This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോണ്‍ഷിയന്‍സ്‌, ഹെന്‌റിക്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോണ്‍ഷിയന്‍സ്‌, ഹെന്‌റിക്‌

Conscience, Hendrik (1812 - 83)

ഹെന്‌റിക്‌ കോണ്‍ഷിയന്‍സ്‌

ബെല്‍ജിയന്‍ കവിയും നോവലിസ്റ്റും. ഫ്‌ളെമിഷ്‌ കാല്‌പനികതയുടെ പിതാവ്‌ എന്നറിയപ്പെടുന്ന ഹെന്‌റിക്‌ കോണ്‍ഷിയന്‍സ്‌ 19-ാം ശതകത്തിലെ ഫ്‌ളെമിഷ്‌ ദേശീയ നവോത്ഥാനത്തിന്റെയും സാഹിത്യനവോത്ഥാനത്തിന്റെയും മുഖ്യശില്‌പിയാണ്‌.

ഉത്തര ബെല്‍ജിയത്തിലെ ആന്റ്‌വെര്‍പ്പില്‍ 1812 ഡി. 3-ന്‌ ജനിച്ചു. പിതാവ്‌ ഫ്രഞ്ചുകാരനായിരുന്നതിനാല്‍ ചെറുപ്പത്തില്‍ത്തന്നെ ഫ്രഞ്ചുഭാഷയില്‍ പ്രാവീണ്യം നേടി. അധ്യാപകവൃത്തിയിലൂടെ ഔദ്യോഗിക ജീവിതം ആരംഭിച്ച കോണ്‍ഷിയന്‍സ്‌ ഏറെ താമസിയാതെ അധ്യാപനം ഉപേക്ഷിച്ച്‌ സൈനികസേവനത്തിലേര്‍പ്പെട്ടു (1831). 1841 മുതല്‍ 87 വരെ പ്രാദേശിക രാഷ്‌ട്രീയത്തില്‍ സജീവമായിരുന്ന ഇദ്ദേഹം 1856-ല്‍ കോര്‍ട്രെയിലെ ഡിസ്‌ട്രിക്‌ട്‌ കമ്മിഷണറായും 1868-ല്‍ ബ്രസ്സല്‍സിലെ "വിയേര്‍റ്റ്‌സ്‌ മ്യൂസിയം ക്യൂറേറ്റര്‍' ആയും നിയമിതനായി.

ചരിത്രാഖ്യായികകള്‍, ചെറുകഥകള്‍, ആദര്‍ശവത്‌കൃതമായ ജീവിത ചിത്രീകരണങ്ങള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി നൂറിലധികം കൃതികളുടെ കര്‍ത്താവാണ്‌ കോണ്‍ഷിയന്‍സ്‌. ബെല്‍ജിയന്‍ സര്‍ വാള്‍ട്ടര്‍ സ്‌കോട്ട്‌ എന്ന്‌ പില്‌ക്കാലത്ത്‌ വിഖ്യാതനായ ഇദ്ദേഹം ഫ്രഞ്ചുഭാഷയിലാണ്‌ എഴുതിത്തുടങ്ങിയത്‌. കവിതയിലൂടെ സാഹിത്യരംഗത്തു പ്രവേശിച്ച കോണ്‍ഷിയന്‍സ്‌ തുടര്‍ന്ന്‌ ഫീച്ചറുകളും നോവലുകളുമെഴുതുന്നതിലേക്കു ശ്രദ്ധ തിരിച്ചു. കാല്‌പനികത നിറഞ്ഞ ചരിത്രനോവലുകള്‍ ഇദ്ദേഹത്തിലെ പ്രതിഭയുടെ നിദര്‍ശനങ്ങളാണ്‌. ഇന്‍ ദി ഇയര്‍ ഒഫ്‌ മാര്‍വെല്‍സ്‌ 1566 (1837) ആണ്‌ ഇദ്ദേഹത്തിന്റെ ആദ്യത്തെ ആധുനിക ഫ്‌ളെമിഷ്‌ നോവല്‍. ചരിത്രപ്രാധാന്യമുള്ള ദ്‌ ലയണ്‍ ഒഫ്‌ ഫ്‌ളാന്‍ഡേഴ്‌സ്‌ (1838) എന്ന നോവലാണ്‌ കോണ്‍ഷിയന്‍സിന്റെ കൃതികളില്‍ ഏറ്റവും പ്രചാരമുള്ളത്‌. 1302-ല്‍ ഫ്രാന്‍സിനെതിരെ സ്വന്തം രാജ്യത്തുണ്ടായ ലഹളയാണ്‌ ഇതിലെ പ്രതിപാദ്യം. ഉത്തര ബെല്‍ജിയത്തിലെ ഫ്‌ളെമിങ്‌ വര്‍ഗക്കാര്‍ സംസാരിക്കുന്ന പ്രാകൃതഭാഷയെന്ന്‌ ആക്ഷേപിക്കപ്പെട്ടിരുന്ന ഫ്‌ളെമിഷിനു ലോകസാഹിത്യത്തില്‍ ഇടം നേടിക്കൊടുത്തത്‌ കോണ്‍ഷിയന്‍സാണ്‌.

ഡീ ലീയുവ്‌ വാന്‍ വ്‌ളാന്‍ ഡെറെന്‍, വോട്ട്‌ ഈന്‍ മോഡെര്‍ ലിജ്‌ഡെന്‍ കാന്‍ (1844), ഡിസ്‌കാവാന്‍ റൂസെമാല്‍ (1844), ബാസ്‌ ഗാന്‍ഡെന്‍ ഡോന്‍സ്‌ക്‌ (1850), ഡെ ആര്‍മെ എഡ്‌ലെല്‍മാല്‍ (1851), ഹൗറ്റെന്‍ ക്ലാര (1850), ബ്ലൈന്‍ ഡെറോസ (1850), ഡെ ലോറ്റെലിങ്‌ (1850), റിക്കെ-റിക്കെ-റ്റാക്‌, ജേക്കബ്‌ വാന്‍ ആര്‍റ്റെ വെല്‍ഡെ (1849), ഹെറ്റ്‌ ഗൗഡ്‌ലാന്‍ഡ്‌ (1862), ഡെ കെറെല്‍സ്‌ വാന്‍ വ്‌ളാന്‍ഡെറെന്‍ എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ ശ്രദ്ധേയങ്ങളായ രചനകള്‍. ജര്‍മന്‍, ഫ്രഞ്ച്‌, ഇംഗ്ലീഷ്‌ ഭാഷകളിലേക്ക്‌ ഇദ്ദേഹത്തിന്റെ രചനകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. 1883 സെപ്‌. 10-ന്‌ ആന്റ്‌വെര്‍പ്പില്‍ ഇദ്ദേഹം അന്തരിച്ചു. കോണ്‍ഷിയസിനോടുള്ള ബഹുമാനാര്‍ഥം ആന്റ്‌വെര്‍പ്പ്‌ നഗര ഗ്രന്ഥശാലയ്‌ക്കു മുന്നില്‍ ഇദ്ദേഹത്തിന്റെ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്‌.

(എ.ബി. രഘുനാഥന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍