിക്കുന്നതെങ്കില്‍ അവ ഭക്ഷിച്ചുപോന്ന സസ്യങ്ങളുടെ പ്രത്യേകതകളും വ്യക്തമാകും. വംശനാശം സംഭവിച്ച പല ജീവികളുടെയും ആഹാരരീതികള്‍ മനസ്സിലാക്കുന്നതിന്‌ കോപ്രൊലൈറ്റ്‌ സഹായകമായിരിക്കുന്നു.

അവസാദശിലാശേഖരങ്ങളില്‍ കാണപ്പെടുന്ന ഉണങ്ങിവരണ്ട കാഷ്‌ഠാവശിഷ്‌ടങ്ങളെയും കോപ്രൊലൈറ്റ്‌ ആയി വിവക്ഷിക്കാറുണ്ട്‌. അതുപോലെ രാസവളമെന്ന നിലയില്‍ ഖനനം ചെയ്‌തെടുക്കുന്ന ഫോസ്‌ഫറസ്‌ പര്‍വകങ്ങളെയും (hodules) വ്യാപാരാവശ്യങ്ങള്‍ക്കായി കോപ്രൊലൈറ്റ്‌ എന്ന പേരില്‍ വ്യവഹരിക്കാറുണ്ട്‌. എന്നാല്‍ ശാസ്‌ത്രീയ നിര്‍വചനത്തില്‍ ഇവയ്‌ക്ക്‌ സാധുതയില്ല.

(മിനി എ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍