This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊസ്സാക്കുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊസ്സാക്കുകള്‍

Cossacks

റഷ്യയുടെ (മുന്‍ സോവിയറ്റ് യൂണിയന്‍) തെക്കു പടിഞ്ഞാറേ ഭാഗങ്ങളില്‍ അധിവസിക്കുന്ന സമരോത്സുകതയേറിയ ഒരു ജനവിഭാഗം. നൂറ്റാണ്ടുകളായി തങ്ങളുടേതായ സ്വാതന്ത്ര്യം നിലനിര്‍ത്തിപ്പോരുന്നതില്‍ ബദ്ധശ്രദ്ധരായിരുന്ന ഇവര്‍ സൈനികസേവനങ്ങള്‍ക്കു പ്രതിഫലമായി റഷ്യന്‍ ചക്രവര്‍ത്തിയില്‍ നിന്നു പല വിശേഷാനുകൂല്യങ്ങളും ആര്‍ജിച്ചിരുന്നു. നിഷേധി, ഒളിപ്പോരാളി (ഗറില്ല) എന്നൊക്കെ അര്‍ഥം വരുന്ന കസ്സാക് എന്ന തുര്‍ക്കി പദത്തില്‍നിന്നാണ് 'കൊസ്സാക്' നിഷ്പന്നമായത്. 15-ാം ശതകത്തില്‍ ഡോണ്‍, നീപ്പര്‍ നദീതടങ്ങളില്‍ താവളമടിച്ചിരുന്ന അര്‍ധ സ്വതന്ത്ര ടാട്ടാര്‍ജനവിഭാഗങ്ങളെ വിശേഷിപ്പിക്കാനാണ് ആദ്യമായി ഈ പദം ഉപയോഗിച്ചത്. കൂടാതെ പോളണ്ട്, ലിഥ്വാനിയ, മസ്കോവി തുടങ്ങിയ ഇടങ്ങളിലെ പാരതന്ത്ര്യത്തില്‍നിന്നും പലായനം ചെയ്തു ഡോണ്‍, നീപ്പര്‍ നദീതടങ്ങളില്‍ എത്തി സ്വയംഭരണസൈനികസമുദായങ്ങള്‍ സ്ഥാപിച്ച കര്‍ഷക ജനവിഭാഗങ്ങളെയും കൊസ്സാക്കുകള്‍ എന്നു വിശേഷിപ്പിക്കുന്നുണ്ട്. 16-ാം ശതകത്തില്‍ നാലു പ്രമുഖ കൊസ്സാക്ക് സൈനിക സമുദായങ്ങള്‍ ഉണ്ടായിരുന്നു. റഷ്യന്‍ വര്‍ഗക്കാരുടെയും മംഗോളുകളുടെയും ആധിപത്യശ്രമത്തെ എല്ലാക്കാലത്തും ചെറുത്തുപോന്നിരുന്ന കൊസ്സാക്കുകള്‍ ഒന്നാന്തരം കുതിരസവാരിക്കാരുമായിരുന്നു.

സൈബീരിയന്‍ സൈനികരുമായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന കൊസ്സാക്കുകള്‍

പതിനാറാം ശതകത്തിന്റെ തുടക്കത്തോടെ പോളണ്ടിന്റെ അതിര്‍ത്തിദേശങ്ങള്‍ സംരക്ഷിക്കുന്നതിനായി അവിടത്തെ രാജാക്കന്മാര്‍ കൊസ്സാക്കുകളുടെ മുന്നണിപ്പോരാളിവ്യൂഹങ്ങള്‍ സംഘടിപ്പിച്ചു. എന്നാല്‍ വളരെപ്പെട്ടെന്നുതന്നെ കൊസ്സാക്കുകള്‍ സ്വയംഭരണരാഷ്ട്രീയഘടകങ്ങള്‍ രൂപവത്കരിക്കുന്നതില്‍ വ്യാപൃതരായി. 16, 17 ശതകങ്ങളില്‍ ഈ സ്വതന്ത്രഭരണഘടകങ്ങളെ നിലനിര്‍ത്തുന്നതിനും അവര്‍ക്കു കഴിഞ്ഞു. 17-ാം ശതകത്തിന്റെ മധ്യത്തോടെ പോളണ്ടും റഷ്യയും ചേര്‍ന്നു ഉക്രയിന്‍ ഭാഗിച്ചെടുത്തതിനെത്തുടര്‍ന്ന് സാര്‍ ചക്രവര്‍ത്തിമാരും പോളിഷ് രാജാവിനെ അനുകരിച്ച് കൊസ്സാക്കുകളുടെ സൈനികസേവനം ചൂഷണം ചെയ്തുതുടങ്ങി. പില്ക്കാലത്ത് സൈബീരിയ കീഴടക്കിയത് ഒരു കൊസ്സാക്കു സൈനികനേതാവായിരുന്നു. ഇങ്ങനെ വികാസമാര്‍ജിച്ച കൊസ്സാക്കുകള്‍ 19-ാം ശ. ആയപ്പോഴേക്കും 12 ഭാഗങ്ങളായി വികസിച്ചു കഴിഞ്ഞിരുന്നു.

കൊസ്സാക്കുകള്‍ക്ക് ചില സവിശേഷാനുകൂല്യങ്ങള്‍ അനുവദിക്കപ്പെട്ടിരുന്നു. അതിനു പ്രതിഫലമെന്നോണം 18 വയസ്സു പൂര്‍ത്തിയായ ഏതൊരാളും നിര്‍ബന്ധമായും സൈനികസേവനം നടത്തേണ്ടിയിരുന്നു. കൊസ്സാക്ക് സമൂഹത്തിലെ പ്രാഥമികഘടകം സ്റ്റാനിറ്റ്സാ (stanitsa) ആയിരുന്നു. ഓരോ ഗ്രാമത്തിനും തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ഉണ്ടായിരുന്നു. 'വൃത്ത'മെന്നറിയപ്പെട്ടിരുന്ന ഈ ഭരണസമിതിയുടെ തലവന്‍ 'അതാമന്‍' ആയിരുന്നു. ജനങ്ങളുടെ ജീവധനാദികള്‍ക്കു സുരക്ഷിതത്വം ഉറപ്പുവരുത്തുകയെന്നതായിരുന്നു ഈ വൃത്തത്തിന്റെ പ്രധാനപ്പെട്ട ചുമതല. നീതിനിര്‍വഹണവും ശിക്ഷാവിധിയും വളരെ നിഷ്ഠുരമായിരുന്നു. കുറ്റം തെളിയിക്കപ്പെട്ടു കഴിഞ്ഞാല്‍ പ്രതിയെ വെള്ളത്തില്‍ മുക്കി ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു മുഖ്യശിക്ഷാവിധി. ഗ്രാമങ്ങള്‍ കൂടിച്ചേര്‍ന്നുള്ള ജില്ലകളും (Okrugi) അവയില്‍ നിന്നു രൂപംകൊള്ളുന്ന സേനകളും (Voisko) ഇവര്‍ക്ക് ഉണ്ടായിരുന്നു. ആദ്യകാലങ്ങളില്‍ ഭൂമി സമൂഹത്തിന്റെ പൊതുമുതലായി ഗണിക്കപ്പെട്ടിരുന്നെങ്കിലും 1869 മുതല്‍ പ്രബലന്മാര്‍ ഭൂസ്വത്തുക്കളില്‍ കൈവശാവകാശം സ്ഥാപിച്ചു തുടങ്ങി. തുടര്‍ന്ന് സമൂഹത്തില്‍ വര്‍ഗവൈരുധ്യം പ്രബലപ്പെട്ടുവന്നു. കൊസ്സാക്കുകളുടെ ആനുകൂല്യങ്ങള്‍ക്ക് ഭീഷണി ഉണ്ടായപ്പോഴൊക്കെ അവര്‍ ശക്തിയായി പ്രതികരിച്ചിരുന്നു. എങ്കിലും കാലക്രമേണ കൊസ്സാക്കുകളുടെ സ്വയംഭരണശേഷി നഷ്ടപ്രായമായി.

കൊസ്സാക്ക് കുടുംബം

ഇരുപതാം ശതകത്തിന്റെ തുടക്കത്തില്‍ കൊസ്സാക്കുകളുടെ അധിനിവേശമേഖലയുടെ മൊത്തം വിസ്തൃതി ആറു ലക്ഷം ച.കി.മീ. ആയിരുന്നു; ജനസംഖ്യ 1 കോടി 20 ലക്ഷവും. 1918-20 കാലഘട്ടത്തിലെ റഷ്യന്‍ ആഭ്യന്തരയുദ്ധകാലത്ത് കൊസ്സാക്കുകള്‍ ഇരുമുന്നണിയിലും ചേര്‍ന്ന് പരസ്പരം പോരാടി. ദക്ഷിണ റഷ്യയില്‍ വെള്ളപ്പടയുടെ (white armies) ഏറിയപങ്കും കൊസ്സാക്കുകളായിരുന്നു. ചെമ്പടയോട് പരാജയമടഞ്ഞ ഇക്കൂട്ടര്‍ക്ക് ഇവിടെനിന്ന് പലായനം ചെയ്യേണ്ടിവന്നു. സോവിയറ്റ് ഭരണത്തിന്‍കീഴില്‍ സോവിയറ്റ് സമൂഹങ്ങള്‍ക്ക് സ്വയംഭരണാവകാശങ്ങളൊന്നും ലഭിച്ചിരുന്നില്ല. രണ്ടാം ലോകയുദ്ധകാലത്ത് ചില കൊസ്സാക്കു ഘടകങ്ങളെ സോവിയറ്റ് സര്‍ക്കാര്‍ പുനരുജ്ജീവിപ്പിച്ചുവെങ്കിലും തുടര്‍ന്ന് അവയെ സോവിയറ്റ് യൂണിയനിലെ പല ഭരണഘടകങ്ങളുമായി ലയിപ്പിച്ചു. കൊസ്സാക്കുകളുടെ സ്വാതന്ത്ര്യവാഞ്ഛയും ജീവിതരീതിയും ഭരണനിപുണതയും പല റഷ്യന്‍ സാഹിത്യകാരന്മാരുടെയും വര്‍ണനയ്ക്കു പാത്രമായിട്ടുണ്ട്. 19-ാം ശതകത്തിന്റെ മധ്യകാലഘട്ടത്തിലെ കൊസ്സാക്കു സമൂഹത്തിന്റെ പ്രതിബിംബം ടോള്‍സ്റ്റോയിയുടെ കൊസ്സാക്കുകളില്‍ നിഴലിച്ചിട്ടുണ്ട്. ഇവര്‍ കാതറൈന്‍ ചക്രവര്‍ത്തിനിക്കെതിരായി നടത്തിയ കലാപങ്ങളുടെയും സമരമുറകളുടെയും ഉജ്ജ്വലമായ ആഖ്യാനം പുഷ്കിന്റെ ക്യാപ്റ്റന്റെ പുത്രി എന്ന നോവലില്‍ കാണാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍