This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോക്തോ, ഷീന്‍ (1889 - 1963)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോക്തോ, ഷീന്‍ (1889 - 1963)

Cocteau, Jean

ഷീന്‍ കോക്തോ

ഫ്രഞ്ചുകവിയും നാടകകൃത്തും ചലച്ചിത്രസംവിധായകനും. പാരിസില്‍ ഒരു വക്കീലിന്റെ മകനായി 1889 ജൂല. 5-ന് ഷീന്‍ കോക്തോ ജനിച്ചു. അനിതരസാധാരണമായ ബുദ്ധിവൈഭവംകൊണ്ടും വാക്സാമര്‍ഥ്യംകൊണ്ടും സ്കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ അധ്യാപകരുടെ പ്രശംസ നേടുവാന്‍ ഇദ്ദേഹത്തിനു സാധിച്ചു. 16-ാത്തെ വയസ്സില്‍ ലലാംപ് ദ ലാദിന്‍ (അലാവുദീന്റെ വിളക്ക്) എന്ന കവിതയുമായി രംഗപ്രവേശം ചെയ്ത കോക്തോയുടെ ശ്രദ്ധ ക്രമേണ നാടകങ്ങളിലേക്കു തിരിഞ്ഞു.

റഷ്യന്‍ സംഘത്തിന്റെ ബാലെകളാണ് കോക്തോയുടെ ജീവിതത്തെ ഏറെ സ്വാധീനിച്ചത്. ബാലെകളില്‍ ഭ്രമം കയറിയതിനെത്തുടര്‍ന്ന് അവയ്ക്കുവേണ്ടി കഥകള്‍ എഴുതിത്തുടങ്ങി. ല് ദ്വൊബ് ലൊ (Le Dieu bleu) എന്ന പ്രഥമസംരംഭം പരാജയമായിരുന്നു. എന്നാല്‍, 'ഡേവിഡ്', 'പോട്ടോമാക്' എന്നീ കഥകള്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ പരേഡ് കോക്തോയെ പ്രസിദ്ധനാക്കി. എറിക് സാത്തി, പാബ്ളോ പിക്കാസോ എന്നിവരുടെ സഹകരണത്തോടെ നിര്‍മിച്ച പരേഡ്, കലയിലെ പുതിയ ഒരു പ്രസ്ഥാനമായ സര്‍ റിയലിസത്തിന്റെ വളര്‍ച്ചയിലെ ഒരു നാഴികക്കല്ലാണ്.

ബഹുമുഖപ്രതിഭയുടെ ഉടമയായിരുന്ന കോക്തോ കവിത, നാടകം, നോവല്‍, ചലച്ചിത്രം എന്നീ മേഖലകളിലെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ലലാം പ് ദ ലാദിനു പുറമേ ദ് കേപ് ഒഫ് ഗുഡ്ഹോപ്പ്, പോയെസി തുടങ്ങിയ കാവ്യസമാഹാരങ്ങളും കോക്തോയുടേതായുണ്ട്. വെഡിങ് ഓണ്‍ ദി ഈഫല്‍ ടവര്‍ (1923), ഓര്‍ഫിയേ (1926), ലെഗ്ല്‍ അദോ തെത് (1921) തുടങ്ങിയ നാടകങ്ങളും ലേ ഗ്രാന്റ് ഇക്കാര്‍ട്ട് (1923), റ്റോമലിന്‍ പോറസ്റ്റര്‍ (1923), ലെ സാന്‍ഫാന്ത് തെറിബ്ള് (1929) എന്നീ നോവലുകളും 'ലെസാങ് ഡു പോയറ്റെ' (1932), 'ലബെല്‍ എ ലബെത്' (1945), 'ഓര്‍ഫീയേ' (1960) എന്നീ ചലച്ചിത്രങ്ങളും കോക്തോയുടെ അസാമാന്യപ്രതിഭയുടെ നിദര്‍ശനങ്ങളാണ്.

സര്‍റിയലിസ്റ്റിക് രീതി തന്റെ സൃഷ്ടികളില്‍ ഏറെ പരീക്ഷിച്ച കോക്തോ ഉപബോധമനസ്സിലെ വിചിത്രകല്പനകളെയാണ് ചിത്രീകരിക്കുന്നത്. അവസാനകലാസൃഷ്ടികളില്‍ പുരാണകഥാപാത്രങ്ങളെ സര്‍റിയലിസ്റ്റിക് രീതിയില്‍ ആവിഷ്കരിക്കാന്‍ ശ്രമിച്ചു. ഓര്‍ഫിയേയിലെ ഓര്‍ഫ്യൂസും ദി ഇന്‍ഫേണല്‍ മെഷീനിലെ ഈഡിപ്പസും ഇതിനുദാഹരണങ്ങളാണ്. ഇദ്ദേഹം 1955-ല്‍ ഫ്രഞ്ച് അക്കാദമിയിലേക്കും 1957-ല്‍ അമേരിക്കന്‍ അക്കാദമിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1963 ഒ. 11-നു ഷീന്‍ കോക്തോ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍