This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊഴുക്കട്ട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊഴുക്കട്ട

ഒരു പലഹാരം. അരിയും തേങ്ങാപ്പീരയും പാകത്തിന് ഉപ്പും ചേര്‍ത്ത് കട്ടിയായി അരച്ച് (അല്പം ജീരകവും ചേര്‍ക്കാറുണ്ട്) ഗോളാകൃതിയിലോ കോഴിമുട്ടയുടെ ആകൃതിയിലോ കൈകൊണ്ട് ഉരുട്ടി വെള്ളത്തിലോ തേങ്ങാപ്പാലിലോ ഇട്ടു വേവിച്ചെടുക്കുന്ന പലഹാരമാണ് മലയാളക്കരയില്‍ കൊഴുക്കട്ട എന്ന പേരില്‍ അറിയപ്പെടുന്നത്. അരി, ഗോതമ്പ് എന്നീ ധാന്യങ്ങളുടെ മാവുണ്ടാക്കി, അതിനകത്ത് മധുരമോ എരിവോ ഉള്ള എന്തെങ്കിലും പദാര്‍ഥം വച്ച് ഉരുളകളാക്കി ആവിയില്‍ വേവിച്ചെടുക്കുന്ന പലഹാരത്തെയും കൊഴുക്കട്ട എന്നുതന്നെ പറയുന്നു. വിഘ്നങ്ങളുടെ ഈശ്വരനായ ഗണപതിക്ക് ഏറ്റവും പ്രിയപ്പെട്ട നൈവേദ്യമാണ് കൊഴുക്കട്ട. മിക്കഗൃഹങ്ങളിലും (ബ്രാഹ്മണഗൃഹങ്ങളില്‍ പ്രത്യേകിച്ചും) വിനായകചതുര്‍ഥിക്ക് നാലുതരം (തേങ്ങ, ഉഴുന്നുപരിപ്പ്, എള്ള്, പരിപ്പ്) കൊഴുക്കട്ടകളുണ്ടാക്കി നിവേദിക്കാറുണ്ട്. ഇവയില്‍ കൂടുതല്‍ രുചികരവും മിക്ക ഗൃഹങ്ങളിലും പാകം ചെയ്യുന്നവയുമാണ് തേങ്ങാക്കൊഴുക്കട്ടയും ഉഴുന്നു കൊഴുക്കട്ടയും. ഇവയുടെ പാചകവിധി താഴെപറയുംപ്രകാരമാണ്.

കൊഴുക്കട്ട

തേങ്ങാക്കൊഴുക്കട്ട

ചേരുവകള്‍:

തേങ്ങ - (വലുത്) 1

ശര്‍ക്കര - (പൊടിച്ചത്) ¾ കപ്പ്

ഏലയ്ക്ക - 8 എണ്ണം

മാവുണ്ടാക്കാന്

അരിപ്പൊടി -1 കപ്പ്

വെള്ളം - 1 കപ്പ്

പാകം ചെയ്യുന്നവിധം. തേങ്ങ ചെറുതായി ചിരകിയെടുക്കുക. ശര്‍ക്കരപ്പൊടി കുറച്ചുവെള്ളം ചേര്‍ത്ത് തിളപ്പിച്ച് കട്ടിയാകുന്നതുവരെ ചൂടാക്കുക. ചിരകിയെടുത്ത തേങ്ങ ഇതിലിട്ട് വെള്ളം വറ്റുന്നതുവരെ ചെറുതീയില്‍ വേവിക്കുക, വെന്തു കഴിഞ്ഞാല്‍ അടുപ്പത്തുനിന്നും വാങ്ങിവച്ച് പൊടിച്ച ഏലയ്ക്ക ചേര്‍ത്തിളക്കി തണുക്കാന്‍ വയ്ക്കുക.

ഒരു പാത്രത്തില്‍ ഒരു കപ്പുവെള്ളമെടുത്ത് ഉപ്പും നെയ്യുമൊഴിച്ച് തിളപ്പിക്കുക. ഇതില്‍ അരിപ്പൊടി കുറേശ്ശെ ഇട്ട് തവികൊണ്ട് അഞ്ചുമിനിട്ടുനേരം കട്ടപിടിക്കാതെ ഇളക്കുക. വെന്തുകഴിഞ്ഞാല്‍ അടുപ്പത്തുനിന്നും വാങ്ങിവച്ച് തണുപ്പിക്കുക. പിന്നീട് കുഴച്ച് ഉരുളകളാക്കി ഓരോ ഉരുളയും കൈവെള്ളയില്‍ വച്ച് പരത്തി കപ്പിന്റെ ആകൃതിയില്‍ രൂപപ്പെടുത്തിയെടുക്കുക. വേവിച്ചുവച്ചിരിക്കുന്ന തേങ്ങാമിശ്രിതം അകത്തുവച്ച് മുകള്‍ഭാഗം കൂട്ടിച്ചേര്‍ത്ത് അടച്ച് വിരല്‍കൊണ്ട് വെള്ളംതൊട്ടു മിനുസപ്പെടുത്തി കൊഴുക്കട്ടകളാക്കണം. അപ്പച്ചെമ്പില്‍ വെള്ളം അടുപ്പത്തുവച്ച് ആവിവരുമ്പോള്‍ കനംകുറഞ്ഞ ഒരു കഷണം പഴയ തുണി വിരിച്ച് അതില്‍ ഈ കൊഴുക്കട്ടകള്‍ (20 എണ്ണമുണ്ടാകും) പെറുക്കി നിരത്തണം. വേറൊരു കഷണം തുണികൊണ്ട് ഇവ മൂടി അപ്പച്ചെമ്പ് അടച്ച് ആവിയില്‍ വേവിച്ചെടുക്കുക.

ഉഴുന്നു പരിപ്പുകൊഴുക്കട്ട

ചേരുവകള്‍: (15 എണ്ണത്തിനുള്ളത്)

ഉഴുന്നുപരിപ്പ് - ½ കപ്പ്

കടലപ്പരിപ്പ് - ഒരു കൈ നിറയെ

ഉപ്പ് - 1 ടീസ്പൂണ്‍

പച്ചമുളക് - 8 എണ്ണം

എള്ളെണ്ണ - കുറച്ച്

കടുക് - ½ ടീസ്പൂണ്‍

കായം - കുറച്ച്

മാവുണ്ടാക്കല്‍: തേങ്ങാക്കൊഴുക്കട്ടയ്ക്കുപയോഗിച്ച ചേരുവകകള്‍ കൊണ്ടുതന്നെ മാവുണ്ടാക്കുന്നു.

പാകം ചെയ്യുന്നവിധം. കുതിര്‍ത്തെടുത്ത ഉഴുന്നുപരിപ്പും കടലപ്പരിപ്പും ഉപ്പും പച്ചമുളകും ചേര്‍ത്ത് നല്ലതുപോലെ അരച്ചെടുക്കുക. മാവ് അധികം കട്ടിയുള്ളതോ അധികം അയഞ്ഞതോ ആയിരിക്കരുത്. ഈ മാവ് ഒരു ഇലയില്‍ പരത്തി, ഇലയോടെ ഇഡ്ഡലിപ്പാത്രത്തില്‍വച്ച് ആവികൊള്ളിക്കുക. വെന്തുകഴിഞ്ഞാല്‍ വാങ്ങിവയ്ക്കുക. കുറച്ച് എള്ളെണ്ണ ഒരു ചീനച്ചട്ടിയില്‍ ചൂടാക്കി കടുകിട്ട് പൊട്ടിക്കഴിയുമ്പോള്‍ പൊടിച്ച കായവുമിട്ട് മൂപ്പിച്ചുവച്ചിരിക്കുന്ന മാവും ഇതിലിട്ടിളക്കുക. നല്ലതുപോലെ ചേര്‍ത്തിളക്കി അടുപ്പില്‍നിന്നും വാങ്ങുക.

പിന്നീട് തേങ്ങാക്കൊഴുക്കട്ടയ്ക്ക് ചെയ്തതുപോലെ തന്നെ മാവുണ്ടാക്കി ഈ മിശ്രിതം നിറച്ച് കൊഴുക്കട്ടകളുണ്ടാക്കുക.

മലയാളസാഹിത്യത്തിലും കൊഴുക്കട്ട സ്ഥാനം പിടിച്ചിട്ടുണ്ട്. 'നല്‍കീ കൊഴുക്കട്ടകളുമേറ്റം വിവിധ ഭക്ഷ്യവും' എന്ന് വള്ളത്തോള്‍ നാരായണമേനോന്റ വാല്മീകീ രാമായണ പരിഭാഷ (ബാലകാണ്ഡം) 'കൊഴുക്കട്ട ഉടച്ചു മിഴുങ്ങുന്നതിലാണോ' എന്ന് ഏ.ആര്‍. രാജരാജവര്‍മയുടെ മലയാളശാകുന്തളത്തിലും പ്രസ്താവിച്ചുകാണുന്നു. പോര്‍ച്ചുഗീസ് ബിഷപ്പായ മെനസീസ് കല്ലൂര്‍ക്കാട്ടു പള്ളിയിലുള്ള സുറിയാനികളെ വശത്താക്കാന്‍ കൊഴുക്കട്ടയ്ക്കുള്ളില്‍ സ്വര്‍ണനാണയം വച്ചു വിതരണം ചെയ്തുവെന്ന് മാര്‍ത്തോമ്മാശ്ലീഹായുടെ ഇന്ത്യന്‍ സഭ (ഈ. പി. മാത്യു) എന്ന വിവര്‍ത്തനഗ്രന്ഥത്തില്‍ പറയുന്നുണ്ട്. ഈ സംഭവത്തില്‍ നിന്നാണത്രെ, 'കുഴലുണ്ടെങ്കില്‍ കൊക്കു പിടിക്കാം, കൊഴുക്കട്ടയുണ്ടെങ്കില്‍ കല്ലൂര്‍ക്കാടു പിടിക്കാം' എന്ന ചൊല്ലുണ്ടായത്.

(പി.കെ. ഗിരിജാദേവി; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍