This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോണ്‍കോഡ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോണ്‍കോഡ്‌

Concord

1. പശ്ചിമ-മധ്യ കാലിഫോര്‍ണിയയിലെ ഒരു നഗരം. കോണ്‍ട്രാ കോസ്റ്റാ കൗണ്ടിയില്‍ സേക്രമെന്റോ നദിക്കടുത്തുള്ള കോണ്‍കോഡ്‌ നഗരം സാന്‍ഫ്രാന്‍സിസ്‌കോയില്‍നിന്ന്‌ ഉദ്ദേശം 40 കി.മീ. വടക്കുകിഴക്കായി എണ്ണപ്പാടമേഖലയില്‍ സ്ഥിതിചെയ്യുന്നു. പ്രധാനമായും ഒരു പാര്‍പ്പിട കേന്ദ്രമായ ഈ നഗരത്തിന്റെ പഴയ പേര്‌ ടോഡസ്‌ സാന്റോസ്‌ (All Saints)എന്നായിരുന്നു. 1869-ലാണ്‌ ഈ നഗരത്തിന്‌ കോണ്‍കോഡ്‌ എന്ന പേര്‌ ലഭിച്ചത്‌. 1905-ല്‍ നഗരവത്‌കരണ ശ്രമങ്ങള്‍ ആരംഭിച്ചുവെങ്കിലും രണ്ടാം ലോകയുദ്ധം കഴിയുന്നതുവരെ ഇത്‌ ഒരു ചെറുപട്ടണം മാത്രമായിരുന്നു. 1950-കളിലും 60-കളിലുമാണ്‌ ഈ നഗരത്തിന്‌ വമ്പിച്ച പുരോഗതി കൈവരിക്കാനായത്‌. വിസ്‌തീര്‍ണം: 30,546 ച.കി.മീ., ജനസംഖ്യ: 1,22,067 (2010).

ഇലക്‌ട്രാണിക്‌ ഉപകരണങ്ങള്‍, സിമന്റ്‌ എന്നിവയാണ്‌ ഇവിടത്തെ പ്രധാന ഉത്‌പന്നങ്ങള്‍. ഒരു യു.എസ്‌. നാവിക-യുദ്ധോപകരണശാല ഇതിനടുത്ത്‌ സ്ഥിതി ചെയ്യുന്നു. ബാര്‍ട്ട്‌ (BART: Bay Area Rapid Transit System-ഒരു പ്രത്യേകതരം റെയില്‍ഗതാഗതം) ഉള്‍പ്പെടെയുള്ള ഗതാഗതസൗകര്യങ്ങള്‍ ഇവിടെയുണ്ട്‌. ക്ഷീരോത്‌പന്നങ്ങള്‍, സിട്രസ്‌, മുന്തിരി, ബെറി തുടങ്ങിയവയാണ്‌ ഇവിടുത്തെ പ്രധാന ഉത്‌പന്നങ്ങള്‍. പ്രാദേശിക വ്യവസായങ്ങളുടെ ഒരു കയറ്റുമതി കേന്ദ്രവും ഇവിടെ പ്രവര്‍ത്തിക്കുന്നു.

2. മാസച്ചുസെറ്റ്‌സിലെ മിഡില്‍സെക്‌സ്‌ കൗണ്ടിയിലുള്ള ഒരു പട്ടണം. ബോസ്റ്റണില്‍നിന്ന്‌ 31 കി.മീ. വടക്കുപടിഞ്ഞാറായി കോണ്‍കോഡ്‌ നദീതീരത്തു സ്ഥിതിചെയ്യുന്ന ഈ നഗരം 1635-ലാണ്‌ രൂപംകൊണ്ടത്‌. വിസ്‌തീര്‍ണം: 67.4 ച.കി.മീ. ജനസംഖ്യ: 17,668 (2010).

ഒരു പ്രധാന പാര്‍പ്പിടപ്രദേശവും വിനോദസഞ്ചാരകേന്ദ്രവുമായ ഈ പട്ടണം, 19-ാം ശതകത്തിലെ പ്രമുഖ എഴുത്തുകാരുടെ സാന്നിദ്ധ്യംകൊണ്ടും അമേരിക്കന്‍ വിപ്ലവത്താലും ശ്രദ്ധേയമായി. അമേരിക്കന്‍ വിപ്ലവം കത്തിപ്പടരുന്നതിനിടയാക്കിയ പല സംഭവങ്ങളും ഇവിടെയാണ്‌ അരങ്ങേറിയത്‌. റാല്‍ഫ്‌ വാല്‍ഡോ എമേഴ്‌സണ്‍, ഹെന്‌റി ഡേവിഡ്‌ തോറോ, ലൂയിസാ മേ ആല്‍കോട്ട്‌, ആമസ്‌ ബ്രാണ്‍സണ്‍ ആല്‍കോട്ട്‌ (ലൂയിസാ ആല്‍കോട്ടിന്റെ അച്ഛന്‍), നഥാനിയേല്‍ ഹോഥോണ്‍, ഫ്രാന്ന്‌ളിന്‍ ബെഞ്ചമിന്‍ സാന്‍ബോണ്‍, ഡാനിയേല്‍ ചെസ്റ്റര്‍ ഫ്രഞ്ച്‌, വില്യം എലെറി ചാനിങ്‌ തുടങ്ങിയ വിഖ്യാതരായ കലാകാരന്മാരുടെയും ചിന്തകരുടെയും ജന്മസ്ഥലം എന്ന നിലയ്‌ക്ക്‌ ഈ പട്ടണം പ്രശസ്‌തമാണ്‌. 1835 മുതല്‍ 1882-ല്‍ മരണംവരെ എമേഴ്‌സണ്‍ ജീവിച്ചിരുന്ന "റാല്‍ഫ്‌ വാല്‍ഡോ എമേഴ്‌സണ്‍ ഹൗസ്‌' ഇന്ന്‌ ശ്രദ്ധേയമായ ഒരു മ്യൂസിയമാണ്‌. ഡാനിയേല്‍ ചെസ്റ്റര്‍ ഫ്രഞ്ചിന്റെ "മൈനൂട്ട്‌ മാന്‍' എന്ന പ്രശസ്‌തമായ വെങ്കലപ്രതിമ വിപ്ലവയുദ്ധസ്‌മരണകളുണര്‍ത്തിക്കൊണ്ട്‌ കോണ്‍കോഡ്‌ ബാറ്റില്‍ഫീല്‍ഡില്‍ നിലകൊള്ളുന്നു.

പുരാതന ഗൃഹോപകരണങ്ങളും മറ്റും പ്രദര്‍ശിപ്പിച്ചിട്ടുള്ള ആന്റിക്വേറിയന്‍ ഹൗസ്‌, കോണ്‍കോഡ്‌ ഫ്രീ പബ്ലിക്‌ ലൈബ്രറി, തോറോ ലൈസിയം എന്നിവ ജനശ്രദ്ധ ആകര്‍ഷിക്കുന്നു. വാല്‍ഡന്‍ എന്ന പുസ്‌തകത്തിലൂടെ തോറോ അനശ്വരമാക്കിയ "വാല്‍ഡന്‍കുള'വും കോണ്‍കോഡിലാണ്‌ സ്ഥിതിചെയ്യുന്നത്‌. രാസപദാര്‍ഥങ്ങള്‍, വീട്ടുപകരണങ്ങള്‍, യന്ത്രസാമഗ്രികള്‍ എന്നിവയാണ്‌ ഇവിടത്തെ പ്രമുഖ ഉത്‌പന്നങ്ങള്‍.

3. ന്യൂഹാംഷയറിന്റെ ദക്ഷിണ-മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു നഗരം. സംസ്ഥാനത്തിന്റെ തലസ്ഥാന നഗരം കൂടിയാണ്‌ കോണ്‍കോഡ്‌.

മാഞ്ചസ്റ്ററില്‍നിന്ന്‌ ഉദ്ദേശം 24 കി.മീ. വടക്കുമാറി, മെറിമാക്ക്‌ നദിയുടെ പടിഞ്ഞാറേ കരയിലാണ്‌ നഗരത്തിന്റെ സ്ഥാനം. "പെനികുക്ക്‌ പ്ലാന്റേഷന്‍' എന്നായിരുന്നു കോണ്‍കോഡിന്റെ പഴയപേര്‌. 1733-ല്‍ റംഫോര്‍ഡ്‌ എന്നും 1765-ല്‍ കോണ്‍കോഡ്‌ എന്നും പുനര്‍നാമകരണം ചെയ്യപ്പെട്ടു. 1808 മുതല്‍ കോണ്‍കോഡിനെ സംസ്ഥാന തലസ്ഥാനമായി തിരഞ്ഞെടുത്തെങ്കിലും 1853-ലാണ്‌ നഗരപദവി ലഭിച്ചത്‌. വിസ്‌തീര്‍ണം: 174.9. ച.കി.മീ., ജനസംഖ്യ: 42,695 (2010).

മുഖ്യമായും ഒരു ഭരണകേന്ദ്രമാണെങ്കിലും ഇവിടത്തെ വ്യവസായസംരംഭങ്ങളാല്‍ ഒരു പ്രധാന പ്രാദേശിക വ്യവസായകേന്ദ്രമായും ഇത്‌ കരുതപ്പെടുന്നു. ഇവിടെനിന്നു ലഭിക്കുന്ന വെള്ളനിറത്തിലുള്ള കോണ്‍കോഡ്‌ ഗ്രാനൈറ്റ്‌ പ്രശസ്‌തമാണ്‌. കൊളംബിയ ഡിസ്‌ട്രിക്‌റ്റിലെ വാഷിങ്‌ടണിലുള്ള ലൈബ്രറി ഒഫ്‌ കോണ്‍ഗ്രസ്‌ മന്ദിരം, കോണ്‍കോഡിലെ സ്റ്റേറ്റ്‌ ഹൗസ്‌ മന്ദിരം, മറ്റനേകം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇവയുടെയെല്ലാം നിര്‍മിതിയില്‍ ഈ ഗ്രാനൈറ്റാണ്‌ ഉപയോഗിച്ചിട്ടുള്ളത്‌. അച്ചടിജോലിക്കാവശ്യമായ ഉപകരണങ്ങള്‍, തുകല്‍സാമഗ്രികള്‍, ഇലക്‌ട്രിക്കല്‍ ഉപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, കല്ല്‌-കളിമണ്ണുത്‌പന്നങ്ങള്‍ എന്നിവയുടെ നിര്‍മാണശാലകളും ഇവിടെ ഏറെയുണ്ട്‌. ഇവിടെയുള്ള റെയില്‍ റോഡ്‌ഷോപ്പുകളും വസ്‌ത്രനിര്‍മാണശാലകളും പ്രസിദ്ധമാണ്‌. 1860-നു മുമ്പുതന്നെ യു.എസ്സിലെ ഏറ്റവും വലിയ സ്റ്റേജ്‌ കോച്ച്‌ ഫാക്‌ടറിയും ഇവിടെയായിരുന്നു. ബലവത്തായ "കോണ്‍കോഡ്‌കോച്ചുകള്‍' കരമാര്‍ഗമുള്ള ഗതാഗതത്തിലെ ഒരു സുപ്രധാന കണ്ണിയാണ്‌. അമേരിക്കയുടെ പടിഞ്ഞാറു ഭാഗങ്ങള്‍ കൂടാതെ മെക്‌സിക്കോ, തെക്കേ അമേരിക്ക, തെക്കേ ആഫ്രിക്ക, ആസ്റ്റ്രേലിയ എന്നിവിടങ്ങളിലേക്കും ഈ കോച്ചുകള്‍ കയറ്റി അയച്ചിരുന്നു. 1815-ല്‍ നിര്‍മാണം പൂര്‍ത്തിയായ മിഡില്‍സെക്‌സ്‌ കനാല്‍ നഗരവളര്‍ച്ചയെ വളരെയധികം സഹായിച്ചിട്ടുണ്ട്‌.

1965-ല്‍ സ്ഥാപിതമായ ന്യൂംഹാംഷയര്‍ ടെക്‌നിക്കല്‍ സ്‌കൂളിന്റെ ആസ്ഥാനം കോണ്‍കോഡാണ്‌. 14-ാമത്തെ യു.എസ്‌. പ്രസിഡന്റായ ഫ്രാന്ന്‌ളിന്‍ പേഴ്‌സി 1857 മുതല്‍ കോണ്‍കോഡിലായിരുന്നു താമസം. ഈ ഭവനം നാഷണല്‍ മ്യൂസിയമായി സംരക്ഷിക്കപ്പെട്ടുപോരുന്നു. "ക്രിസ്റ്റ്യന്‍ സയന്‍സ്‌' സ്ഥാപകയായ മേരി ബേക്കര്‍ എഡ്ഡിയുടെ ജന്മസ്ഥലം ഒരു ഗ്രാനൈറ്റ്‌ പിരമിഡ്‌ കൊണ്ട്‌ സ്‌മരണീയമാക്കിയിട്ടുണ്ട്‌. ഇവയെല്ലാം സന്ദര്‍ശന പ്രാധാന്യമുള്ള കേന്ദ്രങ്ങളാണ്‌.

4. ഉത്തരകാരളൈനയുടെ മധ്യഭാഗത്തുള്ള ഒരു നഗരം. കാബരസ്‌ കൗണ്ടിയുടെ ആസ്ഥാനമാണിത്‌. ഒരു പരുത്തിത്തുണിനിര്‍മാണകേന്ദ്രമായ ഇവിടത്തെ മറ്റു പ്രധാന ഉത്‌പന്നങ്ങള്‍ ശീതളപാനീയങ്ങളും യന്ത്രാപകരണങ്ങളുമാണ്‌. 1799-ല്‍, സ്വര്‍ണത്തിന്റെ കണ്ടെത്തലോടെ വളരെക്കുറച്ചുകാലത്തേക്ക്‌ കോണ്‍കോഡ്‌ ഒരു സ്വര്‍ണഖനനകേന്ദ്രമായി മാറുകയുണ്ടായി. ജനസംഖ്യ: 79,066 (2010).

5. കോണ്‍കോഡ്‌നദി. വടക്കുകിഴക്ക്‌ മാസച്ചുസെറ്റ്‌സില്‍ കാണുന്ന ഒരു ചെറിയ നദി. 26.2 കി.മീ. നീളമുള്ള ഇത്‌ മെറിമാക്ക്‌ നദിയുടെ ഒരു പോഷകനദിയാണ്‌. ലോവെലില്‍വച്ച്‌ ഇത്‌ മെറിമാക്കുമായി ചേരുന്നു. 1775 ഏ. 19-ന്‌ അമേരിക്കന്‍ വിപ്ലവത്തിന്റെ ആദ്യത്തെ വെടിയുതിര്‍ന്നത്‌ മാസച്ചുസെറ്റ്‌സിലെ കോണ്‍കോഡില്‍ ഈ നദിക്കു കുറുകെയുള്ള ഒരു പാലത്തില്‍നിന്നായിരുന്നു. എ വീക്‌ ഓണ്‍ ദ കോണ്‍കോഡ്‌ ആന്‍ഡ്‌ മെറിമാക്‌ റിവേഴ്‌സ്‌ എന്ന തോറോയുടെ ആദ്യപുസ്‌തകം അദ്ദേഹം തന്റെ സഹോദരനുമൊത്ത്‌ ഈ നദിയില്‍ നടത്തിയ ഒരു ബോട്ടുയാത്രയുടെ വിവരണമാണ്‌.

(ജെ.കെ. അനിത; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍