This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോത്താരി, ദൗലത്ത്‌ സിങ്‌ (1906 - 93)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോത്താരി, ദൗലത്ത്‌ സിങ്‌ (1906 - 93)

ദൗലത്ത്‌ സിങ്‌ കോത്താരി

ഇന്ത്യന്‍ ശാസ്‌ത്രജ്ഞനും വിദ്യാഭ്യാസ വിദഗ്‌ധനും. ഇന്ത്യയില്‍ വിദ്യാഭ്യാസ പരിഷ്‌കരണത്തിന്‌ (1966) പ്രമുഖപങ്ക്‌ വഹിച്ച ശാസ്‌ത്രജ്ഞനാണ്‌ ദൗലത്ത്‌ സിങ്‌ കോത്താരി.

1906 ജൂല. 6-ന്‌ രാജസ്ഥാനിലെ ഉദയപ്പൂരില്‍ ജനിച്ചു. അലഹബാദ്‌ സര്‍വകലാശാലയില്‍നിന്ന്‌ ഭൗതികശാത്രത്തില്‍ മാസ്റ്റര്‍ബിരുദവും കേംബ്രിജ്‌ സര്‍വകലാശാലയില്‍നിന്നു പിഎച്ച്‌.ഡിയും നേടി. തുടര്‍ന്ന്‌ ഡല്‍ഹി സര്‍വകലാശാലയിലെ ഭൗതികശാസ്‌ത്ര വിഭാഗം പ്രൊഫസര്‍, ഇന്ത്യാഗവണ്‍മെന്റിന്റെ പ്രതിരോധമന്ത്രാലയത്തില്‍ ശാസ്‌ത്രാപദേഷ്‌ടാവ്‌, ദേശീയ ശാസ്‌ത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉപാധ്യക്ഷന്‍, യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ്‌ കമ്മിഷന്റെ അധ്യക്ഷന്‍, ഡല്‍ഹി സര്‍വകലാശാലയില്‍ എമിറിറ്റസ്‌ പ്രൊഫസര്‍ എന്നീ നിലകളില്‍ സേവനം അനുഷ്‌ഠിച്ചു. ഒരു ദേശീയ വിദ്യാഭ്യാസനയം ആവിഷ്‌കരിക്കാന്‍ ആവശ്യമായ മാര്‍ഗരേഖ തയ്യാറാക്കുന്നതിന്‌ 1964 ജൂല. 14-ന്‌ ഇന്ത്യാ ഗവണ്‍മെന്റ്‌ രൂപവത്‌കരിച്ച കമ്മിഷന്റെ മേധാവിയായും (1964-66) കോത്താരി പ്രവര്‍ത്തിച്ചു. ഈ പ്രവര്‍ത്തനം ഇന്ത്യയിലും വിദേശങ്ങളിലുമുള്ള വിദ്യാഭ്യാസപ്രവര്‍ത്തകര്‍ക്കിടയില്‍ ഇദ്ദേഹത്തിന്റെ ഖ്യാതി വര്‍ധിപ്പിച്ചു. ഭൗതികശാസ്‌ത്രം, ജ്യോതിശ്ശാസ്‌ത്രം തുടങ്ങിയ വിഷയങ്ങളെ അധികരിച്ച്‌ ദേശീയ-അന്തര്‍ദേശീയ ജേര്‍ണലുകളില്‍ ധാരാളം മികവുറ്റ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

മര്‍ദംമൂലം ദ്രവ്യത്തിനുണ്ടാകുന്ന അയോണീകരണം, ശീതികരിക്കപ്പെട്ട പ്രോട്ടോണ്‍ വാതകത്തിലെ ഊര്‍ജോത്‌പാദനം, അപഭ്രംശ (degenerate) ഇലക്‌ട്രോണ്‍ വാതകത്തിലെ അഭിഗമനപ്രതിഭാസം (transport phenomena), സാംഖ്യികബലതന്ത്രത്തില്‍ വിഭാജനസിദ്ധാന്ത(partition theory)ത്തിന്റെ പ്രയോഗം എന്നിവയെക്കുറിച്ചു കോത്താരി നടത്തിയ പഠനങ്ങള്‍ ശ്രദ്ധേയങ്ങളാണ്‌.

ഗാലക്‌സിയില്‍, താരതമ്യേന ദ്രവ്യമാനമേറിയ ശകലങ്ങള്‍ ചേര്‍ന്ന്‌ നക്ഷത്രങ്ങള്‍ രൂപം പ്രാപിക്കുന്നതിനെക്കുറിച്ചുള്ള സിദ്ധാന്തം, "ശ്വേതക്കുള്ളന്‍' (white dwarf) എന്നു വിശേഷിപ്പിക്കുന്ന നക്ഷത്രദശയെക്കുറിച്ചുള്ള സിദ്ധാന്തം, നക്ഷത്രങ്ങളുടെ ക്ഷയോന്മുഖ ഘട്ടത്തിലെ ന്യൂട്രോണ്‍ നക്ഷത്രാവസ്ഥയെക്കുറിച്ചുള്ള പഠനങ്ങള്‍ എന്നിവയാണ്‌ ഖഗോള ഭൗതികമേഖലയില്‍ ഇദ്ദേഹത്തിന്റെ പ്രധാന സംഭാവനകള്‍. ഇന്ത്യയില്‍ നിന്നും വിദേശങ്ങളില്‍ നിന്നും ഇദ്ദേഹത്തിനു ധാരാളം ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്‌. ഡല്‍ഹി, അലിഗഢ്‌, ബനാറസ്‌, ഗുരുനാനാക്‌, റൂര്‍ക്കി, രാജസ്ഥാന്‍, ഉദയ്‌പൂര്‍, ലെനിന്‍ഗ്രാഡ്‌ എന്നീ സര്‍വകലാശാലകളുടെ ഓണററി ബിരുദങ്ങള്‍, ശാന്തിസ്വരൂപ്‌ ഭട്‌നാഗര്‍ മെഡല്‍ (1966), മേഘനാദ്‌സാഹ മെഡല്‍ (1978) തുടങ്ങിയവ ഇവയില്‍ പ്രമുഖങ്ങളാണ്‌. 1973-ല്‍ പദ്‌മവിഭൂഷണ്‍ ബഹുമതി നല്‌കി ഭാരതസര്‍ക്കാര്‍ ഇദ്ദേഹത്തെ ആദരിച്ചു. കൊച്ചിയിലെ ഇന്ത്യന്‍ നേവല്‍ ഫിസിക്കല്‍ ലബോറട്ടറി ഉള്‍പ്പെടെ പ്രതിരോധമന്ത്രാലയത്തിനു കീഴിലുള്ള രാജ്യത്തെ 11-ഓളം പ്രമുഖ പരീക്ഷണശാലകളുടെ സംഘാടനത്തിന്റേയും നടത്തിപ്പിന്റേയും ഉപദേശകസമിതി അംഗമായിരുന്നു ഡി.എസ്‌. കോത്താരി. ഔദ്യോഗിക ജീവിതത്തില്‍നിന്ന്‌ വിരമിച്ചശേഷവും വിദ്യാര്‍ഥികളും അക്കാദമിക്‌ മേഖലയുമായി നിരന്തരബന്ധം നിലനിര്‍ത്തിപ്പോന്ന ഇദ്ദേഹം 1993 ഫെ. 4-ന്‌ ഡല്‍ഹിയില്‍ അന്തരിച്ചു. ഭൗതികശാസ്‌ത്രജ്ഞനായ ലക്ഷ്‌മണ്‍സിങ്‌ കോത്താരി ഇദ്ദേഹത്തിന്റെ പുത്രനാണ്‌. നോ. കോത്താരിക്കമ്മിഷന്‍ റിപ്പോര്‍ട്ട്‌

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍