This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോങ്ഗോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോങ്ഗോ

Kongo

ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് ദ് കോങ്ഗോ (സെയ്ര്‍)യില്‍ അധിവസിക്കുന്ന ഒരു ജനവിഭാഗം. ആഫ്രിക്കന്‍ കോങ്ഗോയിലും അംഗോളയിലും ഈ വംശത്തില്‍പ്പെട്ട ചിലര്‍ നിവസിക്കുന്നുണ്ട്. ഇവരുടെ സംഖ്യ 30 ലക്ഷത്തില്‍പ്പരമാണെന്നു കണക്കാക്കപ്പെടുന്നു. മധ്യ-ആഫ്രിക്കയില്‍ സുശക്തമായ ഒരു സ്വാധീനമേഖല ഇവര്‍ക്കുണ്ടായിരുന്നു. 1300-ല്‍ കോങ്ഗോ (Congo) നദീതീരത്ത് ഇവര്‍ കോങ്ഗോ (Congo) സംസ്ഥാനം സ്ഥാപിച്ചു. 16-ാം ശതകത്തില്‍ ലോങ്ഗോ (Loango), നഗോയോ (Nagyo), കകോങ്ഗോ (Kakongo) എന്നീ സംസ്ഥാനങ്ങളും രൂപവത്കൃതങ്ങളായി. 'മനികോങ്ഗോ' (Mani Congo) എന്ന സ്ഥാനപ്പേരുള്ള രാജാവായിരുന്നു കോങ്ഗോകളുടെ പരമാധികാരിയായ ഭരണാധികാരി.

ഒരു കോങ്ഗോ കുടുംബം

പതിനാറാം ശതകത്തില്‍ പോര്‍ച്ചുഗീസ് മിഷനറിമാര്‍ ഇവിടെ പള്ളികളും വിദ്യാലയങ്ങളും സ്ഥാപിച്ചു. 1506 മുതല്‍ 1543 വരെ ഭരണാധികാരി(മനി കോങ്ഗോ)യായിരുന്ന അഫോണ്‍സോ I (Afonso I) ക്രിസ്തുമതം സ്വീകരിച്ചു. പോര്‍ച്ചുഗീസുകാര്‍ അടിമക്കച്ചവടം പ്രോത്സാഹിപ്പിച്ചതോടെ ഇവര്‍ക്കിടയില്‍ ആഭ്യന്തരകലഹം പൊട്ടിപ്പുറപ്പെട്ടു. 17-ാം ശതകത്തിന്റെ മധ്യഘട്ടമായപ്പോള്‍ കോങ്ഗോ ഭരണകൂടം തീരെ ദുര്‍ബലമായി. പോര്‍ച്ചുഗീസുകാര്‍ രംഗം വിട്ടതോടെ സെയ്ര്‍ നദിക്കപ്പുറമുള്ള പ്രദേശങ്ങളിലേക്ക് വന്‍തോതില്‍ കോങ്ഗോ കുടിയേറ്റം ഉണ്ടായി. സെയ്ര്‍ നദിയുടെ വടക്കന്‍ തീരപ്രദേശമാണ് ഇപ്പോള്‍ ഇവരുടെ താവളം.

കൃഷിയാണ് ഇവരുടെ പ്രധാനമായ ഉപജീവനമാര്‍ഗം; പരമ്പരാഗത ഭക്ഷ്യവിളകള്‍ വാഴ, എണ്ണപ്പന, മധുരക്കിഴങ്ങ്, ചോളം എന്നിവയും, കയറ്റുമതിയെ ലക്ഷ്യമാക്കി കാപ്പി, കൊക്കോ തുടങ്ങിയ നാണ്യവിളകളും ഉത്പാദിപ്പിക്കപ്പെടുന്നു. സുവ്യസ്ഥിതമായ ഒരു വാണിജ്യനയവും ഇവര്‍ അനുവര്‍ത്തിച്ചുവരുന്നുണ്ട്.

സെയ്ര്‍ നദീതീരത്തെ കോങ്ഗോ അധിവാസകേന്ദ്രം

സാമ്പത്തികവികസനത്തില്‍ കോങ്ഗോകള്‍ ഒട്ടുംതന്നെ പിന്നിലല്ല. ഇവരില്‍ ചിലര്‍ വിദൂരരാജ്യങ്ങളില്‍പ്പോലും പണിയെടുക്കുന്നു. സെയ്റിന്റെ ദേശീയതാത്പര്യം സംരക്ഷിക്കുന്നതോടൊപ്പം അംഗോളയുടെ വിമോചനപ്രസ്ഥാനത്തിലും ഇവര്‍ സജീവമായ പങ്കാളിത്തം വഹിക്കുന്നുണ്ട്. ആധുനിക ചികിത്സാസൌകര്യങ്ങളുള്ള ഗവണ്‍മെന്റ് ആശുപത്രികളും മെച്ചപ്പെട്ട പഠനസൗകര്യങ്ങളുള്ള വിദ്യാലയങ്ങളും ഇന്ന് ഇവര്‍ക്ക് ലഭ്യമായിട്ടുണ്ട്. സാക്ഷരതയിലും മുമ്പന്തിയില്‍ നില്ക്കുന്ന കോങ്ഗോകളാണ് ആഫ്രിക്കന്‍ ഭാഷയില്‍ ഇദംപ്രഥമമായി ഒരു മാസിക പ്രസിദ്ധീകരിച്ചത്. ബെല്‍ജിയന്‍ സാമ്രാജ്യത്വത്തിനെതിരായി പോരാടുന്നതിനു വേണ്ടി 'കിംബാന്‍ ഗൂയിസം' (Kimban Guism) എന്ന ഒരു കോങ്ഗോ സംഘടന തന്നെ രൂപീകരിക്കുകയുണ്ടായി. 1950-നുശേഷം രാഷ്ട്രീയസാംസ്കാരിക പ്രസ്ഥാനമായ 'അസോസിയേഷന്‍ ദെ ബകോങ്ഗോ-അബാകൊ' (Association Des Bakongo-Abako) സ്വാതന്ത്ര്യം കൈവരിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചിട്ടുണ്ട്.

മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്ന കോങ്ഗോകള്‍

ഒരു കേന്ദ്രീകൃതഭരണസമ്പ്രദായത്തെ ഇവര്‍ അനുകൂലിക്കുന്നില്ല. പൊതുതാത്പര്യങ്ങള്‍ക്കു മുന്‍തൂക്കം കല്പിക്കുന്ന സംയ്കുതരാഷ്ട്രമാണ് ഇവര്‍ വിഭാവനം ചെയ്യുന്നത്. ഗ്രാമവാസികളായ ഇവര്‍ സാമൂഹികജീവിതം കാംക്ഷിക്കുന്നു. മുന്നൂറിലധികം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കൊച്ചു കൊച്ചു ഗ്രാമങ്ങളാണ് ഇവരുടേത്. ഇഷ്ടികകൊണ്ടു നിര്‍മിച്ച ഭവനങ്ങള്‍ സമകോണാകൃതിയിലുള്ളതും പനയോലയോ നാകത്തകിടോ മേഞ്ഞ മേല്‍ക്കൂരയോടുകൂടിയതുമാണ്. ക്രിസ്തുമവും പരമ്പരാഗത മതാചാരങ്ങളും സമന്വയിപ്പിച്ച ഇവരുടെ മതവിശ്വാസം പിതൃക്കളുടെ ആരാധനയില്‍ അധിഷ്ഠിതമാണ്. നിയമനിര്‍മാണവും ന്യായവിധികളും പരമ്പരാഗതമാണെങ്കിലും ആധുനികത വരുത്തിത്തീര്‍ത്ത മാറ്റങ്ങള്‍ക്ക് ഇവയില്‍ കുറെയൊക്കെ സ്വാധീനത ചെലുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ആധുനികതയെ ഏറെക്കുറെ സ്വീകരിക്കുകയും സ്വാംശീകരിക്കുകയും ചെയ്യാനുത്സുകാരായ ഇവര്‍ തങ്ങളുടെ പരമ്പരാഗതമായ ഗിരിവര്‍ഗ സംസ്കാരത്തെ നിലനിര്‍ത്തുന്നതിലും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. സാമൂഹികമായും രാഷ്ട്രീയമായും അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ജനസമൂഹമാണ് കോങ്ഗോകള്‍.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8B%E0%B4%99%E0%B5%8D%E0%B4%97%E0%B5%8B" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍