This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോഡക്‌സ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോഡക്‌സ്‌

Codex

പുസ്‌തകരൂപത്തിലുള്ള പ്രാചീന കൈയെഴുത്തുപ്രതി

പുസ്‌തകരൂപത്തിലുള്ള പ്രാചീന കൈയെഴുത്തുപ്രതി. കടലാസിന്റെ ആവിര്‍ഭാവത്തിനുമുമ്പ്‌ മെഴുകുപുരട്ടിയ മരത്തോലുകളാണ്‌ എഴുതാനായി ഉപയോഗിച്ചിരുന്നത്‌. ഇപ്രകാരം എഴുതപ്പെട്ട മരത്തോലുകള്‍ കോര്‍ത്തിണക്കിയ പുസ്‌തകമാണ്‌ "കോഡക്‌സ്‌'. പില്‌ക്കാലത്ത്‌ കടലാസിന്റെ ഉപയോഗം സാര്‍വത്രികമായതോടെ കൂടുതല്‍ വലുപ്പമുള്ള പുസ്‌തകങ്ങള്‍ക്കും കോഡക്‌സ്‌ എന്നു പേരുലഭിച്ചു. പ്രശസ്‌തരായ കവികളുടെയും ചരിത്രകാരന്മാരുടെയും താളിയോലഗ്രന്ഥങ്ങള്‍ "കോഡിസസ്‌ മാനുസ്‌ക്രിപ്‌റ്റി' (Codices Manuscripti) എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. നിയമസംഹിതകളുടെ സമാഹാരവും കോഡക്‌സ്‌ ഇനത്തില്‍പ്പെട്ടിരുന്നു. "കോഡക്‌സ്‌ ഗ്രിഗോറിയാനസ്‌', "കോഡക്‌സ്‌ തിയോഡോസിയാനസ്‌', "കോഡക്‌സ്‌ കരോലിനസ്‌' തുടങ്ങിയവ അക്കാലത്തു നാടുവാണിരുന്ന ഭരണാധികാരികളുടെ പേരുകളുമായി ബന്ധപ്പെട്ടവയാണ്‌.

സൗകര്യപ്രദമായ ഒരു എഴുത്തുപാധിയായിരുന്നു കോഡക്‌സ്‌. ഇരുവശവും എഴുതാനാകുമെന്നതും കോഡക്‌സിന്റെ സവിശേഷതയാണ്‌. ഒതുക്കമുള്ളതുകൊണ്ടുവലിയ ഗ്രന്ഥങ്ങള്‍പോലും കോഡക്‌സില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുമായിരുന്നു.

ബി.സി. രണ്ടാം ശതകത്തിലാണ്‌ കോഡക്‌സ്‌ ആദ്യമായി നിര്‍മിക്കപ്പെട്ടത്‌. ക്രിസ്‌തുമതത്തിന്റെ വളര്‍ച്ച, ബൃഹത്തായ പുസ്‌തകങ്ങള്‍ ആവശ്യമാക്കിയതോടെ കോഡക്‌സിനു പ്രാധാന്യം കൈവന്നു. ഏറ്റവും പുരാതനമായ ഗ്രീക്ക്‌ കോഡക്‌സ്‌ നാലാം ശതകത്തിലെ കോഡക്‌സ്‌ സിനായാറ്റിക്കസ്‌ എന്ന ബൈബിളിന്റെ കൈയെഴുത്തു പ്രതിയാണ്‌. 1933-ല്‍ ബ്രിട്ടീഷുകാര്‍ പ്രസ്‌തുത കോഡക്‌സ്‌ റഷ്യന്‍ ഗവണ്‍മെന്റില്‍നിന്ന്‌ ഒരു ലക്ഷം പൗണ്ടിനു വിലയ്‌ക്കു വാങ്ങുകയും ബ്രിട്ടീഷ്‌ മ്യൂസിയത്തിലെ പ്രദര്‍ശനശേഖരത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തു. റോമിലെ വത്തിക്കാന്‍ (Vatican), പാരിസിലെ എഫ്രം (Ephraem), ബ്രിട്ടീഷ്‌ മ്യൂസിയത്തിലെ അലക്‌സാണ്ടറിന്‍, കേംബ്രിജിലെ ബേസ മുതലായ ക്രൈസ്‌തവ വേദഗ്രന്ഥങ്ങള്‍ കോഡക്‌സിലാണ്‌ രചിക്കപ്പെട്ടിട്ടുള്ളത്‌. സുവര്‍ണലിപികളില്‍ രചിക്കപ്പെട്ട ഏക കോഡക്‌സ്‌, ആറാം ശതകത്തിലെ "ആര്‍ജന്റ്യൂസ്‌' എന്ന ഗോഥിക്‌ കൈയെഴുത്തു പ്രതിയാണ്‌.

എ.ഡി. 1000-ത്തിനുശേഷം മെക്‌സിക്കോയിലെ ആസ്‌ടെക്‌ (Aztec) വംശജര്‍ കോഡക്‌സ്‌ നിര്‍മിച്ചു തുടങ്ങി. ലിഖിതങ്ങളെക്കാള്‍ അവയില്‍ ഏറിയപന്നും ചിത്രങ്ങളായിരുന്നു. ജ്യോതിഷ പ്രവചനങ്ങള്‍, രാജകീയ ചരിത്രം, ഭരണനിര്‍വഹണ വിവരങ്ങള്‍ തുടങ്ങിയവയായിരുന്നു ഇക്കാലത്ത്‌ കോഡക്‌സിലെ പ്രതിപാദ്യവിഷയങ്ങള്‍. എ.ഡി. 1350-നു മുമ്പു രചിക്കപ്പെട്ട വിയന്നാകോഡക്‌സ്‌, കോഡക്‌സ്‌ കൊളംബിനോ. കോഡ്‌ക്‌സ്‌ ഫെജര്‍വാരി-മെയര്‍ എന്നിവ ആസ്‌ടെക്‌ കോഡക്‌സുകളാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍