This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊലൊസ്സ്യര്‍ക്കെഴുതിയ ലേഖനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊലൊസ്സ്യര്‍ക്കെഴുതിയ ലേഖനം

പുതിയനിയമത്തിലെ 12-ാമത്തെ പുസ്തകം. അപ്പോസ്തലനായ പൗലോസ് തന്റെ ജീവിതത്തിന്റെ സായാഹ്നത്തില്‍ ബന്ധനസ്ഥനായി റോമിലെ ജയിലില്‍ കഴിഞ്ഞിരുന്ന അവസരത്തിലാണ് ഈ ലേഖനം എഴുതിയത്. അദ്ദേഹം ജയിലില്‍ തന്നെ സന്ദര്‍ശിച്ച സഹഭൃത്യനായ എപ്പഫ്രാസ്സിനെ കൊലൊസ്സേയിലെ ജനങ്ങള്‍ക്കു വേണ്ടി ഈ കത്ത് ഏല്പിച്ചു എന്നു കരുതപ്പെടുന്നു. പൗലോസ് കൊലൊസ്സേ സന്ദര്‍ശിക്കുകയോ അവിടത്തെ ജനങ്ങള്‍ അദ്ദേഹത്തെ നേരില്‍ കാണുകയോ ചെയ്തിരുന്നില്ല (കൊലൊ. 2:1). കൊലൊസ്സേയില്‍ ക്രിസ്തുമതം പ്രചരിപ്പിച്ചിരുന്ന എപ്പഫ്രാസ് അവിടത്തുകാരനാണെന്നു കരുതപ്പെടുന്നു.

റോമാക്കാരുടെ ഏഷ്യന്‍ പ്രവിശ്യ(ഏഷ്യയുടെ ഏറ്റവും പടിഞ്ഞാറേ അറ്റം)യിലെ ലിക്കസ് (Lycus) നദീതടത്തില്‍ സ്ഥിതിചെയ്തിരുന്ന മൂന്നു പ്രാചീന നഗരങ്ങളില്‍ ഒന്നായിരുന്നു കൊലൊസ്സേ. ആധുനിക തുര്‍ക്കിയുടെ വകയായ അനട്ടോലിയ (Anatolia) ഉപദ്വീപിന്റെ ഭാഗമാണ് ഈ സ്ഥലം. ഈ ഉപദ്വീപ് ഉള്‍പ്പെടുന്ന സ്ഥലം ഏഷ്യാമൈനര്‍ എന്ന പേരിലും അറിയപ്പെടുന്നു. മറ്റു രണ്ടു പ്രാചീന നഗരങ്ങളായിരുന്ന ഹിരാപൊലിസും (Hierapolis) ലൊഡിസാ(Lodicaa)യും നദിയുടെ മറുകരയിലാണു സ്ഥിതിചെയ്തിരുന്നത്. തുണി വ്യവസായവുമായി ബന്ധപ്പെട്ടിരുന്ന ഈ മൂന്നു നഗരങ്ങളും സമ്പന്നമായിരുന്നു.

ക്രിസ്തുമതം വ്യാപകമായി പ്രചരിച്ചിരുന്ന കൊലൊസ്സേ നഗരത്തിലെ ജനങ്ങള്‍ ക്രിസ്തുവില്‍ വിശ്വസിച്ചും ക്രൈസ്തവ നിയമങ്ങള്‍ അനുസരിച്ചും സ്നേഹത്തിലും വിശ്വാസത്തിലുമാണ് വര്‍ത്തിച്ചിരുന്നത്. യഹൂദനിയമങ്ങളും ക്രിസ്തുമതത്തിലെയും ഗ്രീക്ക്ദര്‍ശനത്തിലെയും പൗരസ്ത്യദേശങ്ങളിലെ ഗൂഢാര്‍ഥവാദത്തിലെയും ആശയങ്ങളും സമാഹരിച്ച് രൂപവത്കരിച്ച തത്ത്വസംഹിതയായ നോസ്റ്റിസിസവും കൊലൊസ്സേയിലെ ജനങ്ങളെ സ്വാധീനിക്കും എന്നുതോന്നിയ സന്ദര്‍ഭത്തിലാണ് പൗലോസ് അവര്‍ക്കായി ഈ കത്തെഴുതിയത്. ജ്യോതിഷ പ്രവചനങ്ങളിലും ദുര്‍ദേവതകളിലും രാജാധികാരത്തിലും വിശ്വാസം അര്‍പ്പിക്കുവാന്‍ തുടങ്ങിയ ജനങ്ങള്‍ ദേവതകളെ ആരാധിക്കുവാനും ദുര്‍ദേവതകളെ ഭയപ്പെടുവാനും തുടങ്ങിയിരുന്നു. ജനങ്ങളില്‍ വളര്‍ന്നുവന്ന ഇത്തരം തെറ്റായ വിശ്വാസങ്ങളെ ഉന്മൂലനം ചെയ്യാനുള്ള പരിശ്രമമാണ് പൌലോസിന്റെ കത്തില്‍ പ്രധാനമായും കാണുന്നത്. കത്തിലെ കാതലായ ഭാഗം ഇതാണ്:

'നിങ്ങള്‍ പൂര്‍ണപ്രസാദത്തിനായി കര്‍ത്താവിനു യോഗ്യമാകും വണ്ണം നടന്ന് ആത്മീയമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്റെ ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ട് നിറഞ്ഞുവരണം എന്നും സകല സത്പ്രവൃത്തിയിലും ഫലം കായിച്ചു ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തില്‍ വളരേണമെന്നും സകല സഹിഷ്ണുതയ്ക്കും ദീര്‍ഘക്ഷമയ്ക്കുമായി അവന്റെ മഹത്ത്വത്തിന്റെ വല്ലഭത്വത്തിനു ഒത്തവണ്ണം പൂര്‍ണശക്തിയോടെ ബലപ്പെടേണമെന്നും വിശുദ്ധന്മാര്‍ക്ക് വെളിച്ചത്തിലുള്ള അവകാശത്തിനായി നമ്മെ പ്രാപ്തരാക്കുകയും നമ്മെ ഇരുട്ടിന്റെ അന്ധകാരത്തില്‍ നിന്ന് വിടുവിച്ച് തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവെക്കുകയും ചെയ്ത പിതാവിന്നു സന്തോഷത്തോടെ, സ്ത്രോത്രം ചെയ്യുന്നവരാകേണം എന്നു അപേക്ഷിക്കുന്നു' (കൊലൊ.1:1013). ക്രിസ്തുവിന്റെ അവതാരത്തിന്റെ ആവശ്യകതയെപ്പറ്റിയും കത്തില്‍ പ്രതിപാദിക്കുന്നു. "ക്രിസ്തു, ദൈവത്തിന്റെ ശരിയായ പ്രതീകവും പൂര്‍ണതയുടെ ഉറവിടവുമാകുന്നു (കൊലൊ.1:1519, 2:29). "അവന്‍ മുഖാന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു (കൊലൊ1:16). "മുമ്പേ ദുഷ്പ്രവൃത്തികളാല്‍ മനസ്സുകൊണ്ടു അകന്നവരും ശത്രുക്കളായിരുന്ന നിങ്ങളെ അവന്റെ മുമ്പില്‍ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിറുത്തേണ്ടതിന്ന് അവന്‍ ഇപ്പോള്‍ തന്റെ ജഡശരീരത്തില്‍ തന്റെ മരണത്താല്‍ നിരപ്പിച്ചു (കൊലൊ.1:2122).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍