This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊല്ലവര്‍ഷം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊല്ലവര്‍ഷം

പ്രാചീനകാലം മുതല്‍ ഭാരതത്തില്‍ നിലവിലുണ്ടായിരുന്ന പ്രാദേശികവര്‍ഷങ്ങളിലൊന്ന് (സപ്തര്‍ഷിവര്‍ഷം-ബി.സി. 76; വിക്രമവര്‍ഷം-ബി.സി. 56; ശകവര്‍ഷം-എ.ഡി. 78; കലച്ചൂരിവര്‍ഷം-248; ഗുപ്തവര്‍ഷം-320; ഹര്‍ഷവര്‍ഷം-606 മുതലായവയാണ് ഭാരതത്തില്‍ നിലവിലുണ്ടായിരുന്ന മറ്റ് വര്‍ഷഗണനകള്‍). കൊല്ലം നഗരത്തിന്റെ പേരില്‍ 'കൊല്ലം തോന്റിന ആണ്ട്' (കൊല്ലവര്‍ഷം), 'കൊല്ലം അഴിന്ത ആണ്ട്' എന്നിങ്ങനെ രണ്ടു വര്‍ഷഗണനകള്‍ ഉണ്ട്. 'മെക്കന്‍സി മാനുസ്ക്രിപ്റ്റ്സ്' എന്നറിയപ്പെടുന്ന രേഖാശേഖരത്തില്‍ കാണുന്ന രണ്ടാമത്തേത് അത്ര പ്രസിദ്ധമല്ല. 825-ല്‍ കൊല്ലവര്‍ഷം ആരംഭിച്ചു. കേരളത്തിന്റെ ചരിത്രത്തിലും കാലഗണനയിലും കൊല്ലവര്‍ഷത്തിന്റെ ഉദ്ഭവം ഒരു പ്രധാനസംഭവമാണ്. ഇതിനുമുമ്പുണ്ടായിട്ടുള്ള ശാസനങ്ങളും മറ്റു രേഖകളും കലിവര്‍ഷമോ ശകവര്‍ഷമോ ഭരണവര്‍ഷമോ ആണ് സ്വീകരിച്ചിരുന്നത്. ദക്ഷിണകേരളം, മധുര, തിരുനെല്‍വേലി, ശ്രീലങ്ക എന്നിവിടങ്ങളില്‍ ചിങ്ങം 1-ാം തീയതിയും ഉത്തരകേളത്തില്‍ കന്നി 1-ാം തീയതിയുമാണ് പുതുവര്‍ഷാരംഭം. വേണാട്ടിലെ ശ്രീവല്ലഭന്‍കോതയുടെ മാമ്പള്ളി ശാസനമാണ് കൊല്ലവര്‍ഷം രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ രേഖ.

പത്തൊമ്പതാം ശതകത്തിന്റെ അന്ത്യപാദത്തില്‍ റോബര്‍ട്ട് സീവെലും ബാലകൃഷ്ണ ദീക്ഷിത്തും ചേര്‍ന്നു ലണ്ടനില്‍ നിന്നു പ്രസിദ്ധപ്പെടുത്തിയ ഇന്ത്യന്‍ കലണ്ടറില്‍ കൊല്ലവര്‍ഷം അഥവാ പരശുരാമാബ്ദം മംഗലാപുരം മുതല്‍ കന്യാകുമാരി വരെയുള്ള മലയാളദേശത്തും തിരുനെല്‍വേലി മുതലായ തമിഴ്ദേശങ്ങളിലും നടപ്പായിരുന്നുവെന്നു പ്രസ്താവിച്ചിട്ടുണ്ട്. കൊല്ലവര്‍ഷാരംഭത്തെക്കുറിച്ച് പല പണ്ഡിതന്മാരും വിഭിന്നാഭിപ്രായങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളത്.

ഉദയമാര്‍ത്താണ്ഡന്‍ കഥ. കലിവര്‍ഷം 3926-ല്‍ (825) വേണാട്ടുരാജാവായ ഉദയമാര്‍ത്താണ്ഡവര്‍മ ഒരു പുതിയ വര്‍ഷം ആരംഭിക്കുന്നതിനായി കേരളത്തിലെ ജ്യോതിശ്ശാസ്ത്രപണ്ഡിതന്മാരുടെ ഒരു മഹാസമ്മേളനം കൊല്ലത്തുവിളിച്ചുകൂട്ടുകയും വളരെയേറെ ചര്‍ച്ചകള്‍ക്കുശേഷം ആ വര്‍ഷം ചിങ്ങമാസത്തില്‍ ഒരു പുതിയ അബ്ദം ആരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്തു എന്ന് ചരിത്രകാരനായ പി. ശങ്കുണ്ണിമേനോന്‍ തിരുവിതാംകൂര്‍ ചരിത്രത്തില്‍ (1878) രേഖപ്പെടുത്തിയിരിക്കുന്നു. ഈ വര്‍ഷഗണന കേരളത്തില്‍ മാത്രമല്ല, തിരുനെല്‍വേലി, മധുര മുതലായ അയല്‍രാജ്യങ്ങളിലും സ്വീകരിക്കുകയുണ്ടായി എന്നും ഇദ്ദേഹം അഭിപ്രായപ്പെടുന്നു. ഈ വസ്തുതയ്ക്കാധാരമായി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഒരു രേഖയും ഇദ്ദേഹം ഉദ്ധരിക്കുന്നുണ്ട്. കൊല്ലവര്‍ഷാരംഭം ഈ വിധത്തിലാണെന്ന് മറ്റു ചില തിരുവിതാംകൂര്‍ ചരിത്രകാരന്മാരും ഭാഷാചരിത്രകാരനായ പി. ഗോവിന്ദപ്പിള്ളയും തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവല്‍ കര്‍ത്താവായ ടി.കെ. വേലുപ്പിള്ളയും വിശ്വസിച്ചുപോന്നു. പക്ഷേ, പിന്നീടുണ്ടായ പഠനങ്ങള്‍ ഈ സിദ്ധാന്തം പല കാരണങ്ങളാലും സ്വീകാര്യമല്ലെന്നു തെളിയിക്കുകയുണ്ടായി. ശങ്കുണ്ണിമേനോന്‍ ഉദ്ധരിക്കുന്ന ക്ഷേത്രരേഖ, അദ്ദേഹം കരുതിയപോലെ കൊല്ലം ഒന്നാം ആണ്ടു ചിങ്ങമാസം 5-ന് എഴുതിയതല്ല. വാസ്തവത്തില്‍ ആ രേഖയുടെ കാലം കൊല്ലവര്‍ഷം 801 (1625) ചിങ്ങം 5 ആണ്. കൊല്ലവര്‍ഷം 550 (1375)-നു മുമ്പുള്ള ഒരു രേഖയും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇല്ല. അതുമല്ല, കൊല്ലവര്‍ഷാരംഭത്തിനടുത്ത് ഉദയമാര്‍ത്താണ്ഡന്‍ എന്ന പേരില്‍ ഒരു വേണാട്ടുരാജാവ് ഉണ്ടായിരുന്നുമില്ല. അഥവാ വാദത്തിനുവേണ്ടി ഉണ്ടായിരുന്നു എന്നു സമ്മതിച്ചാല്‍ത്തന്നെയും അദ്ദേഹം മഹോദയപുരത്തെ ചേരചക്രവര്‍ത്തിയുടെ സാമന്തനായിരിക്കാനേ സാധ്യതയുള്ളൂ. ഒരു സാമന്തരാജാവ് ആരംഭിച്ച വര്‍ഷം കേരളത്തില്‍ ഉടനീളം അംഗീകരിപ്പാന്‍ വഴിയില്ലല്ലോ. ചരിത്രപരമായി പറഞ്ഞാല്‍ രാജശേഖരവര്‍മ(820-844)ന്റെ കാലത്താണ് കൊല്ലവര്‍ഷം ആരംഭിക്കുന്നത്. എന്നാല്‍ ഒരു പുതിയ വര്‍ഷാരംഭവുമായി ബന്ധപ്പെടുത്തി രാജശേഖരവര്‍മന്റെ പേര് എങ്ങും പരാമര്‍ശിക്കുന്നില്ല. 869-ല്‍ രചിക്കപ്പെട്ട ശങ്കരനാരായണീയം എന്ന ജ്യോതിശ്ശാസ്ത്രഗ്രന്ഥത്തിന്റെ കര്‍ത്താവായ ശങ്കരനാരായണന്‍ തന്റെ കൃതിയില്‍ ഇങ്ങനെ ഒരു വര്‍ഷം ആരംഭിച്ചതായി സൂചിപ്പിക്കുന്നില്ല. അദ്ദേഹം ഉപയോഗിക്കുന്നതു കലിവര്‍ഷവും ശകവര്‍ഷവുമാണ്. കൊല്ലവര്‍ഷം രേഖപ്പെടുത്തിയിട്ടുള്ള ഒരു ശാസനവും 9-ാം ശതകത്തിലേതായി കണ്ടുകിട്ടിയിട്ടില്ല. പത്തും പതിനൊന്നും ശതകങ്ങളില്‍ കൊല്ലവര്‍ഷം ഉപയോഗിച്ചിട്ടുള്ള ഓരോ രേഖ മാത്രമേ ലഭിച്ചിട്ടുള്ളൂ. ഈ വസ്തുതകളുടെ വെളിച്ചത്തില്‍ കൊല്ലവര്‍ഷാരംഭത്തിന്റെ ഉദ്ഭവത്തെപ്പറ്റി വൈക്കത്തു പാച്ചുമൂത്തതിന്റെ തിരുവിതാംകൂര്‍ ചരിത്രത്തിലും (1868) മറ്റും കൊടുത്തിട്ടുള്ള ഉദയമാര്‍ത്താണ്ഡന്‍ കഥ തികച്ചും അവിശ്വസനീയമാണെന്നുതന്നെ കരുതേണ്ടിയിരിക്കുന്നു.

ലോഗന്റെ സിദ്ധാന്തം. മലബാര്‍ മാനുവല്‍ കര്‍ത്താവായ ലോഗന്‍, കൊല്ലവര്‍ഷാരംഭത്തെക്കുറിച്ച് ശ്രദ്ധേയമായ ഒരഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലവര്‍ഷം തെക്കന്‍ കേരളത്തില്‍ ചിങ്ങം 1-ാം തീയതിയും വടക്കന്‍ കേരളത്തില്‍ കന്നി 1-ാം തീയതിയും ആരംഭിക്കുന്നത് വേണാടും കോലത്തുനാടും യഥാക്രമം പെരുമാള്‍ വാഴ്ചയില്‍നിന്ന് മോചനം പ്രാപിച്ചതിന്റെ സ്മാരകമായിട്ടാണെന്ന് അദ്ദേഹം കരുതുന്നു. ചരിത്രഗവേഷണത്തിന്റെ വെളിച്ചത്തില്‍ ഈ സിദ്ധാന്തം അസ്വീകാര്യമാകുന്നു. 9 മുതല്‍ 12 വരെയുള്ള ശതകങ്ങള്‍ മഹോദയപുരത്തെ കുലശേഖരന്മാരുടെ ഭരണകാലമാണ്. വേണാടും കോലത്തുനാടും അക്കാലത്ത് സ്വതന്ത്രമായിരുന്നില്ല. 12-ാം ശതകത്തിന്റെ ആരംഭത്തില്‍ കുലശേഖര സാമ്രാജ്യം ശിഥിലമായതിനുശേഷം മാത്രമാണ് ഈ രണ്ടു നാട്ടുരാജ്യങ്ങളും സ്വതന്ത്രമായത്. അതുകൊണ്ട് ഈ രണ്ടു നാടുകളും സ്വതന്ത്രമായതിന്റെ സ്മാരകമായിട്ടാണ് 825-ല്‍ കൊല്ലവര്‍ഷം ആരംഭിച്ചതെന്ന വാദം ശരിയല്ല.

ശങ്കരാചാര്യരും അനാചാരങ്ങളും. കേരളോത്പത്തിയുടെ ഒരു പതിപ്പ് അനുസരിച്ച് ശങ്കരാചാര്യര്‍ ബ്രാഹ്മണര്‍ക്കിടയില്‍ അനാചാരങ്ങള്‍ ഏര്‍പ്പെടുത്തിയതിന്റെ സ്മാരകമാണ് കൊല്ലവര്‍ഷം എന്നാണ് മറ്റൊരു സിദ്ധാന്തം. അനാചാരങ്ങളെ നിര്‍ണയിക്കുന്ന ശങ്കരസ്മൃതി സാക്ഷാല്‍ ശങ്കരാചാര്യരുടേതാണെന്ന തെറ്റിദ്ധാരണയാണ് കേരളോത്പത്തികാരനെ ഈ അഭിപ്രായത്തിലേക്ക് നയിച്ചത്. നമ്പൂതിരി ജന്മിമാരെക്കുറിച്ച് പരാമര്‍ശമുള്ള ശങ്കരസ്മൃതി ഒരു പില്ക്കാല കൃതിയാണെന്നാണ് പൊതുവേ സ്വീകരിക്കപ്പെട്ടിട്ടുള്ള അഭിപ്രായം. 12-ാം ശതകംതൊട്ടാണ് കേരളത്തിലെ നമ്പൂതിരിമാര്‍ ജന്മിമാരാകുന്നത്. ജന്മിസമ്പ്രദായം കേരളത്തില്‍ നിലവില്‍വരുന്നതും അക്കാലത്താണ്. ഈ ഒരു തെളിവുകൊണ്ടുതന്നെ നമ്പൂതിരിമാര്‍ കേരളത്തിലെ ജനജീവിതത്തില്‍ ഒരു നിര്‍ണായക ശക്തിയായിത്തീരുന്ന 12-ാം ശതകത്തിനുശേഷമാണ് ശങ്കരസ്മൃതി രചിക്കപ്പെട്ടതെന്ന് വ്യക്തമാകുന്നു. അതുകൊണ്ട് ശങ്കരാചാര്യര്‍ അനാചാരങ്ങള്‍ ഏര്‍പ്പെടുത്തിയതിന്റെ ഓര്‍മയ്ക്കാണ് കൊല്ലവര്‍ഷം ആരംഭിച്ചതെന്ന കേരളോത്പത്തിയിലെ പരാമര്‍ശം അസ്വീകാര്യമാണ്. പോരെങ്കില്‍, 788 മുതല്‍ 820 വരെയാണ് ശങ്കരാചാര്യരുടെ ജീവിതകാലം എന്നാണ് സാമാന്യമായി കരുതപ്പെടുന്നത്. ആ നിലയ്ക്ക് 825-ല്‍ അദ്ദേഹം അനാചാരങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയില്ല.

കൊല്ലം നഗരം സ്ഥാപിതമായ സംഭവവുമായി ബന്ധപ്പെടുത്തിയുള്ളതാണ് മറ്റൊരു സിദ്ധാന്തം. തെക്ക് കുരക്കേണിക്കൊല്ലവും വടക്കു പന്തലായനിക്കൊല്ലവും സ്ഥാപിക്കപ്പെട്ട ദിവസങ്ങള്‍ തൊട്ടാണ് രണ്ടിടത്തും കൊല്ലവര്‍ഷം തുടങ്ങിയതത്രെ. ശാസനങ്ങളില്‍ കാണുന്ന 'കൊല്ലം തോന്റി' എന്ന പ്രയോഗത്തെ കൊല്ലം നഗരം നിര്‍മിച്ചതിനുശേഷം എന്നു ചിലര്‍ വ്യാഖ്യാനിക്കുന്നു. 'കൊല്ലവര്‍ഷം ഉണ്ടായി' എന്നാണ് താത്പര്യമെന്ന് ഉള്ളൂര്‍ അഭിപ്രായപ്പെടുന്നു. 'കൊല്ലം തോന്റി' എന്നതിനു കൊല്ലം നഗരം നിര്‍മിച്ചതിനുശേഷം എന്നുതന്നെ അര്‍ഥം കൊടുക്കണമെന്നില്ല. 'കൊല്ലം തുടങ്ങി' എന്നും അര്‍ഥം ആകാമല്ലോ. കൊല്ലവര്‍ഷാരംഭത്തിനു മുമ്പ് 8-ാം ശതകത്തില്‍ കൊല്ലം നഗരം സ്ഥാപിതമായിരിക്കാം. 8-ാം ശതകത്തില്‍ വടക്കുനിന്ന് വന്ന ബ്രാഹ്മണര്‍ കേരളത്തിലെ പല സ്ഥലങ്ങള്‍ക്കും അവര്‍ക്കു നേരത്തേ സുപരിചിതമായിരുന്ന സ്ഥലങ്ങളുടെ പേര്‍ നല്‍കി. കൊല്ലാപുരി(കോല്‍ഹാപൂര്‍)യെ അനുകരിച്ച് അവര്‍ കൊല്ലത്തിന് ആ പേര്‍ നല്കിയതാവാം. കൂടാതെ കുരക്കേണിക്കൊല്ലവും പന്തലായനിക്കൊല്ലവും കൊല്ലവര്‍ഷാരംഭത്തിനുമുമ്പുതന്നെ ആ പേരുകളില്‍ അറിയപ്പെട്ടിരുന്നു. ആകയാല്‍ കൊല്ലം നഗരം സ്ഥാപിച്ചതിന്റെ സ്മാരകമാണ് കൊല്ലവര്‍ഷാരംഭമെന്ന വാദം യുക്തിസഹമല്ല. കൂടാതെ ചേരസാമ്രാജ്യത്തിന്റെ ഒരു സാമന്തന്റെ പദവി മാത്രമേ അന്ന് കൊല്ലം രാജാവിനുണ്ടായിരുന്നുള്ളൂ. കേരളത്തിലെ ഒരു സാമന്തരാജാവ് കൊല്ലത്ത് ഒരു നഗരം സ്ഥാപിച്ചതിന്റെ ഓര്‍മയ്ക്കായി കേരളവ്യാപകമായി ഒരു അബ്ദം സ്വന്തമായി ഏര്‍പ്പെടുത്തി എന്നു വിശ്വസിക്കാന്‍ പ്രയാസമാണ്.

ചേരമാന്‍പെരുമാള്‍ ഇസ്ലാംമതം സ്വീകരിച്ചു മക്കത്തേക്കു പോയതിന്റെയും ചേരസാമ്രാജ്യം പലതായി വിഭജിച്ചതിന്റെയും ഓര്‍മയ്ക്കാണ് 825-ല്‍ കൊല്ലവര്‍ഷം ആരംഭിച്ചതെന്ന് ഒരു ചിന്താഗതിയുണ്ട്. പക്ഷേ, പെരുമാള്‍ കഥതന്നെ വെറുമൊരു കെട്ടുകഥയായിരിക്കെ, ആ കഥയെ ആസ്പദമാക്കിയുള്ള ഒരു സിദ്ധാന്തവും സ്വീകാര്യമല്ല. സുലൈമാന്‍ (850), അല്‍-ഖസ്വീനി (1263-76), മാര്‍ക്കോപോളോ (1721-94) എന്നിവരാരും ഇക്കഥ പറയുന്നില്ല. അതുമല്ല, രാജ്യത്തിന്റെ അഖണ്ഡത നഷ്ടപ്പെട്ട് അതു പലതായി വിഭജിക്കപ്പെടുമ്പോള്‍ കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും സ്വീകാര്യമായ ഒരു പുതുവര്‍ഷം ആരംഭിച്ചു എന്നത് യുക്തിക്കു നിരക്കുന്നതുമല്ല.

പെരിയപുരാണത്തില്‍ ശൈവസിദ്ധനായ ചേരമാന്‍ പെരുമാള്‍ നായനാര്‍ ചിദംബരത്തുപോയി സുന്ദരമൂര്‍ത്തിസ്വാമികളുമായി അഭിമുഖസംഭാഷണം നടത്തിയതായും അതിനെത്തുടര്‍ന്നു തിരോധാനം ചെയ്തതായും പ്രസ്താവമുണ്ട്. ഇത് ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയതിന്റെ ഫലമായിരിക്കാം പുതിയ വര്‍ഷഗണന എന്ന മതവും സ്വീകാര്യമല്ല.

825-ല്‍ ക്രിസ്ത്യന്‍ സമുദായം കൊല്ലത്ത് സ്ഥിരതാമസമാക്കിയതിന്റെ പേരിലാണ് കൊല്ലവര്‍ഷത്തിന്റെ ആരംഭമെന്നാണ് മറ്റൊരു അഭിപ്രായം. കൊല്ലത്തുവന്ന ക്രിസ്ത്യന്‍ വ്യാപാരികള്‍ ആ നഗരത്തില്‍ സ്ഥിരസങ്കേതം സ്ഥാപിച്ച നാളുമായി ബന്ധപ്പെടുത്തി ഒരു പുതുവര്‍ഷം തുടങ്ങി എന്നാണ് വാദം. തുടര്‍ന്ന് കേരളത്തിലെ ജനങ്ങള്‍ ഭരണാധികാരികളുടെ നിര്‍ദേശമനുസരിച്ചോ മറ്റേതെങ്കിലും പ്രേരണ കൊണ്ടോ ഈ പുതിയ വര്‍ഷം സ്വീകരിച്ചു. പുതിയവര്‍ഷം ആദ്യം തെക്കന്‍കൊല്ലത്തും പരിസരത്തുമാണ് പ്രചരിച്ചത് എന്നും ഈ വാര്‍ത്ത വടക്കന്‍ കേരളത്തില്‍ എത്താന്‍ ഒരുമാസം വേണ്ടിവന്നു എന്നുമാണ് വര്‍ഷാരംഭത്തെ സംബന്ധിച്ച് കേരളത്തിന്റെ തെക്കും വടക്കും ഭാഗങ്ങളില്‍ കാണുന്ന വ്യത്യാസത്തിന് അവര്‍ നല്കുന്ന വിശദീകരണം. ക്രിസ്ത്യന്‍ കച്ചവടക്കാര്‍ കൊല്ലത്തു സ്ഥിരതാമസമാക്കിയ വസ്തുത, കേരളത്തില്‍ എങ്ങുമുള്ള ക്രൈസ്തവേതര ജനങ്ങളെ ഒരു പുതിയ വര്‍ഷം സ്വീകരിക്കാന്‍ പ്രേരകമായ ഒരു മഹാസംഭവമായി കണക്കാക്കാന്‍ നിവൃത്തിയില്ല. ഏറിയാല്‍ കൊല്ലത്തെ ക്രിസ്ത്യന്‍ വര്‍ത്തകരും അവരോട് ബന്ധപ്പെട്ടവരും ഈ വര്‍ഷഗണന സ്വീകരിച്ചെന്നുവരാം. കേരളത്തിന്റെ മറ്റു ഭാഗങ്ങളിലെ ജനങ്ങള്‍ അത് അംഗീകരിച്ചു എന്നു പറയാന്‍ സാധിക്കുകയില്ല.

കേരളത്തിന്റെ ദേശീയാഘോഷമായ ഓണത്തിന്റെ സ്മാരകമാണ് കൊല്ലവര്‍ഷം എന്ന് ശിരോമണി കൃഷ്ണന്‍നായര്‍ മുതലായവരുടെ അഭിപ്രായവും സ്വീകരിക്കുവാന്‍ നിര്‍വാഹമില്ല. എന്തെന്നാല്‍ സംഘകാലത്തുപോലും ഓണം കേരളത്തിലും ദക്ഷിണേന്ത്യയിലെ ഇതര ഭാഗങ്ങളിലും കൊണ്ടാടിയിരുന്നതായി മതുരൈകാഞ്ചി മുതലായ കൃതികളില്‍ പരമാര്‍ശിച്ചുകാണുന്നുണ്ട്.

കൊല്ലത്ത് ഒരു ശിവക്ഷേത്രം നിര്‍മിച്ചതില്‍ നിന്നാണ് കൊല്ലവര്‍ഷം ആരംഭിച്ചത് എന്ന് ഗുണ്ടര്‍ട്ട് പറയുന്നു. ഈ വര്‍ഷത്തിന്റെ ഉദ്ഭവം പ്രാദേശികവും മതപരവും ആകയാല്‍ കേരളത്തിലെ ഇതര ഭാഗങ്ങളിലെ ജനങ്ങള്‍ കുറച്ചുകാലത്തേക്കു സ്വീകരിക്കുകയുണ്ടായില്ലെന്നും എന്നാല്‍ കൊല്ലത്തിന്റെ രാഷ്ട്രീയവും വാണിജ്യപരവുമായ പ്രാധാന്യം വര്‍ധിച്ചുവന്നപ്പോള്‍ കേരളക്കരയിലുടനീളം വാണിജ്യബന്ധമുണ്ടായിരുന്ന വ്യാപാരികള്‍ ഈ പുതിയവര്‍ഷം രാജ്യമെങ്ങും പ്രചരിപ്പിക്കുകയുണ്ടായി എന്നുമാണ് ഇദ്ദേഹത്തിന്റെ വാദഗതി. ഈ വാദവും ദുര്‍ബലമാണ്. ക്ഷേത്രനിര്‍മാണം പോലുള്ള ഒരു സാധാരണ പ്രാദേശിക സംഭവത്തെ ആസ്പദമാക്കി ഒരു വര്‍ഷഗണനസമ്പ്രദായം ഒരു രാജ്യം മുഴുവന്‍ അംഗീകരിച്ചു എന്ന് വിശ്വസിക്കുവാന്‍ പ്രയാസമാണ്. അതുമല്ല, തെക്കന്‍ കൊല്ലത്തോ പന്തലായനിക്കൊല്ലത്തോ പ്രശസ്തിയാര്‍ജിച്ചിട്ടുള്ള പുരാതന ശിവക്ഷേത്രങ്ങളും ഇല്ലതന്നെ.

കൊല്ലവര്‍ഷാരംഭത്തെക്കുറിച്ചുള്ള മറ്റൊരു ശ്രദ്ധേയമായ സിദ്ധാന്തം പ്രസിദ്ധ പണ്ഡിതനായ പ്രൊഫ. സുന്ദരംപിള്ളയുടേതാണ്. 'സപ്തര്‍ഷിവര്‍ഷത്തിന്റെ അഥവാ ശാസ്ത്രസംവത്സരത്തിന്റെ ഒരു പരിഷ്കൃത രൂപമായിരിക്കാം കൊല്ലവര്‍ഷം എന്നാണ് ഇദ്ദേഹത്തിന്റെ നിഗമനം. അല്‍ബിറൂണി(978-1048)യുടെ കുറിപ്പുകളിലും കല്‍ഹണന്റെ രാജതരംഗിണി (1150) യിലും പുരാണങ്ങളിലും ഈ വര്‍ഷത്തെക്കുറിച്ച് പറയുന്നു. സപ്തര്‍ഷിവര്‍ഷം ഒരുകാലത്ത് കാശ്മീരിലും മുള്‍ട്ടാനിലും സൗരാഷ്ട്രത്തിലും മധ്യ-ഉത്തരഭാരതത്തിന്റെ ഇതരഭാഗങ്ങളിലും പ്രചരിച്ചിരുന്നു. 'ലൗകികവര്‍ഷം' എന്നുകൂടി പേരുള്ള സപ്തവര്‍ഷത്തിന്റെ പ്രത്യേകത 100 വര്‍ഷംകൊണ്ടു ഒരാവൃത്തി പൂര്‍ത്തിയാവുകയും വീണ്ടും ഒന്ന് എന്ന് അടുത്ത ആവൃത്തി ആരംഭിക്കുകയും ചെയ്യുന്നു എന്നതാണ്. ആദ്യത്തെ ആവൃത്തി ബി.സി. 76-ല്‍ ആണ് ആരംഭിച്ചത്. സപ്തര്‍ഷിവര്‍ഷം കേരളത്തില്‍ കൊണ്ടുവന്നത് ആര്യന്മാരായിരിക്കണം. കേരള ബ്രാഹ്മണര്‍ കൊല്ലത്തുവന്നപ്പോള്‍ സപ്തര്‍ഷി വര്‍ഷത്തിന്റെ 9-ാമത്തെ ആവൃത്തി പൂര്‍ത്തിയാവുകയും പത്താമത്തെ ആവൃത്തി 825 ചൈത്രമാസം ഒന്നാംതീയതി തുടങ്ങുകയും ചെയ്കയാല്‍ ആ ഒടുവിലത്തെ ആവൃത്തി കൊല്ലം നഗരത്തിന്റെ പേരില്‍ അറിയപ്പെട്ടിരിക്കുകയും ചെയ്യാം. 12-ാം ശതകത്തിനുശേഷം മാത്രമാണ് ശാസനങ്ങളിലും മറ്റു രേഖകളിലും കൊല്ലവര്‍ഷം തുടര്‍ച്ചയായി ഉപയോഗിച്ചുകാണുന്നത് എന്ന വസ്തുത, സപ്തര്‍ഷിവര്‍ഷത്തിന്റെ പത്താമത്തെ ആവൃത്തിയുടെ തുടര്‍ച്ചയാണ് കൊല്ലവര്‍ഷം എന്ന വാദത്തിന് പിന്തുണ നല്‍കുന്നു. പുതിയ മാറ്റവുമായി പൊരുത്തപ്പെടാന്‍ ജനങ്ങള്‍ക്കു കുറേസമയം വേണ്ടിവരിക സ്വാഭാവികമാണല്ലോ. കൊല്ലത്തുവന്ന ബ്രാഹ്മണര്‍ പ്രാദേശികാവശ്യങ്ങളുമായി യോജിക്കുമാറ് പരിഷ്കരിച്ച സപ്തര്‍ഷിവര്‍ഷമാണ് കൊല്ലവര്‍ഷം എന്ന സിദ്ധാന്തം, കൊല്ലം നഗരവുമായി ബന്ധപ്പെട്ടതാണ് കൊല്ലവര്‍ഷം എന്ന ജനവിശ്വാസവുമായി ഇണങ്ങിപ്പോകുന്നതുമാണ്. എങ്കിലും, കൊല്ലവര്‍ഷം തെക്ക് ചിങ്ങം 1-നും വടക്ക് കന്നി 1-നും ആരംഭിക്കുന്നത് എന്തുകൊണ്ടാണെന്നോ, സപ്തര്‍ഷിവര്‍ഷത്തിന്റെ പരമ്പരാഗതമായ ഗണനാസമ്പ്രദായമുപേക്ഷിച്ച് പുതിയ രീതി കൈക്കൊണ്ടതിന്റെ കാരണം എന്താണെന്നോ ഈ സിദ്ധാന്തം വ്യക്തമാക്കുന്നില്ല. വര്‍ഷാരംഭത്തില്‍ തെക്കും വടക്കും ഉള്ള വ്യത്യാസം, സപ്തര്‍ഷിവര്‍ഷത്തിന്റെ പുതിയ ആവൃത്തി ആരംഭിച്ചത് ചിങ്ങം 1-നോ കന്നി 1-നോ എന്ന പ്രശ്നത്തില്‍ ഇരുഭാഗങ്ങളിലെ ജ്യോതിശ്ശാസ്ത്രജ്ഞന്മാരുടെയും പഞ്ചാംഗ ഗണിതക്കാരുടെയും ഇടയില്‍ നിലവിലിരുന്ന ഒരു അഭിപ്രായവ്യത്യാസത്തിന്റെ പ്രകാശനമാണ് എന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല. ഇക്കാര്യത്തില്‍ അന്യോന്യം വിയോജിച്ചുകൊണ്ട് തെക്കര്‍ ചിങ്ങം 1-നും വടക്കര്‍ കന്നി 1-നും വര്‍ഷാരംഭം കണക്കാക്കിയിരിക്കാം. ജ്യോതിശ്ശാസ്ത്രത്തെ സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങള്‍ ആധുനികകാലത്തും പണ്ഡിതന്മാര്‍ക്കിടയില്‍ സര്‍വസാധാരണമാകയാല്‍ 11 നൂറ്റാണ്ടുകള്‍ക്കുമുമ്പേ ഈ വിധം ഒരു മതഭേദം നിലവിലിരുന്നത് സ്വാഭാവികമാണല്ലോ.

കൊല്ലം, കലി, ക്രിസ്തു എന്നീ വര്‍ഷഗണനകളെ ബന്ധിപ്പിക്കുന്ന

"കൊല്ലത്തില്‍ തളരാംഗത്തെ

കൂട്ടുമ്പോള്‍ കലിവത്സരം

കൊല്ലത്തില്‍ ശരജം കൂട്ടി

ക്രിസ്താബ്ദം കണ്ടുകൊള്ളുക

[തരളാംഗം (ത-6, ര-2, ളാം-9, ഗം-3)=3926, ശരജം (ശ-5, ര-2, ജം-8)=825] എന്ന ഒരു പദ്യം ഭാഷാചരിത്രത്തില്‍ കൊടുത്തിട്ടുണ്ട്. ഇതനുസരിച്ച് കൊല്ലവര്‍ഷത്തോട് 3926 കൂട്ടി കലിവര്‍ഷവും 825 കൂട്ടി ക്രിസ്തുവര്‍ഷവും കണക്കാക്കാം. എന്നാല്‍ ക്രിസ്തുവര്‍ഷം കൊല്ലവര്‍ഷമധ്യത്തില്‍ ആരംഭിക്കുന്നതാകയാല്‍ ധനു മധ്യത്തിനുമുമ്പ് 824-ഉം അതിനുശേഷം 825-ഉം കൊല്ലവര്‍ഷത്തോടു ചേര്‍ത്താണ് ക്രിസ്തുവര്‍ഷം കണക്കാക്കേണ്ടത്.

(എ. ശ്രീധരമേനോന്‍; വി.ആര്‍. പരമേശ്വരന്‍പിള്ള; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍