This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊളംബോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊളംബോ

Colombo

ശ്രീലങ്കയുടെ തലസ്ഥാനനഗരം. 6°56' വടക്ക് 79°58' കിഴക്ക് ശ്രീലങ്കയിലെ ഏറ്റവും വലിയ നഗരവും പ്രധാനപ്പെട്ട തുറമുഖവും കൊളംബോ തന്നെയാണ്. ശ്രീലങ്കാദ്വീപിന്റെ തെക്കു പടിഞ്ഞാറന്‍ തീരത്ത് കെളനി നദീമുഖത്താണ് ഈ നഗരത്തിന്റെ സ്ഥാനം. കെളനി നദിക്കു കുറുകെയുള്ള കടത്ത് എന്നര്‍ഥം കല്പിക്കാവുന്ന കെളന്‍ടോട്ട എന്ന സിംഹളപദത്തില്‍നിന്ന് നിഷ്പന്നമായ പേരാണ് കൊളംബോ; അറബിവര്‍ത്തകരുടെ തെറ്റായ ഉച്ചാരണം (കാളംബൂ) പറങ്കികള്‍ തനതായ രൂപത്തില്‍ പരിഷ്കരിച്ചതില്‍നിന്നാണ് ഇന്നത്തെ പേര് സിദ്ധിച്ചിട്ടുള്ളത്. ഈ നഗരം ക്രിസ്ത്വബ്ദാരംഭത്തിനും അനേകം ശതകങ്ങള്‍ മുമ്പുതന്നെ പ്രശസ്തിയാര്‍ജിച്ച ഒരു വിപണിയായിരുന്നു. ബി.സി. ആറും അഞ്ചും ശതാബ്ദങ്ങളിലായാണ് സിംഹളരാജവംശം നിലവില്‍വന്നത്. കൊളംബോയ്ക്കടുത്തുള്ള കോട്ടെ ആയിരുന്നു (പിന്നീട് ഇത് 'കോട്ട' എന്നായി) സിംഹള രാജ്യത്തിന്റെ പഴയ തലസ്ഥാനം. 1571-ല്‍ പോര്‍ച്ചുഗീസുകാര്‍ ഈ നഗരത്തെ അധിനിവേശിച്ചു. ഇവരില്‍നിന്ന് ലന്തക്കാരും (1656) തുടര്‍ന്ന് ബ്രിട്ടീഷുകാരും (1796) നഗരം അധീനപ്പെടുത്തി. 1948-ല്‍ ഇത് സിലോണിന്റെ (ഇപ്പോഴത്തെ ശ്രീലങ്ക) തലസ്ഥാനമായിത്തീര്‍ന്നു.

കൊളംബോ നഗരം

ഭൂമധ്യരേഖയ്ക്കു നന്നേ അടുത്തായി (6° വടക്ക്) സ്ഥിതിചെയ്യുന്ന കൊളംബോയിലെ ശരാശരി താപനില 27°C ആണ്. എല്ലാ മാസങ്ങളിലും താപനില ഏറെക്കുറെ ഒരുപോലെതന്നെ. മണ്‍സൂണ്‍ വാതങ്ങളില്‍ നിന്ന് വന്‍തോതില്‍ മഴലഭിക്കുന്നു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെയും വടക്കുകിഴക്കന്‍ മണ്‍സൂണിന്റെയും പ്രഭാവം ഏതാണ്ട് ഒരേ നിലയില്‍ അനുഭവപ്പെടുന്ന നഗരമാണിത്.

ലോകത്തിലെ വലുപ്പമേറിയ കൃത്രിമത്തുറമുഖങ്ങളില്‍ ഒന്നാണ് കൊളംബോ. 1874-ല്‍ കടല്‍ച്ചിറ കെട്ടുന്നതുവരെ ഇതിനു പ്രാധാന്യം ഉണ്ടായിരുന്നില്ല. 1885-ലാണ് കൊളംബോ സിലോണ്‍ ദ്വീപിലെ ഒന്നാമത്തെ തുറമുഖമായി വളര്‍ന്നത്. രാജ്യത്തിന്റെ തെക്കേതീരത്തുള്ള ഗാലിയെയും പ്രകൃതിജന്യതുറമുഖമായിരുന്ന ട്രിങ്കോമാലിയെയും പിന്നിലാക്കിയാണ് ഈ നേട്ടം കൈവരിച്ചത്. ലോകത്തിലെ ഏറ്റവും തിരക്കുള്ള തുറമുഖങ്ങളിലൊന്നാണ് കൊളംബോ. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വിദൂരപൂര്‍വദേശത്തിലെ വിവിധ കേന്ദ്രങ്ങളിലേക്കും മടങ്ങിയും യാത്രചെയ്തിരുന്ന കപ്പലുകള്‍ ഇന്ധനവും ഇതര ഉപഭോഗസാധനങ്ങളും നിറയ്ക്കുന്നതിന് കൊളംബോയെ ആശ്രയിച്ചുപോന്നു.

ഒരു തെരുവു വിപണനകേന്ദ്രം

കൊളംബോയില്‍ എത്തിയ ആദ്യത്തെ പോര്‍ച്ചുഗീസ് കപ്പിത്താന്‍ ഗോവയിലെ പോര്‍ച്ചുഗീസ് വൈസ്രോയി ആയിരുന്ന ഫ്രാന്‍സിസ്കോ ഡി അല്‍മെയ്ഡായുടെ പുത്രനായ ലോറന്‍സോ ആയിരുന്നു. കോട്ട കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന മലബാര്‍ നാവികര്‍ക്കെതിരായി പോര്‍ച്ചുഗീസ് നാവികപ്പടയെ നയിച്ചുകൊണ്ടാണ് ലോറന്‍സോ എത്തിയത്. പശ്ചിമേഷ്യയുമായി മുസ്ലിങ്ങള്‍ നടത്തിയിരുന്ന വ്യാപാരം തടയാനായിരുന്നു പോര്‍ച്ചുഗീസുകാരുടെ ശ്രമം. സിലോണില്‍ പോര്‍ച്ചുഗീസുകാര്‍ക്ക് ഒരു താവളം നല്കുന്നതിനെ അറബികള്‍ ശക്തിയായി എതിര്‍ത്തുവെങ്കിലും അനുവാദം നല്കപ്പെട്ടു. പോര്‍ച്ചുഗീസുകാര്‍ അറബികളുടെയും സിംഹളരുടെയും പലപ്പോഴും രാജാധികാരത്തിനുവേണ്ടിയുള്ള കിടമത്സരത്തിലെ കക്ഷികളുടെയും എതിര്‍പ്പിനു പാത്രമായിരുന്നു.

1551-ല്‍ ധര്‍മപാലന്‍ എന്ന രാജാവ് പോര്‍ച്ചുഗീസ് പ്രേരണയില്‍ ക്രിസ്തുമതം ആശ്ളേഷിക്കുകയും ഡോണ്‍ ജൂവാന്‍ എന്ന പേരു സ്വീകരിക്കുകയും ചെയ്തു. അക്കാലത്താണ് തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയുടെ തലസ്ഥാനം കോട്ട സ്ഥലത്തുനിന്നും കൊളംബോയിലേക്കു മാറിയത്. 46 കൊല്ലത്തെ ഭരണത്തിനുശേഷം ഡോണ്‍ ജൂവാന്‍ അവകാശികളൊന്നുമില്ലാതെ മരണമടഞ്ഞു. അതിനെത്തുടര്‍ന്നുണ്ടായ കുഴപ്പങ്ങള്‍ രാജ്യത്തിന്റെ ശത്രുക്കള്‍ ഉപയോഗപ്പെടുത്തി.

പതിനേഴാം ശതകത്തിന്റെ ആരംഭത്തോടുകൂടി പോര്‍ച്ചുഗീസുകാരെ കിഴക്കന്‍ ദേശത്തുനിന്ന് തുരത്താനുള്ള പരിപാടിയുമായി ഡച്ചുകാര്‍ മുന്നോട്ടുവന്നു. ദക്ഷിണപൂര്‍വേഷ്യന്‍ ദ്വീപുകള്‍ കീഴടക്കിയതിനുശേഷം ഡച്ചുകാരുടെ ഉന്നം പോര്‍ച്ചുഗീസുകാരെ സിലോണില്‍ നിന്നും മലബാറില്‍ നിന്നും ഓടിക്കുക എന്നതായിരുന്നു. 1656-ല്‍ ഡച്ചുകാര്‍ കൊളംബോ പിടിച്ചെടുത്തു. ഈ വിജയമാണ് പോര്‍ച്ചുഗീസുകാരെ കേരളത്തില്‍ നിന്നും പുറത്താക്കുന്നതിനു ഡച്ചുകാരെ സഹായിച്ചത്. 1796-ല്‍ സിലോണിലെ ഡച്ചു സങ്കേതങ്ങളെല്ലാം ബ്രിട്ടീഷുകാര്‍ക്കു കീഴടങ്ങി. എങ്കിലും സിലോണാകെ ഉടനെ ബ്രിട്ടീഷുകാര്‍ക്കു കീഴടങ്ങിയില്ല. 1815-ല്‍ സിംഹളപ്രഭുക്കന്മാരെ തോല്പിക്കുകയും കണ്ടിയിലെ രാജാവിനെ സ്ഥാനഭ്രഷ്ഠനാക്കുകയും ചെയ്തതിനുശേഷം മാത്രമാണ് സിലോണ്‍ മുഴുവനും ബ്രിട്ടീഷുകാര്‍ക്കധീനമായത്. 1948 ഫെ. 4-ന് സിലോണ്‍ ബ്രിട്ടീഷ് ആധിപത്യത്തില്‍നിന്നും സ്വതന്ത്രയായി.

വിക്ടോറിയ പാര്‍ക്ക്

രണ്ടാം ലോകയുദ്ധകാലത്ത് കൊളംബോ ദക്ഷിണപൂര്‍വേഷ്യന്‍ നാടുകളുമായി ബന്ധപ്പെടാനുള്ള ഒരു പ്രധാനകണ്ണിയായിരുന്നു. കൊളംബോത്തുറമുഖം ആധുനിക സൌകര്യങ്ങളുള്ള ഒരു നാവികകേന്ദ്രമായി വികസിച്ചു. യുദ്ധത്തിനിടയില്‍ ജാപ്പനീസ് വിമാനങ്ങള്‍ കൊളംബോത്തുറമുഖം ബോംബെറിഞ്ഞു തകര്‍ക്കാനുള്ള ശ്രമം നടത്തുകയുണ്ടായി. തുറമുഖത്തിനു വലിയ നാശനഷ്ടങ്ങളൊന്നും സംഭവിച്ചില്ലെങ്കിലും അവിടെയുണ്ടായിരുന്ന പല കപ്പലുകളും ബോംബേറുമൂലം മുങ്ങിപ്പോയി. അവയില്‍ ഒരു ഫ്ളോട്ടിങ് ഡോക്ക് 1969-ല്‍ ഒരു ഫ്രഞ്ചു കമ്പനി ഉയര്‍ത്തിയെടുക്കുകയുണ്ടായി.

കൊളംബോ നഗരത്തിന്റെ വിസ്തീര്‍ണം 3725 ഹെക്ടറില്‍ കൂടുതലാണ്. അതില്‍ 2430 ഹെക്ടറില്‍ക്കൂടുതല്‍ കര വച്ചുണ്ടാക്കിയതാണ്. 80.94 ഹെക്ടറോളം പാര്‍ക്കുകളും 405 ഹെക്ടറോളം ചതുപ്പുനിലവും തുറന്ന സ്ഥലവുമാണ്. ചതുപ്പുനിലങ്ങളിലൂടെ ഒഴുകിയിരുന്ന ഒരു ചെറിയ നദിക്കു കുറുകെ അണകെട്ടി പോര്‍ച്ചുഗീസുകാര്‍ 'ബൈറാ' എന്ന കൃത്രിമ തടാകം നിര്‍മിച്ചിരുന്നു.

നഗരത്തിലെ ജനസാന്ദ്രത 17,344 ച.കി.മീ. ആണ്. നഗരവും ഡിസ്ട്രിക്റ്റും ഉള്‍പ്പെടെയുള്ള സ്ഥലത്തിന്റെ വിസ്തീര്‍ണം: ഏകദേശം 103.60 ച.കി.മീ.; ജനസംഖ്യ: 17,52,993 (2011). ഈ ജനസംഖ്യയില്‍ പകുതിയോളം സിംഹളരും (41.36 ശ.മാ.) 28.91 ശ.മാ. സിലോണ്‍ തമിഴരും 23.87 ശ.മാ. സിലോണ്‍ മുസ്ലിങ്ങളും 2.17 ശ.മാ. ഇന്ത്യന്‍ തമിഴരുമാണ്. മതവിഭാഗങ്ങളില്‍ ബുദ്ധമതക്കാരാണ് മുന്നില്‍. ശേഷിക്കുന്നവരില്‍ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഹിന്ദുക്കളുമാണ്.

റോയല്‍ കോളേജ്
ട്രേഡ് സെന്റര്‍ -കൊളെബോ

ശ്രീലങ്കയിലെ മുന്തിയ ഉത്പന്നങ്ങളായ തേയില, റബ്ബര്‍, കൊപ്ര, വെളിച്ചെണ്ണ തുടങ്ങിയവ ഈ തുറമുഖത്തില്‍ നിന്നാണ് കയറ്റി അയയ്ക്കപ്പെടുന്നത്. രത്നവ്യാപാരത്തിലും കൊളംബോ മുന്നിലാണ്. ഇന്ദ്രനീലം, മാണിക്യം, വൈഡൂര്യം, ചന്ദ്രകാന്തം, പുഷ്യരാഗം, നീലാഞ്ജനം തുടങ്ങിയ അമൂല്യരത്നങ്ങളുടെ മുന്തിയ വിപണിയാണ് കൊളംബോ. നഗരത്തിലുടനീളമുള്ള ചെറുകിട വ്യവസായശാലകള്‍, സിമന്റ്, ലോഹോപകരണങ്ങള്‍, സ്ഫടികപദാര്‍ഥങ്ങള്‍, വസ്ത്രാലങ്കാരങ്ങള്‍ തുടങ്ങിയവ നിര്‍മിച്ച് കയറ്റുമതി ചെയ്യുന്നു. ദന്തവസ്തുക്കളുടെ നിര്‍മാണത്തിലും രത്നങ്ങളും കൃത്രിമക്കല്ലുകളും ഉരച്ചെടുത്ത് മാറ്റു വര്‍ധിപ്പിക്കുന്നതിലും ഏര്‍പ്പെട്ടിട്ടുള്ള അനേകായിരം കരകൌശല വിദഗ്ധരെ കൊളംബോയില്‍ കാണാം.

നഗരത്തിന്റെ മര്‍മഭാഗങ്ങളില്‍ ഒന്ന് പുരാതന വിപണനകേന്ദ്രമായിരുന്ന 'പേട്ട'യും (പെട്ട എന്നും പറയുന്നു) മറ്റൊന്ന് 16-ാം ശതകത്തില്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മിച്ച 'കോട്ട' (ഫോര്‍ട്ട്) യുമാണ്. പേട്ട ഇപ്പോഴും മുന്തിയ വ്യാപാരകേന്ദ്രമായി വര്‍ത്തിക്കുന്നു. ഇടുങ്ങിയ തെരുവുകളും കുടുസ്സായ കമ്പോളങ്ങളുംനിറഞ്ഞ് ജനബഹുലമായ ഒരു ഭാഗമാണ് പേട്ട. തലയെടുപ്പുള്ള കെട്ടിടങ്ങളും മണിമന്ദിരങ്ങളുമാണ് ഫോര്‍ട്ടുഭാഗത്തെ സവിശേഷത. പ്രധാനപ്പെട്ട ഓഫീസുകളും വ്യാപാരശാലകളും കോട്ടയിലും പരിസരത്തിലുമായി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നു. ഈ രണ്ടു കേന്ദ്രങ്ങളില്‍ നിന്നു നാനാഭാഗങ്ങളിലേക്കു വ്യാപിച്ച് വികസിച്ച നിലയിലാണ് ഇന്നത്തെ കൊളംബോ. ഫോര്‍ട്ടുഭാഗത്തെ സിന്നമണ്‍ ഗാര്‍ഡന്‍സ് നിസര്‍ഗസുന്ദരവും പ്രശാന്തവുമായ അധിവാസ മേഖലയാണ്; ഈ ഭാഗങ്ങള്‍ കറുവാമരങ്ങള്‍ നിറഞ്ഞുകാണപ്പെട്ടിരുന്നതിനെ ആസ്പദമാക്കിയാണ് സിന്നമണ്‍ ഗാര്‍ഡന്‍സ് എന്ന പേരു ലഭിച്ചിട്ടുള്ളത്. ഫോര്‍ട്ടിനുള്ളിലെ രാജകൊട്ടാരവും (ഇപ്പോള്‍ ഭരണമേധാവിയുടെ വാസഗൃഹം) പാര്‍ലമെന്റ് മന്ദിരവും വാസ്തുശില്പ വൈശിഷ്ട്യത്തിന്റെ ഉത്തമ നിദര്‍ശനങ്ങളാണ്.

കൊളംബോ തുറമുഖം

കൊളംബോയുടെ ഭരണം നിര്‍വഹിക്കുന്നത് 47 വാര്‍ഡുകള്‍ തിരഞ്ഞെടുക്കുന്ന കൌണ്‍സിലര്‍മാരും കൌണ്‍സിലര്‍മാര്‍ തിരഞ്ഞെടുക്കുന്ന ഒരു മേയറുമടങ്ങിയ മുനിസിപ്പല്‍ കൗണ്‍സിലാണ്. ഭരണനിര്‍വഹണത്തില്‍ മേയറെ സിവില്‍ സര്‍വീസില്‍നിന്നു തിരഞ്ഞെടുക്കുന്ന ഒരു കമ്മിഷണര്‍ സഹായിക്കുന്നു.

നഗരത്തില്‍ സ്ഥലത്തിനു വര്‍ധിച്ചുവരുന്ന വിലയും വീടുകള്‍ ലഭിക്കാനുള്ള വിഷമതയും കാരണം താമസത്തിനും വ്യവസായത്തിനും നഗരപ്രാന്തങ്ങള്‍ കൂടുതല്‍ കൂടുതല്‍ ഉപയോഗപ്പെടുത്തിവരുന്നു. ഈ കാരണങ്ങളാല്‍ത്തന്നെ നഗരത്തില്‍ ചെറ്റക്കുടിലുകളുടെയും ചാളകളുടെയും എണ്ണം ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നു. വികസിത നഗരപ്രാന്തങ്ങളില്‍ പ്രധാനം മൌണ്ട് ലവീനിയാ, കോട്ട, നെഗംബൊ എന്നിവയാണ്. കെളനി നദിക്കരയില്‍ സ്ഥിതിചെയ്യുന്ന കെളനി ബുദ്ധക്ഷേത്രമാണ് നഗരപ്രാന്തങ്ങളിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ പ്രധാനമായത്; 1310-ല്‍ നിര്‍മിതമായ ഇത് ശ്രീലങ്കയിലെ സുപ്രസിദ്ധക്ഷേത്രങ്ങളില്‍ ഒന്നാണ്.

കെളനി ബുദ്ധവിഹാരം

കൊളംബോയിലെ പ്രധാന വാഹനങ്ങള്‍ ട്രെയിനും ബസ്സുമാണ്. ഇവ ശ്രീലങ്കയിലെ വലുതും ചെറുതുമായ പട്ടണങ്ങളെ കൊളംബോയുമായി ബന്ധിപ്പിക്കുന്നു. കുതിരവണ്ടികളും കാളവണ്ടികളും റിക്ഷാകളും കൊളംബോയിലെ റോഡുകളില്‍ നിന്ന് തീരെ അപ്രത്യക്ഷമായിരിക്കുന്നു. കൊളംബോയില്‍ രണ്ടു വിമാനത്താവളങ്ങളുണ്ട്; കടുനായകയും (കൊളംബോയില്‍ നിന്ന് 37 കി.മീ.), രത്നമലാനയും (കൊളംബോയില്‍ നിന്ന് 14 കി.മീ.). കടുനായക അന്തര്‍ദേശീയ വിമാനത്താവളമാണ്. രത്നമലാനയില്‍ നിന്നാണ് ആഭ്യന്തര വിമാനസര്‍വീസുകള്‍ നടത്തുന്നത്.

കൊളംബോ യൂണിവേഴ്സിറ്റി ശ്രീലങ്കയിലെ പ്രധാന ഉന്നത വിദ്യാഭ്യാസകേന്ദ്രമാണ്. കൊളംബോയിലെ മെഡിക്കല്‍ സ്കൂള്‍ 19-ാം ശതകത്തിന്റെ അവസാനത്തിലാണ് സ്ഥാപിക്കപ്പെട്ടത്. ശ്രീലങ്കയില്‍ വിദ്യാഭ്യാസം കിന്‍ഡെര്‍ഗാര്‍ട്ടന്‍ മുതല്‍ യൂണിവേഴ്സിറ്റിവരെ സൌജന്യമാക്കിയിരിക്കുന്നു. സ്കൂളുകള്‍ മിക്കവാറും ഗവണ്‍മെന്റ് നിയന്ത്രണത്തിലാണ്. സ്കൂള്‍ വിദ്യാഭ്യാസമാധ്യമം സിംഹളവും തമിഴും ആണ്.

വാസ്തുവിദ്യയില്‍ നിസ്തുലങ്ങളായ നിരവധി ബുദ്ധവിഹാരങ്ങള്‍, ക്ഷേത്രങ്ങള്‍, പള്ളികള്‍ എന്നിവയും കൊളംബോയിലുണ്ട്. ബൈറാ തടാകത്തിനു സമീപത്തുള്ള 'വിക്ടോറിയാ പാര്‍ക്ക്' വിശാലവും അതിമനോഹരവുമായ ഉദ്യാനമാണ്; ഇവിടെത്തന്നെയുള്ള നാഷണല്‍ മ്യൂസിയത്തില്‍ ശ്രീലങ്കയുടെ സാംസ്കാരിക പൈതൃകം നിദര്‍ശിപ്പിക്കുന്ന ഒട്ടനവധി പുരാരേഖകളും വസ്തുക്കളും സഞ്ചിതമായിരിക്കുന്നു. പാസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ശാസ്ത്രവ്യാവസായിക ഗവേഷണകേന്ദ്രം, വൈദ്യശാസ്ത്ര ഗവേഷണകേന്ദ്രം വാനനിരീക്ഷണശാല എന്നിവയാണ് എടുത്തുപറയത്തക്ക മറ്റ് ആധുനിക സ്ഥാപനങ്ങള്‍

(എന്‍.ജെ.കെ. നായര്‍; ഡോ. എ.പി. ഇബ്രാഹിംകുഞ്ഞ്)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8A%E0%B4%B3%E0%B4%82%E0%B4%AC%E0%B5%8B" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍