This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോപ്പര്‍നിക്കസ്‌ സംവിധാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോപ്പര്‍നിക്കസ്‌ സംവിധാനം

Copernicus system

സൗരയൂഥത്തിന്റെ കേന്ദ്രസ്ഥാനത്ത്‌ സൂര്യന്‍ സ്ഥിതിചെയ്യുന്നു എന്ന പരികല്‌പനയെ അടിസ്ഥാനമാക്കിയുള്ള പ്രപഞ്ച സിദ്ധാന്തം. പോളിഷ്‌ ജ്യോതിശ്ശാസ്‌ത്രജ്ഞനായ നിക്കോളാസ്‌ കോപ്പര്‍നിക്കസ്‌ (1473-1543) ആണ്‌ ഈ സിദ്ധാന്തം ആവിഷ്‌കരിച്ചത്‌. പ്രപഞ്ചകേന്ദ്രത്തില്‍ ഭൂമി അചഞ്ചലമായി വര്‍ത്തിക്കുന്നു എന്ന പ്രാചീന ജോത്യശ്ശാസ്‌ത്രജ്ഞരുടെ (അരിസ്റ്റോട്ടില്‍, ടോളമി) വാദം തിരുത്തപ്പെട്ടത്‌ കോപ്പര്‍നിക്കസ്‌ സംവിധാനത്തിന്റെ അവതരണത്തോടെയാണ്‌. ഈ സംവിധാനത്തിലെ മുഖ്യ ആശയങ്ങള്‍ താഴെച്ചേര്‍ക്കുന്നു.

1. എല്ലാ ഖേചരങ്ങള്‍ക്കും ഒരേ ഗോള കേന്ദ്രമല്ല ഉള്ളത്‌.

2. ഭൂമിയല്ല, സൂര്യനാണ്‌ സൗരയൂഥ കേന്ദ്രത്തിലുള്ളത്‌.

3. ഭൂമിയും മറ്റു ഗ്രഹങ്ങളെപ്പോലെ സൂര്യനെയാണ്‌ ചുറ്റുന്നത്‌.

4. നക്ഷത്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഗോളം-താരഗോളം-സൂര്യനെ അപേക്ഷിച്ച്‌ ഭൂമിയില്‍നിന്നു വളരെ ദൂരെയാണ്‌. സൗരദൂരം അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിസ്സാരമാണ്‌.

5. താരഗോളം യഥാര്‍ഥത്തില്‍ നിശ്ചലമാണ്‌. ഭൂമി (വായുമണ്ഡലത്തെയും ജലമണ്ഡലത്തെയും വഹിച്ചുകൊണ്ട്‌) സ്വയം കറങ്ങുന്നതാണ്‌ ഖേചരങ്ങളുടെ ദിനചലനത്തിനു കാരണം.

6. സൂര്യന്റെ രാശിചക്രത്തിലൂടെയുള്ള ചലനം അതിന്റെ സ്വന്തം ചലനമല്ല, ഭൂമിയുടെ പരിക്രമണംമൂലമുണ്ടാകുന്ന തോന്നലാണ്‌.

7. ഗ്രഹങ്ങളുടെ വക്രചലനവും ഭൂമിയുടെ പരിക്രമണ ഫലമാണ്‌.

ബുധനും ശുക്രനും എന്തുകൊണ്ട്‌ സൂര്യസമീപം മാത്രം കാണപ്പെടുന്നു എന്ന്‌ ഈ പ്രപഞ്ചചിത്രം വ്യക്തമാക്കുന്നു. അവ, സമീപ പഥങ്ങളിലാണ്‌ സൂര്യനെ ചുറ്റുന്നത്‌; സൂര്യനില്‍ നിന്ന്‌ ഏറെ അകന്നുപോകാന്‍ അവയ്‌ക്കു കഴിയില്ല. ഗ്രഹങ്ങളുടെ ശോഭാവ്യതിയാനവും വിശദീകരിക്കാന്‍ എളുപ്പമാണ്‌. ഭൂമിയും മറ്റുഗ്രഹങ്ങളും വ്യത്യസ്‌ത വേഗങ്ങളില്‍ സൂര്യനെ ചുറ്റുമ്പോള്‍ ഭൂമിയില്‍ നിന്നുള്ള അവയുടെ അകലം കൂടുകയും കുറയുകയും ചെയ്യും. അകലം കൂടുമ്പോള്‍ ശോഭ കുറയും. അകലം കുറയുമ്പോള്‍ ശോഭ കൂടും. ഉദാഹരണമായി, ചൊത്മ സന്ധ്യയ്‌ക്കു കിഴക്കുദിക്കുന്ന കാലത്ത്‌ ശോഭ വളരെ കൂടുതലായിരിക്കും. സന്ധ്യയ്‌ക്കു പടിഞ്ഞാറ്‌ കാണപ്പെടുമ്പോള്‍ ശോഭ കുറവും. ഇത്‌ ഗ്രഹങ്ങളുടെ വക്രഗതിയും വിശദീകരിക്കാന്‍ എളുപ്പമായി. അതിനുകാരണം ഗ്രഹങ്ങളുടെ ഭൂമിയുമായുള്ള വേഗതാ വ്യത്യാസമാണ്‌. ഉദാ. ഭൂമി ചൊത്മയെക്കാള്‍ വേഗത്തില്‍ സൂര്യനെ ചുറ്റുന്നു. മുന്നില്‍ സഞ്ചരിച്ചിരുന്ന ചൊത്മയെ ചിലപ്പോള്‍ ഭൂമി മറികടന്നുപോകുന്നു. അപ്പോള്‍, അതുവരെ കിഴക്കോട്ടു സഞ്ചരിച്ചിരുന്ന ചൊത്മ പടിഞ്ഞാറോട്ടു സഞ്ചരിക്കുന്നതായി നമുക്കനുഭവപ്പെടും. 1400 വര്‍ഷത്തോളം ജ്യോതിശ്ശാസ്‌ത്ര മേഖലയില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ടോളമിയുടെ ഭൗമകേന്ദ്ര സിദ്ധാന്തത്തില്‍, അധിവൃത്തങ്ങളുടെ എണ്ണം 80-ല്‍ നിന്നും 34 ആയി കുറയ്‌ക്കാന്‍ കോപ്പര്‍നിക്കസിനു സാധിച്ചിട്ടുണ്ട്‌. ടോളമി സിദ്ധാന്തത്തിലെ അധിവൃത്തങ്ങളെ ആശ്രയിച്ചാണ്‌ കോപ്പര്‍നിക്കസ്‌ ഗ്രഹസ്ഥാനങ്ങള്‍ പ്രവചിച്ചത്‌.

പ്രാചീന ഗ്രീക്‌ ജ്യോതിശാസ്‌ത്രജ്ഞനായിരുന്ന അരിസ്റ്റാര്‍ക്കസിന്റെയും (ബി.സി. 310-230) ബൊളോണ സര്‍വകലാശാലയിലെ ജ്യോതിശ്ശാസ്‌ത്ര പ്രൊഫസറായിരുന്ന ഡൊമിനിക്കോ നെമാറോയുടെയും സൗരകേന്ദ്രവാദവും ഹിസിന്റെ (ബി.സി. 5-ാം ശ.) ഭൂമി ചലിച്ചുകൊണ്ടിരുന്നു എന്ന വാദവും കോപ്പര്‍നിക്കസിനെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്‌.

കോപ്പര്‍നിക്കസിന്റെ സമീപനം കൂടുതല്‍ യുക്തിസഹവും ശാസ്‌ത്രീയവും ആയിരുന്നതുകൊണ്ട്‌ പതുക്കെയാണെങ്കിലും അത്‌ ശാസ്‌ത്രലോകത്തിന്‌ സ്വീകാര്യമായി. ഗ്രഹഗണനത്തില്‍ ശാസ്‌ത്രജ്ഞര്‍ ഇത്‌ പ്രയോഗിക്കാനും തുടങ്ങി. കോപ്പര്‍നിക്കസ്‌ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍, അദ്ദേഹത്തിന്റെ മരണശേഷം നിലവില്‍ വന്ന (1551) ആദ്യത്തെ ഗ്രഹസ്ഥാനപ്പട്ടിക, ടോളമിയന്‍ പട്ടികയെക്കാള്‍ മികച്ചതായിരുന്നു.

കോപ്പര്‍നിക്കസ്‌ അദ്ദേഹത്തിന്റെ സിദ്ധാന്തത്തെ ഉറപ്പിച്ചുകഴിഞ്ഞിരുന്നുവെങ്കിലും ആരും അത്‌ അംഗീകരിക്കാന്‍ ആദ്യകാലത്ത്‌ തയ്യാറായിരുന്നില്ല. ഏതാണ്ട്‌ 150 കൊല്ലം കഴിഞ്ഞാണ്‌ കോപ്പര്‍നിക്കസ്‌ സിദ്ധാന്തത്തിന്‌ സര്‍വത്ര അംഗീകാരം ലഭിച്ചത്‌. വ്യോമദര്‍ശിനി ഉപയോഗിച്ച്‌ ഗലീലിയോ നടത്തിയ നിരീക്ഷണങ്ങളും കെപ്ലറുടെ ഗ്രഹചലനനിയമങ്ങളും, ന്യൂട്ടന്റെ ചലന സിദ്ധാന്തങ്ങളും ശാസ്‌ത്രലോകത്തെ സമ്പന്നമാക്കിയത്‌ ആ കാലഘട്ടത്തിലാണ്‌. കോപ്പര്‍നിക്കസ്‌ സിദ്ധാന്തത്തില്‍, ഗ്രഹങ്ങളുടെ സഞ്ചാരപഥത്തിന്‌ ദീര്‍ഘവൃത്താകാരമാണെന്ന ഭേദഗതി വരുത്തുമ്പോള്‍ സൗരയൂഥത്തെക്കുറിച്ചുള്ള ഇന്നത്തെ ധാരണയിലെത്താന്‍ സാധിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍