This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോക് ക്രോഫ്റ്റ്, സര്‍ ജോണ്‍ ഡഗ്ലസ് (1897 - 1967)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോക് ക്രോഫ്റ്റ്, സര്‍ ജോണ്‍ ഡഗ്ലസ് (1897 - 1967)

Cockcroft, Sir Jhon Douglas

നോബല്‍ സമ്മാനം നേടിയ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞന്‍. ന്യൂക്ലിയര്‍ ഭൗതികശാസ്ത്രമാണ് ഇദ്ദേഹത്തിന്റെ പഠനമേഖല. 1951-ല്‍ ഇ.റ്റി.എസ്. വാള്‍ട്ടണുമൊത്ത് ഭൗതികശാസ്ത്രത്തില്‍ നോബല്‍ സമ്മാനം പങ്കിട്ടു. ഒരു തുണിമില്‍ ഉടമയുടെ മകനായി 1897 മേയ് 27-നു ഇംഗ്ലണ്ടിലെ ടോഡ്മോര്‍ഡനില്‍ ജനിച്ചു. മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ ഗണിതശാസ്ത്രപഠനത്തിനുശേഷം ഒന്നാംലോകയുദ്ധകാലത്ത് 1915 മുതല്‍ മൂന്നു വര്‍ഷക്കാലം സൈനികസേവനം നടത്തി. യുദ്ധാനന്തരം സമാധാനം പുനഃസ്ഥാപിക്കപ്പെട്ടതോടെ സൈന്യസേവനത്തില്‍നിന്നും വിരമിച്ച് അധ്യയനം തുടര്‍ന്ന ഇദ്ദേഹം ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ എം.എസ്സി. ബിരുദവും കേംബ്രിജ് സര്‍വകലാശാലയിലെ സെന്റ് ജോണ്‍സ് കോളജില്‍ പഠനം നടത്തി 1924-ല്‍ ഗണിതശാസ്ത്രബിരുദവും നേടുകയുണ്ടായി.

സര്‍ ജോണ്‍ ഡഗ്ലസ് കോക് ക്രോഫ്റ്റ്

കേംബ്രിജിലെ കാവന്‍ഡിഷ് ലബോറട്ടറിയില്‍ ഡയറക്ടറായിരുന്ന റഥര്‍ഫോര്‍ഡിന്റെ നേതൃത്വത്തില്‍ ഇ.റ്റി.എസ്. വാള്‍ട്ടണുമൊത്താണ് കോക്ക്രോഫ്റ്റ് ശാസ്ത്രഗവേഷണരംഗത്ത് പ്രവര്‍ത്തിച്ചത്. ജോര്‍ജ് ഗാമോവിന്റെ വിയോജനസിദ്ധാന്ത (Disintegration theory) ത്തില്‍ ആകൃഷ്ടമായ ഈ സംഘം ലഘു ന്യൂക്ലിയസ്സുകളുടെ ഊര്‍ജാവരോധി (energy barrier)കളെ തുളച്ചുകയറത്തക്ക അളവില്‍ പ്രോട്ടോണുകളുടെ ഊര്‍ജം വര്‍ധിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനായി ഒരു വോള്‍ട്ടാഗുണകവും പ്രോട്ടോണ്‍ ത്വരിത്രവും (voltage multiplier and accelerator) ഇവര്‍ വികസിപ്പിച്ചെടുത്തു. ത്വരിതഗതിയിലുള്ള ഈ പ്രോട്ടോണുകള്‍ ലിഥിയം, ബോറോണ്‍, കാര്‍ബണ്‍, ഫ്ളൂറിന്‍ മുതലായ ലഘുമൂലകങ്ങളില്‍ തട്ടിയപ്പോള്‍, പ്രസ്തുത മൂലകങ്ങള്‍ വിയുക്തങ്ങളായി ആല്‍ഫാ കണങ്ങള്‍ നിര്‍ഗമിക്കുന്നതായി ഇവര്‍ കണ്ടെത്തി. ഇപ്രകാരം കൃത്രിമമായി ത്വരിതപ്പെടുത്തിയ ആണവകണങ്ങള്‍ കൊണ്ട് ലിഥിയത്തില്‍ ആദ്യമായി അണുകേന്ദ്രത്തിന്റെ രൂപാന്തരീകരണം (transmutation) നടത്തിയതാണ് കോക്ക്രോഫ്റ്റിനെയും വാള്‍ട്ടണെയും 1951-ലെ നോബല്‍ സമ്മാനത്തിന് അര്‍ഹരാക്കിയത്. കൃത്രിമ റേഡിയോ ആക്റ്റീവതയുടെ കണ്ടുപിടുത്തത്തിനുശേഷം പ്രോട്ടോണും ഡ്യൂട്ടറോണും ഉപയോഗിച്ച് ബോറോണ്‍, കാര്‍ബണ്‍ എന്നീ മൂലകങ്ങളില്‍ വിയോജനം നടത്തി റേഡിയോ ആക്റ്റീവതയുള്ള അണുകേന്ദ്രങ്ങള്‍ ലഭ്യമാക്കാമെന്ന് ഇവര്‍ കണ്ടുപിടിച്ചു.

അറ്റോമിക് എനര്‍ജി കമ്മിറ്റി, അണുവിഘടനത്തിന്റെ പ്രായോഗിക തലങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ക്കായി രൂപവത്കരിക്കപ്പെട്ട കമ്മിറ്റി, 1940-ല്‍ അമേരിക്കയിലേക്ക് നിയോഗിക്കപ്പെട്ട ടിസാര്‍ഡ് മിഷന്‍ (Tizard Mission) എന്നിവയില്‍ അംഗമായിരുന്നു കോക്ക്രോഫ്റ്റ്. കേംബ്രിജ് സര്‍വകലാശാലയിലെ നാച്വറല്‍ ഫിലോസഫിയില്‍ ജാക്സോണിയന്‍ പ്രൊഫസര്‍, റോയല്‍ സൊസൈറ്റി വക മോണ്ട് ലബോറട്ടറിയുടെ മേധാവി; ഹാംപ് ഷെയറിലെ എയര്‍ ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിന്റെ ചീഫ് സൂപ്രണ്ട്; മോണ്‍ട്രിയലിലെ ആംഗ്ലോ-ഇന്ത്യന്‍ അറ്റോമിക് എനര്‍ജി റിസര്‍ച്ച് ലബോറട്ടറി, ഹാര്‍വെല്ലിലെ അറ്റോമിക് എനര്‍ജി റിസര്‍ച്ച് എസ്റ്റാബ്ലിഷ്മെന്റ് എന്നിവടങ്ങളില്‍ ഡയറക്ടര്‍; കേംബ്രിജിലെ ചര്‍ച്ചില്‍ കോളജില്‍ മാസ്റ്റര്‍ പുഗ്വാഷ് സമ്മേളനങ്ങളിലെ (Pugwash conferences) പ്രസിഡന്റ് എന്നീ നിലകളിലും കോക്ക്രോഫ്റ്റ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. രണ്ടാം ലോകയുദ്ധകാലത്ത് റഡാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്ന ഇദ്ദേഹം ഒന്റാറിയോ (Ontario) യിലെ NRX റിയാക്ടര്‍ നിര്‍മാണത്തിനും നേതൃത്വം നല്‍കി.

അറ്റോമിക-ഊര്‍ജത്തെ സമാധാനപരമായ ആവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നതില്‍ വളരെ തത്പരനായിരുന്നു കോക്ക്രോഫ്റ്റ്. 1948-ല്‍ ഇദ്ദേഹത്തിനു 'നൈറ്റ്' (knight) പദവി നല്കപ്പെട്ടു. കേംബ്രിജില്‍ വച്ച് 1967 സെപ്. 18-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍