This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊളംബോള

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊളംബോള

Colombola

ചിറകില്ലാത്ത ഷഡ്പദങ്ങളുടെ വിഭാഗത്തിലെ ഡിപ്ലൂറാ (Diplura) ഗോത്രത്തില്‍പ്പെട്ട, കുതിച്ചുചാടുന്ന ഷഡ്പദങ്ങള്‍ (spring tails). എല്ലാത്തരത്തിലും ഏറ്റവും കൗതുകമുണര്‍ത്തുന്ന വളരെ ചെറിയ പ്രാണികളാണിവ.

കൊളംബോളകള്‍ ലോകത്താകമാനം കാണപ്പെടുന്നു. തന്നെയുമല്ല, സംഖ്യാബലത്തില്‍ ഷഡ്പദങ്ങളില്‍വച്ച് ഏറ്റവും മുന്നില്‍നില്ക്കുന്നത് ഈ പ്രാണികളാണ്. ഇത്തരത്തിലുള്ള ചെറിയ ഷഡ്പദ പ്രാണികളില്‍ ബഹുഭൂരിപക്ഷത്തിനും കേവലം 5 മില്ലിമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുണ്ടായിരിക്കുകയില്ല. മണ്ണിന്റെ ഉപരിതലങ്ങളിലാണ് ഇവ കാണപ്പെടുന്നത്. അതേസമയം മണ്ണിനടിയില്‍ കാണപ്പെടുന്ന കൊളംബോളകളുമുണ്ട്. ഇവയ്ക്കു കഷ്ടിച്ച് ഒരു മില്ലിമീറ്ററോളം മാത്രമേ ദൈര്‍ഘ്യമുണ്ടായിരിക്കുകയുള്ളൂ.

ഏറ്റവും വലിയ കൊളംബോളകള്‍ ടോമോസെറസ് (Tomocerus) എന്ന ജീനസില്‍പ്പെടുന്നവയാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും ചീഞ്ഞളിയുന്ന ഇലക്കൂമ്പാരങ്ങളില്‍ ഇവ കാണപ്പെടുന്നു. സ്പീഷീസ് വൈജാത്യത്തിലും കൊളംബോളകള്‍ മുന്നിലാണ്. ഉദ്ദേശം 4000-ത്തിലേറെ സ്പീഷീസുകളുണ്ട്. ഇക്കാര്യത്തില്‍ പ്രാചീന ഷഡ്പദങ്ങളെ കൊളംബോളകള്‍ പിന്നിലാക്കിയിരിക്കുന്നു. ഇവ കാണപ്പെടാത്ത യാതൊരു ഭൂപ്രദേശവും ഇല്ല. പൂന്തോട്ടങ്ങളിലെ ചട്ടികള്‍ മുതല്‍ ധ്രുവപ്രദേശങ്ങളിലെ മഞ്ഞുപാളികള്‍ വരെയും ഭൂഗര്‍ഭസ്ഥാനങ്ങള്‍ മുതല്‍ പക്ഷികളുടെ കൂടുകള്‍ വരെയും കുതിച്ചുചാടുന്ന ചിറകില്ലാത്ത ഇത്തരം ചെറിയ ഷഡ്പദപ്രാണികളെ കാണാവുന്നതാണ്. വൃക്ഷങ്ങളുടെ പുറന്തോടുകളിലെ വിള്ളലുകളിലും ജലാശയങ്ങളുടെ ഉപരിതലങ്ങളിലും സമുദ്രതീരങ്ങളിലും കൊളംബോളകള്‍ കാണപ്പെടുന്നുണ്ട്.

ശരീരത്തിന്റെ ആകൃതിയിലും പ്രകൃതിയിലും കൊളംബോളകള്‍ വ്യത്യസ്തങ്ങളാണ്. മറ്റെല്ലാ ഷഡ്പദപ്രാണികളെപ്പോലെ ഇവയുടെ ശരീരത്തിനും മൂന്നു മുഖ്യഭാഗങ്ങളുണ്ട്: ശിരസ്, ഉരസ്, ഉദരം. ശിരസ്സില്‍ രണ്ടുസ്പര്‍ശികളും ഉരസ്സില്‍ മൂന്നു ജോടി കാലുകളും ഇവയ്ക്കുണ്ട്. ചിറകുകളും ബാഹ്യജന്യാവയവങ്ങളും ഇല്ലെന്നുള്ളത് ഇവയുടെ ഒരു പ്രത്യേകതയാണ്.

കൊളംബോളകളുടെ വദനഘടനകള്‍, ചിറകില്ലാത്ത മറ്റു പ്രാചീന ഷഡ്പദ പ്രാണികളുടേതുപോലെ ശിരസ്സിലെ ഒരു ഉറയ്ക്കുള്ളില്‍ സ്ഥിതിചെയ്യുന്നു. കൊളംബോളകളുടെ ഉദരത്തിന് ആറു ഖണ്ഡങ്ങള്‍ (segments) മാത്രമേ ഉള്ളൂ എന്നതും ഒരു പ്രത്യേകതയാണ്. അതുപോലെ തന്നെ കുതിച്ചുചാടാനുപയുക്തമായതും ഉദരത്തോടു ബന്ധിച്ചിരിക്കുന്നതുമായ ചാട്ടവാല് (spring tail), മറ്റു ഷഡ്പദപ്രാണികള്‍ക്കില്ലാത്ത ഒരു സവിശേഷതയുമാണ്. കൊളംബോളകളുടെ ഉദരത്തിന്റെ നാലാമത്തെ ഖണ്ഡത്തോടു ബന്ധപ്പെട്ടു കാണപ്പെടുന്ന 'ശിഖരം' ഏറ്റവും എടുത്തുപറയാവുന്ന ഒരു പ്രത്യേകതയാണ്. രണ്ടു ശിഖരങ്ങളോടുകൂടിയ ചവണപോലുള്ള ഈ അവയവത്തിന്റെ സഹായത്താലാണ് കൊളംബോളകള്‍ കുതിച്ചുചാടുന്നത്.

കൊളംബോളകള്‍ വിശ്രമാവസ്ഥയിലിരിക്കുമ്പോള്‍ അവയുടെ ചാട്ടവാലുകള്‍ ശരീരത്തിന്റെ അടിഭാഗത്തായി മുന്നോട്ടു മടക്കിവച്ച രീതിയില്‍ സൂക്ഷിക്കപ്പെടുന്നു. പ്രസ്തുത ചാട്ടവാലുകള്‍, താരതമ്യേന ചെറുതും അതേസമയം ഇരട്ട ശിഖരങ്ങളോടു കൂടിയതുമായ മറ്റൊരു ഉപാംഗത്തില്‍ (retinaculam) സംവഹിക്കപ്പെട്ട സ്ഥിതിയിലാണുള്ളത്.

ഡിസിര്‍ട്ടോമിന മൈനൂട്ടാ

കൊളംബോളകളുടെ ഒന്നാം ഉദരഖണ്ഡത്തില്‍ ഒരു ചെറിയ ഉപാംഗം കാണപ്പെടുന്നു. ഇതിന്റെ യഥാര്‍ഥധര്‍മത്തെക്കുറിച്ച് ഇപ്പോഴും ജന്തുശാസ്ത്രജ്ഞന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളാണുള്ളത്. ഹോസുപോലുള്ള ഒരു ചെറിയ നാളിയാണിത്. 'കോളോഫോര്‍' (collophore) എന്നറിയപ്പെടുന്ന ഈ ചെറിയ നാളി കൊളംബോളകളുടെ കുതിച്ചുചാട്ടത്തിന് വിരാമമിടുന്ന ഒരു സംവിധാനമാണെന്നാണ് ചില ശാസ്ത്രജ്ഞന്മാരുടെ നിഗമനം. കൊളംബോളകളുടെ ഒരു ശ്വസനാവയവമാണിതെന്നു മറ്റുചിലര്‍ വിശ്വസിക്കുന്നു. ജലം വലിച്ചെടുക്കാനുപകരിക്കുന്ന ഒരു അവയവമാണിതെന്നുകൂടി ചില ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ ഈ അവയവത്തിന് ബഹുമുഖധര്‍മങ്ങളുണ്ടെന്നുള്ള നിഗമനത്തിനാണ് ഇപ്പോള്‍ മുന്‍തൂക്കം ലഭിച്ചിരിക്കുന്നത്.

കൊളംബോളകളുടെ പരിസ്ഥിതിശാസ്ത്രം, ഇരതേടല്‍, ഇണചേരല്‍, സാമ്പത്തിക പ്രാധാന്യം എന്നിവയെക്കുറിച്ച് വിശദവും സമഗ്രവുമായ ഗവേഷണപഠനങ്ങള്‍ ഇനിയും നടന്നിട്ടില്ല. മണ്ണിനുമുകളിലും അടിയിലും കൊളംബോളകള്‍ ജീവിക്കുന്നതായി കാണാം. മണ്ണിന്റെ ഉപരിതലവാസികളായ കൊളംബോളകളുടെ ശരീരം ഊതിവീര്‍പ്പിച്ച ബലൂണുകള്‍ക്കു സദൃശമാണ്.

സ്മിന്‍തൂറസ് വിറിഡീസ്

സസ്യഭോജികളും മാംസഭോജികളുമായ കൊളംബോളകളുണ്ട്. ചില കൊളംബോളകളുടെ വിശിഷ്ടഭോജനം ആല്‍ഗകളും പൂപ്പുകളുമാണ്. സ്മിന്‍തൂറസ് വിറിഡീസ് (Sminthurus viridis) എന്നറിയപ്പെടുന്ന കൊളംബോള മുഖ്യമായി ഒരു സസ്യഭോജിയാണ്. അതേസമയം ശ്മശാനങ്ങളില്‍ കാണപ്പെടുന്ന ഒനിക്കിയൂറസ് (Onychiurus) എന്നറിയപ്പെടുന്ന കൊളംബോള ഒരു മാംസഭോജിയാണ്. അമേരിക്കന്‍ ഐക്യനാടുകളിലും ജമേക്കയിലും കാണപ്പെടുന്ന ചില കൊളംബോളകള്‍ കരിമ്പു ചെടിയെയും പുകയിലച്ചെടിയെയും പ്രതികൂലമായി ബാധിക്കുന്ന കീടങ്ങളാണ്.

ഒരു ലിറ്റര്‍ മണ്ണില്‍ ഉദ്ദേശം 2000-ത്തിലേറെ കൊളംബോളകള്‍ക്കു ജീവിക്കാന്‍ കഴിയുന്നു. ഭക്ഷണശൃംഖലയില്‍ ഒരു മുഖ്യസ്ഥാനമാണ് ഇവയ്ക്കുള്ളത്. അനേകജാതി ജന്തുക്കള്‍ക്ക് ഇവ ആഹാരമായിത്തീരുന്നു. ചിലന്തികള്‍, മണ്ണട്ടകള്‍, വണ്ടുകള്‍ മുതലായവയ്ക്ക് കൊളംബോളകള്‍ ഒരു വിശിഷ്ടഭോജ്യമാണ്. വളക്കൂറുള്ള മണ്ണില്‍ കൊളംബോളകളുടെ വിസര്‍ജ്യവസ്തുക്കള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. തവിട്ടു നിറത്തോടുകൂടിയ മണ്ണില്‍ ഇതിന്റെ അളവ് താരതമ്യേന കൂടുതലായിരിക്കും. വനാന്തര്‍ഭാഗങ്ങളിലുള്ള ചപ്പു ചവറുകള്‍ക്കിടയില്‍ സാധാരണമായി കാണപ്പെടുന്ന ഒന്നാണ് ഡിസിര്‍ട്ടോമിന മൈനൂട്ടാ (Dycyrtomina). മറ്റു കൊളംബോളകള്‍ക്കില്ലാത്ത പല പ്രത്യേകതകളും ഇതിനുണ്ട്. ഇതിനു കാഴ്ചശക്തിയുണ്ടെന്നുള്ളത് എടുത്തു പറയാവുന്ന ഒരു പ്രത്യേകതയാണ്.

കൊളംബോളകളുടെ പ്രത്യുത്പാദനവും രൂപാന്തരീകരണവും മണ്ണിലാണ് നിര്‍വഹിക്കപ്പെടുക. പെണ്‍കൊളംബോളകള്‍ മണ്ണില്‍ അണ്ഡനിക്ഷേപം നടത്തുമ്പോള്‍, ആണ്‍ കൊളംബോളകള്‍ ഞെട്ടോടുകൂടിയ ബീജത്തുള്ളികള്‍ (stalked sperm droplets) അവയ്ക്കുമേല്‍ നിക്ഷേപിക്കുന്നു. പഴ-ഈച്ചകളെ (fruit flies)ക്കാള്‍ വര്‍ധിച്ച പ്രത്യുത്പാദനശേഷിയുള്ള ഷഡ്പദങ്ങളാണ് കൊളംബോളകള്‍. ഇവയെ പരീക്ഷണശാലയില്‍ നിഷ്പ്രയാസം വളര്‍ത്തിയെടുക്കാന്‍ കഴിയും. ജനിതകശാസ്ത്രസംബന്ധമായ നിരവധി പരീക്ഷണങ്ങള്‍ക്ക് കൊളംബോളകള്‍ പ്രയോജനപ്പെടും. നിയാനുറ (Neanura) എന്നറിയപ്പെടുന്ന കൊളംബോളകളുടെ ഉമിനീര്‍ഗ്രന്ഥികളില്‍ വലുപ്പമേറിയ ക്രോമസോമുകള്‍ കാണപ്പെടുന്നു.

കൊളംബോളകളുടെ വിഭാഗീകരണം, പരിസ്ഥിതി ശാസ്ത്രം, ശോഷണം എന്നിവയെക്കുറിച്ച് അടുത്തകാലത്ത് ഒട്ടേറെ കാര്യങ്ങള്‍ അറിവായിട്ടുണ്ട്. എന്നാല്‍ ഇവയുടെ പൊതു ജീവശാസ്ത്രത്തിന്റെ വിവിധവശങ്ങളെക്കുറിച്ച് ഇനിയും ഒട്ടേറെ കാര്യങ്ങള്‍ അറിയപ്പെടേണ്ടതായിട്ടുണ്ട്. കൊളംബോളകളുടെ സംവേദനേന്ദ്രിയങ്ങളെ (sense organs) സംബന്ധിച്ച് യാതൊന്നും തന്നെ മനസ്സിലാക്കിയിട്ടില്ല. ശ്രവണശക്തിയെയും സ്പര്‍ശനശക്തിയെയും ആശ്രയിച്ചാണ് ഇവ മണ്ണിനടിയില്‍ ജീവിക്കുന്നത്. അതേസമയം മണ്ണിന്റെ ഉപരിതലത്തിലും സസ്യങ്ങളിലും കാണപ്പെടുന്ന കൊളംബോളകള്‍ കാഴ്ചശക്തിയെയാണ് ഇതിനുവേണ്ടി ആശ്രയിക്കുക. മിക്ക കൊളംബോളകളും പ്രകാശത്തെ ഇഷ്ടപ്പെടാത്ത ഷഡ്പദങ്ങളാണ്. ഉയര്‍ന്ന ആര്‍ദ്രത ഇവ ഇഷ്ടപ്പെടുകയും ചെയ്യുന്നു. കൂടുതല്‍ ഈര്‍പ്പാവസ്ഥ ഇവ എങ്ങനെ മനസ്സിലാക്കുന്നുവെന്ന് വ്യക്തമല്ല. കൊളംബോളകളുടെ സ്പര്‍ശിനികള്‍ക്ക് പിന്നില്‍ കാണപ്പെടുന്ന സൂക്ഷ്മമായ ചില ഗ്രന്ഥികള്‍ ഈ ധര്‍മവുമായി ബന്ധപ്പെട്ടവയാണെന്നു ഗവേഷകന്മാര്‍ കരുതുന്നു.

(പ്രൊഫ. എം. സ്റ്റീഫന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8A%E0%B4%B3%E0%B4%82%E0%B4%AC%E0%B5%8B%E0%B4%B3" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍