This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊല്ലന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊല്ലന്‍

ഇരുമ്പു പണികളില്‍ ഏര്‍പ്പെട്ടുജീവിക്കുന്ന ജനവിഭാഗം. കുതിരയ്ക്കു ലാടം തറയ്ക്കുന്നവന്‍ എന്നര്‍ഥം വരുന്ന 'ബ്ലാക്സ്മിത്ത്' എന്ന പദമാണ് ഇംഗ്ലീഷില്‍ ഇവരെക്കുറിക്കാന്‍ ഉപയോഗിക്കുന്നത്. വ്യാവസായിക വളര്‍ച്ചയും ശാസ്ത്രസാങ്കേതിക പുരോഗതിയും വമ്പിച്ച നേട്ടങ്ങള്‍ കൈവരിച്ച ഈ കാലഘട്ടത്തില്‍ കൊല്ലപ്പണിക്കു വലിയ പ്രാധാന്യം ഇല്ലെങ്കിലും ഇരുമ്പിന്റെ ആവിര്‍ഭാവകാലത്ത് വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനം ഈ തൊഴിലിന് ഉണ്ടായിരുന്നു. സൈന്യത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന യോദ്ധാക്കള്‍ക്കാവശ്യമായ വാള്‍, കുന്തം, കഠാര മുതലായവയും കര്‍ഷകര്‍ക്കാവശ്യമായ കലപ്പ, മണ്‍വെട്ടി തുടങ്ങിയ കാര്‍ഷികോപകരണങ്ങളും, മരപ്പണിക്കാര്‍, കല്പണിക്കാര്‍, മറ്റുസാങ്കേതികത്തൊഴിലാളികള്‍ എന്നിവര്‍ക്കാവശ്യമായ പണിയായുധങ്ങളും മറ്റും നിര്‍മിക്കുകയെന്ന പ്രധാനപ്പെട്ട ജോലികള്‍ കൊല്ലന്മാരാണ് അക്കാലത്ത് നിര്‍വഹിച്ചിരുന്നത്. മധ്യകാലഘട്ടം ആയതോടെ ഉരുക്കിക്കാച്ചിയെടുത്ത ഇരുമ്പ് വ്യാപകമായ തോതില്‍ കൊല്ലന്മാര്‍ നിര്‍മിക്കുകയും അത് ഉപയോഗിച്ച് ഗൃഹോപകരണങ്ങള്‍ മുതല്‍ കപ്പല്‍ വരെയുള്ള സാധനങ്ങളും യാനപാത്രങ്ങളും ഉണ്ടാക്കുകയും ചെയ്തിരുന്നു. കല്‍ക്കരി ഉപയോഗിച്ചു ചൂളയുടെ താപനില ഗണ്യമായി ഉയര്‍ത്താമെന്ന് ആദ്യമായി പരീക്ഷിച്ചു മനസ്സിലാക്കിയതും കൊല്ലന്മാരാണ്. വന്‍വ്യവസായങ്ങള്‍ വളര്‍ന്നു വന്നതോടെ ലോകത്തെമ്പാടും കൊല്ലന്മാരുടെ പ്രാധാന്യത്തിനു കുറവു നേരിട്ടിരിക്കുകയാണ്. എന്നാലും ഒരു ഗ്രാമത്തില്‍ ഒരു കൊല്ലന്‍ അപരിഹാര്യനായി ഇന്നും കരുതപ്പെടുന്നു.

കൊല്ലന്റെ ആല

കേരളത്തില്‍ വിശ്വകര്‍മ സമുദായത്തില്‍പ്പെട്ട ഒരു വിഭാഗമാണ് കൊല്ലന്മാര്‍. മലബാര്‍ പ്രദേശത്തു കരുമാന്‍ (കരുവാന്‍) എന്ന പേരില്‍ ഇവര്‍ അറിയപ്പെടുന്നു. തീക്കൊല്ലന്‍, പെരുംകൊല്ലന്‍, തീപ്പേരുംകൊല്ലന്‍, ഇരുമ്പുകൊല്ലന്‍ എന്നിങ്ങനെയുള്ള അവാന്തരവിഭാഗങ്ങളും ഇവരുടെ ഇടയിലുണ്ട്. അവര്‍ണരായി കരുതപ്പെട്ടുവരുന്ന ഇവരുടെ ദായക്രമം മക്കത്തായമാണ്. പുരുഷമേധാവിത്വമുള്ള കുടുംബസംവിധാനമാണ് ഇവരുടേത്. ഒരു കാലത്ത് ഇവരുടെ ഇടയില്‍ ബഹുഭര്‍ത്തൃത്വം നിലവിലിരുന്നു. മലബാര്‍ പ്രദേശത്ത് ഇവരുടെ ഈ വിവാഹക്രമത്തെ പാണ്ഡവാചാരം എന്നാണ് വിളിച്ചിരുന്നത്. ഒരു കുടുംബത്തിലെ എല്ലാ സഹോദരന്മാരും കൂടി ഒരു സ്ത്രീയെ വിവാഹം കഴിക്കുകയായിരുന്നു പതിവ്. സ്വത്തുക്കള്‍ ഭാഗിച്ചുപോകാതിതിരിക്കാനും അവകാശത്തര്‍ക്കം ഉണ്ടാകാതിരിക്കാനുമാണ് ഈ സമ്പ്രദായം സ്വീകരിച്ചിരുന്നത്. വിവാഹത്തില്‍ താലികെട്ടും മധുരം കൊടുക്കലും പ്രധാന ചടങ്ങുകളാണ്. ഇവരുടെ മതപരമായ ചടങ്ങുകള്‍ മറ്റു ഹിന്ദുക്കളുടേതുപോലെതന്നെയാണ്. കാളി, ഭഗവതി, തുടങ്ങിയ ദേവതകളെ ഇവര്‍ ആരാധിക്കുന്നു. ഇവര്‍ക്ക് സ്വന്തമായി ക്ഷേത്രങ്ങളുണ്ട്.

കലപ്പയുടെ കൊഴു, പിക്കാസ്, കൃഷിഭൂമിയിലെ കള നീക്കംചെയ്യാനുള്ള ഉപകരണങ്ങള്‍, മറ്റു കാര്‍ഷികാവശ്യത്തിനും ഗാര്‍ഹികാവശ്യത്തിനുമുള്ള ഇരുമ്പുസാമഗ്രികള്‍, ഇരുമ്പിലെ കൊത്തുപണികള്‍, വണ്ടിച്ചക്രങ്ങള്‍ക്കാവശ്യമായ ഇരുമ്പുപട്ട നിര്‍മാണം തുടങ്ങിയുള്ള പണികളിലാണ് കേരളത്തിലെ കൊല്ലന്മാര്‍ പ്രധാനമായും ഏര്‍പ്പെട്ടിരിക്കുന്നത്. മുന്‍കാലങ്ങളില്‍ ഓരോ ഗ്രാമത്തിലും പ്രത്യേകം പ്രത്യേകം കൊല്ലന്മാരുണ്ടായിരുന്നു. വീടിനോടു ചേര്‍ന്നാണ് ഇവരുടെ പണിസ്ഥലം തയ്യാറാക്കിയിരുന്നത്. ഉലയില്‍ തീയിടാന്‍വേണ്ടി കല്‍ക്കരിയോ മരക്കരിയോ ഉപയോഗിക്കുന്നു. കാറ്റ് ഊതിവിടാന്‍ തുകല്‍കൊണ്ടുള്ള ഉറകളോ ചക്രംകൊണ്ടു തിരിക്കാവുന്ന പങ്കകളോ ഉപയോഗിച്ചു വരുന്നു. ഉലയൂതുന്ന പണി പരമ്പരാഗതമായി സ്ത്രീകളാണ് ചെയ്തുവരുന്നത്. ഇപ്പോള്‍ ഇവരുടെ തൊഴില്‍രംഗം ആധുനികീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. വ്യാവസായിക രംഗത്തേക്കും ഇവരുടെ തൊഴില്‍മേഖല വ്യാപിച്ചു തുടങ്ങിയിട്ടുണ്ട്. നോ. ആശാരി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍