This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോകസന്ദേശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോകസന്ദേശം

അജ്ഞാതകര്‍ത്തൃകമായ ഒരു പ്രാചീന മലയാള സന്ദേശകാവ്യം. ചക്രവാകസന്ദേശം എന്നും ഇതിന് പേരുണ്ട്. 1400-നോട് അടുപ്പിച്ചാണ് ഈ കൃതി രചിക്കപ്പെട്ടത്.

ഒരു വസന്തകാല പ്രഭാതത്തില്‍ നായികാനായകന്മാര്‍ ആലിംഗനബദ്ധരായി ശയ്യാതലത്തിരിക്കുമ്പോള്‍ പെട്ടെന്ന് നായകന് മോഹാലസ്യം ഉണ്ടാകുന്നു. ബോധം വീണ് കരഞ്ഞുകൊണ്ടിരിക്കുന്ന നായകനോട് പ്രിയതമ കാരണമാരാഞ്ഞപ്പോള്‍ താന്‍ സ്വപ്നം കണ്ട വിരഹകഥ അയാള്‍ പറഞ്ഞുതുടങ്ങി. ഒരു ആകാശസഞ്ചാരി നായകനെ വാനിലുയര്‍ത്തി തെക്കന്‍ മലബാറിലെവിടെയോ ഉള്ള ഒരു പൊയ്കയുടെ തീരത്തുകൊണ്ടാക്കിയെന്നും മാനസസരസ്സില്‍ നിന്നും അപ്പോള്‍ അവിടെ എത്തിയ ഒരു ചക്രവാകത്തോട് തന്റെ വിരഹകഥ വിവരിക്കുകയും ആപത്തില്‍പ്പെട്ടിരിക്കുന്ന തന്നെയും പ്രിയതമയെയും രക്ഷിക്കാന്‍ സന്ദേശവുമായി നായികാഗൃഹത്തിലേക്കു പോകണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തുവെന്നുമായിരുന്നു ആ സ്വപ്നം.

തെക്കന്‍ മലബാറിലെ വെള്ളോട്ടിന്‍ വായ്ക്കരെ (തൃപ്രങ്ങോട്ട്) നിന്നും ചേതിങ്കനാട്ടിലെ (ജയസിംഹനാട്-കൊല്ലം) ചെറുകരെയുള്ള നായികാഗൃഹത്തിലേക്കാണ് കോകത്തിനു ദൂതുമായി പോകേണ്ടിയിരുന്നത്. മാര്‍ഗവര്‍ണനം അത്യന്തം വിസ്തൃതമാണ് (ലഭ്യമായിട്ടുള്ള 96 ശ്ലോകങ്ങളില്‍ അവസാനത്തെ 82-ഉം). വെള്ളോട്ടിന്‍ വായ്ക്കരെ മുതല്‍ ഇടപ്പള്ളിവരെ എത്തുമ്പോഴേക്കും കാവ്യം അപൂര്‍ണമായി അവസാനിക്കുന്നു. അക്കാലത്തെ പ്രസിദ്ധമായ ക്ഷേത്രങ്ങളെയും രാജകുടുംബങ്ങളെയും കവി പരാമര്‍ശിക്കുന്നുണ്ട്.

പ്രാചീന മണിപ്രവാളഭാഷയില്‍ മന്ദാക്രാന്താവൃത്തത്തിലാണ് കാവ്യം രചിച്ചിട്ടുള്ളത്. പദപ്രയോഗരീതിയിലും സ്ഥലകാലവര്‍ണനകളിലും അലങ്കാരസന്നിവേശത്തിലുമെല്ലാം കോകസന്ദേശകാരന്‍ ഉണ്ണുനീലിസന്ദേശത്തെ അനുകരിക്കുന്നതായി കാണാം.

'കട്ടിച്ചുച്ചൈരിളകിയലറി-

പ്പാഞ്ഞു പൊട്ടിച്ചിരിച്ച-

ക്ഖട്വാംഗം കൊണ്ടുടലിലസുരാന്‍

നിര്‍ദയം മര്‍ദയന്തീ

പങ്കച്ചോരിക്കളിയിടയിടേ

നക്കി നട്ടം കുനിച്ച-

ങ്ങൊക്കക്കൂളിപ്പട ചുഴല നി-

ന്റാര്‍ക്കുമമ്മേ, തൊഴുന്റേന്‍'

(കരുമ്പക്കാവു കാളീസ്തുതി)

ചൂടും പൊന്നിന്‍തകടു ചരമ-

ക്ഷമാഭൃതോ വ്യോമലക്ഷ്മീ

വാടാമാലക്കുഴലിലണിയും

ബാലമാണിക്യഖണ്ഡം,

ചൂടേറും തന്‍ കൊടുവെയില്‍ തന-

ക്കേ പൊറായെന്റപോലേ-

ച്ചാടുന്റോ പോയ്ക്കടലിലധുനാ

ഹേലയാ ഭാനുമാലി

(തിരുവഞ്ചിക്കുളത്തെ അസ്തമയ വര്‍ണന)

തുടങ്ങിയ ഭാഗങ്ങള്‍ കവിയുടെ വര്‍ണനാവൈദഗ്ധ്യത്തിന്റെയും കല്പനാചാതുരിയുടെയും ഉത്തമനിദര്‍ശനങ്ങളാണ്. കോകസന്ദേശം ഉണ്ണുനീലിസന്ദേശത്തിന്റെ കനിഷ്ഠസഹോദരത്വത്തിന് ഏതു വിധത്തിലും അര്‍ഹമായ ഒരു ഉത്തമകാവ്യമാണെന്ന് ഉള്ളൂര്‍ രേഖപ്പെടുത്തുന്നു. നോ. സന്ദേശകാവ്യങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍