This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊളൈറ്റിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊളൈറ്റിസ്

Collaitis

വന്‍കുടല്‍വീക്കത്തിനുള്ള സാങ്കേതിക നാമം. പല കാരണങ്ങള്‍ കൊണ്ട് ഈ രോഗബാധയുണ്ടാകാം. അജ്ഞാതകാരണങ്ങളാലും കൊളൈറ്റിസ് പിടിപെടാറുണ്ട്. ഇതിനെ അസ്പഷ്ടയിനം (non specific) കൊളൈറ്റിസ് എന്നു വിശേഷിപ്പിക്കുന്നു. വ്രണസംബന്ധമായ അസ്പഷ്ട കൊളൈറ്റിസ് സാധാരണ കാണപ്പെടുന്ന ഒരു ഇനമാണ്. 20 മുതല്‍ 40 വരെ വയസ്സു പ്രായമുള്ളവരെയാണ് കൊളൈറ്റിസ് കഠിനമായി ബാധിച്ചുകാണുന്നത്. ബാക്റ്റീരിയം, പൂപ്പല്‍, വളര്‍ച്ചത്തകരാറ്, പോഷണക്കുറവ്, അലര്‍ജി എന്നിവയൊക്കെ രോഗകാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും ആഗോള വ്യാപകമായി നോക്കുമ്പോള്‍ പൊതുവേ സ്വീകാര്യമായ ഒരു ഹേതു കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

വന്‍കുടലിന്റെ അവസാനഭാഗത്തുണ്ടാകുന്ന ചെറിയ രക്തസ്രാവത്തോടെയാണ് രോഗം ആരംഭിക്കുന്നത്. തുടര്‍ന്ന് കുടലില്‍ ചെറിയ കുരുക്കള്‍ പ്രത്യക്ഷപ്പെടുന്നു. ഇതിന്റെ എണ്ണവും വലുപ്പവും ക്രമേണ വര്‍ധിക്കുകയും കുടല്‍ ആകമാനം കുരുക്കള്‍ കൊണ്ടു നിറയുകയും ചെയ്യുന്നു. ശ്ലേഷമസ്തരം ഉരിഞ്ഞുപോകുന്നതോടൊപ്പം രക്തസ്രാവവും ഉണ്ടാകുന്നു. ഇതിനെത്തുടര്‍ന്ന് കുടലില്‍ ദ്വാരങ്ങള്‍ വീഴാറുണ്ട്. വയറുവേദന, വയറിളക്കം, രക്തസ്രാവം എന്നിവ ഈ അവസ്ഥയില്‍ രോഗിക്ക് അനുഭവപ്പെടുന്നു.

ക്ഷയം, അമീബികാതിസാരം, ബാസിലറി അതിസാരം, ടൈഫോയിഡ് പനി, സ്റ്റാഫിലോക്കോക്കസ് അണുബാധ, മെര്‍ക്കുറി വിഷബാധ എന്നിവമൂലവും കൊളൈറ്റിസ് ഉണ്ടാകാറുണ്ട്. ചെറിയതോതിലുള്ള വൈറസ് പനി, ഭക്ഷ്യവിഷബാധ, മാനസിക സമ്മര്‍ദം, എന്നീ കാരണങ്ങള്‍ കൊണ്ടും ലഘുവായ തോതില്‍ കൊളൈറ്റിസ് ബാധിക്കാം. മറ്റു രോഗങ്ങളുടെയും ട്യൂമര്‍ ഉണ്ടാകുന്നതിന്റെയും ഭാഗമായും ഇത് ഉണ്ടാകാറുണ്ട്. രോഗാവസ്ഥ എന്തായിരുന്നാലും രോഗകാരണമായ വസ്തു തിരിച്ചറിയുകയും വേര്‍തിരിക്കുകയുമാണ് ചികിത്സാവിധിയില്‍ ഏറ്റവും പ്രധാനം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍