This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊളംബിയാ നദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊളംബിയാ നദി

Columbia River

വടക്കേ അമേരിക്കയിലെ ഒരു നദി. നീളം 1,954 കി.മീ. പസിഫിക് സമുദ്രത്തിലേക്കൊഴുകുന്നവയില്‍ ഏറ്റവും നീളം കൂടിയ നദിയാണിത്. ഒഴുകുന്ന ജലത്തിന്റെ വാര്‍ഷികത്തോതില്‍ വടക്കേ അമേരിക്കയിലെ നദികളില്‍ മിസ്സിസ്സിപ്പി, മെക്കന്‍സി, സെന്റ് ലാറന്‍സ് എന്നിവയ്ക്കുപിന്നില്‍, നാലാംസ്ഥാനത്തുനില്ക്കുന്ന കൊളംബിയ ജലവൈദ്യുതിയുടെ ഉത്പാദനത്തില്‍ ലോകത്തിലെ തന്നെ മികച്ച സ്ഥാനം നേടിയിരിക്കുന്നു. യു.എസ്സില്‍ ഉത്പാദിപ്പിക്കുന്ന മൊത്തം ജലവൈദ്യുതിയുടെ മൂന്നിലൊന്നോളം കൊളംബിയാവ്യൂഹത്തില്‍ നിന്നാണ് ലഭിക്കുന്നത്. യു.എസ്സിന്റെ പശ്ചിമതീരത്ത് സാന്‍ഫ്രാന്‍സിസ്കോയ്ക്കു വടക്കുള്ള ആദ്യത്തെ നൈസര്‍ഗികതുറമുഖം ഈ നദീമുഖത്തുള്ള വാന്‍കൂവര്‍ ആണ്.

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ ഉദ്ഭവിക്കുന്ന ഈ നദി, ഗതിമാര്‍ഗത്തിലെ മൂന്നിലൊരു ഭാഗം പിന്നിട്ടശേഷമാണ് യു.എസ്സിലേക്ക് കടക്കുന്നത്. സമുദ്രനിരപ്പില്‍നിന്ന് 820 മീ. ഉയരത്തിലുള്ള കൊളംബിയാ തടാകത്തില്‍നിന്നാണ് പ്രഭവം. പടിഞ്ഞാറുദിശയില്‍ 304 കിലോമീറ്ററും പിന്നീട് തെക്കോട്ടുതിരിഞ്ഞ് 432 കിലോമീറ്ററും ഒഴുകിയ ശേഷം യു.എസ്. അതിര്‍ത്തിയിലെത്തുന്നു. വാഷിങ്ടണിന്റെ വടക്കുകിഴക്കരികിലൂടെ യു.എസ്സില്‍ കടക്കുന്ന ഈ നദി, പ്രസ്തുത പ്രവിശ്യയുടെ മധ്യപൂര്‍വഭാഗംവരെ വളഞ്ഞുപുളഞ്ഞ് ഒഴുകിയശേഷം പടിഞ്ഞാറോട്ടുതിരിഞ്ഞ് പ്രധാന പോഷകനദിയായ സ്നേക്കുമായി സംഗമിച്ച് ഓറിഗണ്‍, വാഷിങ്ടണ്‍ എന്നീ പ്രവിശ്യകളുടെ അതിര്‍ത്തിയിലൂടെ 480 കി.മീ. ഒഴുകി പസിഫിക് സമുദ്രത്തില്‍ പതിക്കുന്നു. അഴിമുഖത്തുനിന്ന് 224 കി.മീ. ഉള്ളിലോളം വേലാതരംഗങ്ങള്‍ എത്തുന്നു. ഏറിയകൂറും അഗാധമായ കിടങ്ങുകളിലൂടെയാണ് ഈ നദിയുടെ ഗതി. പതനസ്ഥാനത്തുനിന്ന് 179 കി.മീ. ഉള്ളിലായി സ്ഥിതിചെയ്യുന്ന പോര്‍ട്ട്സ്ലാന്‍ഡ് തുറമുഖത്തോളം കപ്പല്‍ഗതാഗതം സുഗമമാണ്; 296 കി.മീ. ഉള്ളിലുള്ള ഡള്ളസ് അണക്കെട്ടുവരെ നദിയില്‍ 9 മീ. ആഴത്തില്‍ വെള്ളം തടഞ്ഞുനിര്‍ത്തുന്നതിനുള്ള സ്ഥിരംസംവിധാനങ്ങളുണ്ട്. വാന്‍കൂവര്‍ തുറമുഖം അഴിമുഖത്തുനിന്ന് 170 കി.മീ. ഉള്ളിലാണ്. ഡള്ളസ് അണക്കെട്ടിനുമുകളില്‍ 216 കി.മീ. ദൂരത്തോളം പത്തേമാരികള്‍ക്ക് എല്ലാക്കാലത്തും സഞ്ചരിക്കാവുന്ന സൗകര്യങ്ങളേര്‍പ്പെടുത്തിയിരിക്കുന്നു.

കൊളംബിയാ നദി

കൊളംബിയാതടത്തിന്റെ മൊത്തം വിസ്തീര്‍ണം 6,68,000 ച.കി.മീ. ആണ്. കൂട്നോ, സ്നേക്, പെന്‍ഡ് ഒറെല്‍, സ്പൊക്കേന്‍, ഒകാനോഗന്‍, യകീമ, കൊലിട്സ്, വില്യമെറ്റ് എന്നിവയാണ് കൊളംബിയയുടെ പ്രധാനപോഷകനദികള്‍. റോക്കി നിരകളില്‍നിന്ന് ഒഴുകിയെത്തുന്ന ഇവയില്‍ ഗ്രീഷ്മാരംഭത്തോടെ മഞ്ഞുരുകിയിറങ്ങുന്നതിനാല്‍ വെള്ളപ്പൊക്കമുണ്ടാകുന്നു. ശൈത്യകാലത്ത് ജലദൗര്‍ലഭ്യമുണ്ടാകുന്നതും സാധാരണമാണ്; ഇത് വൈദ്യുതി ഉത്പാദനത്തെ ബാധിക്കുന്നു.

റെയില്‍ സൗകര്യങ്ങള്‍ ഉണ്ടാകുന്നതിനുമുമ്പ് കൊളംബിയാവ്യൂഹം ഈ മേഖലയിലെ പ്രധാനഗതാഗതമാര്‍ഗങ്ങളായിരുന്നു. 1887-നുശേഷം ഈ നദികളെ ജലസേചനത്തിനും വൈദ്യുതിയുടെ ഉത്പാദനത്തിനും ഉപയോഗപ്പെടുത്തിത്തുടങ്ങി. കൊളംബിയയിലെ ഗ്രാന്‍ഡ് കൗളി ലോകത്തിലെ ഏറ്റവും വലിയ വൈദ്യുതകേന്ദ്രമായി കരുതപ്പെടുന്നു. ശൈത്യകാലത്തെ ജലദൗര്‍ലഭ്യം നികത്തുന്നതിന് കാനഡയിലെ തടാകങ്ങളില്‍ നിന്ന് വെള്ളം പമ്പുചെയ്ത് എത്തിക്കുവാനുള്ള സംവിധാനം പൂര്‍ത്തിയായിട്ടുണ്ട്. പത്തുലക്ഷം ഏക്കറിലേറെ കൃഷിനിലത്തിന് വെള്ളമെത്തിക്കുന്ന കൊളംബിയവാലി പദ്ധതി ഈ നദിയിലാണ്. നദീജലത്തിന്റെ ഉപഭോഗം സംബന്ധിച്ച് കാനഡയും യു.എസ്സും തമ്മില്‍ കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

1887-നു മുമ്പ് കൊളംബിയാവ്യൂഹം ലോകത്തിലെ മുന്തിയ മത്സ്യബന്ധനകേന്ദ്രങ്ങളില്‍ ഒന്നായിരുന്നു. പ്രതിവര്‍ഷം 20 ലക്ഷം ക്വിന്റലോളം സാല്‍മണ്‍ കയറ്റുമതി ചെയ്തിരുന്ന ഈ കേന്ദ്രത്തില്‍ അണക്കെട്ടുകളും വൈദ്യുതകേന്ദ്രങ്ങളും പ്രാവര്‍ത്തികമായതിനെത്തുടര്‍ന്ന് മത്സ്യസമ്പത്തിന് ഗണ്യമായ കുറവ് സംഭവിച്ചിരിക്കുന്നു.

(എന്‍.ജെ.കെ. നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍