This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊളംബസ്, ക്രിസ്റ്റഫര്‍ (1451 - 1506)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊളംബസ്, ക്രിസ്റ്റഫര്‍ (1451 - 1506)

Columbus, Christopher

ഇറ്റാലിയന്‍ നാവികനും അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ കണ്ടെത്തലിനു ഏറ്റവും കൂടുതല്‍ സഹായിച്ച സമുദ്രസഞ്ചാരിയും. ഇറ്റലിയിലെ ജനീവയില്‍ ഡൊമിനിക്കോ കൊളംബോ എന്ന നെയ്ത്തുകാരന്റെ മകനായി 1451-ല്‍ ജനിച്ചു. ചെറുപ്പത്തില്‍ വാണിജ്യപരമായ ആവശ്യങ്ങള്‍ക്കുവേണ്ടി ധാരാളം സമുദ്രയാത്രകള്‍ നടത്തിയിരുന്നു. രേഖാചിത്രങ്ങളുണ്ടാക്കുന്നതില്‍ വിദഗ്ധനായിരുന്ന ഇദ്ദേഹം ലിസ്ബണില്‍ സ്ഥിരതാമസമാക്കി. പോര്‍ച്ചുഗലിലെ ഹെന്റി രാജകുമാരന്റെ നേതൃത്വത്തില്‍ കണ്ടുപിടിക്കപ്പെടുകയും പോര്‍ച്ചുഗീസ് കച്ചവടക്കാര്‍ക്കുവേണ്ടി തുറന്നുകൊടുക്കപ്പെടുകയും ചെയ്ത ആഫ്രിക്കയിലെ ഗിനിയ കടല്‍ത്തീരം ആയിടയ്ക്കു കൊളംബസ് സന്ദര്‍ശിച്ചു.

ക്രിസ്റ്റഫര്‍ കൊളംബസ്

ആഫ്രിക്കയെ ചുറ്റി ഇന്ത്യയിലെത്താനുള്ള പോര്‍ച്ചുഗീസ് ശ്രമം കൊളംബസ്സില്‍ താത്പര്യമുണര്‍ത്തി. പില്ക്കാലത്ത് ഹെന്റി രാജകുമാരന്റെ ക്യാപ്റ്റന്മാരില്‍ ഒരാളുടെ മകളെ വിവാഹം കഴിക്കുകയും, അത് ലാന്തിക് ദ്വീപുകളുടെ കണ്ടുപിടിത്തത്തെക്കുറിച്ചും ആഫ്രിക്കയുടെ പടിഞ്ഞാറന്‍ തീരങ്ങളെക്കുറിച്ചുമുള്ള രേഖകള്‍ കൈയില്‍ വരികയും ചെയ്തപ്പോള്‍ കൊളംബസിന്റെ താത്പര്യം പതിന്മടങ്ങു വര്‍ധിച്ചു. അത്ലാന്തിക് തീരത്തുനിന്ന് പടിഞ്ഞാറോട്ടുള്ള സമുദ്രയാത്ര സുഗന്ധദ്രവ്യങ്ങളുടെ നാടായ ഈസ്റ്റിന്ത്യാദ്വീപില്‍ എത്തിക്കുമെന്ന് കൊളംബസ് വിശ്വസിച്ചു. 1483-ല്‍ കൊളംബസ് തന്റെ പദ്ധതി പോര്‍ച്ചുഗല്‍ രാജാവായ ജോണ്‍ രണ്ടാമന്റെ മുമ്പാകെ സമര്‍പ്പിച്ചുവെങ്കിലും ഇക്കാര്യത്തിനുവേണ്ട സാമ്പത്തികബാധ്യത ഏറ്റെടുക്കുന്നതില്‍ ജോണ്‍ താത്പര്യം കാട്ടിയില്ല. തുടര്‍ന്ന് സ്പെയിനിലെ ഫെര്‍ഡിനാന്‍ഡ് രാജകുമാരന്റെയും പത്നി ഇസബെല്ലയുടെയും സഹായത്തോടെ കൊളംബസ് 1492 ആഗ. 3-ന് 'സാന്റാമരിയ', 'നിന', 'പിന്റ' എന്നീ മൂന്നു ചെറിയ കപ്പലുകളില്‍ 120 പേര്‍ അടങ്ങുന്ന ഒരു ചെറുസംഘവുമായി ചരിത്രപ്രധാനമായ തന്റെ നാവികയാത്ര പാലോസ് തുറമുഖത്തുനിന്നും ആരംഭിച്ചു. അത് ലാന്തിക് സമുദ്രത്തിലൂടെ രണ്ടുമാസത്തിലധികം നീണ്ടുനിന്ന, അപകടങ്ങള്‍ നിറഞ്ഞ യാത്രയ്ക്കുശേഷം ഇദ്ദേഹം വടക്കേ അമേരിക്കയുടെ കിഴക്കേ തീരത്തുള്ള ബഹാമാ ദ്വീപുകളിലൊന്നില്‍ കപ്പലിറങ്ങി. അതിനുശേഷം ഇദ്ദേഹം ക്യൂബയുടെ കിഴക്കന്‍ തീരത്തെത്തി. 1493 ജനുവരിയില്‍ കൊളംബസ് സ്വദേശത്തേക്കു മടക്കയാത്ര ആരംഭിച്ചു. താന്‍ കണ്ടെത്തിയ രാജ്യം ഇന്ത്യ തന്നെ എന്ന ബലമായ വിശ്വാസവുമായാണ് കൊളംബസ് മടങ്ങിയത്. അതുകൊണ്ട് ആ ദ്വീപുകളെ 'പടിഞ്ഞാറന്‍ ഇന്ത്യ'(west Indies) എന്നു വിളിക്കാനിടയായി. ഇന്നും ഈ പേരിലാണ് പ്രസ്തുത ദ്വീപുകള്‍ അറിയപ്പെടുന്നത്.

പതിനേഴു കപ്പലുകളില്‍ തന്റെ നേതൃത്വത്തിലുള്ള 1500 സാഹസികരുമായി കൊളംബസ് 1493 സെപ്തംബറില്‍ രണ്ടാമത്തെ നാവികയാത്ര ആരംഭിച്ചു. ഈ യാത്രയില്‍ ഇദ്ദേഹം ഡൊമിനിക്കാ, പ്യൂര്‍ട്ടോ റിക്കോ തുടങ്ങിയ സ്ഥലങ്ങള്‍ കണ്ടെത്തി. താന്‍ കണ്ടെത്തിയ പ്രദേശങ്ങളില്‍ ക്രിസ്തുമതപ്രചാരണം നടത്തിക്കൊള്ളാമെന്നും വാണിജ്യപരമായി സ്പെയിനിനു വമ്പിച്ച നേട്ടമുണ്ടാക്കാമെന്നും മറ്റുമുള്ള കരാറുകളില്‍ ഫെര്‍ഡിനാന്‍ഡും ഇസബെല്ലയുമായി കൊളംബസ് ഒപ്പുവച്ചിരുന്നു. പകരം ഈ പ്രദേശങ്ങളിലെ വൈസ്രോയിസ്ഥാനവും വാണിജ്യനേട്ടങ്ങളുടെ പത്തിലൊന്നും അവര്‍ കൊളംബസ്സിനു വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ, വാഗ്ദാനങ്ങള്‍ പൂര്‍ണമായും നിറവേറ്റുവാന്‍ കൊളംബസ്സിനു സാധിച്ചില്ല. 1495 ഒക്ടോബറില്‍ വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെട്ടതിന്റെ കാരണങ്ങള്‍ അന്വേഷിക്കാന്‍ സ്പെയിനില്‍ നിന്നും നിയുക്തനായ ഒരു ഉദ്യോഗസ്ഥനോടൊപ്പം കൊളംബസ്സിന് ആവശ്യമായ വിശദീകരണം നല്കാന്‍ സ്പെയിനിലേക്കുതന്നെ മടങ്ങേണ്ടതായും വന്നു.

ഈ സംഭവം കൊളംബസ്സിന്റെ പ്രശസ്തിക്കു മങ്ങലേല്പിച്ചു. മാത്രമല്ല, മൂന്നാമത്തെയും നാലാമത്തെയും സമുദ്രയാത്രയ്ക്കുള്ള പണമുണ്ടാക്കാന്‍ ഇദ്ദേഹത്തിനു വളരെ ക്ലേശിക്കേണ്ടതായും വന്നു. മൂന്നാമത്തെ നാവികയാത്ര (1498-1500) യില്‍ ട്രിനിഡാഡും തെക്കേ അമേരിക്കയുടെ പ്രധാനഭാഗവും കണ്ടുപിടിച്ചു. പക്ഷേ, ഒരു ഗവര്‍ണര്‍ എന്ന നിലയ്ക്കും ഭരണാധികാരി എന്ന നിലയ്ക്കും കൊളംബസ് ഒരു പരാജയമായിത്തീര്‍ന്നതുകൊണ്ട് അവിടെ സമാധാനം സ്ഥാപിക്കാനായി സ്പെയിനില്‍ നിന്ന് ഉദ്യോഗസ്ഥരെ അയക്കേണ്ടിവന്നു. അവസാനും കൊളംബസ്സിനെ അറസ്റ്റുചെയ്ത് നാട്ടിലേക്കയച്ചു. വീണ്ടും രാജാവിന്റെ പ്രീതിക്കുപാത്രമായെങ്കിലും നാടുകള്‍ ഭരിക്കാനുള്ള ഇദ്ദേഹത്തിന്റെ അവകാശം പിന്‍വലിക്കപ്പെട്ടു. സ്വര്‍ണം കണ്ടെത്താനുള്ള കൊളംബസ്സിന്റെ നാലാമത്തെ യാത്ര (1502-04) യില്‍ ഇദ്ദേഹം മധ്യ-അമേരിക്കയുടെ തീരത്തെത്തി. അവിടെ സ്വര്‍ണവും ഏഷ്യയിലേക്കു നയിച്ചേക്കാവുന്ന ഒരു കടലിടുക്കും കണ്ടെത്തുവാന്‍ ശ്രമിച്ചെങ്കിലും യാത്ര പരാജയപ്പെട്ടു.

പുതിയതായി കണ്ടെത്തിയ രാജ്യങ്ങളില്‍നിന്ന് വാണിജ്യത്തിലൂടെ ലഭിച്ച സമ്പത്തിന്റെ പത്തുശതമാനം ഉപയോഗിച്ച് കൊളംബസ് ജീവിതകാലത്തിന്റെ ബാക്കിഭാഗം സ്പെയിനില്‍ വളരെ ആര്‍ഭാടപൂര്‍വം ജീവിച്ചു. പക്ഷെ, പരമ്പരാഗതമായി തനിക്കു നല്കാമെന്നേറ്റിരുന്ന വൈസ്രോയിസ്ഥാനം നിഷേധിച്ച ഗവണ്‍മെന്റിന്റെ നടപടിയില്‍ ഇദ്ദേഹത്തിനു പ്രതിഷേധമുണ്ടായിരുന്നു. സ്വപ്നജീവിയും സാഹസികനുമായിരുന്ന കൊളംബസ് 1506 മേയില്‍ സ്പെയിനിലെ വള്ളഡോലിഡ് എന്ന സ്ഥലത്തു അന്തരിച്ചു.

(ആര്‍. കൊച്ചുകൃഷ്ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍