This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോപ്പര്‍നിക്കസ്‌, നിക്കോളസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോപ്പര്‍നിക്കസ്‌, നിക്കോളസ്‌

Copernicus, Nicholas (1473 - 1543)

കോപ്പര്‍നിക്കസ്‌

പോളിഷ്‌ ജ്യോതിശ്ശാസ്‌ത്രജ്ഞന്‍. 1473 ഫെ. 19-നു പോളണ്ടിലെ ടൊറൂണില്‍ ജനിച്ചു. 1491-ല്‍ ഇദ്ദേഹം ക്രാകോ (Krakow) യിലേക്കുപോയി. അവിടെവച്ചു വൈദ്യശാസ്‌ത്രം, തിയോളജി, ജ്യോതിശ്ശാസ്‌ത്രം, ഗണിതശാസ്‌ത്രം എന്നീ വിഷയങ്ങള്‍ പഠിച്ചു. അക്കാലത്തെ പ്രസിദ്ധ ജ്യോതിശ്ശാസ്‌ത്രജ്ഞന്മാരുടെ സംഭാവനകളില്‍ ആകൃഷ്‌ടനായ കോപ്പര്‍നിക്കസ്‌ 1496-ല്‍ ബൊളോണിലേക്കു പോകുകയും നാലുകൊല്ലം അവിടെ താമസിച്ചു നിയമവും ജ്യോതിശ്ശാസ്‌ത്രവും പഠിക്കുകയും ചെയ്‌തു. അവിടെ താമസിക്കവേ 1497-ല്‍ കിഴക്കന്‍ പ്രഷ്യയിലെ ഫ്രൗവെന്‍ബെര്‍ഗ്‌ (Frauenburg) കതീഡ്രലില്‍ കാനോന്‍ (Canon) ആയി നിയമിതനായി. ഏതാണ്ടു ഇതേകാലത്തു തന്നെ വൈദ്യവും കാനോന്‍നിയമവും പഠിച്ച കോപ്പര്‍നിക്കസ്സിന്‌ 1503-ല്‍ കാനോന്‍നിയമത്തെ അടിസ്ഥാനമാക്കി സമര്‍പ്പിച്ച പ്രബന്ധത്തിനു പി.എച്ച്‌.ഡി. ലഭിച്ചു. 1506-ല്‍ ഹൈല്‍സ്‌ബെര്‍ഗില്‍ താമസമാക്കുകയും അവിടെ എര്‍മിലന്‍ഡിലെ ബിഷപ്പും മാതുലനുമായ ലൂകാസ്‌ വാറ്റ്‌സെല്‍റൊഡെ (Watzelrode) യുടെ സെക്രട്ടറിയായി സേവനമനുഷ്‌ഠിക്കുകയും ചെയ്‌തു.

ജ്യോതിശ്ശാസ്‌ത്രപരമായ ഗവേഷണങ്ങളിലായിരുന്നു കോപ്പര്‍നിക്കസ്‌ കൂടുതല്‍ താത്‌പര്യം കാണിച്ചിരുന്നത്‌. സൂര്യനും മറ്റു ഗ്രഹങ്ങളും ഭൂമി കേന്ദ്രമായുള്ള ഒരു വലയത്തിലൂടെ കറങ്ങിക്കൊണ്ടിരിക്കുന്നുവെന്ന ടോളമിയുടെ ഭൗമകേന്ദ്ര സിദ്ധാന്തത്തെ (Geocentric theory) ഇദ്ദേഹം എതിര്‍ത്തു. ഖഗോളീയവസ്‌തുക്കളുടെ ചലനം ടോളമിസിദ്ധാന്തം അനുശാസിക്കുന്നതുപോലെ സങ്കീര്‍ണമാണോ എന്ന്‌ ഇദ്ദേഹം സംശയിച്ചു. ഭൂമിയുടെ ചലനസാധ്യതയെക്കുറിച്ചുള്ള പുരാതന ജ്യോതിശ്ശാസ്‌ത്രജ്ഞന്മാരുടെ നിഗമനങ്ങളെ അടിസ്ഥാനമാക്കി കോപ്പര്‍നിക്കസ്‌ ഒട്ടനവധി പഠനങ്ങള്‍ നടത്തുകയും താഴെപ്പറയുന്ന നിഗമനങ്ങളില്‍ എത്തിച്ചേരുകയും ചെയ്‌തു. ചൊത്മ, ശുക്രന്‍ എന്നിവപോലെ സൂര്യന്‍ കേന്ദ്രമായുള്ള ഘടനയിലെ ഒരു ഗ്രഹം മാത്രമാണ്‌ ഭൂമി. ഈ ഗ്രഹങ്ങള്‍ ഓരോന്നും ഓരോ നിശ്ചിത കാലയളവിനുള്ളില്‍ സൂര്യനു ചുറ്റുമുള്ള ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കുന്നു. ബുധന്‍-88 ദിവസം; ശുക്രന്‍-225 ദിവസം; ഭൂമി-365 മ്പ; ചൊത്മ-1 വര്‍ഷം 321 ദിവസം; വ്യാഴം-12 വര്‍ഷം; ശനി-30 വര്‍ഷം ഗ്രഹങ്ങളുടെ ചലനപഥം വൃത്താകൃതിയല്ലെന്ന്‌ കോപ്പര്‍നിക്കസിനു ബോധ്യമായെങ്കിലും അവയുടെ ചലനഫലം കൃത്യമായി നിര്‍ണയിക്കുവാന്‍ ഇദ്ദേഹത്തിനു സാധിച്ചില്ല. പോപ്പ്‌ പോള്‍ III-നു സമര്‍പ്പിക്കപ്പെട്ട ഡി റെവലൂഷണിബസ്‌ ഓര്‍ബിയം കൊയല്‍സ്റ്റിയം (De revoltionibus orbium coelestium, 1543) എന്ന ഗ്രന്ഥത്തില്‍ കോപ്പര്‍നിക്കസ്‌ തന്റെ സിദ്ധാന്തത്തെ പൂര്‍ണമായും വിശദീകരിക്കുന്നുണ്ട്‌. 1543 മേയ്‌ 24-നു ഫ്രാവെന്‍ബെര്‍ഗില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍