This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോനണ്‍ ഒഫ്‌ സാമോസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോനണ്‍ ഒഫ്‌ സാമോസ്‌

Konon of Samos(ബി.സി. 3-ാം ശ.)

പ്രാചീന ഗ്രീക്ക്‌ ഗണിതശാസ്‌ത്രജ്ഞനും ജ്യോതിശ്ശാസ്‌ത്രജ്ഞനും. ബി.സി. മൂന്നാം ശതകത്തിലാണ്‌ കോനണ്‍ ജീവിച്ചിരുന്നത്‌. ഇറ്റലി, സിസിലി എന്നിവിടങ്ങളില്‍ അന്തരീക്ഷശാസ്‌ത്ര(Metereology)ത്തിലും ജ്യോതിശ്ശാസ്‌ത്രത്തിലും പല നിരീക്ഷണങ്ങളും നടത്തിയ ഇദ്ദേഹം പിന്നീട്‌ അലക്‌സാന്‍ഡ്രിയയില്‍ ടോളമി III-ന്റെ രാജസദസ്സിലെ ജ്യോതിശ്ശാസ്‌ത്രജ്ഞനായി നിയമിക്കപ്പെട്ടു.

പ്രസിദ്ധ ഗണിതശാസ്‌ത്രജ്ഞനും ഭൗതികശാസ്‌ത്രജ്ഞനുമായ ആര്‍ക്കിമിഡീസിന്റെ ഉറ്റ സുഹൃത്തായിരുന്നു കോനണ്‍. ശരിയെന്നു സ്വയം വിശ്വസിച്ചു തയ്യാറാക്കിയ പല ഗണിതശാസ്‌ത്ര സിദ്ധാന്തങ്ങളും തെളിയിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞില്ല. എങ്കിലും മറ്റു പല ശാസ്‌ത്രജ്ഞന്മാര്‍ക്കും പുതിയ സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിക്കാന്‍ ഇദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ ഉപകരിച്ചിട്ടുണ്ട്‌. കോണികങ്ങളെ(conics)ക്കുറിച്ച്‌ പെര്‍ഗ(perga)യിലെ അപ്പളോണിയസ്‌ തയ്യാറാക്കിയ പ്രബന്ധവും ആര്‍ക്കിമിഡീസിന്റെ "സ്‌പൈറല്‍ ഒഫ്‌ ആര്‍ക്കിമിഡീസ്‌ തിയറ'വും കോനണിന്റെ ആശയങ്ങളില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട്‌ എഴുതപ്പെട്ടവയാണെന്നു കരുതപ്പെടുന്നു.

'ദെ അസ്‌ട്രാളജിയ' (De Astrologia) എന്ന പേരില്‍ ഏഴു വാല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബൃഹദ്‌ഗ്രന്ഥം ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. ഈജിപ്‌തില്‍ നടത്തിയ സൂര്യഗ്രഹണ നിരീക്ഷണഫലങ്ങളുടെ ഒരു പട്ടിക ഇതില്‍ ഉള്‍പ്പെടുന്നു. പാരാപെഗ്മ (Parapegma) എന്ന ജ്യോതിശ്ശാസ്‌ത്രകലണ്ടറില്‍ ചേര്‍ത്തിട്ടുള്ള സൂര്യാസ്‌തമയ സമയങ്ങളുടെ പട്ടികയും ഇദ്ദേഹത്തിന്റേതാണ്‌.

'കോമാ ബെറിനിസിസ്‌' എന്ന നക്ഷത്രസമൂഹത്തിനു നാമകരണം ചെയ്‌തതും ഇദ്ദേഹമാണ്‌. ഐതിഹ്യകഥയിലെ, ഈജിപ്‌ഷ്യന്‍ രാജ്ഞിയായിരുന്ന സുന്ദരിയായ ബെറിനിസിന്റെ പേരുമായി ബന്ധപ്പെടുത്തിയാണ്‌ "ബെറിനിസിന്റെ തലമുടി' എന്നര്‍ഥം വരുന്ന "കോമാ ബെറിനിസിസ്‌' എന്ന പേര്‌ നക്ഷത്രസമൂഹത്തിന്‌ ഇദ്ദേഹം നല്‌കിയത്‌. നോ. കോമാ ബെറിനിസിസ്‌

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍