This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോട്ടണ്‍, സര്‍ ആര്‍തര്‍ തോമസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോട്ടണ്‍, സര്‍ ആര്‍തര്‍ തോമസ്‌

Cotton, Sir Arthur Thomas (1803 - 99)

സര്‍ ആര്‍തര്‍ തോമസ് കോട്ടന്‍

ബ്രിട്ടീഷ്‌ ജനറലും എന്‍ജിനീയറും. 1803 മേയ്‌ 15-ന്‌ ഓക്‌സ്‌ഫഡില്‍ ജനിച്ചു. 1824 മുതല്‍ 26 വരെ നടന്ന ഒന്നാം ആംഗ്ലോ-ബര്‍മീസ്‌ യുദ്ധത്തില്‍ എന്‍ജിനീയറിങ്‌ വിഭാഗത്തില്‍ സേവനമനുഷ്‌ഠിച്ച കോട്ടണ്‍, 1828 മുതല്‍ ജോലിയില്‍ നിന്നു വിരമിക്കുന്നതുവരെ (1860) ദക്ഷിണേന്ത്യന്‍ ജലസേചനപദ്ധതികളില്‍ എന്‍ജീനിയറായിരുന്നു. കാവേരി, ഗോദാവരി, കൃഷ്‌ണ എന്നീ നദീതടപദ്ധതികളുടെ നിര്‍മാണം, തഞ്ചാവൂര്‍, തൃശിനാപ്പള്ളി, ആര്‍ക്കോട്ട്‌ ജില്ലകളിലെ കൃഷിക്കുപയുക്തമായ അണക്കെട്ടുകളുടെ നിര്‍മാണം (1836-38), ഗോദാവരി നദീതടപദ്ധതിയുടെ നിര്‍മാണം (1847-52), കൃഷ്‌ണാനദീതടപദ്ധതിയില്‍പ്പെട്ട അണക്കെട്ടുകളുടെ നിര്‍മാണം എന്നീ രംഗങ്ങളിലാണ്‌ കോട്ടണ്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നത്‌. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ജലസേചനപദ്ധതികളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതോടെ, തഞ്ചാവൂര്‍ തമിഴ്‌നാട്ടിലെ ഏറ്റവും കൃഷിയോഗ്യവും സമ്പന്നവുമായ ജില്ലയായി മാറി. സ്‌കൂള്‍ ഒഫ്‌ ഇന്ത്യന്‍ ഹൈഡ്രാളിക്‌ എന്‍ജിനീയറിങ്‌ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകന്‍ കോട്ടനാണ്‌. മദിരാശി സര്‍ക്കാരിന്റെ എതിര്‍പ്പുകളെ നേരിട്ടുകൊണ്ടാണ്‌ ഇദ്ദേഹം പല പദ്ധതികളും പ്രാവര്‍ത്തികമാക്കിയത്‌. ഇദ്ദേഹത്തിന്റെ വിശിഷ്‌ട സേവനങ്ങളെ പരിഗണിച്ച്‌ ഇന്ത്യാഗവണ്‍മെന്റ്‌ കെ.സി.എസ്‌.ഐ. (Knight Commandor of Supreme India) ബഹുമതി നല്‌കി ആദരിച്ചിട്ടുണ്ട്‌ (1877). 1899 ജൂല. 24-ന്‌ സറേയിലെ ഡോര്‍ക്കിങ്‌ഗില്‍ കോട്ടണ്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍