This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോണ്‍ട്രാക്‌റ്റ് നിയമം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കോണ്‍ട്രാക്‌റ്റ് നിയമം
Contract Law
കരാര്‍ സംബന്ധിച്ച നിയമം. ദൈനംദിനകാര്യങ്ങളില്‍ വളരെക്കൂടുതല്‍ ഇടപാടുകളുടെയും അടിസ്ഥാനം വ്യക്തികള്‍ തമ്മിലുള്ള കരാറുകളാണ്. 1872-ലെ ഇന്ത്യന്‍ കോണ്‍ട്രാക്‌റ്റ് നിയമം ആണ് ഇതു സംബന്ധിച്ച് ഇന്ത്യയൊട്ടാകെ നിലവിലുള്ള നിയമം. 1930വരെ സാമാനവില്‌പന സംബന്ധിച്ചും 1932 വരെ പന്നാളിത്തം സംബന്ധിച്ചും ഉള്ള ചട്ടങ്ങള്‍ ഈ നിയമത്തില്‍ ഉള്‍പ്പെട്ടിരുന്നു. 75 വിഭാഗങ്ങളായുള്ള പ്രസ്‌തുത നിയമം 1872 സെപ്. 1-ന് ഇന്ത്യയിലൊട്ടാകെ (ജമ്മുകാശ്‌മീര്‍ ഒഴികെ) പ്രാബല്യത്തില്‍വന്നു.
നിര്‍വചനം
ഉടമ്പടി, ഉഭയസമ്മതം, കരാര്‍ തുടങ്ങിയ ഏര്‍പ്പാടുകളെ പൊതുവേ "കോണ്‍ട്രാക്‌റ്റ്' എന്നു പറയാറുണ്ടെങ്കിലും സാങ്കേതികമായി കോണ്‍ട്രാക്‌റ്റ് (കരാര്‍) എന്നത് നിയമപ്രാബല്യം സിദ്ധിച്ച ഉടമ്പടി എന്നു നിര്‍വചിക്കാവുന്നതാണ്. കക്ഷികളുടെ "ഉഭയസമ്മതം' ആണ് കോണ്‍ട്രാക്‌റ്റിന്റെ അടിസ്ഥാനം. രണ്ടു കക്ഷികള്‍ തമ്മിലുള്ള വാഗ്‌ദാനം നിയമപ്രകാരം പരിഹാരം നേടാവുന്നതാണെങ്കില്‍ അങ്ങനെയുള്ള വാഗ്‌ദാനം ഉടമ്പടിയിലും, ഉടമ്പടി മറ്റ് അവശ്യഘടകങ്ങള്‍കൂടി ഉള്ളതാണെങ്കില്‍ കോണ്‍ട്രാക്‌റ്റായും മാറുന്നു. കക്ഷികള്‍ക്കു തങ്ങളുടെ സ്വന്തം കാര്യം നിയന്ത്രിക്കാവുന്ന രീതിയിലുള്ള നിബന്ധനകള്‍ ഏര്‍പ്പെടുത്താവുന്ന നിയമവിഭാഗത്തെയാണ് "കോണ്‍ട്രാക്‌റ്റ്' എന്നതുകൊണ്ടു വിവക്ഷിക്കുന്നത്. കക്ഷികള്‍ തന്നെ തങ്ങളെ നിയന്ത്രിക്കുന്നവിധം ബാധ്യതകളും അവകാശങ്ങളും സ്വയം സൃഷ്‌ടിക്കുന്നു എന്നുള്ളതാണ് കോണ്‍ട്രാക്‌റ്റ് നിയമത്തിന്റെ പ്രത്യേകത. പൊതുവേ കോണ്‍ട്രാക്‌റ്റില്‍ രണ്ടു കക്ഷികള്‍ ഉണ്ടായിരിക്കും. ഒരു കക്ഷി മറ്റേ കക്ഷിക്ക് ഒരു നിര്‍ദേശം നല്‌കുകയും മറ്റേ കക്ഷി അംഗീകരിക്കുകയും ചെയ്യുന്നുവെങ്കില്‍ അത് ഒരു വാഗ്‌ദാനമായി. ഇങ്ങനെയുള്ള ഒരു വാഗ്‌ദാനത്തിനു പ്രതിഫലമായി മറ്റൊരു വാഗ്‌ദാനമോ വാഗ്‌ദാനങ്ങളോ മറ്റേ കക്ഷിയില്‍ നിന്ന് ഉണ്ടാകുമ്പോള്‍ പരസ്‌പരവാഗ്‌ദാനങ്ങളായി. അപ്പോള്‍ ഇതൊരു ഉടമ്പടിയായി മാറുന്നു.
എല്ലാ പരസ്‌പരവാഗ്‌ദാനങ്ങളും കോണ്‍ട്രാക്‌റ്റ് ആകണമെന്നില്ല. എപ്പോഴെല്ലാം പരസ്‌പരവാഗ്‌ദാനത്തെ നിയമം അംഗീകരിച്ചു പരിഹാരം നല്‌കും എന്ന് ഇന്ത്യന്‍ കോണ്‍ട്രാക്‌റ്റ് നിയമത്തിന്റെ 10-ാം വകുപ്പില്‍ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്.
1. പരസ്‌പരവാഗ്‌ദാനത്തിനു നിയമം അംഗീകരിക്കുന്ന തരത്തിലുള്ള പ്രതിഫലം ഉണ്ടായിരിക്കണം.
2. കക്ഷികള്‍ നിയമപരമായി പ്രാപ്‌തിയുള്ളവര്‍ ആയിരിക്കണം.
3. സമ്മതം സ്വമനസാലെ നല്‌കിയതായിരിക്കണം.
4. ഉദ്ദേശ്യലക്ഷ്യങ്ങള്‍ നിയമാനുസൃതം ഉള്ളവയായിരിക്കണം.
5. കോണ്‍ട്രാക്‌റ്റ് നിയമപ്രകാരം നിയമപ്രാബല്യമില്ലാത്തതെന്നു പ്രഖ്യാപിച്ചിട്ടുള്ളതരം ആയിരിക്കുകയും അരുത്.
കോണ്‍ട്രാക്‌റ്റ് ലിഖിതമായിരിക്കണോ വേണ്ടയോ എന്നു ചില നിയമങ്ങളില്‍ സൂചിപ്പിച്ചിട്ടുണ്ട്. പ്രാനോട്ട് ലിഖിതം ആയിരിക്കണം. സര്‍ക്കാര്‍ കക്ഷിയായിട്ടുള്ള കോണ്‍ട്രാക്‌റ്റ് ലിഖിതം ആയിരിക്കണം. 100 രൂപയില്‍ കൂടുതല്‍ വിലയുള്ള വസ്‌തുക്കളുടെ കൈമാറ്റം ലിഖിതമായിരിക്കണമെന്നു മാത്രമല്ല, രജിസ്റ്റര്‍ ചെയ്‌തിരിക്കുകയും വേണം. സാക്ഷികള്‍ എപ്പോഴൊക്കെ ആവശ്യമാണെന്ന് രജിസ്‌ട്രേഷന്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്. കോണ്‍ട്രാക്‌റ്റ് നിയമം പൊതുവേ അലിഖിതമായ വാഗ്‌ദാനങ്ങളെ അംഗീകരിക്കുന്നു. മാത്രമല്ല, പ്രത്യേക സാഹചര്യങ്ങളില്‍ പരോക്ഷമായ കോണ്‍ട്രാക്‌റ്റുകളെയും അംഗീകരിക്കുന്നു.
കോണ്‍ട്രാക്‌റ്റ് രൂപീകരണം
കോണ്‍ട്രാക്‌റ്റ് രൂപീകരണത്തിന്റെ തുടക്കം ഒരു നിര്‍ദേശത്തില്‍ ആയിരിക്കണം. സാധാരണയായി ഏതെങ്കിലും ഒരു സംഗതി ചെയ്യാം എന്നോ ചെയ്യുകയില്ല എന്നോ ആയിരിക്കും അത്. ഒരു കക്ഷി മറ്റൊരു കക്ഷിയോട് നേരിട്ടോ തപാല്‍ വഴിയോ ഫോണ്‍ മുഖേനയോ ആയിരിക്കാം ഇങ്ങനെ നിര്‍ദേശം നല്‌കുക. മറ്റേ കക്ഷി അത് അംഗീകരിക്കുമ്പോള്‍ വാഗ്‌ദാനമായി മാറുന്നു. എന്നാല്‍ ചില സാഹചര്യങ്ങളില്‍ വാഗ്‌ദാനം ഒരു നിര്‍ദിഷ്‌ട ആളിനോടു തന്നെ ആയിരിക്കണമെന്നില്ല.
ഒരു നിര്‍ദേശം പൂര്‍ത്തിയാകുന്നത് അതു മറ്റെയാളിന്റെ അറിവില്‍ വരുമ്പോഴാണ് (4-ാം വകുപ്പ്). അയാള്‍ക്ക് നിര്‍ദേശത്തിലെ നിബന്ധനകള്‍ മനസ്സിലായിരിക്കണം. അതുപോലെ സ്വീകരിക്കലും നിര്‍ദേശം നല്‌കുന്നയാളിന്റെ അറിവില്‍ വരേണ്ടതുണ്ട്. തപാല്‍ മാര്‍ഗേന ആണ് കോണ്‍ട്രാക്‌റ്റിലേര്‍പ്പെടുന്നതെങ്കില്‍ നിര്‍ദേശം നല്‌കുന്നയാളിന് അത് മറ്റേ കക്ഷി അറിയുന്നതിനുമുമ്പ് പിന്‍വലിക്കാന്‍ കഴിയും. അതുപോലെ സ്വീകരിച്ചുകൊണ്ടുള്ള കത്ത് നിര്‍ദേശം നല്‌കിയ ആള്‍ക്കു ലഭിക്കുന്നതിനുമുമ്പ് സ്വീകരിക്കുന്ന ആള്‍ക്കും പിന്‍വലിക്കാം. ടെലിഫോണ്‍, ടെലക്‌സ്, ഇന്റര്‍നെറ്റ് എന്നിവ വഴിയുള്ള കോണ്‍ട്രാക്‌റ്റുകള്‍ കക്ഷികള്‍ അഭിമുഖമായി ഏര്‍പ്പെടുന്നതിനു സമം തന്നെയാണെന്ന് കോടതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരു നിര്‍ദേശം കോണ്‍ട്രാക്‌റ്റായി തീരണമെങ്കില്‍ അതു സ്വീകരിക്കുന്നത് നിരുപാധികവും പൂര്‍ണവും ആയിരിക്കണം. അതായത് വ്യവസ്ഥകള്‍ക്കു വിധേയമായിട്ടായിരിക്കരുത്. നേരെമറിച്ച് ഒരു "പ്രതിനിര്‍ദേശ'മാണ് നല്‌കുന്നതെങ്കില്‍ അതു സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നതിനുള്ള അവകാശം നിര്‍ദേശം നല്‌കിയ ആള്‍ക്കായിരിക്കും.
നിര്‍ദേശം നല്‌കുകയും അതു സ്വീകരിക്കുകയും ആണ് താത്ത്വികമായി കോണ്‍ട്രാക്‌റ്റിന്റെ അടിസ്ഥാനമെങ്കിലും നിശ്ചിത നിബന്ധനകളോടുകൂടി അച്ചടിച്ച സ്ഥിരം ഫോറങ്ങള്‍ ഒരു കക്ഷി മറുകക്ഷിക്ക് നല്‌കി അതില്‍ ഒപ്പിട്ടുകൊടുക്കാന്‍ ആവശ്യപ്പെടുകയാണ് ഇന്നത്തെ പതിവ്. "സ്റ്റാന്‍ഡേഡ് ഫോം കോണ്‍ട്രാക്‌റ്റ്' എന്നറിയപ്പെടുന്ന ഇത്തരത്തിലുള്ള കോണ്‍ട്രാക്‌റ്റുകള്‍ ഇപ്പോള്‍ കൂടുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഒരു കക്ഷി നല്‌കുന്ന നിയതവ്യവസ്ഥകള്‍ സ്വീകരിക്കുക അല്ലെങ്കില്‍ ഉപേക്ഷിക്കുക-ഇതു മാത്രമേ മറ്റേ കക്ഷിക്കു കഴിയൂ. പലപ്പോഴും വ്യവസ്ഥകള്‍ മുഴുവന്‍ വായിച്ചു നോക്കാനോ മനസ്സിലാക്കാനോ സാധ്യമാകാതെയായിരിക്കും ഒരു കക്ഷിക്ക് ഇങ്ങനെയുള്ള കോണ്‍ട്രാക്‌റ്റുകളില്‍ ഏര്‍പ്പെടേണ്ടി വരിക. പ്രബലനായ കക്ഷിയും വിധേയത്വമുള്ള കക്ഷിയും തമ്മില്‍ കോണ്‍ട്രാക്‌റ്റില്‍ ഏര്‍പ്പെടുമ്പോള്‍ വ്യവസ്ഥകള്‍ സംബന്ധിച്ച പേശലിന് അസമത്വം ഉണ്ടായിരിക്കും എന്നും അപ്പോള്‍ നിയമവും കോടതിയും പ്രബലനല്ലാത്ത കക്ഷിയെ രക്ഷിക്കണമെന്നും അടുത്തകാലത്ത് അധീശകോടതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അന്യായമായ വ്യവസ്ഥകള്‍ എഴുതിച്ചേര്‍ക്കുന്നതിനെയും അടുത്തകാലത്തെ വിധികള്‍ അംഗീകരിക്കുന്നില്ല.
ടെന്‍ഡറുകള്‍
ടെന്‍ഡര്‍ നോട്ടീസുകള്‍ സാധാരണ നിര്‍ദേശമാകുന്നു. ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസുകളായിട്ടാണ് പരിഗണിക്കുക. പരസ്യപ്പെടുത്തിയ ആള്‍ നിശ്ചിത ടെന്‍ഡര്‍ സ്വീകരിക്കുമ്പോള്‍ മാത്രമേ അതു കോണ്‍ട്രാക്‌റ്റ് ആയിത്തീരുകയുള്ളൂ. ഒരു നിശ്ചിത കാലത്തേക്ക് നിശ്ചിത അളവുവരെ സാധനങ്ങള്‍ നല്‌കിക്കൊള്ളാം എന്നറിയിച്ചുകൊണ്ടുള്ള ടെന്‍ഡറുകളും സാധാരണയാണ്. ആ പരിധിക്കുള്ളില്‍ ഉള്ള സാധനങ്ങള്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഒരുത്തരവ് നല്‌കുമ്പോള്‍ അത്രയും സാധനങ്ങള്‍ നല്‌കിക്കൊള്ളാമെന്നുള്ള ഒരു നിശ്ചിത കോണ്‍ട്രാക്‌റ്റ് ഉടലെടുക്കുകയായി.
ലേലം
പരസ്യലേലം നടക്കുമ്പോള്‍ ഓരോ വിളിയും ഓരോ നിര്‍ദേശമാകുന്നു. ഒരു പ്രത്യേകവിളി (മിക്കവാറും ഏറ്റവുംകൂടുതല്‍ തുകയ്‌ക്കുള്ള വിളി) ലേലക്കാരന്‍ സ്വീകരിക്കുമ്പോള്‍ മാത്രം അത് ഒരു കോണ്‍ട്രാക്‌റ്റായി മാറുന്നു. ആ ആളിന്റെ പേരില്‍ ലേലം സ്ഥിരപ്പെടുത്തി അയാള്‍ വിളിച്ച തുകയ്‌ക്ക് ലേലവസ്‌തു അയാള്‍ക്കു നല്‌കുകയാണ് പതിവ്. മറ്റുവിധത്തില്‍ ആണ് ലേലമെങ്കില്‍ ലേലനോട്ടീസില്‍ തന്നെ വ്യവസ്ഥകള്‍ പരസ്യപ്പെടുത്തിയിരിക്കും.
പ്രതിഫലം
ഓരോ വാഗ്‌ദാനത്തിനും നിയമപരമായ പ്രതിഫലം ഉണ്ടായിരിക്കണം എന്നത് നിയമപ്രകാരം കോണ്‍ട്രാക്‌റ്റ് നടപ്പാക്കാന്‍ ആവശ്യമായ ഒരു ഘടകമാണ്. പ്രതിഫലമില്ലാത്ത ഉടമ്പടി സ്വയമേവ തുടക്കത്തിലേ അസാധുവായിരിക്കും. അതിന്റെ അടിസ്ഥാനത്തില്‍ കക്ഷികള്‍ക്ക് കോടതിവഴി പരിഹാരമൊന്നും ലഭിക്കുകയില്ല. ഒരു കക്ഷി നല്‌കുന്ന വാഗ്‌ദാനത്തിന് മറ്റേ കക്ഷി നല്‌കുന്ന വിലയാണ് പ്രതിഫലം എന്ന് പൊതുവേ പറയാം. പക്ഷേ അത് മറ്റേ കക്ഷിതന്നെ നല്‌കണമെന്നില്ല. വാഗ്‌ദാനം നല്‌കുന്നയാളിന്റെ ഇഷ്‌ടപ്രകാരം മറ്റൊരാള്‍ നല്‌കിയാലും മതി. ഭാവിയില്‍ എന്തെങ്കിലും ചെയ്യാമെന്ന വാഗ്‌ദാനവും പ്രതിഫലമാകാം. നിയമദൃഷ്‌ടിയില്‍ വിലയുള്ളതായിരിക്കണം പ്രതിഫലം എന്നല്ലാതെ അത് ഇത്രമാത്രം മൂല്യമുള്ളതായിരിക്കണം എന്ന് നിയമം അനുശാസിക്കുന്നില്ല. ഒരു കോണ്‍ട്രാക്‌റ്റിലെ പ്രതിഫലത്തിന്റെ പര്യാപ്‌തത കക്ഷികള്‍ക്കുതന്നെ വിട്ടിരിക്കുകയാണ്. പ്രതിഫലത്തിന്റെ അപര്യാപ്‌തത ചില സന്ദര്‍ഭങ്ങളില്‍ പ്രസക്തമായിരിക്കും. സ്വമനസാലെ വാഗ്‌ദാനത്തിലേര്‍പ്പെട്ടതാണോ എന്ന് പരിശോധിക്കേണ്ടിവരുമ്പോള്‍ പ്രതിഫലത്തിന്റെ അപര്യാപ്‌തത പ്രധാന ഉപാധിയായി കോടതി പരിഗണിക്കാറുണ്ട്.
പൊതുനിയമത്തിന്റെ അപവാദങ്ങള്‍
ഒരു കോണ്‍ട്രാക്‌റ്റിന് പ്രതിഫലം അടിസ്ഥാനപരമായ ഘടകമാണെന്നുള്ളതിനു ചില അപവാദങ്ങളുണ്ട് (25-ാം വകുപ്പ്)
1. ബന്ധുക്കള്‍ തമ്മിലുള്ള സ്‌നേഹവാത്സല്യം മുന്‍നിര്‍ത്തി. സ്‌നേഹവാത്സല്യം മുന്‍നിര്‍ത്തി ബന്ധുക്കള്‍ എഴുതി രജിസ്റ്റര്‍ ചെയ്‌തു നല്‌കുന്ന പ്രമാണങ്ങള്‍ മറ്റു പ്രതിഫലമൊന്നുമില്ലെങ്കിലും നടപ്പാക്കാം.
2. സ്വമേധയാ ഉണ്ടായ സേവനത്തിനുള്ള പ്രതിഫലം. ഒരാള്‍ക്കു മറ്റൊരാള്‍ മുമ്പ് സ്വമേധയാ എന്തെങ്കിലും സേവനം നല്‌കിയിരിക്കുകയും സേവനം ലഭിച്ചയാള്‍ സേവനം നല്‌കിയ ആള്‍ക്ക് പിന്നീടു പ്രതിഫലം വാഗ്‌ദാനം ചെയ്യുകയും ഉണ്ടായാല്‍ അങ്ങനെയുള്ള വാഗ്‌ദാനം കോടതിമൂലം നടപ്പാക്കാം.
3. കാലഹരണപ്പെട്ട കടം അംഗീകരിക്കുന്നത്. കാലഹരണനിയമം അനുസരിച്ച് കാലഹരണപ്പെട്ടുകഴിഞ്ഞ കടം കൊടുത്തുകൊള്ളാമെന്ന് അംഗീകരിച്ചുകൊണ്ട് വാഗ്‌ദാനം ചെയ്‌താല്‍ അതു നിയമപ്രാബല്യം ഉള്ളതായിത്തീരും.
4. നിയമപരമായ പ്രതിഫലം. പ്രതിഫലം നിയമപരമായിരിക്കണം (23-ാം വകുപ്പ്). എപ്പോഴൊക്കെ നിയമപരമല്ല എന്ന് പ്രസ്‌തുത വകുപ്പില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. താഴെ പറയുന്നവ നിയമപരമല്ല.
i. നിയമപ്രകാരം വിലക്കപ്പെട്ടിട്ടുള്ളത്.
ii. അനുവദിച്ചാല്‍ നിയമവ്യവസ്ഥകളെ പരാജയപ്പെടുത്തുമെന്നുള്ളത്.
iii. വഞ്ചനാപരമായത്.
iv. മറ്റൊരാള്‍ക്കോ അയാളുടെ വസ്‌തുവിനോ കേടുവരുത്തുന്നത്.
v.അസാന്മാര്‍ഗികം എന്നു കോടതി കരുതുന്നത്.
vi. പൊതുനയത്തിനെതിരെന്നു കോടതി കരുതുന്നത്.
നിയമപരമല്ലാത്തതായ പ്രതിഫലം ഉള്ള ഒരു കോണ്‍ട്രാക്‌റ്റ് തുടക്കം മുതലേ അസാധുവായിരിക്കും.
കോണ്‍ട്രാക്‌റ്റിനുള്ള പ്രാപ്‌തി
ഒരു കോണ്‍ട്രാക്‌റ്റില്‍ ഏര്‍പ്പെടുന്ന ആള്‍ക്ക് നിയമപ്രകാരം അതിനുള്ള പ്രാപ്‌തി ഉണ്ടായിരിക്കണം. പ്രായപൂര്‍ത്തിയാകാത്തവരും ബുദ്ധിസ്ഥിരതയില്ലാത്തവരും മറ്റുവിധത്തില്‍ അയോഗ്യരായി പ്രഖ്യാപിച്ചിട്ടുള്ളവരും കോണ്‍ട്രാക്‌റ്റിലേര്‍പ്പെടാന്‍ അയോഗ്യരാണ് (11-ാം വകുപ്പ്).
1875-ലെ പ്രായപൂര്‍ത്തി നിയമം അനുസരിച്ച് 18 വയസ്സ് തികയുന്നതാണ് സാധാരണ പ്രായപൂര്‍ത്തിയാകാന്‍ വേണ്ട ഉപാധി. കോടതിയില്‍ നിന്നു രക്ഷാകര്‍ത്താവിനെ നിയമിച്ച് ഉത്തരവുണ്ടായിട്ടുണ്ടെങ്കില്‍ 21 വയസ്സ് തികയണം. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്ക് കോണ്‍ട്രാക്‌റ്റില്‍ ഏര്‍പ്പെടാന്‍ അര്‍ഹതയില്ലെന്ന് മൊഹോരി ബീവി കേസില്‍ (1903) പ്രിവി കൗണ്‍സില്‍ അസന്നിഗ്‌ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്കെതിരായി "വാദതടസ്സം' ഉന്നയിക്കാനും പാടില്ല. കോണ്‍ട്രാക്‌റ്റ് പ്രകാരം മൈനറിനെതിരെ ബാധ്യത സൃഷ്‌ടിക്കാനും സാധ്യമല്ല. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തവരുടെ നന്മയെ കരുതി ചില കോണ്‍ട്രാക്‌റ്റുകള്‍ക്കു പ്രാബല്യം കൊടുത്തിട്ടുണ്ട്. ഉദാ. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് തൊഴില്‍ പരിശീലനം നല്‌കാന്‍ ഇന്ത്യന്‍ അപ്രന്റീസ് ആക്‌റ്റ് വ്യവസ്ഥ ചെയ്യുന്നു. പ്രായപൂര്‍ത്തിയാകാത്തയാളിന് നല്‌കിയിട്ടുള്ള അവശ്യവസ്‌തുക്കള്‍ക്കു നല്‌കേണ്ട വില നല്‌കിയില്ലെങ്കില്‍ അയാള്‍ക്ക് അവകാശപ്പെട്ട വസ്‌തുവകകളില്‍ നിന്ന് അങ്ങനെയുള്ള തുക ഈടാക്കാം.
ബുദ്ധിസ്ഥിരതയില്ലായ്‌മ
തന്നെയും തന്റെ താത്‌പര്യങ്ങളെയും കോണ്‍ട്രാക്‌റ്റിലെ വ്യവസ്ഥകള്‍ എങ്ങനെ ബാധിക്കും എന്ന് യുക്തിപൂര്‍വമായ അഭിപ്രായം രൂപീകരിക്കാനുള്ള കഴിവ് ഉണ്ടായിരിക്കുക എന്നതാണ്, കോണ്‍ട്രാക്‌റ്റ് രൂപീകരണം സംബന്ധിച്ച ഒരാള്‍ക്ക് സ്ഥിരബുദ്ധിയുണ്ടായിരിക്കുക എന്നതുകൊണ്ടുദ്ദേശിക്കുന്നത്. കോണ്‍ട്രാക്‌റ്റില്‍ ഏര്‍പ്പെടുമ്പോള്‍ യാതൊരു മാനസികരോഗവും ഇല്ലെങ്കില്‍ അതിനുമുമ്പോ പിമ്പോ ഉണ്ടാകുന്ന മാനസികരോഗം കോണ്‍ട്രാക്‌റ്റിന്റെ സാധുതയെ ബാധിക്കുകയില്ല.
നിയമനിര്‍ണയമായ മറ്റു പരിധികള്‍
നിയമപ്രകാരം ഏര്‍പ്പെടുത്തുന്ന മറ്റു ചില പരിധികളും കോണ്‍ട്രാക്‌റ്റിനുള്ള പ്രാപ്‌തിയെ സംബന്ധിക്കുന്നതായി ഉണ്ട്. ഒരു വിദേശ രാജ്യാധിപതി ഇന്ത്യയില്‍ ഏര്‍പ്പെടുന്ന കരാറുകള്‍ ആ അധിപതിയുടെ സമ്മതത്തോടെ മാത്രമേ ഇന്ത്യന്‍ കോടതികള്‍ക്കു നടപ്പാക്കാന്‍ കഴിയൂ. ഒരു കമ്പനിയാണ് കക്ഷിയെങ്കില്‍ ആ കമ്പനി രൂപീകരിച്ചിരിക്കുന്ന ഉദ്ദേശ്യലക്ഷ്യത്തിനു പുറത്തുള്ള ഒരു വിഷയം സംബന്ധിച്ച് കോണ്‍ട്രാക്‌റ്റില്‍ ഏര്‍പ്പെടാന്‍ ആ കമ്പനിക്കു ശേഷിയുണ്ടായിരിക്കുന്നതല്ല.
ഒരു വിദേശിക്ക് ഇന്ത്യയിലെ ആരുമായും കോണ്‍ട്രാക്‌റ്റില്‍ ഏര്‍പ്പെടാം. എന്നാല്‍ ഇന്ത്യ ആ രാജ്യവുമായി യുദ്ധത്തിലാണെങ്കില്‍ പ്രസ്‌തുത കോണ്‍ട്രാക്‌റ്റ് സ്വയം അസാധുവാകും.
സ്വതന്ത്രമായ സമ്മതം
ഉഭയസമ്മതത്തില്‍ കക്ഷികള്‍ ഏര്‍പ്പെടുന്നത് സ്വമേധയാ ഉള്ള സമ്മതം നല്‌കിയായിരിക്കണം. എന്നാല്‍ മറ്റു ചില ഘടകങ്ങളുടെ സ്വാധീനം കൊണ്ടാണ് കക്ഷികള്‍ വാഗ്‌ദാനം നല്‌കിയതെന്ന പരാതികള്‍ പലപ്പോഴും ഉണ്ടാകാറുണ്ട്. ഒരു കാര്യത്തെപ്പറ്റി പരസ്‌പരം ചിന്തിച്ച് യോജിപ്പിലെത്തുകയാണ് ആവശ്യം. എന്നാല്‍ ഭീഷണി, അനുചിത സ്വാധീനം, വഞ്ചന, തെറ്റിദ്ധരിപ്പിക്കല്‍, പിശക് എന്നിവകൊണ്ട് സ്വതന്ത്ര സമ്മതമല്ല കക്ഷി നല്‌കിയതെന്ന് പല കേസുകളിലും പരാതിയുണ്ടാവുകയും അതു തെളിയുകയും ചെയ്‌തിട്ടുണ്ട്. സ്വന്തം ഇഷ്‌ടപ്രകാരമല്ലാതെ കക്ഷി സമ്മതം നല്‌കിയതാണെങ്കില്‍ പ്രസ്‌തുത കക്ഷിക്ക് ഉടമ്പടി അസാധുവാക്കാന്‍ കോടതിയെ സമീപിക്കാം. കരാറില്‍ ഏര്‍പ്പെട്ട വ്യക്തികളില്‍ ഒരു കക്ഷിക്കുമാത്രമേ ഇതിനു സാധിക്കുകയുള്ളൂ.
ഭീഷണി(15-ാം വകുപ്പ്)
ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ വിവരിച്ചിട്ടുള്ള ഒരു കുറ്റകൃത്യം ചെയ്യുകയോ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയോ സ്വത്തുക്കള്‍ നിയമവിരുദ്ധമായി തടഞ്ഞുവയ്‌ക്കുകയോ തടഞ്ഞുവയ്‌ക്കുമെന്ന് ഭയപ്പെടുത്തുകയോ ചെയ്‌താല്‍ അതു ഭീഷണിയായി.
അനുചിത സ്വാധീനം(16-ാം വകുപ്പ്)
കക്ഷികളില്‍ ഒരാള്‍ മറ്റേയാളെ സ്വാധീനിക്കാന്‍ കഴിയുന്ന നിലയിലുള്ള ആളായിരിക്കണം. വിശ്വാസാധിഷ്‌ഠിതബന്ധംകൊണ്ടും ഇങ്ങനെയുണ്ടാകാം. അഭിഭാഷകനും കക്ഷിയും തമ്മില്‍, ഡോക്‌ടറും രോഗിയും തമ്മില്‍, രക്ഷാകര്‍ത്താവും കുട്ടിയും തമ്മില്‍, മതാചാര്യനും അനുയായിയും തമ്മില്‍ അനുചിതസ്വാധീനത്തിനുള്ള അവസരം ഉണ്ടാകാറുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്തി ഒരാള്‍ മറ്റേയാളില്‍നിന്ന് അനര്‍ഹമായ നേട്ടങ്ങള്‍ ഉണ്ടാക്കിയാല്‍ ആ കോണ്‍ട്രാക്‌റ്റ് അസാധുവാക്കാവുന്നതാണ്.
തെറ്റിദ്ധരിപ്പിക്കല്‍(18-ാം വകുപ്പ്)
കോണ്‍ട്രാക്‌റ്റിലെ അടിസ്ഥാനപരമായി പ്രാധാന്യമുള്ള ഒരു സംഗതിയെക്കുറിച്ച് ഒരാള്‍ മറ്റൊരാളെ തെറ്റിദ്ധരിപ്പിച്ചാണ് സമ്മതിപ്പിച്ചതെന്നു വരണം. തെറ്റിദ്ധരിപ്പിക്കപ്പെട്ട കക്ഷിക്ക് കോണ്‍ട്രാക്‌റ്റ് അസാധുവാക്കാം. തെറ്റിദ്ധരിപ്പിക്കല്‍ എന്നതില്‍ ആധാരമില്ലാത്ത പ്രസ്‌താവനകള്‍, കര്‍ത്തവ്യലംഘനം, കോണ്‍ട്രാക്‌റ്റ് വസ്‌തു സംബന്ധിച്ച് തെറ്റായി പ്രലോഭിപ്പിക്കല്‍, കോണ്‍ട്രാക്‌റ്റിലെ അടിസ്ഥാന വസ്‌തുതകളെ സംബന്ധിച്ച് തെറ്റായ ധാരണ നല്‌കല്‍ തുടങ്ങിയവ ഉള്‍പ്പെടും.
വഞ്ചന
മനഃപൂര്‍വം വസ്‌തുതകള്‍ തെറ്റിദ്ധരിപ്പിച്ച് എതിര്‍കക്ഷിയെ കോണ്‍ട്രാക്‌റ്റിലേക്കു കൊണ്ടുവരുമ്പോള്‍ അതു വഞ്ചന(ചതി)യായി. എതിര്‍കക്ഷി പ്രേരണ ഉള്‍ക്കൊണ്ടാലും മതിയാവും. ഏജന്റിനെക്കൊണ്ട് വഞ്ചന ചെയ്യിച്ചാലും മതി.
1. സ്വയം വിശ്വസിക്കാതെതന്നെ സത്യമല്ലാത്ത ഒരു കാര്യം സത്യമാണെന്നു മറ്റേകക്ഷിയെ വിശ്വസിപ്പിക്കുക.
2. അറിഞ്ഞുകൊണ്ട് സത്യാവസ്ഥ ഒളിച്ചുവയ്‌ക്കുക.
3. നിറവേറ്റുമെന്ന് ഉദ്ദേശ്യമില്ലാത്ത വാഗ്‌ദാനം നടത്തുക.
4. ചതിക്കണമെന്നുദ്ദേശിച്ച് മറ്റേതെങ്കിലും പ്രവൃത്തി ചെയ്യുക.
5. വഞ്ചനയായി നിയമം കണക്കാക്കുന്ന വിധം ഏതെങ്കിലും കാര്യം ചെയ്യുക, ചെയ്യാതിരിക്കുക എന്നിവ ഇതിലുള്‍പ്പെടും.
ചില പ്രത്യേക സാഹചര്യങ്ങളില്‍ നിശ്ശബ്‌ദമായിരിക്കുന്നതുപോലും വഞ്ചനാപരമായിരിക്കും. ഇന്‍ഷുറന്‍സ് മുതലായ കോണ്‍ട്രാക്‌റ്റുകളില്‍ ഏര്‍പ്പെടുന്ന ആള്‍ക്ക് എല്ലാ വസ്‌തുതകളും വെളിപ്പെടുത്താന്‍ നിയമപരമായ ബാധ്യതയുണ്ട്.
ഭീഷണിയോ വഞ്ചനയോ തെറ്റിദ്ധരിപ്പിക്കലോമൂലമാണ് കോണ്‍ട്രാക്‌റ്റിന് സമ്മതം നല്‌കിയതെന്നു തെളിഞ്ഞാല്‍ കോണ്‍ട്രാക്‌റ്റില്‍ ഏര്‍പ്പെടേണ്ടിവന്ന ആള്‍ക്ക് അത് അസാധുവാക്കാന്‍ ആവശ്യപ്പെടാം. 19-എ വകുപ്പ് അനുചിത സ്വാധീനത്തിന്റെ ഫലത്തെപ്പറ്റി പ്രഖ്യാപിക്കുന്നു.
ഒരു കോണ്‍ട്രാക്‌റ്റ് അസാധുവായി പ്രഖ്യാപിക്കപ്പെടുമ്പോള്‍ അതിന് അര്‍ഹതയുണ്ടായിരുന്ന കക്ഷിക്ക് ഏതെങ്കിലും പ്രയോജനം സിദ്ധിച്ചുകഴിഞ്ഞിട്ടുണ്ടെങ്കില്‍ അതു തിരിച്ചു നല്‌കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. കോടതിക്ക് ഇതു സംബന്ധിച്ച് യുക്തമായ നിര്‍ദേശങ്ങള്‍ നല്‌കാം.
പിശക്
കോണ്‍ട്രാക്‌റ്റിലെ ഇരുകക്ഷികളും കരാര്‍ വസ്‌തുത സംബന്ധിച്ച് അടിസ്ഥാനപരമായ പിശകിന് ഇരയാകുന്നുവെങ്കില്‍ അങ്ങനെയുള്ള കോണ്‍ട്രാക്‌റ്റിന് തുടക്കത്തിലേ അസാധുവാണെന്നു പറയാം (20-ാം വകുപ്പ്). ഉദാ. സിംഗപ്പൂരില്‍ നിന്നു മദ്രാസിലേക്കു വന്നുകൊണ്ടിരുന്ന കപ്പലില്‍ അയച്ചിട്ടുള്ള ചരക്ക് സംബന്ധമായാണ് കോണ്‍ട്രാക്‌റ്റ് എന്നിരിക്കട്ടെ. കരാര്‍ സമയം പ്രസ്‌തുത ചരക്ക് കടല്‍ക്ഷോഭംമൂലം നശിച്ചുപോയെന്ന് ഇരു കക്ഷികള്‍ക്കും അറിവില്ലായിരുന്നുവെങ്കില്‍ അങ്ങനെയുള്ള കോണ്‍ട്രാക്‌റ്റിന് ഒരു പ്രസക്തിയുമില്ല.
ഇന്ത്യയില്‍ നിലവിലുള്ള നിയമം സംബന്ധിച്ച അജ്ഞത കോണ്‍ട്രാക്‌റ്റിനെ അസാധുവാക്കാന്‍ പര്യാപ്‌തമല്ല. നാട്ടിലെ നിയമം എല്ലാവരും അറിഞ്ഞിരിക്കണം എന്നതാണ് അടിസ്ഥാനപ്രമാണം.
അസാധുവായ ഉടമ്പടികള്‍
ചിലതരം ഉടമ്പടികള്‍ നിയമപ്രകാരം അസാധുവായി പ്രഖ്യാപിച്ചിട്ടുള്ളവയാണ്. ഉദ്ദേശ്യമോ പ്രതിഫലമോ നിയമപരമല്ലെങ്കില്‍ ഉടമ്പടി അസാധുവായിരിക്കും. ചില അപവാദങ്ങള്‍ക്കു വിധേയമായി പ്രതിഫലമില്ലാത്ത ഉടമ്പടികളും അസാധുവാണ്. വിവാഹസ്വാതന്ത്ര്യം, വ്യാപാരസ്വാതന്ത്ര്യം എന്നിവയെ ഇല്ലാതാക്കുന്ന കോണ്‍ട്രാക്‌റ്റുകള്‍ ഇക്കൂട്ടത്തില്‍പ്പെടും. സ്വാഭാവിക നിയമനടപടികള്‍ പാടില്ല എന്ന വിധത്തിലും പറ്റില്ല. സംഭവ്യമല്ലാത്ത കാര്യങ്ങള്‍ സംബന്ധിച്ചും കോണ്‍ട്രാക്‌റ്റുണ്ടാക്കാന്‍ സാധ്യമല്ല. പന്തയരീതിയില്‍ കോണ്‍ട്രാക്‌റ്റുകള്‍ ഉണ്ടാക്കുന്നതിനെയും നിയമം പ്രോത്സാഹിപ്പിക്കുന്നില്ല.
ഭാവിസംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള കരാറുകള്‍
ഇന്ത്യന്‍ കരാര്‍ നിയമത്തിലെ 31 മുതല്‍ 36 വരെയുള്ള വകുപ്പുകള്‍ ഭാവിയില്‍ ഉണ്ടാകുന്ന സംഭവങ്ങളെയോ ചില പ്രത്യേക സാഹചര്യങ്ങളെയോ ആശ്രയിച്ചു നടപ്പിലാക്കേണ്ട ചില ഉടമ്പടികളെപ്പറ്റി പ്രതിപാദിക്കുന്നു. അങ്ങനെയുള്ള സാഹചര്യം ഭാവിയില്‍ ഏതെങ്കിലും ഒരു കാര്യം ഉണ്ടാവുകയോ ഉണ്ടാകാതിരിക്കുകയോ എന്നതിനെ അടിസ്ഥാനമാക്കിയാവാം. ഉദാ. ഇന്‍ഷുറന്‍സ് കരാറുകള്‍.
കോണ്‍ട്രാക്‌റ്റ് നിര്‍വഹണം
സാധാരണകക്ഷികള്‍ തന്നെ നിര്‍വഹിക്കേണ്ടതാണ് കോണ്‍ട്രാക്‌റ്റ് പ്രകാരമുള്ള ബാധ്യത. കോണ്‍ട്രാക്‌റ്റില്‍ മറിച്ചു പറഞ്ഞിട്ടില്ലെങ്കില്‍ കക്ഷിയുടെ മരണശേഷം അയാളുടെ അനന്തരാവകാശികളെ കോണ്‍ട്രാക്‌റ്റ് ബാധ്യത ബാധിക്കും. ഏറ്റയാള്‍തന്നെ ചെയ്യണമെന്നതാണുദ്ദേശ്യം എന്നത് ചിലതരം കോണ്‍ട്രാക്‌റ്റുകളില്‍ പ്രത്യക്ഷമായിത്തന്നെ സ്‌പഷ്‌ടമായിരിക്കും. ഉദാ. ഒരു ഛായാചിത്രം വരയ്‌ക്കണമെന്ന് ഒരു കലാകാരന്‍ ഏറ്റിട്ടുള്ളപ്പോള്‍ അയാള്‍തന്നെ അതു വരയ്‌ക്കണം. മറ്റു സാഹചര്യങ്ങളില്‍ പ്രതിനിധികളെക്കൊണ്ടും നിര്‍വഹിപ്പിക്കാം.
കരാര്‍ നിര്‍വഹണവാഗ്‌ദാനവും ചിലപ്പോള്‍ നിര്‍വഹണത്തിനു തുല്യമാകും; ഉപാധിയൊന്നും കൂടാതെയായിരിക്കണമെന്നുമാത്രം. ശരിയായ സ്ഥലത്തും സമയത്തും സാഹചര്യത്തിലും വേണം ബാധ്യതയുള്ളയാള്‍ നിര്‍വഹണസന്നദ്ധതയും സമ്മതവും പ്രകടിപ്പിക്കേണ്ടത്.
കോണ്‍ട്രാക്‌റ്റ് നിര്‍വഹണത്തിനുള്ള സമയവും സ്ഥലവും സംബന്ധിച്ച വ്യവസ്ഥകള്‍ 48 മുതല്‍ 50 വരെ വകുപ്പുകളില്‍ പ്രതിപാദിച്ചിരിക്കുന്നു. ചിലപ്പോള്‍ നിര്‍വഹണസമയം എത്രയും പ്രധാനമായിരിക്കും. ഉദാ. ചീഞ്ഞുപോകാവുന്ന സാധനങ്ങളുടെ വില്‌പന സംബന്ധിച്ച കാര്യത്തിലാണെങ്കില്‍ സമയത്തിനു പ്രാധാന്യമുണ്ട്. ഉടമസ്ഥന്റെ അവകാശത്തെളിവും മറ്റും പരിശോധിച്ച് ബോധ്യപ്പെടേണ്ടതായ വസ്‌തു കൈമാറ്റത്തില്‍ സമയം ഒരു പ്രധാനഘടകമായി ഗണിക്കാറില്ല.
അസാധ്യമായ ഉടമ്പടികള്‍
ചില ഉടമ്പടികള്‍ തുടക്കത്തിലേ നടപ്പിലാക്കാന്‍ കഴിയാത്ത കാര്യങ്ങളെ സംബന്ധിച്ചുള്ളവയായിരിക്കും. ചില കോണ്‍ട്രാക്‌റ്റുകളില്‍ സാധ്യമായ കാര്യം പിന്നീട് ഉണ്ടാകുന്ന സാഹചര്യമാറ്റംകൊണ്ട് അസാധ്യമായിത്തീരും. കരാര്‍ വസ്‌തുവിനുണ്ടാകുന്ന നാശം, ഉദ്ദേശിച്ച സംഗതി സംഭവിക്കാതിരിക്കുക, സര്‍ക്കാരിന്റെ ഇടപെടല്‍, നിയമത്തിലുണ്ടാകുന്ന മാറ്റം, യുദ്ധത്തിന്റെ തുടക്കം എന്നിവമൂലമാകാം ഇങ്ങനെ അസാധ്യതയുണ്ടാകുന്നത്.
പുതിയ കോണ്‍ട്രാക്‌റ്റ്
മുന്‍ കോണ്‍ട്രാക്‌റ്റിന്റെ സ്ഥാനത്ത് ഒരു പുതിയ കോണ്‍ട്രാക്‌റ്റ് ബാധകമാകുന്നതിന് കോണ്‍ട്രാക്‌റ്റിലെ കക്ഷികള്‍ സമ്മതിക്കുന്നതിനെ പുതിയ കോണ്‍ട്രാക്‌റ്റ് (പുതുകടപ്പാട്) എന്നു പറയാം. കോണ്‍ട്രാക്‌റ്റിലെ കക്ഷികള്‍ മാറുന്നതുമൂലമോ അല്ലെങ്കില്‍ കക്ഷികള്‍ മാറാതെ കോണ്‍ട്രാക്‌റ്റ് മാറുന്നതുമൂലമോ മുന്‍ബാധ്യതയ്‌ക്കുപകരം പുതിയ ബാധ്യത സൃഷ്‌ടിക്കാവുന്നതാണ്.
ആദ്യ കോണ്‍ട്രാക്‌റ്റിനുപകരം പുതിയ കോണ്‍ട്രാക്‌റ്റ് ഉണ്ടാകുമ്പോള്‍ ആദ്യ കോണ്‍ട്രാക്‌റ്റ് അവസാനിച്ചതായി കരുതാം.
കോണ്‍ട്രാക്‌റ്റ് ലംഘനം
കോണ്‍ട്രാക്‌റ്റ് പാലിക്കപ്പെടാതെ വരുമ്പോള്‍ ലംഘനമായി. ബാധ്യത നിര്‍വഹിക്കാന്‍ കഴിയാതെ വന്നാലും മതിയാവും. ഇങ്ങനെ വരുന്നത് നിര്‍വഹണത്തിനുമുമ്പ് നിശ്ചയിച്ചിട്ടുള്ള സമയത്തിനു മുമ്പുമാകാം.
നഷ്‌ടപരിഹാരം
കോണ്‍ട്രാക്‌റ്റ് ലംഘനംമൂലമുണ്ടാകുന്ന നഷ്‌ടത്തിനു പരിഹാരമായി നിശ്ചിതതുക ലഭിക്കണമെന്ന വ്യവഹാരം ബോധിപ്പിക്കുവാന്‍ ലംഘനത്തിന്റെ ഫലം അനുഭവിക്കുന്നയാള്‍ക്കു കഴിയും. ഇങ്ങനെയുള്ള തുക തിട്ടപ്പെടുത്തുന്നതിനു ആശ്രയിക്കേണ്ട തത്ത്വങ്ങള്‍ 73-ാം വകുപ്പില്‍ ചേര്‍ത്തിട്ടുണ്ട്. അതനുസരിച്ച് "കോണ്‍ട്രാക്‌റ്റ് ലംഘനംമൂലം നഷ്‌ടംവരുന്ന ആള്‍ക്ക് കോണ്‍ട്രാക്‌റ്റ് ലംഘിച്ചയാളില്‍ നിന്നു സാധാരണഗതിയില്‍ സ്വാഭാവികമായി ഉണ്ടായതോ' കോണ്‍ട്രാക്‌റ്റില്‍ ഏര്‍പ്പെട്ട വ്യക്തിക്ക് അങ്ങനെ ഏര്‍പ്പെടുമ്പോള്‍ത്തന്നെ കോണ്‍ട്രാക്‌റ്റ് ലംഘനംമൂലം "ഉണ്ടാകുമെന്ന് അറിയാമായിരുന്നതോ' ആയ നഷ്‌ടം ഈടാക്കാം. വിദൂരമായോ പരോക്ഷമായോ ഉള്ള നഷ്‌ടം ഇതില്‍ ഉള്‍പ്പെടുന്നതല്ല.
ചിലപ്പോള്‍ കക്ഷികള്‍തന്നെ മുന്‍കൂട്ടി കോണ്‍ട്രാക്‌റ്റ് ലംഘനം ഉണ്ടാകുമ്പോള്‍ നല്‌കേണ്ട നഷ്‌ടപരിഹാരത്തുക നിശ്ചയിച്ചിരിക്കും. അങ്ങനെ നിശ്ചയിച്ചിട്ടുള്ള തുകയില്‍ കൂടാത്ത ന്യായമായ ഒരു തുക കോടതി നഷ്‌ടപരിഹാരമായി അനുവദിക്കും.
കോണ്‍ട്രാക്‌റ്റുപോലെയുള്ള ചില ഇടപാടുകള്‍
ഇങ്ങനെയുള്ള ചില ഇടപാടുകള്‍ സംബന്ധിച്ച വ്യവസ്ഥകള്‍ ഇന്ത്യന്‍ കരാര്‍ നിയമത്തിലെ 68 മുതല്‍ 72 വരെ വകുപ്പുകളിലുണ്ട്. കോണ്‍ട്രാക്‌റ്റ് പ്രാപ്‌തിയില്ലാത്ത ആള്‍ക്കു നല്‌കുന്ന അത്യാവശ്യ വസ്‌തുക്കള്‍ക്കുള്ള വില ഈടാക്കാനുള്ള അവകാശം; ഒരാള്‍ക്കു താത്‌പര്യമുള്ളതും മറ്റൊരാള്‍ നിയമപരമായി കൊടുക്കേണ്ടതുമായ തുക കൊടുക്കുന്നയാള്‍ക്ക് അത് ഈടാക്കാനുള്ള അവകാശം; ചെയ്‌തുകൊടുത്ത ഉപകാരത്തിനു പ്രതിഫലമോ മറ്റൊരാള്‍ക്കുദ്ദേശിച്ചതിന്റെ ഗുണം അനുഭവിച്ചയാള്‍ അതിനു നഷ്‌ടപരിഹാരമോ കൊടുക്കുന്നതിനുള്ള ബാധ്യത; കളഞ്ഞുപോയ സാധനം കണ്ടെടുത്തയാള്‍ക്കുള്ള ബാധ്യത; പിശകുമൂലമോ ഭീഷണിമൂലമോ കൊടുത്ത പണം തിരിച്ചുകിട്ടാനുള്ള അവകാശം എന്നിവ ഇതില്‍ ഉള്‍പ്പെടും.
നഷ്‌ടോത്തരവാദം, ജാമ്യം എന്നിവ സംബന്ധിച്ച കോണ്‍ട്രാക്‌റ്റുകള്‍; ചരക്കേല്‌പിക്കല്‍; പണയം എന്നീ ഇടപാടുകളും ഏജന്‍സി വ്യവസ്ഥ സംബന്ധിച്ച നിയമവും 1872-ലെ കോണ്‍ട്രാക്‌റ്റ് നിയമത്തില്‍ തന്നെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നോ. നഷ്‌ടപരിഹാരം
(പ്രൊഫ. എം. കൃഷ്‌ണന്‍നായര്‍)