This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊളംബോ പ്ലാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊളംബോ പ്ലാന്‍

Colombo Plan

ദക്ഷിണേഷ്യയിലെയും ദക്ഷിണപൂര്‍വേഷ്യയിലെയും രാജ്യങ്ങള്‍ക്ക് സാമ്പത്തിക സാങ്കേതിക സഹകരണം ലഭ്യമാക്കുന്നതിനും സഹായസമാരംഭങ്ങളെ സംയോജിപ്പിക്കുന്നതിനുമായി ആസൂത്രണം ചെയ്ത പദ്ധതി. കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ 1950 ജനു. 9 മുതല്‍ 14 വരെ ശ്രീലങ്കയിലെ കൊളംബോയില്‍ നടത്തിയ സമ്മേളനത്തിന്റെ ഫലമായി 1951 ജൂലായില്‍ പദ്ധതി രൂപവത്കൃതമായി. ആസ്ഥാനം കൊളംബോ തന്നെയാണ്. എല്ലാ അംഗങ്ങളുമുള്‍പ്പെട്ട കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി; കൌണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ കോ-ഓപ്പറേഷന്‍ ഇന്‍ സൗത്ത് ആന്‍ഡ് സൗത്ത് ഈസ്റ്റ് ഏഷ്യ; കൊളംബോ പ്ലാന്‍ ബ്യൂറോ എന്നിവയാണ് ഇതിന്റെ മുഖ്യസമിതികള്‍. ആസ്റ്റ്രേലിയ, കാനഡ, ജപ്പാന്‍, ന്യൂസിലന്‍ഡ്, യു.കെ., യു.എസ്. എന്നിവയാണ് സാമ്പത്തികസഹായം നല്കുന്ന അംഗങ്ങള്‍. ഇന്ത്യ, അഫ്ഗാനിസ്താന്‍, ബാംഗ്ലാദേശ്, ഭൂട്ടാന്‍, മ്യാന്മര്‍, കംബോഡിയ, ഫിജി, ലാവോസ്, മലേഷ്യ, മാലദ്വീപുകള്‍, നേപ്പാള്‍, പാകിസ്താന്‍, പാപ്പുവാന്യൂഗിനിയ, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍, ശ്രീലങ്ക, തായ് ലാന്‍ഡ്, തെക്കന്‍ വിയറ്റ്നാം, തെക്കന്‍ കൊറിയ, ഇന്തോനേഷ്യ, ഇറാന്‍ എന്നിവ സഹായം സ്വീകരിക്കുന്ന അംഗങ്ങളാണ് (1975). ഇത് ഒരു കോമണ്‍വെല്‍ത്ത് സമാരംഭമായിരുന്നുവെങ്കിലും കോമണ്‍വെല്‍ത്തംഗമല്ലാത്ത രാജ്യങ്ങളും ഇതില്‍ ഉണ്ട്.

ഒരു പൊതുചര്‍ച്ചാവേദിയായ 'കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി' വര്‍ഷത്തിലൊരിക്കല്‍ സമ്മേളിച്ച് പദ്ധതി-പുരോഗതി വിലയിരുത്തുകയും സാമ്പത്തികസഹായം നല്കുന്ന രാജ്യങ്ങളും സ്വീകരിക്കുന്ന രാഷ്ട്രങ്ങളും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളെയും സംബന്ധിച്ച് ചര്‍ച്ച നടത്തുകയും ചെയ്യുന്നു. 'കൌണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ കോ-ഓപ്പറേഷന്‍ ഇന്‍ സൗത്ത് ആന്‍ഡ് സൗത്ത് ഈസ്റ്റ് ഏഷ്യ' സാങ്കേതികസഹായത്തെ വിലയിരുത്തുന്നു. എന്നാല്‍ സാങ്കേതികസഹായത്തിന്റെ വിശദാംശങ്ങള്‍ക്കു തീര്‍പ്പു കല്പിക്കുന്നത് സഹായം നല്‍കുന്ന രാജ്യവും സ്വീകരിക്കുന്ന രാജ്യവും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകളിലൂടെയാണ്. ഒരു പ്രദേശത്തെ സാമ്പത്തികസഹായത്തിന്റെ രേഖ സൂക്ഷിക്കുക, മേഖലാന്തര പരിശീലന പദ്ധതികള്‍ സംഘടിപ്പിക്കുക, ലഭ്യമായ വിഭവങ്ങളെയും സേവനങ്ങളെയും സംബന്ധിച്ച് സഹായം സ്വീകരിക്കുന്ന രാജ്യങ്ങള്‍ക്കു വിവരം നല്കുക ഇവയാണ് 'കൊളംബോ പ്ലാന്‍ ബ്യൂറോ'യുടെ ചുമതലകള്‍.

കൊളംബോ പദ്ധതിയുടെ നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ രണ്ടുതരത്തിലാണ്. ഗ്രാന്റിന്റെ രൂപത്തിലോ, വായ്പകളുടെയോ ചരക്കുകളുടെയോ (ഭക്ഷ്യധാന്യം, വളം, ഉപഭോഗസാധനങ്ങള്‍, ചില പ്രത്യേകോപകരണങ്ങള്‍ ഉള്‍പ്പെടെ) രൂപത്തിലോ ഉള്ള മൂലധനസഹായം ആണ് ആദ്യത്തേത്. സാങ്കേതിക വിദ്യയിലുള്ള വിദേശപഠനത്തിന്റെയോ മേഖലാപര പരിശീലനാവസരങ്ങളുടെയോ രൂപത്തിലുള്ള സാങ്കേതിക സഹകരണമാണ് രണ്ടാമത്തെ പ്രവര്‍ത്തനം.

(ഡോ. ഡി. ജയദേവദാസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍