This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോതാര്‍ബിന്‍സ്‌കി, താദ്യൂസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോതാര്‍ബിന്‍സ്‌കി, താദ്യൂസ്‌

Kotarbinski, Tadeusz (1886 - 1938)

പോളണ്ടുകാരനായ ദാര്‍ശനികനും തര്‍ക്കശാസ്‌ത്രജ്ഞനും. 1886-ല്‍ വാര്‍സായില്‍ ജനിച്ചു. ലോവ്‌ (lvov) സര്‍വകലാശാലയില്‍ നിന്ന്‌ തത്ത്വശാസ്‌ത്രവും സാഹിത്യവും പഠിച്ച ഇദ്ദേഹം 1912-ല്‍ പിഎച്ച്‌.ഡി.യും കരസ്ഥമാക്കി. 1918-ല്‍ വാര്‍സാ സര്‍വകലാശാലയില്‍ അധ്യാപകനായ കോതാര്‍ബിന്‍സ്‌കി, ചുരുങ്ങിയ കാലം കൊണ്ടു പോളണ്ടിലെ ഏറ്റവും പ്രശസ്‌തനായ തത്ത്വചിന്താധ്യാപകന്‍ എന്ന ഖ്യാതിക്കര്‍ഹനായി. മുന്‍വിധിക്കെതിരായിട്ടുള്ള കാഴ്‌ചപ്പാട്‌, സദാചാരനിഷ്‌ഠ, സമൂഹത്തോടുള്ള കടപ്പാട്‌, സാമൂഹിക ഔത്സുക്യം എന്നിവ കാരണം അംഗീകൃത അഭിപ്രായങ്ങളുമായും ഗവണ്‍മെന്റുമായും പലപ്പോഴും ഏറ്റുമുട്ടേണ്ടതായി വന്നിട്ടുണ്ട്‌.

റഷ്യയിലെ സാമൂഹിക വിപ്ലവകാരികളുടെ വലതുപക്ഷ ചിന്തകന്‍ എന്ന നിലയില്‍ തത്ത്വചിന്താരംഗത്തേക്കു കടന്നുവന്ന കോതാര്‍ബിന്‍സ്‌കി തുടക്കത്തില്‍ത്തന്നെ "തത്ത്വചിന്ത', "തത്ത്വചിന്തകന്‍' എന്നീ പദപ്രയോഗങ്ങളില്‍ അസംതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. ഈ പദപ്രയോഗങ്ങളുടെ സന്ദിഗ്‌ധതയും അവ്യക്തതയുമാണ്‌ ഇതിനുള്ള കാരണമായി ഇദ്ദേഹം പറഞ്ഞത്‌. തത്ത്വചിന്ത എന്ന പേരില്‍ പരമ്പരാഗതമായി അറിയപ്പെടുന്ന നാനാവിധമായ വിഷയങ്ങള്‍ക്കു വസ്‌തുതാപരമായോ യുക്തിസഹമായോ യാതൊരു ചേര്‍ച്ചയുമില്ലെന്നും അവയെ വേണ്ടവണ്ണം തരംതിരിച്ചു നാമകരണം ചെയ്‌തു വസ്‌തുനിഷ്‌ഠമായ പഠനത്തിനു വിധേയമാക്കണമെന്നും അഭിപ്രായപ്പെട്ട ഇദ്ദേഹത്തിന്റെ വീക്ഷണത്തില്‍, തത്ത്വചിന്ത പഠിപ്പിക്കുന്ന വ്യക്തി മാത്രമാണ്‌ തത്ത്വചിന്തകന്‍; ധാര്‍മികതത്ത്വശാസ്‌ത്രവും താര്‍ക്കിക ശാസ്‌ത്രവും മാത്രം ഉള്‍ക്കൊള്ളുന്നതാണ്‌ തത്ത്വചിന്ത.

തന്റെ പഠനവിഷയമായി തെരഞ്ഞെടുത്തിരുന്ന തര്‍ക്കശാസ്‌ത്രത്തെ ഗണിതശാസ്‌ത്രത്തെപ്പോലുള്ള ഒരു ശാസ്‌ത്രവിഷയമാക്കി മാറ്റുകയായിരുന്നു കോതാര്‍ബിന്‍സ്‌കിയുടെ ലക്ഷ്യം. ഇതിനുവേണ്ടി 1920 മുതല്‍ 1935 വരെയുള്ള ഇദ്ദേഹത്തിന്റെ ശ്രമഫലമായി കോണ്‍ക്രീറ്റിസം (Concretism or Reism)എന്ന പുതിയ ഒരു ചിന്താപദ്ധതിയ്‌ക്കു രൂപം നല്‌കി. കോതാര്‍ ബിന്‍സ്‌കിയുടെ അഭിമതത്തില്‍ കോണ്‍ക്രീറ്റിസം സിദ്ധാന്തങ്ങളുടെ സമാഹാരമല്ല; ഒരു പ്രഖ്യാപനമാണ്‌. വസ്‌തുക്കളുടെ സ്വഭാവഘടനയായിത്തീരുന്ന ഗുണസവിശേഷതകള്‍ എങ്ങനെ അവയ്‌ക്കു ലഭ്യമാകുന്നു അല്ലെങ്കില്‍ അവയുടേതായിത്തീരുന്നു എന്നതില്‍ നിന്ന്‌ ഉടലെടുത്ത ചിന്തയുടെ ഫലമാണിത്‌. വസ്‌തുക്കള്‍ കഠിനമോ മൃദുലമോ വെളുത്തതോ കറുത്തതോ ആകാം; കഠിനം, മൃദുലം, കറുപ്പ്‌, വെളുപ്പ്‌ എന്നിങ്ങനെ ഉള്ള പ്രതിഭാസങ്ങള്‍ നിലനില്‍ക്കുന്നില്ല. വ്യക്തമായി നിര്‍വചിക്കുവാന്‍ കഴിയുന്ന വ്യക്തിത്വം നഷ്‌ടപ്പെടാത്ത വസ്‌തുക്കള്‍ മാത്രമേ നിലനില്‍ക്കുന്നുള്ളൂ.

പ്രായോഗിക ജീവിതത്തില്‍ പ്രയുക്തമാക്കാന്‍ കഴിയുന്ന തത്ത്വശാസ്‌ത്രസിദ്ധാന്തങ്ങള്‍ ആവിഷ്‌കരിക്കുന്നതിലും ഇദ്ദേഹം താത്‌പര്യം പ്രകടിപ്പിച്ചിരുന്നു.

"പോളിഷ്‌ അക്കാദമി ഒഫ്‌ സയന്‍സസ്‌', "ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ഫിലോസഫി' എന്നീ സംഘടനകളില്‍ അംഗമായും അവയുടെ ദീര്‍ഘകാല അധ്യക്ഷനായും ഇദ്ദേഹം സേവന മനുഷ്‌ഠിച്ചിട്ടുണ്ട്‌. പല ശാസ്‌ത്രസംഘടനകളിലും അംഗമായിരുന്ന ഇദ്ദേഹത്തിനു ബ്രസല്‍സിലുള്ള ലിബ്ര (Libre) സര്‍വകലാശാല ഓണററി ഡോക്‌ടറേറ്റ്‌ നല്‌കിയും മുന്‍ സോവിയറ്റ്‌ യൂണിയനിലെ അക്കാദമി ഒഫ്‌ സയന്‍സസ്‌ ഓണററി അംഗമായി സ്വീകരിച്ചും ബഹുമാനിച്ചിട്ടുണ്ട്‌.

1938 ഫെ. 11-ന്‌ പോളണ്ടില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍