This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റു പാര്‍ട്ടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റു പാര്‍ട്ടി

Congress Socialist Party

കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റു പാര്‍ട്ടി സ്ഥാപക അംഗങ്ങള്‍

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലെ ഇടതുപക്ഷ ചിന്താഗതിക്കാര്‍ രൂപം നല്‌കിയ ഒരു രാഷ്‌ട്രീയ സംഘടന. മാര്‍ക്‌സിസം, ഗാന്ധിസം, സാമൂഹിക ജനാധിപത്യം എന്നീ തത്ത്വസംഹിതകളെ സൃഷ്‌ടിപരമായി സമന്വയിപ്പിച്ച്‌, ഇന്ത്യയില്‍ ഒരു ആധുനിക സാമൂഹിക വ്യവസ്ഥിതി കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ 1934-ല്‍ ഇതു രൂപവത്‌കരിച്ചത്‌. കോണ്‍ഗ്രസ്‌ പ്രവര്‍ത്തനത്തില്‍ 1930 വരെയുള്ള കാലഘട്ടത്തില്‍ പ്രകടമായിക്കണ്ട ഊര്‍ജസ്വലതാരാഹിത്യമാണ്‌ ഈ പുത്തന്‍പാര്‍ട്ടിയുടെ രൂപവത്‌കരണത്തിലേക്കു നയിച്ചത്‌. ജയപ്രകാശ്‌ നാരായണ്‍, എം.ആര്‍. മസാനി, അച്യുത്‌പട്‌വര്‍ധന്‍, അശോക്‌മേത്ത, എന്‍.ജി. ഗോറെ, എസ്‌.എം. ജോഷി തുടങ്ങിയവര്‍ 1933-ല്‍ നാസിക്‌ ജയിലില്‍വച്ച്‌ ചര്‍ച്ച ചെയ്‌തു തീരുമാനമെടുത്തതിന്റെ ഫലമായിട്ടാണ്‌ 1934 ഒക്‌ടോബര്‍ 22-ന്‌ ബോംബെയിലെ വോര്‍ളിയില്‍ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി നിലവില്‍ വന്നത്‌.

കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിക്കു രൂപം നല്‌കിയവരില്‍ പ്രമുഖര്‍ ജയപ്രകാശ്‌ നാരായണ്‍, ഡോ. റാം മനോഹര്‍ ലോഹ്യ, അശോക്‌മേത്ത, എം.ആര്‍. മസാനി, ആചാര്യനരേന്ദ്രദേവ്‌, അച്യുത്‌പട്‌വര്‍ധന്‍, കമലാദേവി ചതോപാധ്യായ, യൂസഫ്‌മെഹ്‌റാലി എന്നിവരാണ്‌; ആദ്യത്തെ ജനറല്‍ സെക്രട്ടറി ജയപ്രകാശ്‌ നാരായണനും. കോണ്‍ഗ്രസ്‌ സംഘടനയില്‍ നിന്നുകൊണ്ടു തന്നെ സോഷ്യലിസ്റ്റു ചിന്താഗതി പ്രചരിപ്പിക്കുക എന്നതായിരുന്നു ഈ പാര്‍ട്ടിയുടെ ആദ്യകാല ലക്ഷ്യം. കോണ്‍ഗ്രസ്‌ പിന്തുടര്‍ന്ന നയപരിപാടികളെ വിലയിരുത്തി വിമര്‍ശിക്കുവാനും തെറ്റായ നയങ്ങളെ എതിര്‍ത്തു തോല്‌പിക്കുവാനും പാര്‍ട്ടി പരിപാടികള്‍ ആവിഷ്‌കരിച്ചു. കര്‍ഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ച്‌ അവരുടെ പുരോഗതിയിലേക്കുള്ള പാത സുഗമമാക്കുകയും ദേശീയ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന മാര്‍ക്‌സിസ്റ്റു ലക്ഷ്യം നേടുവാന്‍ ഈ പാര്‍ട്ടി സജീവമായി പ്രവര്‍ത്തിക്കുകയുണ്ടായി. 1936-ല്‍ ഫെയ്‌സ്‌പുരില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ സമഗ്രമായ ഒരു കാര്‍ഷികപരിഷ്‌കരണ പരിപാടി കോണ്‍ഗ്രസ്സിന്റെ ലക്ഷ്യമായി അംഗീകരിപ്പിക്കാന്‍ കഴിഞ്ഞത്‌ പ്രധാനമായും കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റുപാര്‍ട്ടിയുടെ സ്വാധീനം കൊണ്ടായിരുന്നു. അക്കൊല്ലം ചേര്‍ന്ന മീററ്റ്‌ സമ്മേളനത്തില്‍ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി മാര്‍ക്‌സിസ്റ്റ്‌ പ്രത്യയശാസ്‌ത്രം അംഗീകരിച്ചിരിക്കുന്നതായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ്സിലെ സോഷ്യലിസ്റ്റു വിഭാഗത്തിന്റെ സ്വാധീനശക്തി കണക്കിലെടുത്താണ്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റായിരുന്ന ജവാഹര്‍ലാല്‍നെഹ്‌റു 1936-ല്‍ ലഖ്‌നൗവില്‍ കോണ്‍ഗ്രസ്‌ വര്‍ക്കിങ്‌ കമ്മിറ്റിയിലേക്ക്‌ ജയപ്രകാശ്‌, ആചാര്യ നരേന്ദ്രദേവ്‌, അച്യുത്‌പട്‌വര്‍ധന്‍ എന്നിവരെ നാമനിര്‍ദേശം ചെയ്‌തത്‌. അതേ കൊല്ലംതന്നെ കമ്യൂണിസ്റ്റു ചിന്താഗതിക്കാരെ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയിലേക്കു സ്വാഗതം ചെയ്‌തുകൊണ്ടുള്ള തീരുമാനവുമുണ്ടായി. അങ്ങനെയാണ്‌ സജ്ജാദ്‌സാഹിര്‍, ഇ.എം. ശങ്കരന്‍നമ്പൂതിരിപ്പാട്‌ മുതലായ കമ്യൂണിസ്റ്റ്‌ ചിന്താഗതിക്കാര്‍ 1936-37 കാലത്ത്‌ ഈ പാര്‍ട്ടിയിലെ ജോയിന്റ്‌ സെക്രട്ടറിമാരായിത്തീര്‍ന്നത്‌. മാത്രമല്ല, ഇസഡ്‌.എ. അഹമ്മദ്‌, അഷറഫ്‌, പി. സുന്ദരയ്യ, എ.കെ. ഗോപാലന്‍, പി. രാമമൂര്‍ത്തി മുതലായ പ്രമുഖ കമ്യൂണിസ്റ്റുകാരും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലെ ഔദ്യോഗിക സ്ഥാനങ്ങളില്‍ എത്തിച്ചേരുകയും ചെയ്‌തു.

ഗാന്ധിജിയുടെ ഇംഗിതത്തിനു വിരുദ്ധമായി 1939-ല്‍ ത്രിപുരയില്‍വച്ച്‌ സുഭാഷ്‌ചന്ദ്രബോസ്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്കു മത്സരിച്ചപ്പോള്‍, കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി സുഭാഷ്‌ ചന്ദ്രബോസിനെ പിന്താങ്ങി. എന്നാല്‍ പിന്നീടുണ്ടായ ബോസ്‌-ഗാന്ധിജി ബലപരീക്ഷണത്തില്‍ കോണ്‍ഗ്രസ്‌-സോഷ്യലിസ്റ്റ്‌ പാര്‍ട്ടി നിഷ്‌പക്ഷത പാലിക്കുകയാണു ചെയ്‌തത്‌. പാര്‍ട്ടി കൈയടക്കുവാന്‍ കമ്യൂണിസ്റ്റുകാര്‍ ഗൂഢാലോചന നടത്തിയെന്ന്‌ ആരോപിച്ച്‌ മസാനി, അശോക്‌മേത്ത, അച്യുത്‌പട്‌വര്‍ധന്‍ തുടങ്ങിയവര്‍ 1939-ല്‍ ഈ പാര്‍ട്ടിയില്‍നിന്ന്‌ രാജിവച്ചൊഴിഞ്ഞു.

ജര്‍മന്‍ നാസിസത്തെയും ബ്രിട്ടീഷ്‌ സാമ്രാജ്യത്തെയും തുല്യശത്രുക്കളായിക്കണ്ട ഈ പാര്‍ട്ടിയുടെ പ്രവര്‍ത്തകരെ ജയിലിലടയ്‌ക്കുക എന്ന നയമാണ്‌ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ സ്വീകരിച്ചത്‌. ജയപ്രകാശിനെ ആദ്യം ഭിയോളിയിലും പിന്നീട്‌ ഹസാരിബാഗിലും ഉള്ള ജയിലുകളില്‍ പാര്‍പ്പിച്ചു. 1940-ലെ റാംഗാഹ്‌ കോണ്‍ഗ്രസ്സില്‍വച്ച്‌ കമ്യൂണിസ്റ്റ്‌ അനുഭാവികള്‍ ഒന്നടന്നം പാര്‍ട്ടിവിട്ടു. ക്രമേണ ശക്തിക്ഷയിച്ചെങ്കിലും ക്വിറ്റ്‌ ഇന്ത്യാസമരത്തില്‍ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി ശക്തമായ സാന്നിധ്യമായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ 1942 ആഗസ്റ്റില്‍ നടത്തിയ "ക്വിറ്റ്‌ ഇന്ത്യാ' സമരപ്രഖ്യാപനത്തെ തുടര്‍ന്ന്‌ ജയപ്രകാശ്‌ അഞ്ചുസഖാക്കളോടൊപ്പം ജയില്‍ചാടി രക്ഷപ്പെട്ട്‌ ഒളിപ്പോര്‍ സംഘടിപ്പിക്കുന്നതില്‍ വ്യാപൃതനായി. 1943-ല്‍ ജയപ്രകാശ്‌ വീണ്ടും തടവിലാക്കപ്പെട്ടു. കോണ്‍ഗ്രസ്‌ ഇതിനിടെ കൈക്കൊണ്ട അവസരവാദ രാഷ്‌ട്രീയത്തെയും ഇന്ത്യാവിഭജനവാദത്തെയും കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി ശക്തിയായെതിര്‍ത്തു. ഇന്ത്യാവിഭജനം ചില കോണ്‍ഗ്രസ്‌ നേതാക്കന്മാരുടെ സ്വാര്‍ഥലാഭത്തിനുവേണ്ടിയായിരുന്നുവെന്ന ആരോപണമുന്നയിച്ചുകൊണ്ട്‌ 1948-ല്‍ ഈ പാര്‍ട്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സുമായുള്ള അതിന്റെ ബന്ധം നിശ്ശേഷം ഉപേക്ഷിച്ച്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിക്ക്‌ രൂപം നല്‌കി. പിന്നീട്‌ 1952-ല്‍ കിസാന്‍ മസ്‌ദൂര്‍ പ്രജാപാര്‍ട്ടിയുമായി ലയിച്ച്‌ പ്രജാ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി(P.S.P)യായി രൂപാന്തരപ്പെടുകയും ചെയ്‌തു.

കേരളത്തിലെ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇന്ത്യയുടെ ഇതരഭാഗങ്ങളിലേതില്‍നിന്ന്‌ ചില വ്യത്യസ്‌തതകള്‍ കാണാം. കേരളത്തില്‍ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി സജീവമായി പങ്കെടുത്തത്‌ കര്‍ഷകപ്രസ്ഥാനത്തിലും ട്രേഡ്‌ യൂണിയന്‍ പ്രസ്ഥാനത്തിലും കോണ്‍ഗ്രസ്സിന്റെ രാഷ്‌ട്രീയ സംഘടനയിലുമാണ്‌. ഇതിന്റെ ഫലമായി കൃഷിക്കാരുടെയും തൊഴിലാളികളുടെയും സാധാരണക്കാരുടെയും ഇടയ്‌ക്ക്‌ ഈ പാര്‍ട്ടിക്കു ഗണ്യമായ സ്വാധീനമുണ്ടായി. കേരളത്തിലും കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റുകളിലധികം പേരും ആദ്യം കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്‌ത്രം അംഗീകരിച്ചവരായിരുന്നില്ല. സോഷ്യലിസത്തോട്‌ ആദര്‍ശപരമായ ആദരവേ അവര്‍ക്കുണ്ടായിരുന്നുള്ളൂ.

കേരളത്തിലെ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റുകളെ സംബന്ധിച്ചിടത്തോളം രാഷ്‌ട്രീയ പ്രക്ഷോഭണങ്ങളില്‍ നിന്നുണ്ടായ അനുഭവങ്ങളാണ്‌ അവരെ കമ്യൂണിസ്റ്റ്‌ ആശയങ്ങളിലേക്കാകര്‍ഷിച്ചത്‌. സോഷ്യലിസ്റ്റ്‌ വിപ്ലവത്തില്‍ക്കൂടിയും അതിനുശേഷമുള്ള പഞ്ചവത്സരപദ്ധതികളില്‍ക്കൂടിയും മുന്‍സോവിയറ്റ്‌ യൂണിയന്‍ കൈവരിച്ച നേട്ടങ്ങള്‍ ഈ പാര്‍ട്ടിയെ വളരെയേറെ സ്വാധീനിച്ചു. കേരളത്തിലെ തൊഴിലാളികളുടെയും കര്‍ഷകരുടെയും യുവജനങ്ങളുടെയും വിദ്യാര്‍ഥികളുടെയും സമരോത്സുകമായ സംഘടനകളുമായി കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റുകാര്‍ സജീവമായ ബന്ധം പുലര്‍ത്തിയിരുന്നു. ഈ സാഹചര്യത്തില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ സോഷ്യലിസ്റ്റ്‌ വിരുദ്ധ മനോഭാവത്തോടു യോജിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റുകാര്‍ക്കു കഴിഞ്ഞില്ല. അഖിലേന്ത്യാ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയില്‍ കമ്യൂണിസ്റ്റനുകൂലികളായ ഇടതുപക്ഷക്കാരും കമ്യൂണിസ്റ്റ്‌വിരുദ്ധരായ വലതുപക്ഷക്കാരും ചേരിതിരിഞ്ഞുനില്‍ക്കുവാന്‍ തുടങ്ങിയിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റുകാര്‍ ഇടതുപക്ഷത്തില്‍ ചേര്‍ന്നതും, ഇടതു-വലതുപക്ഷക്കാര്‍ തമ്മിലുണ്ടായിരുന്ന സംഘര്‍ഷം മൂര്‍ഛിച്ചതും, 1939-ല്‍ കേരളത്തില്‍ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിനു ബീജാവാപം ചെയ്‌തു. കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വത്തിലെ ഉന്നതന്മാരെല്ലാം ഈ പുത്തന്‍ പ്രസ്ഥാനത്തില്‍ പങ്കാളികളായി. നോ. സോഷ്യലിസ്റ്റ്‌ പാര്‍ട്ടി ഒഫ്‌ ഇന്ത്യ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍