This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊളത്തൂര്‍ കലാപം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊളത്തൂര്‍ കലാപം

മലപ്പുറം ജില്ലയിലുള്‍പ്പെട്ട പെരിന്തല്‍മണ്ണ താലൂക്കിലെ കൊളത്തൂര്‍ ഗ്രാമത്തില്‍ 1851-ല്‍ നടന്ന മാപ്പിളക്കലാപം. മലബാറിലെ മാപ്പിളലഹളകളുടെ നീണ്ട ശൃംഖലയിലെ ഒരു സുപ്രധാന കണ്ണിയാണിത്. പ്രമുഖ ജന്മിയായിരുന്ന കൊളത്തൂര്‍ വാരിയരായിരുന്നു കലാപകാരികളുടെ ലക്ഷ്യം.

ടിപ്പൂസുല്‍ത്താന്റെ ആക്രമണകാലത്ത് വാരിയര്‍ തിരുവിതാംകൂറില്‍ അഭയംതേടി. മൈസൂര്‍ ഭരണകാലത്ത് ഇദ്ദേഹത്തിന്റെ ഭൂമി മുഴുവന്‍ മുസ്ലിം കര്‍ഷകര്‍ കൈയടക്കി അനുഭവിച്ചു. 1792-ല്‍ ടിപ്പുവിനെ പരാജയപ്പെടുത്തി ബ്രിട്ടീഷുകാര്‍ മലബാറില്‍ അധികാരം സ്ഥാപിച്ചപ്പോള്‍ വാരിയര്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെയും കോടതിയുടെയും സഹായത്തോടുകൂടി തന്റെ ഭൂമി വീണ്ടെടുത്തു. കൂടാതെ 1851-ലെ കലാപത്തിന് ഏകദേശം 15 വര്‍ഷങ്ങള്‍ക്കുമുമ്പ് തന്റെ ക്ഷേത്രത്തിലെ ശാന്തിക്കാരനും മറ്റു സേവകര്‍ക്കും താമസസൌകര്യം ഏര്‍പ്പെടുത്തുന്നതിനുവേണ്ടി ദേവാലയത്തിനുസമീപമുള്ള എല്ലാ മുസ്ലിം കര്‍ഷകരെയും നിര്‍ബന്ധപൂര്‍വം ഇദ്ദേഹം ഒഴിപ്പിക്കുകയുണ്ടായി.

1851-ല്‍ കൊളത്തൂര്‍ വാരിയരുടെ വധത്തിന് ഏതാനും മാസങ്ങള്‍ക്കുമുമ്പ് സ്ഥലവാസികളായ മുസ്ലിങ്ങള്‍ വാരിയരുടെ വകയായ കുറച്ചുഭൂമി പള്ളിപണിയുന്നതിലേക്കായി ആവശ്യപ്പെട്ടു. വാരിയര്‍ ഇതിനു വിസമ്മതിച്ചെങ്കിലും മുസ്ലിങ്ങള്‍ അവരുടെ മതാധ്യക്ഷന്റെ അംഗീകാരത്തോടെ പ്രസ്തുത സ്ഥലത്ത് താത്കാലികമായി ഒരു പള്ളി സ്ഥാപിച്ച് ആരാധനതുടങ്ങി. ഇതിനെതിരായി വാരിയര്‍ മഞ്ചേരി കോടതിയില്‍ പരാതി സമര്‍പ്പിച്ചുകൊണ്ട് മുസ്ലിങ്ങളെ അവിടെനിന്നും ഒഴിപ്പിക്കാന്‍ ശ്രമിച്ചു. ഇതായിരുന്നു വാരിയര്‍ക്കെതിരായി കലാപം പൊട്ടിപ്പുറപ്പെടാന്‍ പെട്ടെന്നുണ്ടായ കാരണം.

1851 ആഗ. 22-ന് കൊളത്തൂരിനടുത്തുള്ള കടന്നമണ്ണ എന്ന സ്ഥലത്താണ് കലാപത്തിനു തുടക്കംകുറിച്ചത്. അന്നേദിവസം ആറുപേരടങ്ങുന്ന ഒരു സംഘം മുസ്ലിങ്ങള്‍ അവിടത്തെ പള്ളിയില്‍ പ്രാര്‍ഥന നടത്തിയശേഷം മാരകായുധങ്ങളുമേന്തി അവരുടെ പ്രതിയോഗികളെ എതിരിടാന്‍ ശ്രമിച്ചു. മങ്ങാട് കൊട്ടാരത്തിലെ കാര്യസ്ഥനായ കൂത്തുപറമ്പ് കോമുമേനോന്‍, സഹോദരനായ ഇട്ടുണ്ണി രാമന്‍മേനോന്‍, കടക്കോട്ടില്‍ നമ്പൂതിരി എന്നിവരെ ഇവര്‍ വധിച്ചു.

ആഗസ്റ്റ് 23-ന് രാവിലെ കലാപകാരികള്‍ കൊളത്തൂര്‍ വാരിയരുടെ ഗൃഹത്തെ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. ഇതിനിടയില്‍ കൂടുതല്‍ മുസ്ലിങ്ങള്‍ ഇവരോടു ചേര്‍ന്നു. തുടര്‍ന്ന് ഇവര്‍ വൃദ്ധനായ വാരിയരെ ഗളച്ഛേദം ചെയ്തു; പണവും സ്വര്‍ണാഭരണങ്ങളും കൊള്ളയടിച്ചു. ഭൂമിയെ സംബന്ധിക്കുന്ന എല്ലാ രേഖകളും കത്തിച്ചുകളഞ്ഞതിനുശേഷം ആ ഗൃഹത്തിനുള്ളില്‍ത്തന്നെ താവളമടിച്ചു.

അടുത്ത പുലര്‍ച്ചയ്ക്ക് ക്യാപ്റ്റന്‍ റോഡ്സിന്റെ നേതൃത്വത്തില്‍ അവിടെയെത്തിയ ബ്രിട്ടീഷ് പട്ടാളക്കാര്‍ കലാപകാരികളെ ഒന്നടങ്കം കൊന്നൊടുക്കിയതോടുകൂടി കൊളത്തൂര്‍ കലാപത്തിനു തിരശ്ശീല വീണു.

(ടി.കെ. വിജയമോഹന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍