This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോണ്ടിനെന്റല്‍ കോണ്‍ഗ്രസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോണ്ടിനെന്റല്‍ കോണ്‍ഗ്രസ്‌

Continental Congress

അമേരിക്കയിലെ ബ്രിട്ടീഷ്‌ കോളനികളില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ സമ്മേളനം. 1774 സെപ്‌. 5 മുതല്‍ ഒ. 26 വരെ ഒന്നാം കോണ്ടിനെന്റല്‍ കോണ്‍ഗ്രസ്സും 1775 മുതല്‍ 89 വരെ രണ്ടാം കോണ്ടിനെന്റല്‍ കോണ്‍ഗ്രസ്സും പ്രവര്‍ത്തിച്ചു. ഒന്നാം കോണ്‍ഗ്രസ്‌, കോളനികളുടെ അവകാശങ്ങളും അധികാരങ്ങളും ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ അതിലംഘിച്ചതിനെതിരെ എടുക്കാനുള്ള നടപടികളെക്കുറിച്ച്‌ ആലോചിക്കുന്നതിനായും രണ്ടാം കോണ്‍ഗ്രസ്‌, കോളനികളുടെ പരാതികള്‍ പരിഹരിക്കപ്പെടാതിരുന്ന സാഹചര്യത്തിലുമാണ്‌ സമ്മേളിച്ചത്‌.

ഒന്നാം കോണ്ടിനെന്റല്‍ കോണ്‍ഗ്രസ്‌. മാസച്യുസെറ്റ്‌സ്‌ കോളനിക്കെതിരെ ബ്രിട്ടനില്‍ നടപ്പിലാക്കിയ മര്‍ദനനടപടികള്‍ തങ്ങള്‍ക്കെതിരായും ഉപയോഗിക്കുമെന്നു ബോധ്യമായ കോളനികള്‍, ഒത്തൊരുമിച്ച്‌ അത്തരം നടപടികളെ എങ്ങനെ നേരിടാമെന്ന്‌ ആലോചിക്കാനാണ്‌ ഫിലാഡല്‍ഫിയയിലെ കാര്‍പെന്റേഴ്‌സ്‌ ഹാളില്‍ സമ്മേളിച്ചത്‌. 56 പ്രതിനിധികളാണ്‌ ഒന്നാം കോണ്‍ഗ്രസ്സില്‍ പങ്കെടുത്തത്‌. ജോര്‍ജിയ പ്രതിനിധികളെ അയച്ചില്ല.

ഒന്നാം കോണ്ടിനെന്റല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റായി വെര്‍ജീനിയയിലെ വെയ്‌ടണ്‍റാന്‍ഡോള്‍ഫും സെക്രട്ടറിയായി പെന്‍സില്‍വേനിയയിലെ ചാള്‍സ്‌തോംസണും തെരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടീഷ്‌ഭരണത്തില്‍ മാസച്യുസെറ്റ്‌സ്‌ കോളനി അനുഭവിച്ചുപോന്നിരുന്ന പീഡനത്തിനെതിരെ കൂട്ടായ നടപടികള്‍ എടുക്കണമെന്നും ബ്രിട്ടീഷ്‌ സാധനങ്ങള്‍ ഇറക്കുമതിയും കയറ്റുമതിയും ഉപയോഗവും അവസാനിപ്പിക്കണമെന്നും കോളനിവാസികളുടെ അവകാശങ്ങളും അധികാരങ്ങളും സംബന്ധിച്ച ഒരു നിവേദനം രാജാവിനു സമര്‍പ്പിക്കണമെന്നും ബ്രിട്ടനിലെയും കോളനികളിലെയും ജനങ്ങളുടെ അറിവിലേക്കായി ഒരു വിജ്ഞാനപത്രം പുറപ്പെടുവിക്കണമെന്നും സമ്മേളനം തീരുമാനമെടുത്തു. കോളനികളുടെ പരാതികള്‍ പരിഹരിക്കപ്പെടുന്നില്ലെങ്കില്‍, മേല്‍നടപടികള്‍ക്കായി 1775 മേയ്‌ 10-ന്‌ ഫിലാഡല്‍ഫിയയില്‍ വീണ്ടും സമ്മേളിക്കണമെന്നും തീരുമാനിച്ചുകൊണ്ടാണ്‌ ആദ്യസമ്മേളനം പിരിഞ്ഞത്‌.

രണ്ടാം കോണ്ടിനെന്റല്‍ കോണ്‍ഗ്രസ്‌. കോളനികളുടെ പരാതികള്‍ പരിഹരിക്കാന്‍ ബ്രിട്ടന്‍ യാതൊരു നടപടിയും എടുത്തില്ലെന്നു മാത്രമല്ല, ലെക്‌സിങ്‌ടണിലും കോണ്‍കോര്‍ഡിലും സൈന്യത്തെ നിലനിര്‍ത്തുകയും ചെയ്‌തു. ഈ പരിതഃസ്ഥിതിയിലാണ്‌ രണ്ടാം കോണ്ടിനെന്റല്‍ കോണ്‍ഗ്രസ്‌ സമ്മേളിച്ചത്‌. ബ്രിട്ടീഷ്‌ നിയമങ്ങള്‍ക്കെതിരായി സായുധകലാപം സംഘടിപ്പിക്കേണ്ടി വരുമെന്നു മനസ്സിലാക്കിയ കോളനികള്‍, മാസച്യുസെറ്റ്‌സിനുവേണ്ട സഹായങ്ങള്‍ നല്‌കാന്‍ തീരുമാനിക്കുകയും കോളനി സൈന്യങ്ങളുടെ നിയന്ത്രണം കോണ്‍ഗ്രസ്‌ ഏറ്റെടുത്തുകൊണ്ട്‌ ജോര്‍ജ്‌ വാഷിങ്‌ടണിനെ സര്‍വസൈന്യാധിപനായി നിയമിക്കുകയും ചെയ്‌തു. വ്യക്തമായ അധികാരമില്ലാതിരുന്നിട്ടുകൂടി അടുത്ത ആറുവര്‍ഷത്തേക്ക്‌ കോളനികളുടെ സംയുക്തശബ്‌ദമായും കോണ്‍ഗ്രസ്‌ പ്രവര്‍ത്തിച്ചു. ഇതിനിടയില്‍ കോളനികള്‍ ബ്രിട്ടനുമായി യുദ്ധം തുടങ്ങിക്കഴിഞ്ഞിരുന്നു. ടികൊണ്ടാറാഗോവിലും ബന്നര്‍ഹില്ലിലും നടന്ന യുദ്ധങ്ങള്‍ സ്വരക്ഷയ്‌ക്കുവേണ്ടി ഒന്നിച്ചു സായുധസമരം നടത്താന്‍ കോളനികളെ നിര്‍ബന്ധിതമാക്കി. സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ പല കോളനികളും വിമുഖത കാട്ടിയെങ്കിലും, പഴയ അടിമത്വത്തിലേക്ക്‌ തിരിച്ചുപോവാന്‍ ഇഷ്‌ടപ്പെട്ടില്ല. 1775 സെപ്‌. 5-ന്‌ കൂടാനായി കോണ്‍ഗ്രസ്‌ ജൂല. 29-ന്‌ പിരിഞ്ഞു. 1776 മാ. 17-ന്‌ ബ്രിട്ടീഷ്‌ സൈന്യം ബോസ്റ്റണ്‍ കൈയൊഴിഞ്ഞു. ഇതോടെ യുദ്ധംകൊണ്ടല്ലാതെ തങ്ങളുടെ സ്വാതന്ത്ര്യം പരിരക്ഷിക്കാന്‍ കഴിയുകയില്ലെന്നു കോളനികള്‍ക്ക്‌ ബോധ്യമായി.

കോളനികളുടെ സ്വാതന്ത്ര്യത്തിലേക്കു പൊതുജനശ്രദ്ധ തിരിയാന്‍ തുടങ്ങിയതിന്റെ ഫലമായി 1776 ജൂല. 2-ന്‌ സംയുക്ത കോളനികള്‍ വിദേശാധികാരത്തിനു വിധേയമല്ലാത്തതും സ്വതന്ത്രവും ആയ രാഷ്‌ട്രങ്ങളാണെന്നു പ്രഖ്യാപിക്കുന്ന പ്രമേയം പാസാക്കി. ദീര്‍ഘമായ ചര്‍ച്ചകള്‍ക്കുശേഷം 1777 ന. 15-ന്‌ സംയോജനവ്യവസ്ഥകള്‍ അംഗീകരിക്കപ്പെട്ടു. എന്നാല്‍ ഈ വ്യവസ്ഥകള്‍ 13-ാമത്തെ കോളനിയും അംഗീകരിച്ചു സ്ഥിരപ്പെടുത്തിയത്‌ 1781 മാ. 1-ന്‌ മാത്രമാണ്‌.

1776 ഡിസംബര്‍ മധ്യത്തില്‍ ബ്രിട്ടീഷ്‌ സേനകളുടെ നീക്കംമൂലം കോണ്‍ഗ്രസ്സിന്റെ ഫിലാഡല്‍ഫിയാകേന്ദ്രം ഉപേക്ഷിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. 1778 ജൂണ്‍ അവസാനത്തില്‍ മാത്രമേ അവര്‍ക്ക്‌ ഇവിടേയ്‌ക്കു തിരിച്ചുവരാന്‍ സാധിച്ചുള്ളൂ. 1789 മാ. 4-ന്‌ ഫെഡറല്‍ ഭരണഘടനപ്രകാരമുള്ള ഗവണ്‍മെന്റ്‌ രൂപവത്‌കരിക്കുന്നതുവരെയാണ്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുപോന്നത്‌.

(ഡോ. എ.പി. ഇബ്രാഹിംകുഞ്ഞ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍