This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോഡ്‌വെല്‍, ക്രിസ്റ്റഫര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോഡ്‌വെല്‍, ക്രിസ്റ്റഫര്‍

Caudwell, Christopher (1907 - 37)

ക്രിസ്റ്റഫര്‍ കോഡ്‌വെല്‍

ഇംഗ്ലീഷ്‌ നിരൂപകനും നോവലിസ്റ്റും കവിയും ശാസ്‌ത്രസാഹിത്യകാരനും. ക്രിസ്റ്റഫര്‍ സെന്റ്‌ ജോണ്‍ സ്‌പ്രിഗ്‌ എന്നാണ്‌ ഇദ്ദേഹത്തിന്റെ യഥാര്‍ഥനാമധേയം. 1907 ഒ. 20-ന്‌ ലണ്ടനിലെ പട്‌നിയില്‍ ജനിച്ച ഇദ്ദേഹം ഈലിങ്ങിലെ ബെനഡിക്‌റ്റൈന്‍ സ്‌കൂളില്‍ വിദ്യാര്‍ഥിയായിരിക്കെ 16-ാം വയസ്സില്‍ പഠനം അവസാനിപ്പിച്ചു. യോര്‍ക്‌ഷെയര്‍ ഒബ്‌സെര്‍വര്‍ എന്ന പത്രത്തില്‍ വാര്‍ത്താലേഖകനായി മൂന്നു കൊല്ലം ജോലി നോക്കിയശേഷം ലണ്ടനില്‍ വിമാനശാസ്‌ത്രം സംബന്ധിച്ച പ്രസിദ്ധീകരണക്കമ്പനിയില്‍ ചേര്‍ന്നു. പ്രസാധകന്‍, ഡയറക്‌ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം വിമാനശാസ്‌ത്രത്തെക്കുറിച്ച്‌ അഞ്ച്‌ പാഠപുസ്‌തകങ്ങളുടെ രചന നിര്‍വഹിക്കുകയും മികച്ച ഒരു ഗിയര്‍സംവിധാനം കണ്ടുപിടിക്കുകയും ചെയ്‌തു.

1934-ല്‍ കോണ്‍വാളില്‍ താമസിക്കുന്ന കാലത്ത്‌ മാര്‍ക്‌സ്‌, എംഗല്‍സ്‌, ലെനിന്‍ എന്നിവരുടെ കൃതികള്‍ വായിച്ച ഇദ്ദേഹം ലണ്ടനില്‍ മടങ്ങിയെത്തി ഇല്യൂഷന്‍ ആന്‍ഡ്‌ റിയാലിറ്റി (മിഥ്യയും യാഥാര്‍ഥ്യവും) എന്ന ഗ്രന്ഥം രചിച്ചു. തുടര്‍ന്ന്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ അംഗമായി. "ജനകീയമുന്നണി'യുടെ പ്രവര്‍ത്തനം നേരിട്ടു മനസ്സിലാക്കാന്‍ പാരിസ്‌ സന്ദര്‍ശിച്ച കോഡ്‌വെല്‍ പ്രസ്‌തുത അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ തന്റെ ആദ്യഗ്രന്ഥം തിരുത്തിയെഴുതി. സ്റ്റഡീസ്‌ ഇന്‍ എ ഡൈയിങ്‌ കള്‍ച്ചര്‍ (Studies in a dying culture-ജീര്‍ണ സംസ്‌കാര പഠനങ്ങള്‍) എന്ന ജേര്‍ണലിന്റെ പ്രസിദ്ധീകരണം, ഭൗതികശാസ്‌ത്രം സംബന്ധിച്ച ലേഖനങ്ങളുടെ രചന, ഡെയ്‌ലിവര്‍ക്കര്‍ എന്ന കമ്യൂണിസ്റ്റു പത്രത്തിന്റെ വില്‍പ്പന, രാഷ്‌ട്രീയ പ്രസംഗങ്ങള്‍ എന്നിവയുമായി കഴിയുന്ന കാലത്താണ്‌ സ്‌പെയിനില്‍ ആഭ്യന്തരയുദ്ധത്തിന്‌ തുടക്കം കുറിച്ചത്‌. ജനാധിപത്യ സര്‍ക്കാരിനെ പിന്‍താങ്ങുകയും ഫാസിസ്റ്റുകളെ എതിര്‍ക്കുകയും ചെയ്യുന്നതില്‍ കോഡ്‌വെല്‍ അംഗമായുള്ള പോപ്ലാര്‍ കമ്യൂണിസ്റ്റുശാഖ വമ്പിച്ച ഒരുക്കുകൂട്ടലുകള്‍ നടത്തി. പാര്‍ട്ടി വിലയ്‌ക്കു വാങ്ങിയ ഒരു ആംബുലന്‍സ്‌ ഫ്രാന്‍സിന്‌ കുറുകെ ഓടിച്ചു പോയി സ്‌പെയിനിലെ സര്‍ക്കാരിന്‌ ഏല്‍പ്പിച്ചുകൊടുത്ത അതിസാഹസികകൃത്യം നിര്‍വഹിച്ചത്‌ കോഡ്‌വെല്ലാണ്‌. തുടര്‍ന്ന്‌ അന്തര്‍ദേശീയ പട്ടാളത്തില്‍ ചേര്‍ന്ന്‌ യുദ്ധത്തില്‍ പങ്കെടുക്കുകയും യന്ത്രത്തോക്ക്‌ ഉപയോഗിക്കുന്നതില്‍ മറ്റുള്ളവര്‍ക്കു പരിശീലനം നല്‍കുകയും ചെയ്‌തു.

അഞ്ച്‌ ശാസ്‌ത്രസാങ്കേതിക ഗ്രന്ഥങ്ങളും ഏഴ്‌ അപസര്‍പ്പക നോവലുകളും ഏതാനും കവിതകളും ചെറുകഥകളും നിരൂപണ ഗ്രന്ഥങ്ങളുമാണ്‌ കോഡ്‌വെല്ലിന്റെ കൃതികള്‍. ഇതില്‍ ശാസ്‌ത്രഗ്രന്ഥങ്ങളും നോവലുകളും മാത്രമേ ജീവിതകാലത്ത്‌ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. മറ്റുള്ളവ ഇദ്ദേഹത്തിന്റെ മരണാനന്തരമാണ്‌ പ്രസിദ്ധീകരിക്കപ്പെട്ടത്‌.

കോഡിന്റെ ശാസ്‌ത്ര വ്യാഖ്യാന ഗ്രന്ഥത്തെ ജെ.ബി.എസ്‌. ഹാള്‍ഡെയ്‌ന്‍ പ്രശംസിച്ചിട്ടുണ്ട്‌. യഥാതഥാവാദം, കാല്‌പനികമായ ആക്ഷേപഹാസ്യം, നര്‍മബോധം എന്നിവ കോഡ്‌വെല്‍ കവിതകളില്‍ നിറഞ്ഞുനില്‍ക്കുന്നു. നിരൂപണഗ്രന്ഥങ്ങളുടെ രചനയിലൂടെയാണ്‌ കോഡ്‌വെല്‍ പ്രശസ്‌തി നേടിയത്‌. താത്വിക പ്രാധാന്യമുള്ള ഇദ്ദേഹത്തിന്റെ കൃതികള്‍ മിഥ്യയും യാഥാര്‍ഥ്യവുമാണെന്നു പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. മറ്റു പഠനങ്ങളുടെ അടിസ്ഥാനം ഈ കൃതികളില്‍ കാണാം. ചരിത്രപരമായ ഭൗതികവാദത്തിന്റെ കാഴ്‌ചപ്പാടിലാണ്‌ കോഡ്‌വെല്‍ ആംഗല കാവ്യചരിത്രത്തെ അപഗ്രഥിക്കുന്നത്‌. യാന്ത്രിക ഭൗതികവാദത്തെയും കേവലാശയവാദത്തെയും നിരാകരിക്കുന്ന ഇദ്ദേഹം, മാര്‍ക്‌സിസത്തിന്റെ സാമ്പത്തിക ദര്‍ശനം കേന്ദ്രമാക്കിക്കൊണ്ട്‌ കവിതയിലെ വൈകാരികാംശത്തെ സമീപിക്കുന്നു. താളാത്മകത, വിവര്‍ത്തനത്തിനു വഴങ്ങാത്ത സ്വഭാവം, യുക്ത്യതീതത്വം, പദസംഘാതരൂപം, മൂര്‍ത്തത, സൂക്ഷ്‌മസംവേദകത്വം എന്നിവയാണ്‌ ഈ കവിതകളുടെ സവിശേഷത.

യുദ്ധരംഗത്തുവച്ചു മൂര്‍യോദ്ധാക്കളുമായി ഏറ്റുമുട്ടുകയും ജറാമയില്‍ ഏതാണ്ടു മുപ്പതുവാര അകലെനിന്നു ശത്രുസംഘത്തെ നേരിടുകയും ചെയ്‌ത ഇദ്ദേഹം 29-ാമത്തെ വയസ്സില്‍ 1937 ഫെ. 12-ന്‌ കൊല്ലപ്പെട്ടു. നോ. ഇല്യൂഷന്‍ ആന്‍ഡ്‌ റിയാലിറ്റി

(ഡോ. കെ. അയ്യപ്പപ്പണിക്കര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍