This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോണ്‍റാഡ്‌ II

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോണ്‍റാഡ്‌ II

Conrad II (990 - 1039)

വിശുദ്ധ റോമാ ചക്രവര്‍ത്തിയും ജര്‍മന്‍ രാജാവും. സാലിയന്‍ രാജവംശ സ്ഥാപകനാണ്‌ കോണ്‍റാഡ്‌ II. സ്‌പേയെറിലെ ഹെന്‌റിയുടെ പുത്രനായ ഇദ്ദേഹം അവസാനത്തെ സാക്‌സണ്‍ രാജാവായ ഹെന്‌റി II-ന്റെ മരണത്തെത്തുടര്‍ന്ന്‌ 1024 സെപ്‌. 8-ന്‌ ജര്‍മന്‍ രാജാവായി സ്ഥാനമേറ്റു. 1026-ല്‍ ആല്‍പ്‌സ്‌ പര്‍വതം കടന്ന്‌ ഇറ്റലിയിലെ വിപ്ലവം അടിച്ചമര്‍ത്തി. 1027 മാ. 26-ന്‌ പോപ്പ്‌ ഇദ്ദേഹത്തെ വിശുദ്ധ റോമാ ചക്രവര്‍ത്തിയായി അഭിഷേകം ചെയ്‌തു. മതേതരനയം പുലര്‍ത്തിയിരുന്ന രാജാക്കന്മാരെ അമര്‍ച്ച ചെയ്യാന്‍ പള്ളിയുടെ പിന്തുണ തേടുന്ന നയമാണ്‌ ഇദ്ദേഹം സ്വീകരിച്ചത്‌. പ്രഭുക്കന്മാര്‍ക്ക്‌ ഭരണനിര്‍വഹണത്തില്‍ പദവികള്‍ നല്‌കിയ കോണ്‍റാഡ്‌ II ജര്‍മനിയുടെ കിഴക്കന്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്തിയ പോളണ്ടുകാരെ പരാജയപ്പെടുത്തുകയുണ്ടായി. 1034-ല്‍ ബര്‍ഗണ്ടിയും 1035-ല്‍ ബൊഹീമിയയും ജര്‍മനിയുടെ കീഴിലാക്കിയ ഇദ്ദേഹത്തിന്‌ 1036-ല്‍ ഇറ്റലിയില്‍ വീണ്ടുമുണ്ടായ വിപ്ലവത്തെ തുടര്‍ന്ന്‌ ഇറ്റലിക്കാരുടെ ആവശ്യങ്ങള്‍ സമ്മതിച്ചു കൊടുക്കേണ്ടിവന്നു. 1039 ജൂണ്‍ 4-ന്‌ യൂട്രെക്‌റ്റില്‍ (Utrecht) കോണ്‍റാഡ്‌ II മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍