This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോണ്‍ഫെഡറേറ്റ്‌ സ്റ്റേറ്റ്‌സ്‌ ഒഫ്‌ അമേരിക്ക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോണ്‍ഫെഡറേറ്റ്‌ സ്റ്റേറ്റ്‌സ്‌ ഒഫ്‌ അമേരിക്ക

Confederate States of America

യു.എസ്സിലെ അലബാമ, ആര്‍ക്കന്‍സോ, ഫ്‌ളോറിഡ, ജോര്‍ജിയ, ലൂസിയാന, മിസിസ്സിപ്പി, നോര്‍ത്ത്‌ കരോലിന, സൗത്ത്‌ കരോലിന, ടെന്നസി, ടെക്‌സാസ്‌, വെര്‍ജീനിയ എന്നീ പതിനൊന്നു തെക്കന്‍ സ്റ്റേറ്റുകള്‍ യു.എസ്‌. ബന്ധം ഉപേക്ഷിച്ചുകൊണ്ട്‌ 1861 ഫെ. 4-ന്‌ സ്ഥാപിച്ച രാഷ്‌ട്രീയ സംഘടന. കോണ്‍ഫെഡറേറ്റ്‌ സ്റ്റേറ്റ്‌സ്‌, കോണ്‍ഫെഡറസി എന്നും ഇതറിയപ്പെട്ടിരുന്നു.

1860-ല്‍ എബ്രഹാം ലിങ്കണ്‍ യു.എസ്‌. പ്രസിഡന്റായതിനെത്തുടര്‍ന്ന്‌ അദ്ദേഹത്തിന്റെ നയങ്ങളോടെതിര്‍പ്പുള്ള 11 സ്റ്റേറ്റുകള്‍ അടിമത്വം (slavery) നിലനിര്‍ത്താനും, തെക്കന്‍ സംസ്ഥാനങ്ങളുടെ കാര്‍ഷിക താത്‌പര്യങ്ങളെ (കാര്‍ഷികാവകാശങ്ങള്‍, നികുതികള്‍, താരിഫുകള്‍) പ്രതികൂലമായി ബാധിക്കുന്ന കേന്ദ്രീകൃത പ്രവണത അവസാനിപ്പിക്കുന്നതിനുമായാണ്‌ കോണ്‍ഫെഡറേറ്റ്‌ സ്റ്റേറ്റ്‌സ്‌ ഒഫ്‌ അമേരിക്കയ്‌ക്കു രൂപം നല്‌കിയത്‌. ആദ്യം ഏഴ്‌ സ്റ്റേറ്റുകളാണ്‌ ഈ സംഘടനയിലുണ്ടായിരുന്നതെങ്കിലും 1861 ആയപ്പോഴേയ്‌ക്കും നാല്‌ സ്റ്റേറ്റുകള്‍ കൂടി ചേര്‍ന്ന്‌, 11 സ്റ്റേറ്റുകള്‍ അംഗങ്ങളാവുകയാണുണ്ടായത്‌. 1861 ഫെ. 4-ന്‌ രൂപവത്‌കൃതമായ ഈ സംഘടനയുടെ നിലനില്‌പ്‌ കേവലം നാലുവര്‍ഷമായിരുന്നു. ആരംഭത്തില്‍ മൊണ്ടുഗോമറിയിലായിരുന്ന ഇതിന്റെ തലസ്ഥാനം, 1861 മേയ്‌ 29-ന്‌ റിച്ച്‌മോണ്ടിലേക്കു മാറ്റി.

11 തെക്കന്‍ സ്റ്റേറ്റുകളുടെ പരമാധികാരവും സ്വാതന്ത്ര്യവും സംരക്ഷിച്ചുകൊണ്ടുള്ള വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്ന കോണ്‍ഫെഡറസിയുടെ സ്ഥിരമായ ഭരണഘടന 1861 മാ. 11-ന്‌ നിലവില്‍ വന്നു. ഏറെക്കുറെ യു.എസ്‌. മാതൃകയിലുള്ള ഒരു ഭരണഘടനയായിരുന്നു കോണ്‍ഫെഡറേറ്റ്‌ സ്റ്റേറ്റ്‌സിന്റേത്‌. ഇതനുസരിച്ച്‌ കോണ്‍ഫെഡറേഷന്റെ ഭരണത്തലവനായ പ്രസിഡന്റിന്റെ കാലാവധി ആറു വര്‍ഷമായി നിജപ്പെടുത്തുകയും ഒന്നിലേറെ തവണ ഒരാള്‍ക്ക്‌ പ്രസിഡന്റായി തുടരാനുള്ള അനുമതി റദ്ദാക്കുകയും പ്രസിഡന്റിനു ഗവണ്‍മെന്റുദ്യോഗസ്ഥന്മാരെ സ്വന്തം ഇഷ്‌ടമനുസരിച്ച്‌ മാറ്റുന്നതിനുള്ള അധികാരം നിഷേധിക്കുകയും ചെയ്‌തു. എന്നാല്‍ നിയമനിര്‍മാണവുമായി ബന്ധപ്പെട്ട വീറ്റോ അധികാരം പ്രസിഡന്റില്‍ നിക്ഷിപ്‌തമാക്കിയിരുന്നു. വകുപ്പുമേധാവികളുടെ അപേക്ഷയനുസരിച്ച്‌ പ്രസിഡന്റ്‌ സമര്‍പ്പിക്കുന്നതല്ലാതെയുള്ള സാമ്പത്തിക ബില്ലുകള്‍ കോണ്‍ഗ്രസ്സിന്റെ ഇരുസഭകളിലും മൂന്നില്‍ രണ്ടില്‍ കുറയാതെയുള്ള ഭൂരിപക്ഷത്തോടുകൂടി പാസായെങ്കില്‍ മാത്രമേ നിയമമാവുകയുള്ളൂവെന്ന്‌ കോണ്‍ഫഡറസി ഭരണഘടനയില്‍ വ്യവസ്ഥ ചെയ്‌തിരുന്നു. ഭരണഘടനാഭേദഗതിക്ക്‌ യു.എസ്സില്‍ നിലവിലുള്ളതില്‍ നിന്നു ലളിതമായ മാര്‍ഗങ്ങളാണു നിര്‍ദേശിക്കപ്പെട്ടിരുന്നത്‌. അതേസമയം കോണ്‍ഫെഡറേഷനില്‍നിന്നു സ്റ്റേറ്റുകള്‍ വേര്‍പെട്ടുപോകുന്നതിനെകുറിച്ച്‌ ഭരണഘടന നിശബ്‌ദമായിരുന്നു. കേന്ദ്രീകൃത നയങ്ങളൊന്നുംതന്നെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അന്താരാഷ്‌ട്ര അടിമക്കച്ചവടത്തെ നിരോധിച്ചിരുന്നുവെങ്കിലും ആഭ്യന്തരമായി അടിമത്വത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ അടിമക്കൈമാറ്റത്തിനുള്ള വ്യവസ്ഥകള്‍ ഭണഘടനയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

താത്‌കാലിക ഭരണഘടനയനുസരിച്ച്‌, 1861 ഫെ. 18-ന്‌ ജെഫേഴ്‌സന്‍ ഡേവീസ്‌ പ്രസിഡന്റായും അലക്‌സാണ്ടര്‍ എച്ച്‌. സ്റ്റീഫന്‍സ്‌ വൈസ്‌ പ്രസിഡന്റായും അധികാരത്തിലേറി. സ്ഥിരമായ ഭരണഘടനയുണ്ടായതിനെതുടര്‍ന്ന്‌ പ്രസിഡന്റും വൈസ്‌പ്രസിഡന്റും ആറുവര്‍ഷത്തേക്ക്‌ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഭരണനിര്‍വഹണത്തിനുവേണ്ടി ആറംഗ ക്യാബിനറ്റാണ്‌ രൂപവത്‌കരിച്ചത്‌. ക്യാബിനറ്റംഗങ്ങള്‍ക്കു കോണ്‍ഗ്രസ്സിലെ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ അനുവാദം ഉണ്ടായിരുന്നെങ്കിലും വോട്ടവകാശം നല്‌കിയിരുന്നില്ല. ഭരണഘടനാവ്യവസ്ഥയുണ്ടായിരുന്നിട്ടുകൂടിയും, സ്റ്റേറ്റുകളുടെ അധികാരം നിയന്ത്രിക്കപ്പെട്ടുപോകുമെന്നു വാദിച്ചുകൊണ്ടു സുപ്രിംകോടതി സ്ഥാപിക്കാനുള്ള തീരുമാനം കോണ്‍ഫെഡറേറ്റ്‌ കോണ്‍ഗ്രസ്‌ തള്ളിക്കളഞ്ഞു. ഫെഡറല്‍ പ്രശ്‌നങ്ങള്‍ സ്റ്റേറ്റ്‌ കോടതികളും ഡിസ്‌ട്രിക്‌റ്റ്‌ കോടതികളുമാണ്‌ കൈകാര്യം ചെയ്‌തിരുന്നത്‌.

താത്‌കാലിക ഭരണഘടനയുടെ കീഴിലുള്ള നിയമസഭയായ കോണ്‍ഗ്രസ്‌ ഒരു ഏകമണ്ഡലസഭയായിരുന്നു. എന്നാല്‍ സ്ഥിരഭരണഘടനയ്‌ക്കുശേഷം ദ്വിമണ്ഡലകോണ്‍ഗ്രസ്‌ നിലവില്‍വന്നു. കോണ്‍ഫെഡറേറ്റ്‌ കോണ്‍ഗ്രസ്‌ തുലോം ദുര്‍ബലമായ ഒരു സമിതിയായിരുന്നു. എന്നാല്‍ യുദ്ധകാലഘട്ടത്തില്‍ പ്രസിഡന്റിനുണ്ടായിരുന്ന പിന്തുണ കുറഞ്ഞതിനെത്തുടര്‍ന്ന്‌ അദ്ദേഹത്തെ ഇഷ്‌ടാനുസരണം നിയന്ത്രിക്കാന്‍ കോണ്‍ഗ്രസ്സിനു കഴിഞ്ഞു.

1861 ഏ. 12-ന്‌ കോണ്‍ഫെഡറേറ്റ്‌ സ്റ്റേറ്റ്‌സിനെതിരെ യു.എസ്‌. സൈനിക ഉപരോധം ഏര്‍പ്പെടുത്തി. ഉപരോധം മറികടക്കുന്നതിനും പരമാധികാരം അംഗീകരിക്കുന്നതിനും വേണ്ടി നയതന്ത്രപരമായ മാര്‍ഗങ്ങളില്‍ക്കൂടി ഫ്രാന്‍സിനെയും ബ്രിട്ടനെയും സമീപിച്ചുവെങ്കിലും ഫലംകണ്ടില്ല. യു.എസ്സുമായുള്ള ഈ യുദ്ധം കോണ്‍ഫെഡറേറ്റ്‌ സ്റ്റേറ്റ്‌സിന്റെ സാമ്പത്തികഭദ്രതയ്‌ക്കും ജനങ്ങളുടെ ദൈനംദിനജീവിതത്തിനുപോലും വമ്പിച്ച ആഘാതം ഏല്‌പിച്ചു. ഈ സാഹചര്യത്തില്‍ ഗൗരവമായ സമാധാന ശ്രമങ്ങള്‍ക്ക്‌ കോണ്‍ഫെഡറേറ്റ്‌ സ്റ്റേറ്റ്‌സ്‌ തുനിഞ്ഞു. അടിമത്വം ഇല്ലായ്‌മ ചെയ്യല്‍, യു.എസ്സുമായുള്ള ലയനം എന്നിവയില്‍ വിട്ടുവീഴ്‌ച ചെയ്യാന്‍ എബ്രഹാം ലിങ്കണ്‍ തയ്യാറായില്ല; തുടര്‍ന്ന്‌ യു.എസ്സുമായി നടന്ന യുദ്ധത്തില്‍, പ്രസിഡന്റ്‌ ഡേവീസും മറ്റു സൈനികോദ്യോഗസ്ഥരും കീഴടങ്ങിയതോടെ 1865 ഏ. 24-ന്‌ കോണ്‍ഫെഡറേറ്റ്‌ സ്റ്റേറ്റ്‌സ്‌ പിരിച്ചുവിടപ്പെടുകയും തുടര്‍ന്ന്‌ ഈ സ്റ്റേറ്റുകള്‍ യു.എസ്സില്‍ ലയിക്കുകയും ചെയ്‌തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍