This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊല്ലൂര്‍ ശാസനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊല്ലൂര്‍ ശാസനം

പന്ത്രണ്ടാം ശതകത്തിലെ ചരിത്രപ്രസിദ്ധമായ ഒരു ചെപ്പേട്. കൊല്ലൂര്‍ മഠം ചേപ്പേട് എന്നും ദേവേശ്വരം ശാസനം എന്നും ഈ താമ്രശാസനം അറിയപ്പെടുന്നു. തിരുവിതാംകൂര്‍ പുരാവസ്തുവകുപ്പിന്റെ അധ്യക്ഷനായിരുന്ന കെ.വി. സുബ്രഹ്മണ്യയ്യരാണ് ട്രാവന്‍കൂര്‍ ആര്‍ക്കിയോളജിക്കല്‍ സീരീസിന്റെ നാലാം വാല്യം ഒന്നാം ഭാഗത്തില്‍ വിശദീകരണങ്ങളോടുകൂടി ഇത് ആദ്യം പ്രസിദ്ധപ്പെടുത്തിയത്. കേരളത്തില്‍ നിലനിന്നിരുന്ന കുടുംബസംവിധാനത്തിലേക്കു വിരല്‍ചൂണ്ടുന്ന ഒരു പ്രധാനരേഖയാണിത്.

ഈ ചെപ്പേടില്‍ 48.9 സെ.മീ. നീളവും 7.6 സെ.മീ. വീതിയുമുള്ള 16 ഏടുകളും 248 വരികളും ഉണ്ട്. ഭാഷ മലയാളസ്വാധീനതയുള്ള തമിഴും ലിപി വട്ടെഴുത്തുമാണ്. ഒന്നു മുതല്‍ പത്തുവരെയുള്ള ഏടുകളിലെയും പതിനൊന്നു മുതല്‍ പതിനാറു വരെയുള്ള ഏടുകളിലെയും എഴുത്തിന് വൈജാത്യം കാണുന്നു. ആദ്യത്തെ 10 ഏടുകള്‍ എഴുതിയ ആളല്ല മറ്റേടുകള്‍ എഴുതിയതെന്ന് സുബ്രഹ്മണ്യയ്യര്‍ ഊഹിക്കുന്നു. രണ്ടാമത്തെ വിഭാഗത്തിലെ അക്ഷരങ്ങള്‍ക്ക് ഭംഗി കുറവാണ്. പതിനൊന്നാമത്തെ ഏടിന്റെ ആരംഭത്തില്‍ 'ശ്രീ' എന്നു കുറിച്ചിട്ടുള്ളതുകൊണ്ട് അതു മുതല്‍ വേറൊരാളാണ് എഴുതിയതെന്ന് അനുമാനിക്കാം. വട്ടെഴുത്തില്‍ വ, പ, മ, യ എന്നീ അക്ഷരങ്ങള്‍ക്കു തമ്മില്‍ വലിയ വ്യത്യാസമില്ലായ്മയും എഴുത്തുകാരുടെ അനവധാനതയും ശാസനം വായിക്കാന്‍ പ്രയാസമുളവാക്കുന്നു.

വേണാടു വാണിരുന്ന വീര-ഉദയമാര്‍ത്താണ്ഡവര്‍മ കൊല്ലവര്‍ഷം 364 ധനു 1-ന് (1188 ന. 26) എഴുതിക്കൊടുത്ത ഒരുത്തരവാണ് ഈ ചെപ്പേടിന്റെ ഉള്ളടക്കം. ശ്രീവല്ലഭന്‍കോത വേണാടു ഭരിച്ചിരുന്ന കാലത്ത്, അദ്ദേഹത്തിന്റെ അമ്മത്തമ്പുരാട്ടി, ദേവീദേവേശ്വരം ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയപ്പോള്‍ ആ ക്ഷേത്രത്തിന്റെ നടത്തിപ്പിനുവേണ്ടി ഒരു പ്രമാണം എഴുതിക്കൊടുത്തിരുന്നു. അതു വായിക്കാന്‍ സാധ്യമല്ലാത്തവിധം കേടുവന്നു പോയതിനാല്‍ പുതുക്കി എഴുതിക്കൊടുക്കണമെന്ന് ക്ഷേത്രസഭക്കാര്‍ വേണാട്ടധിപനായ വീര-ഉദയമാര്‍ത്താണ്ഡവര്‍മയോടു അഭ്യര്‍ഥിക്കുകയുണ്ടായി. അതനുസരിച്ച് എഴുതിക്കൊടുത്തതാണ് ഇത്.

പത്താമത്തെ ഏടുവരെ അമ്മത്തമ്പുരാട്ടിയുടെ പ്രമാണം കേടൊന്നും കൂടാതെ കിട്ടിയിരിക്കാം; അതിനുശേഷമുള്ളവ ജീര്‍ണിച്ചുപോയിരിക്കാം. പത്താമത്തെ ഏട് അവസാനിക്കുന്നത് 'കൊ' എന്ന അക്ഷരത്തിലാണ്. പതിനൊന്നാമത്തെ ഏട് തുടങ്ങുന്നത് 'ള്ളുംനെല്‍' എന്നാകുന്നു. ദേവീദേവേശ്വരം ക്ഷേത്രത്തിലെ സഭയും വീര-ഉദയമാര്‍ത്താണ്ഡവര്‍മയും തേക്കിന്‍ചുറ്റു മണ്ഡപം എന്ന സ്ഥലത്തുവച്ച് പത്തുദിവസം ആലോചിച്ചശേഷമാണ് ഇതു തയ്യാറാക്കിയത് എന്ന് ഇതില്‍നിന്നുതന്നെ സ്പഷ്ടമാണ്. 11 മുതല്ക്കുള്ള ഏടുകളില്‍ ശ്രീവല്ലഭന്‍ കോതയുടെ അമ്മത്തമ്പുരാട്ടി എഴുതിയിരുന്ന ഉത്തരവില്‍ ഉണ്ടാകാനിടയില്ലാത്ത പല കാര്യങ്ങളും ചേര്‍ത്തിട്ടുണ്ട്. 11-ഉം, 12-ഉം ശതകങ്ങളിലെ ജീവിതത്തെ സ്പര്‍ശിക്കുന്ന ഒരു വലിയ രേഖയാണിത്.

കേരളീയരുടെ ഇടയില്‍ നടപ്പിലിരുന്ന മക്കത്തായം, മരുമക്കത്തായം എന്നീ ദായക്രമങ്ങളുടെ ഉദ്ഭവത്തെപ്പറ്റി അഭിപ്രായഭേദങ്ങള്‍ ഉണ്ട്. 11-ഉം, 12-ഉം ശതകങ്ങളില്‍ കേരളത്തില്‍ വലിയ സാമൂഹികപരിവര്‍ത്തനങ്ങള്‍ നടന്നുവെന്നു ചരിത്രകാരന്മാര്‍ പറയുന്നു. ചോഴ രാജാക്കന്മാരുടെ നിരന്തരമായ ആക്രമണം ഉണ്ടായിരുന്ന അക്കാലത്ത് പുരുഷന്മാര്‍ക്ക് മിക്കവാറും പോര്‍ക്കളത്തില്‍ത്തന്നെ കഴിയേണ്ടിവന്നുവെന്നും അങ്ങനെ വസ്തുവകകളുടെ ഭരണം സ്ത്രീകളുടെ കൈവശം വന്നുചേര്‍ന്നുവെന്നും മരുമക്കത്തായത്തിലേക്കുള്ള പരിവര്‍ത്തനം സംഭവിച്ചുവെന്നുമുള്ള ചില ചരിത്രകാരന്മാരുടെ അഭിപ്രായം അടിസ്ഥാനരഹിതമാണെന്ന് ഈ ശാസനം തെളിയിക്കുന്നു. മാമ്പള്ളി പട്ടയത്തിനുശേഷം ഇരുന്നൂറു സംവത്സരം കഴിഞ്ഞ് ഉദയമാര്‍ത്താണ്ഡവര്‍മ ആധാരം പുതുക്കിയെഴുതുമ്പോള്‍ ഈ കാലഘട്ടത്തിനിടയില്‍ ദായക്രമത്തിന് എന്തെങ്കിലും മാറ്റം ഉണ്ടായിട്ടുണ്ടെങ്കില്‍ അതനുസരിച്ചുള്ള ഭേദഗതികള്‍ വരുത്തേണ്ടതായിരുന്നുവല്ലോ. എന്നാല്‍ ഈ ചെപ്പേടില്‍ ഇത്തരത്തിലുള്ള യാതൊരു ഭേദഗതിയും കാണുന്നില്ല.

വിഭിന്ന സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് ദേവസ്വം സ്വത്തുക്കളിലും ദേവസ്വം വക കാര്യങ്ങളിലും ഉളള അവകാശവും അധികാരവും ഈ ചെപ്പേടില്‍ വിശദമാക്കിയിരിക്കുന്നു. നൂറിലധികം ഗ്രാമങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സ്വത്തുക്കള്‍ പരിപാലിക്കുന്ന കുടുംബങ്ങള്‍, അവര്‍ ക്ഷേത്രത്തിനുവേണ്ടി കൊടുക്കേണ്ട വിഹിതം, അതില്‍നിന്നു ക്ഷേത്രജീവനക്കാര്‍ക്കു ലഭിക്കുന്ന പങ്ക് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്. കുളമടിക്കുന്നവര്‍ക്ക് മുപ്പതുപറ നെല്ലുവീതം എടുക്കാന്‍ മുങ്കുവതുരുത്ത് എന്ന സ്ഥലം നിശ്ചയിച്ചുകാണുന്നു. ക്ഷേത്രത്തില്‍ വാടാവിളക്കു കത്തിക്കുവാന്‍ ചുമതലപ്പെട്ട നാലു കുടി വാണിയരും ഇതില്‍ പരാമൃഷ്ടരായിട്ടുണ്ട്. മുങ്കുവതുരുത്തിന്മേല്‍ ഈ വാണിയര്‍ക്കും ചില അവകാശങ്ങളുണ്ട്.

നന്താവനപ്പുരയിടത്തിലെ വരവുകൊണ്ട് നെയ്വിളക്കു കത്തിക്കണമെന്നും 'വാരിയമുടയവര്‍കള്‍' ഇതിനു പാട്ടം കൊടുക്കണമെന്നും മേല്‍ശാന്തി ചെയ്യുന്ന ആളിന് ഇരുപത്തിയേഴരപ്പറ നെല്ലും കീഴ്ശാന്തിക്ക് മുപ്പതുപറ നെല്ലും കൊടുക്കണമെന്നും വ്യവസ്ഥചെയ്തുകാണുന്നു. 'എഴുന്നള്ളിക്കും നമ്പിവൃത്തിക്കാരന്' എറിതറിനാട്ടില്‍നിന്നു പതിനൊന്നുപറ നെല്ലുകൊടുക്കണം. 'അടിക്കുന്ന വാരിയന്മാര്‍ക്ക്' ഞാഴാല്‍ മണിയാല്‍ എന്ന സ്ഥലത്തുനിന്നു മുപ്പത്തിമൂന്നു പറ നെല്ല് കൊടുക്കേണ്ടതാണ്. കൊടുവളനൂരില്‍ ഒരിടത്തുനിന്ന് കുളമടിക്കുന്നവര്‍ക്ക് പതിമൂന്നു പറ നെല്ലുകൂടി കൊടുക്കണം. വാരിയം ചെയ്യുന്നവരെപ്പറ്റി വീണ്ടും പരാമര്‍ശമുണ്ട്. ഇവര്‍ മേല്‍നോട്ടം വഹിക്കുന്നവരായിരിക്കണം. തിരുനന്താവനവൃത്തി ചെയ്യുന്ന ആളിനും (ക്ഷേത്രത്തിലേക്കു പൂക്കള്‍ ശേഖരിക്കുകയും നന്താവനം സൂക്ഷിക്കുകയും ചെയ്യുന്ന ആള്‍) നെല്ലിന് അവകാശമുണ്ട്; 'വൃത്തിപുറം ജീവിതം' എന്നൊരുകൂട്ടര്‍, ചാക്യാന്മാര്‍, അകപ്പൊതുവാള്‍മാര്‍, തിരുമേനിക്കാവല്‍, ഊര്‍പ്പൊതുവാള്‍, തളിവൃത്തി, പുറപ്പൊതുവാള്‍, കലവാണി വൃത്തിക്കാര്‍, വാണിയര്‍, തന്ത്രിമാര്‍, നാലുകുടി വെള്ളനാടാന്മാര്‍ മുതലായവരും ഈ ചെപ്പേടില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഒരുത്തരുടെയും പേരു പറയുന്നില്ല. പരമ്പരയായി ക്ഷേത്രജീവിതം നിര്‍വഹിച്ചിരുന്നവരായിരിക്കാം ഇവര്‍.

ചിറയിന്‍കീഴ് താലൂക്കില്‍ കിളിമാനൂരില്‍നിന്ന് ഏകദേശം 1.6 കി.മീ. അകലെയാണ് ദേവീദേവേശ്വരം ശാസ്തൃക്ഷേത്രം. ഇവിടെ കല്‍ത്തൂണില്‍ കൂപ്പുകൈയോടുകൂടി നില്‍ക്കുന്ന സ്ത്രീരൂപം ക്ഷേത്രം സ്ഥാപിച്ച തമ്പുരാട്ടിയുടേതാവാം.

കൊല്ലൂര്‍മഠം ചെപ്പേടില്‍ വിവരിച്ചിട്ടുള്ള വസ്തുവകകള്‍ സ്ഥിതിചെയ്തിരുന്ന ഇടപ്പഴയനാട്, മടവൂര്‍, കുഴക്കാട്, കുറവന്‍കോണം, മേവര്‍ക്കര്‍, ഇടയ്ക്കോട് എന്നിവ കിളിമാനൂരിനടുത്തും തോന്നയ്ക്കല്‍ തിരുവനന്തപുരം താലൂക്കിലുമാകുന്നു.

(വി.ആര്‍. പരമേശ്വരന്‍പിള്ള; അടൂര്‍ രാമചന്ദ്രന്‍നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍