This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോത്താരിക്കമ്മിഷന്‍ റിപ്പോര്‍ട്ട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോത്താരിക്കമ്മിഷന്‍ റിപ്പോര്‍ട്ട്‌

ഇന്ത്യയിലെ വിദ്യാഭ്യാസപരിഷ്‌കരണത്തെ സംബന്ധിച്ച്‌ 1966 ജൂണ്‍ 29-ന്‌ ഡി.എസ്‌. കോത്താരി ഇന്ത്യാഗവണ്‍മെന്റിനു സമര്‍പ്പിച്ച നയരൂപരേഖ. ഒരു ദേശീയ വിദ്യാഭ്യാസനയം ആവിഷ്‌കരിക്കാന്‍ ആവശ്യമായ മാര്‍ഗരേഖ തയ്യാറാക്കുന്നതിന്‌ 1964 ജൂല. 14-ന്‌ ഡി.എസ്‌. കോത്താരി അധ്യക്ഷനായ കമ്മിഷനെ ഇന്ത്യാഗവണ്‍മെന്റ്‌ നിയോഗിച്ചു. ഇന്ത്യയിലെ പ്രമുഖരായ വിദ്യാഭ്യാസ വിദഗ്‌ധന്മാര്‍ അംഗങ്ങളായിരുന്ന കമ്മിഷനില്‍ ബ്രിട്ടന്‍, യു.എസ്‌., മുന്‍സോവിയറ്റ്‌ യൂണിയന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള പ്രശസ്‌തരായ വിദ്യാഭ്യാസവിദഗ്‌ധരെയും ഉള്‍പ്പെടുത്തിയിരുന്നു. വിദ്യാഭ്യാസരംഗത്തു രാജ്യം അഭിമുഖീകരിച്ചുവന്ന എല്ലാ പ്രശ്‌നങ്ങളും വിദഗ്‌ധമായ പഠനത്തിനു വിധേയമാക്കിക്കൊണ്ട്‌ വിവിധ ഘട്ടങ്ങളിലെ വിദ്യാഭ്യാസ പദ്ധതി പുനരാവിഷ്‌കരിക്കുന്നതിന്‌ ആവശ്യമായ പൊതുതത്ത്വങ്ങളും പ്രവര്‍ത്തനരീതികളും ആവിഷ്‌കരിക്കുകയായിരുന്നു കമ്മിഷന്റെ ലക്ഷ്യം. നിയമവിദ്യാഭ്യാസവും വൈദ്യശാസ്‌ത്രവിദ്യാഭ്യാസവും കമ്മിഷന്റെ പഠനപരിധിയില്‍നിന്ന്‌ ഒഴിവാക്കിയിരുന്നു.

1964 ഒ. 2-ന്‌ കമ്മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, കാര്‍ഷികവിദ്യാഭ്യാസം, വയോജനവിദ്യാഭ്യാസം, ശാസ്‌ത്രവിദ്യാഭ്യാസവും ഗവേഷണവും, അധ്യാപക പരിശീലനവും പദവിയും, വിദ്യാര്‍ഥിക്ഷേമം, പുതിയ സാങ്കേതിക പഠനപദ്ധതികളും രീതികളും, മനുഷ്യ ഊര്‍ജം, വിദ്യാഭ്യാസ ഭരണനിര്‍വഹണം, വിദ്യാഭ്യാസ സാമ്പത്തികം എന്നീ വിഷയങ്ങള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന്‌ 12 പ്രവര്‍ത്തക സംഘങ്ങള്‍ കമ്മിഷന്‍ രൂപവത്‌കരിച്ചിരുന്നു. കൂടാതെ സ്‌ത്രീകളുടെ വിദ്യാഭ്യാസം, പിന്നോക്കവിഭാഗക്കാരുടെ വിദ്യാഭ്യാസം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ (കെട്ടിടങ്ങള്‍) അധ്യാപക-വിദ്യാര്‍ഥിബന്ധം, സ്ഥിതിവിവരക്കണക്ക്‌, പ്രൈമറിവിദ്യാഭ്യാസം, സ്‌കൂള്‍പാഠ്യപദ്ധതി എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുവേണ്ടി ഏഴ്‌ പ്രത്യേക പ്രവര്‍ത്തന ഗ്രൂപ്പുകളും കമ്മിഷന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നു.

വിവിധ മാര്‍ഗങ്ങളില്‍ക്കൂടിയാണ്‌ കമ്മിഷന്‍ അതിന്റെ പഠനത്തിനാവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത്‌. ചോദ്യാവലി, കൂടിക്കാഴ്‌ച, മെമ്മോറാണ്ടം, സെമിനാര്‍, ചര്‍ച്ചാസമ്മേളനം, പ്രത്യേക പഠനങ്ങള്‍, അന്വേഷണങ്ങള്‍ എന്നിവ ഇവയില്‍ പ്രധാനങ്ങളാണ്‌. ജീവിതത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, അധ്യാപകര്‍, വിദ്യാഭ്യാസ വിദഗ്‌ധന്മാര്‍, ഭരണകര്‍ത്താക്കള്‍, ശാസ്‌ത്രജ്ഞന്മാര്‍, വിദ്യാര്‍ഥികള്‍, പൊതുപ്രവര്‍ത്തകര്‍, വ്യവസായികള്‍ തുടങ്ങിയ വിവിധ ജനവിഭാഗങ്ങളുമായി ആശയവിനിമയം നടത്തുന്നതിനുവേണ്ടി കമ്മിഷന്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും സന്ദര്‍ശിച്ചിരുന്നു.

മൂന്നു ഭാഗങ്ങളായിട്ടാണ്‌ കോത്താരിക്കമ്മിഷന്‍ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചത്‌. ദേശീയലക്ഷ്യത്തെ അടിസ്ഥാനമാക്കി വിവിധ രംഗങ്ങളിലുള്ള വിദ്യാഭ്യാസം എല്ലാതലത്തിലും ഘടനാപരമായി പുനഃസംഘടിപ്പിച്ചു പുനരാവിഷ്‌കരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍, അധ്യാപകരുടെ സേവന-വേതന വ്യവസ്ഥകള്‍ ആകര്‍ഷകമാക്കുന്നതുസംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍, വിവിധ വിദ്യാഭ്യാസരംഗങ്ങളിലെ പ്രവേശനരീതി, അവസരസമത്വം തുടങ്ങിയ വിഷയങ്ങളാണ്‌ ഒന്നാംഭാഗത്തിലെ ഉള്ളടക്കം.

വിദ്യാഭ്യാസത്തിന്റെ വിവിധ ഘട്ടങ്ങളെയും മേഖലകളെയും പ്രതിപാദിക്കുന്ന രണ്ടാംഭാഗത്തില്‍, വിദ്യാഭ്യാസ വികസനം, പാഠ്യപദ്ധതി, അധ്യയനരീതികള്‍, പാഠപുസ്‌തകങ്ങള്‍, അധ്യാപക മാര്‍ഗനിര്‍ദേശം, മൂല്യനിര്‍ണയം, വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഭരണനിര്‍വഹണവും മേല്‍നോട്ടവും, ഉന്നതവിദ്യാഭ്യാസം, കാര്‍ഷിക വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസം, ശാസ്‌ത്രവിദ്യാഭ്യാസവും ഗവേഷണവും, വയോജനവിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങള്‍ പഠനവിധേയമാക്കിയിരിക്കുന്നു.

കമ്മിഷന്റെ ശിപാര്‍ശകര്‍ പ്രായോഗികതലത്തില്‍ കൊണ്ടുവരുന്നതിനുള്ള മാര്‍ഗങ്ങളാണ്‌ മൂന്നാംഭാഗത്തിലെ ഉള്ളടക്കം. വിദ്യാഭ്യാസ സമ്പ്രദായത്തിലെ ആസൂത്രണം, ഭരണം, ധനശേഖരണം എന്നീ വിഷയങ്ങള്‍ക്കാണ്‌ ഇവിടെ കൂടുതല്‍ പ്രാമുഖ്യം നല്‌കിയിട്ടുള്ളത്‌. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ സംഗ്രഹം, സ്ഥിതിവിവരക്കണക്കുകള്‍, മറ്റ്‌ അടിസ്ഥാന വിവരങ്ങള്‍ എന്നിവയും മൂന്നാംഭാഗത്തില്‍ ഉള്‍പ്പെടുന്നു.

ശിപാര്‍ശകള്‍. സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ പുരോഗതി കൈവരുത്താനും ദേശീയലക്ഷ്യങ്ങള്‍ ദ്രുതഗതിയില്‍ നിറവേറ്റാനും അനുഗുണമായ ഒരു ദേശീയ വിദ്യാഭ്യാസപദ്ധതി ആവിഷ്‌കരിച്ചു പ്രാബല്യത്തില്‍ കൊണ്ടുവരികയാകണം വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പരമപ്രധാനമായ ലക്ഷ്യം. ഉത്‌പാദനവര്‍ധനവും വേഗതയിലുള്ള നവീകരണവും ധാര്‍മിക മൂല്യങ്ങളുടെ പരിപോഷണവും സാമൂഹികവും ദേശീയവുമായ ഏകീകരണവും ഈ ലക്ഷ്യസാക്ഷാത്‌കരണത്തിന്‌ അനുപേക്ഷണീയങ്ങളാണ്‌. കാര്‍ഷികവിളകളുടെയും വ്യാവസായിക ഉത്‌പന്നങ്ങളുടെയും വര്‍ധനവു ലക്ഷ്യമാക്കിക്കൊണ്ടുള്ള ശാസ്‌ത്രസാങ്കേതിക വിദ്യാഭ്യാസവും വ്യാവസായികരംഗവുമായി ബന്ധപ്പെട്ട തൊഴില്‍ പരിശീലനവും സ്‌കൂള്‍വിദ്യാഭ്യാസത്തിന്റെയും സര്‍വകലാശാലാവിദ്യാഭ്യാസത്തിന്റെയും പ്രധാനഘടകങ്ങളായി സ്വീകരിച്ചുകൊണ്ട്‌ വിവിധരംഗങ്ങളിലുള്ള ഉത്‌പാദനം വര്‍ധിപ്പിക്കുന്നതിനുള്ള പശ്ചാത്തലം സൃഷ്‌ടിക്കേണ്ടതാണ്‌. 20 വര്‍ഷത്തിനുള്ളില്‍ എല്ലാവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കും ഒരേ തരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കത്തക്കവിധത്തില്‍ ഒരു പൊതുവിദ്യാഭ്യാസപദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കേണ്ടതാണ്‌; എങ്കില്‍ മാത്രമേ സാമൂഹികവും ദേശീയവുമായ ഏകീകരണം സാക്ഷാത്‌കരിക്കാന്‍ കഴിയൂ. സാമൂഹിക സേവനവും ദേശസേവനവും വിദ്യാഭ്യാസത്തിന്റെ പ്രധാന ഭാഗമായി അംഗീകരിക്കണം.

ഭാഷാപഠനം. സ്‌കൂള്‍തലത്തിലും സര്‍വകലാശാലതലത്തിലും 10 വര്‍ഷത്തിനുള്ളില്‍ മാതൃഭാഷ അധ്യയനമാധ്യമമായി സ്വീകരിക്കുന്നതിനുള്ള പദ്ധതികള്‍ സര്‍വകലാശാലയും യു.ജി.സി.-യും ചേര്‍ന്നു തയ്യാറാക്കേണ്ടതാണ്‌. ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ താത്‌ക്കാലികമായി അധ്യയനമാധ്യമമായി ഇംഗ്ലീഷ്‌ തുടരേണ്ടതും എന്നാല്‍ കാലക്രമേണ ചില വ്യവസ്ഥകളോടുകൂടി ആ സ്ഥാനം ഹിന്ദിക്കു നല്‌കേണ്ടതുമാണ്‌. സ്‌കൂള്‍തലത്തിലും സര്‍വകലാശാലാതലത്തിലും ഇംഗ്ലീഷ്‌ പഠനം തുടരുന്നതോടൊപ്പം മറ്റു വിദേശഭാഷകളുടെ പഠനവും പ്രോത്സാഹിപ്പിക്കണം. റഷ്യന്‍ഭാഷ പ്രത്യേക പരിഗണന അര്‍ഹിക്കുന്നു. ഹിന്ദിക്കുപുറമേ പ്രധാനപ്പെട്ട മറ്റു ഇന്ത്യന്‍ പ്രാദേശികഭാഷകള്‍ ഇതര സംസ്ഥാനങ്ങളില്‍ പഠിപ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം; ഇതുമൂലം സംസ്ഥാനങ്ങള്‍ തമ്മിലുള്ള ആശയ വിനിമയ സൗകര്യങ്ങള്‍ കൂടുതല്‍ വികസിക്കും.

കോഴ്‌സുകളുടെ ദൈര്‍ഘ്യം. ഒന്നുമുതല്‍ മൂന്നുവര്‍ഷം വരെ ദൈര്‍ഘ്യമുള്ള പ്രീ-സ്‌കൂള്‍ വിദ്യാഭ്യാസപദ്ധതിയും പത്തു വര്‍ഷം പഠന ദൈര്‍ഘ്യമുള്ള പൊതു വിദ്യാഭ്യാസപദ്ധതിയും കമ്മിഷന്‍ ശിപാര്‍ശ ചെയ്യുന്നു. ആറുവയസ്സു പൂര്‍ത്തിയാക്കിയിട്ടുള്ളവര്‍ക്കേ ഒന്നാം ക്ലാസില്‍ പ്രവേശനം നല്‌കാവൂ. പൊതു വിദ്യാഭ്യാസപദ്ധതിയില്‍ ചേരുന്ന 20 ശതമാനം വിദ്യാര്‍ഥികള്‍ക്കെങ്കിലും തൊഴിലധിഷ്‌ഠിത സാങ്കേതിക വിദ്യാഭ്യാസം ലഭ്യമാകണം. സെക്കണ്ടറി സ്‌കൂളുകളില്‍ 25 ശതമാനം എങ്കിലും ഹയര്‍ സെക്കന്‍ഡറി (12 വര്‍ഷം) സ്‌കൂളുകളായി ഉയര്‍ത്തേണ്ടതാണ്‌. കുട്ടികളുടെ എണ്ണവും കാര്യക്ഷമതയുമായിരിക്കണം ഇതിനുള്ള മാനദണ്ഡം. 1975-76-ഓടുകൂടി പ്രീ-ഡിഗ്രി കോഴ്‌സുകള്‍ പൂര്‍ണമായും സെക്കണ്ടറി സ്‌കൂളുകളിലേക്കു മാറ്റുകയും 1985-86-ല്‍ ഈ കോഴ്‌സിന്റെ ദൈര്‍ഘ്യം രണ്ടുവര്‍ഷമായി ഉയര്‍ത്തുകയും വേണം. മൂന്നു വര്‍ഷമോ അതില്‍ക്കൂടുതലോ ദൈര്‍ഘ്യമുള്ളതായിരിക്കണം ഡിഗ്രി കോഴ്‌സുകള്‍. കോഴ്‌സുകളുടെ സ്വഭാവത്തെ ആസ്‌പദമാക്കി വേണം ബിരുദാനന്തര ഗവേഷണ കോഴ്‌സുകളുടെ ദൈര്‍ഘ്യം നിശ്ചയിക്കേണ്ടത്‌.

അധ്യാപകരുടെ പദവി. അധ്യാപകരുടെ, പ്രത്യേകിച്ചും സെക്കണ്ടറി സ്‌കൂള്‍ അധ്യാപകരുടെ പദവിയും വേതനവും ഗണ്യമായ തോതില്‍ ഉയര്‍ത്തേണ്ടതാണ്‌. ഇതിന്‌ അധ്യാപകരുടെ പരിഷ്‌കരിച്ച ഏറ്റവും കുറഞ്ഞ വേതനനിരക്കുകള്‍ ഇന്ത്യാഗവണ്‍മെന്റ്‌ നിശ്ചയിക്കുകയും അവ നടപ്പില്‍ വരുത്തുന്നതിന്‌ സ്റ്റേറ്റ്‌ ഗവണ്‍മെന്റുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ആവശ്യമായ സാമ്പത്തികസഹായം നല്‌കുകയും വേണം. യോഗ്യതയും കഴിവും ഉള്ള അധ്യാപകര്‍ക്ക്‌ ഉയര്‍ന്ന തസ്‌തികകളും ശമ്പളവും ലഭ്യമാക്കുകയും അര്‍ഹതയുള്ള അധ്യാപകരെ കോളജുകളിലും സര്‍വകലാശാലകളിലും നിയമിക്കുകയും ചെയ്യണം. അധ്യാപകവിദ്യാഭ്യാസം. അധ്യാപകവിദ്യാഭ്യാസം കൂടുതല്‍ വ്യാപകവും കാര്യക്ഷമവുമാക്കേണ്ടതാണ്‌. സര്‍വകലാശാലാതലത്തില്‍ മറ്റു വിഷയങ്ങള്‍ പോലെ വിദ്യാഭ്യാസവും ഒരു ഐച്ഛിക വിഷയമായി അംഗീകരിക്കണം. വിദ്യാഭ്യാസത്തില്‍ ബിരുദ ബിരുദാനന്തര ഡിഗ്രിക്കോഴ്‌സുകള്‍ ആരംഭിക്കുകയും സര്‍വകലാശാലകളില്‍ വിദ്യാഭ്യാസത്തിനായി പ്രത്യേക വിഭാഗങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം.

വിദ്യാഭ്യാസാനുകൂല്യങ്ങള്‍. വിദ്യാഭ്യാസം പൂര്‍ണമായും സൗജന്യമാക്കിത്തീര്‍ക്കുക എന്നത്‌ ദേശീയവിദ്യാഭ്യാസ നയത്തിന്റെ ഒരു ഭാഗമായിരിക്കണം. ഇതിന്റെ മുന്നോടിയായി നാലാം പഞ്ചവത്സരപദ്ധതിയുടെ അവസാനത്തില്‍ പ്രൈമറി വിദ്യാഭ്യാസവും അഞ്ചാം പദ്ധതി അവസാനിക്കുന്നതിനുമുമ്പ്‌ ലോവര്‍ സെക്കണ്ടറി വിദ്യാഭ്യാസവും പൂര്‍ണമായും സൗജന്യമാക്കേണ്ടതാണ്‌. ലോവര്‍ പ്രൈമറി ക്ലാസ്സില്‍ പ്രവേശിക്കപ്പെടുന്ന ഒരു വിദ്യാര്‍ഥിക്കുപോലും സാമ്പത്തിക പരാധീനതയുടെ പേരില്‍ തുടര്‍ന്നുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടാതിരിക്കാന്‍ ആവശ്യമായ സ്‌കോളര്‍ഷിപ്പുകളും മറ്റു വിദ്യാഭ്യാസാനുകൂല്യങ്ങളും നല്‌കുന്നതിനുള്ള സംവിധാനങ്ങള്‍ ഗവണ്‍മെന്റ്‌ നടപ്പില്‍ വരുത്തേണ്ടതുണ്ട്‌. സാമ്പത്തിക പരാധീനത അനുഭവിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസവും സര്‍വകലാശാലാവിദ്യാഭ്യാസവും സൗജന്യമായി ലഭ്യമാക്കണം. ഇതിന്റെ തുടക്കമെന്ന നിലയില്‍ ഇപ്പോള്‍ത്തന്നെ പ്രവേശനം നല്‌കപ്പെടുന്ന വിദ്യാര്‍ഥികളില്‍ 30 ശതമാനം പേര്‍ക്കെങ്കിലും വിദ്യാഭ്യാസം സൗജന്യമാക്കേണ്ടതാണ്‌. സ്‌ത്രീകളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയും പട്ടികജാതി-വര്‍ഗവിഭാഗങ്ങള്‍ തുടങ്ങി പിന്നോക്ക വിഭാഗങ്ങള്‍ക്ക്‌ കൂടുതല്‍ വിദ്യാഭ്യാസാനുകൂല്യങ്ങള്‍ നല്‌കുകയും വേണം.

വിദ്യാഭ്യാസപരിഷ്‌കരണം. ഗവേഷണഫലങ്ങളുടെ അടിസ്ഥാനത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കുകയും ഒന്നു മുതല്‍ പത്തുവരെ സ്റ്റാന്‍ഡേര്‍ഡുകളില്‍ (തൊഴിലധിഷ്‌ഠിത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെ) ഒരു ദേശീയപാഠ്യപദ്ധതി നടപ്പാക്കുകയും ചെയ്യേണ്ടതാണ്‌. ലോവര്‍ പ്രൈമറിതലത്തില്‍ ഭാഷയ്‌ക്കും അടിസ്ഥാന ഗണിതശാസ്‌ത്രത്തിനും പരിസരപഠനത്തിനും മുന്‍തൂക്കം നല്‌കിക്കൊണ്ടുള്ളതും ഹയര്‍-പ്രൈമറിതലങ്ങളില്‍ വിവിധ വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക്‌ വ്യക്തമായ അറിവു ലഭ്യമാകത്തക്കവിധത്തിലുള്ളതും സെക്കണ്ടറി തലത്തില്‍ വിവിധ വിഷയങ്ങള്‍ കൂടുതല്‍ ആഴത്തില്‍ പഠിക്കുന്നതിനുതകുന്നതും ആയ ഒരു പാഠ്യപദ്ധതിക്രമമാണ്‌ കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുള്ളത്‌. സെക്കണ്ടറി വിദ്യാഭ്യാസത്തിനുശേഷമേ ഡൈവേഴ്‌സിഫൈഡ്‌ കോഴ്‌സുകളും ഐച്ഛിക പാഠ്യപദ്ധതിക്രമങ്ങളും ഏര്‍പ്പെടുത്താവൂ എന്നും ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ ഡൈവേഴ്‌സിഫൈഡ്‌ കോഴ്‌സുകള്‍ക്കുവേണം മുന്‍തൂക്കം നല്‌കേണ്ടതെന്നും കമ്മിഷന്‍ ശിപാര്‍ശ ചെയ്യുന്നു.

അധ്യയനം മെച്ചപ്പെടുത്തുന്നതിനും മൂല്യനിര്‍ണയരീതി പരിഷ്‌കരിക്കുന്നതിനും പല നിര്‍ദേശങ്ങളും കമ്മിഷന്‍ നല്‌കിയിട്ടുണ്ട്‌. പാഠപുസ്‌തകങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുക, അധ്യാപകര്‍ക്കുള്ള മാര്‍ഗരേഖകള്‍ മെച്ചപ്പെടുത്തുക, അധ്യാപകര്‍ക്കുള്ള മാര്‍ഗരേഖകള്‍ മെച്ചപ്പെടുത്തുക, വിദ്യാര്‍ഥികള്‍ക്കു കുറഞ്ഞ വിലയ്‌ക്കു പാഠപുസ്‌തകങ്ങളും മറ്റു പഠനസാമഗ്രികളും ലഭ്യമാക്കുക, അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറയ്‌ക്കുക, സ്‌കൂളുകളില്‍ കൂടുതല്‍ മെച്ചപ്പെട്ട പഠനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, വിദ്യാര്‍ഥികള്‍ക്കു തക്കസമയത്ത്‌ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‌കുക, സമര്‍ഥരായ വിദ്യാര്‍ഥികളെ കണ്ടുപിടിച്ച്‌ അവരുടെ സര്‍ഗശക്തി വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുക, പിന്നോക്കവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക്‌ കൂടുതല്‍ പഠനസൗകര്യങ്ങളും മറ്റ്‌ ആനുകൂല്യങ്ങളും ലഭ്യമാക്കുക എന്നിവ ഈ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. മൂല്യനിര്‍ണയത്തിനുള്ള പ്രധാന ഉപാധിയായി എഴുത്തുപരീക്ഷ തുടരേണ്ടതാണ്‌. വാചാപരീക്ഷ, വ്യക്തിവൈശിഷ്‌ട്യ നിര്‍ണയം, ബാഹ്യപെരുമാറ്റനിര്‍ണയം എന്നിവയ്‌ക്കും മൂല്യനിര്‍ണയപ്രക്രിയയില്‍ അര്‍ഹമായ പ്രാധാന്യം നല്‌കണമെന്ന്‌ കമ്മിഷന്‍ നിര്‍ദേശിക്കുന്നു.

വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഏകീകരണം. സാമ്പത്തിക വ്യവസ്ഥിതിയുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസരംഗത്തുള്ള അസമത്വം ഇല്ലാതാക്കുന്നതിന്‌ പൊതുമേഖലയിലും സ്വകാര്യമേഖലയിലും പ്രവര്‍ത്തിച്ചുവരുന്ന എല്ലാ സ്‌കൂളുകളും പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി ഒരു ഏകീക്യത ഭരണത്തിന്‍കീഴില്‍ കൊണ്ടുവന്ന്‌ തുല്യമായ പഠനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണ്‌. വിദ്യാഭ്യാസ വികസനത്തിന്റെയും പരിഷ്‌കരണ നടപടികളുടെയും മുഖ്യമായ ചുമതല സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസവകുപ്പില്‍ നിക്ഷിപ്‌തമായിരിക്കണം. ജില്ലാതലത്തില്‍ വിദ്യാഭ്യാസ പരിഷ്‌കരണ നടപടികള്‍ കൂടുതല്‍ ഊര്‍ജിതപ്പെടുത്തുന്നതിന്‌ ജില്ലാ വിദ്യാഭ്യാസമേധാവികള്‍ക്കു കൂടുതല്‍ അധികാരങ്ങളും ഉയര്‍ന്ന പദവിയും കമ്മിഷന്‍ ശിപാര്‍ശ ചെയ്യുന്നു.

ഉന്നതവിദ്യാഭ്യാസം. ഉന്നതവിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളും ചുമതലകളും അവ സാക്ഷാത്‌കരിക്കുന്നതിനുള്ള മാര്‍ഗങ്ങളും കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. പുതിയ അറിവുകള്‍ അന്വേഷിച്ചു കണ്ടെത്തുകയും അവ പരിപോഷിപ്പിക്കുകയും ചെയ്യുക; നിര്‍ഭയമായും ഊര്‍ജസ്വലതയോടുകൂടിയും സത്യാന്വേഷണ പ്രക്രിയയില്‍ ഏര്‍പ്പെടുക; പുതിയ കണ്ടുപിടുത്തങ്ങളുടെയും ആവശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ പഴയ അറിവുകളെയും വിശ്വാസപ്രമാണങ്ങളെയും വ്യാഖ്യാനിക്കുക; സാമൂഹിക ജീവിതത്തിന്റെ വിവിധ തുറകളില്‍ ആവശ്യമായ നേതൃത്വം ലഭ്യമാക്കുക; അനുഗൃഹീതരായിട്ടുള്ള യുവപ്രതിഭകളെ കണ്ടുപിടിച്ച്‌ അവരിലുള്ള സര്‍ഗപ്രതിഭ പൂര്‍ണമായും വികസിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ ലഭ്യമാക്കുക; വിദ്യാര്‍ഥികളില്‍ നിക്ഷിപ്‌തമായിട്ടുള്ള പ്രത്യേക താത്‌പര്യങ്ങള്‍, വാസനകള്‍ എന്നിവ പരിപോഷിപ്പിക്കുക; ധാര്‍മികമൂല്യങ്ങള്‍ വളര്‍ത്തുക തുടങ്ങിയവ ഉന്നതവിദ്യാഭ്യാസത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങളും ചുമതലകളുമായി കമ്മിഷന്‍ കരുതുന്നു. സാമൂഹിക പുരോഗതി കൈവരുത്തുന്നതില്‍ ഇന്ത്യന്‍ സര്‍വകലാശാലകള്‍ക്കുള്ള പ്രത്യേക ചുമതലകളും അവ നടപ്പില്‍വരുത്തുന്നതിനുള്ള മാര്‍ഗങ്ങളും ഈ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. പ്രധാനപ്പെട്ട ചില ഇന്ത്യന്‍ സര്‍വകലാശാലകളെ ലോകത്തുള്ള മറ്റേതൊരു സര്‍വകലാശായുമായി കിടപിടിക്കത്തക്ക വിധത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയും കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നു. സര്‍വകലാശാലകളുടെ പ്രത്യേക സ്വഭാവങ്ങളും ആവശ്യങ്ങളും പരിഗണിച്ച്‌ അവയ്‌ക്കു യോജിച്ച സ്വയംഭരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നതാണ്‌ മറ്റൊരു പ്രധാന ശിപാര്‍ശ.

കാര്‍ഷികവിദ്യാഭ്യാസം. രാജ്യത്ത്‌ നിലവിലുള്ള കാര്‍ഷികവിദ്യാഭ്യാസരീതി സമഗ്രമായ പരിവര്‍ത്തനത്തിനു വിധേയമാക്കണമെന്നാണ്‌ കമ്മിഷന്റെ അഭിപ്രായം. തൊഴില്‍പരിശീലന പദ്ധതിയുടെ ഭാഗമായിട്ടായിരിക്കണം സ്‌കൂള്‍തലത്തില്‍ കാര്‍ഷികവിദ്യാഭ്യാസം നല്‌കേണ്ടത്‌. കാര്‍ഷികവിദ്യാഭ്യാസം ഊര്‍ജിതപ്പെടുത്തുന്നതിന്‌ കൂടുതല്‍ കാര്‍ഷിക പോളിടെക്‌നിക്കുകള്‍ സ്ഥാപിക്കേണ്ടതാണ്‌. സര്‍വകലാശാലാതലത്തില്‍ അധ്യയനം, ഗവേഷണം, പ്രായോഗികപരിശീലനം എന്നിവ ഏകോപിപ്പിച്ചുകൊണ്ടുള്ള ഒരു കാര്‍ഷികവിദ്യാഭ്യാസപദ്ധതി നടപ്പില്‍ വരുത്തേണ്ടതാണ്‌. ഓരോ സംസ്ഥാനത്തും കുറഞ്ഞത്‌ ഒരു കാര്‍ഷിക സര്‍വകലാശാലയെങ്കിലും ഉണ്ടായിരിക്കണമെന്നും കമ്മിഷന്‍ ശിപാര്‍ശ ചെയ്യുന്നു.

തൊഴിലധിഷ്‌ഠിത സാങ്കേതികവിദ്യാഭ്യാസം. പൊതുവിദ്യാഭ്യാസ സമ്പ്രദായത്തില്‍ തൊഴിലധിഷ്‌ഠിതവും സാങ്കേതികവുമായ വിദ്യാഭ്യാസത്തിനു പ്രാമുഖ്യം നല്‌കേണ്ടിയിരിക്കുന്നു. 1986 ആകുമ്പോഴേക്കും ലോവര്‍ സെക്കണ്ടറി സ്‌കൂളുകളിലെ 20 ശതമാനം വിദ്യാര്‍ഥികള്‍ക്കും പത്താം സ്റ്റാന്‍ഡേര്‍ഡ്‌ പൂര്‍ത്തിയാക്കിയ 50 ശതമാനം വിദ്യാര്‍ഥികള്‍ക്കും തൊഴിലധിഷ്‌ഠിതമോ സാങ്കേതികമോ ആയ കോഴ്‌സുകളില്‍ പഠിക്കത്തക്ക സംവിധാനങ്ങള്‍ ഉണ്ടായിരിക്കണം. തൊഴിലധിഷ്‌ഠിത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചു ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന കഴിവുറ്റ വിദ്യാര്‍ഥികള്‍ക്ക്‌ ഉന്നതവിദ്യാഭ്യാസത്തിന്റെ മുഖ്യധാരയില്‍ പ്രവേശിക്കുവാനും കഴിയണം.

ശാസ്‌ത്രവിദ്യാഭ്യാസവും ഗവേഷണവും. ശാസ്‌ത്രവിദ്യാഭ്യാസവും ഗവേഷണവും വികസിപ്പിക്കുന്നതിനുള്ള വിവിധമാര്‍ഗങ്ങളും കമ്മിഷന്‍ ശിപാര്‍ശ ചെയ്‌തിട്ടുണ്ട്‌. ശാസ്‌ത്രവിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിന്റെ ആദ്യനടപടി എന്ന നിലയില്‍ വളരെ കഴിവും മിടുക്കും ഉള്ള വിദ്യാര്‍ഥികള്‍ മാത്രം ശാസ്‌ത്രവിദ്യാഭ്യാസരംഗത്തു കടന്നുവരുന്നതിന്‌ പര്യാപ്‌തമായ മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്‌. നമ്മുടെ ആവശ്യങ്ങള്‍ക്കും ചുറ്റുപാടുകള്‍ക്കും അര്‍ഹമായ പരിഗണന നല്‌കിക്കൊണ്ടുവേണം ഉന്നതവിദ്യാഭ്യാസരംഗത്തു ശാസ്‌ത്രവിഷയങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്‌. ഈ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട്‌ ബിരുദാനന്തര ശാസ്‌ത്ര പഠനകോഴ്‌സുകളുടെ പാഠ്യപദ്ധതി സമൂലമായ പരിവര്‍ത്തനത്തിനു വിധേയമാക്കേണ്ടതുണ്ട്‌. ശാസ്‌ത്രവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിന്‌ കോളജുകളിലും സര്‍വകലാശാലകളിലും ശാസ്‌ത്രവിഭാഗങ്ങള്‍ക്ക്‌ സുസജ്ജമായ പരീക്ഷണശാലകള്‍ ഏര്‍പ്പെടുത്തേണ്ടതാണ്‌.

നിരക്ഷരതാനിര്‍മാര്‍ജനം. രാജ്യത്തുനിന്ന്‌ നിരക്ഷരത പൂര്‍ണമായും തുടച്ചുമാറ്റേണ്ടതിന്റെ ആവശ്യകത റിപ്പോര്‍ട്ടില്‍ പ്രത്യേകം പ്രതിപാദിച്ചിട്ടുണ്ട്‌. വയോജനവിദ്യാഭ്യാസവും തുടര്‍വിദ്യാഭ്യാസവും ലൈബ്രറി സൗകര്യങ്ങളും ഇതിനുള്ള പ്രധാന ഉപാധികളാക്കി. 1971-ല്‍ സാക്ഷരതാനിലവാരം 60 ശതമാനവും 1976-ല്‍ 80 ശതമാനവുമായി ഉയര്‍ത്തണമെന്നാണ്‌ കമ്മിഷന്റെ നിര്‍ദേശം.

ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കും കാലികമായ മാറ്റങ്ങള്‍ക്കും ഗുണപരമായ അടിത്തറപാകിയതും 1983-85-ലെ ചട്ടോപാധ്യായ കമ്മിറ്റി, 1993-ലെ യശ്‌പാല്‍ കമ്മിറ്റി, തുടങ്ങിയവയുടെ പഠന റിപ്പോര്‍ട്ടുകള്‍ക്ക്‌ മാതൃകയായി തീര്‍ന്നതും കോത്താരിക്കമ്മിഷന്‍ റിപ്പോര്‍ട്ടാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍