This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോഡ്‌ നെപ്പോളിയന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോഡ്‌ നെപ്പോളിയന്‍

Code Napoleon

കോഡ്‌ നെപ്പോളിയന്‍ നിയമസംഹിത - പുറംചട്ട

ഫ്രഞ്ച്‌ സിവില്‍ നിയമസംഹിത. ആധുനിക രീതിയില്‍ ക്രോഡീകരിക്കപ്പെട്ട ആദ്യത്തെ നിയമസംഹിതയാണിത്‌. ഫ്രഞ്ച്‌ ചക്രവര്‍ത്തിയായ നെപ്പോളിയന്‍ ബോണപ്പാര്‍ട്ടാണ്‌ (1769-1821) 1804 മാ. 21-ന്‌ കോഡ്‌ നെപ്പോളിയന്‌ രൂപം നല്‍കിയത്‌. രാജഭരണകാലത്ത്‌ പ്രാദേശിക ആചാരങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നിയമസംഹിതയാണ്‌ ഫ്രാന്‍സില്‍ നിലവിലുണ്ടായിരുന്നത്‌. ഒരു രാഷ്‌ട്രത്തിന്റെ മൊത്തത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്താന്‍ ഇവ പര്യാപ്‌തമായിരുന്നില്ല. ഈ നിയമങ്ങള്‍ അസാധുവാക്കിക്കൊണ്ടാണ്‌ തത്‌സ്ഥാനത്ത്‌ കോഡ്‌ നെപ്പോളിയന്‍ പ്രാബല്യത്തില്‍ വന്നത്‌. യുക്തിസഹമായ രീതിയില്‍ സംജ്ഞകള്‍ക്കു കൃത്യതയും സൂക്ഷ്‌മതയും നല്‍കി തയ്യാറാക്കപ്പെട്ടതാണ്‌ "കോഡ്‌ നെപ്പോളിയന്‍'.

1790-ലെ കോണ്‍സ്റ്റിറ്റ്യുവന്റ്‌ അസംബ്ലിയും 1793-94 വര്‍ഷങ്ങളിലെ കണ്‍വെന്‍ഷനുകളും 1796-ലെ ഡയറക്‌ടറിയും ഫ്രാന്‍സില്‍ ഒരു ഏകീകൃത സിവില്‍സംഹിത വാഗ്‌ദാനം ചെയ്‌തിരുന്നുവെങ്കിലും ഫ്രഞ്ച്‌ വിപ്ലവത്തിനു(1787-1799) ശേഷം 1800-ല്‍ നെപ്പോളിയന്‍, പ്രഥമ കോണ്‍സല്‍ ആയതോടെയാണ്‌ സിവില്‍ കോഡ്‌ ക്രോഡീകരണ ശ്രമങ്ങള്‍ ഊര്‍ജിതമായത്‌.

2281 വകുപ്പുകളാണ്‌ കോഡ്‌ നെപ്പോളിയനില്‍ അടങ്ങിയിരിക്കുന്നത്‌. ആമുഖമായുള്ള 7 വകുപ്പുകള്‍ക്കുശേഷം കോഡിനെ നാലായി തിരിച്ചിരിക്കുന്നു. ആദ്യത്തെ ഭാഗം വ്യക്തികളെ സംബന്ധിച്ചും രണ്ടാമത്തേത്‌ സ്വത്തിനെ സംബന്ധിച്ചും മൂന്നാമത്തേത്‌ സ്വത്ത്‌ സ്വായത്തമാക്കുന്നതിനെക്കുറിച്ചും അവസാനത്തേത്‌ നിയമസംവിധാനത്തെക്കുറിച്ചുമാണ്‌ പ്രതിപാദിച്ചിട്ടുള്ളത്‌.

ഫ്രഞ്ച്‌ സിവില്‍ കോഡിന്‌, കോഡ്‌ നെപ്പോളിയനില്‍ നിന്ന്‌ ഗണ്യമായ വ്യത്യാസമില്ല. ആംഗ്ലോ അമേരിക്കന്‍ ലോകത്തിനു പുറത്തുള്ള ഏകദേശം 20-ഓളം രാഷ്‌ട്രങ്ങള്‍ കോഡ്‌ നെപ്പോളിയനെ ആധാരമാക്കിയാണ്‌ നിയമസംഹിതകള്‍ തയ്യാറാക്കിയിട്ടുള്ളത്‌. ഇറ്റലി, ജപ്പാന്‍, ഈജിപ്‌ത്‌, ബെല്‍ജിയം എന്നീ രാഷ്‌ട്രങ്ങളിലെ നിയമസംഹിതകള്‍ ഇതിനുദാഹരണങ്ങളാണ്‌. എന്നാല്‍ ഫ്രഞ്ച്‌ കോഡിനെ ആധാരമാക്കി രൂപംകൊണ്ട ജര്‍മന്‍ സിവില്‍ കോഡും (1905) സ്വിസ്‌ സിവില്‍ കോഡും (1912) പ്രാബല്യത്തില്‍ വന്നതോടെ കോഡ്‌ നെപ്പോളിയന്റെ സ്വാധീനം ക്രമേണ കുറഞ്ഞുവന്നിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍