This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊലാജന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊലാജന്‍

Collagen

തന്തിലമായ ഒരിനം പ്രോട്ടീന്‍. ജന്തുശരീരത്തിലെ വെളുത്ത നാരുപോലെയുള്ള സംയോജകകലയുടെ പ്രധാനഭാഗമാണ് കൊലാജന്‍. ഇത് പ്രധാനമായും ത്വക്ക്, എല്ല്, ടെന്‍ഡനുകള്‍ എന്നീ ഭാഗങ്ങളിലാണു കാണപ്പെടുന്നത്. കൊലാജനില്‍ പ്രൊലീന്‍, ഹൈഡ്രോക്സി പ്രൊലീന്‍ എന്നീ വസ്തുക്കള്‍ ധാരാളമായി കാണുന്നു. വെള്ളം ചേര്‍ത്തു കൊലാജന്‍ തിളപ്പിച്ചാല്‍ ജലാറ്റിന്‍ കിട്ടുന്നു. കൃത്രിമ വൃക്കകള്‍, ഡയാലിസിസ് സ്തരങ്ങള്‍ എന്നിവ നിര്‍മിക്കുന്നതിനായി പ്രത്യേകതരത്തിലുള്ള കൊലാജനുകള്‍ സംസ്കരിച്ചെടുക്കുന്നുണ്ട്. മൈക്രോക്രിസ്റ്റലൈന്‍ കൊലാജനുകള്‍ ചികിത്സാരംഗത്ത് ഉപയോഗപ്പെടുത്തിവരുന്നു.

പ്രകൃതിയില്‍ കാണപ്പെടുന്ന മുഖ്യ ജന്തുപ്രോട്ടീനാണ് കൊലാജന്‍. മനുഷ്യശരീരത്തിലെ പ്രോട്ടീനിന്റെ 30 ശതമാനവും കൊലാജനാണ്. കശേരുകികളും അകശേരുകികളുമായ എല്ലാ ജന്തുക്കളിലും കൊലാജന്‍ അടങ്ങിയിട്ടുണ്ട്. ഷഡ്പദങ്ങളില്‍ കൊലാജനു പകരം കൈറ്റിന്‍ (chitin) എന്ന തന്തിലവസ്തുവാണ് കാണപ്പെടുന്നത്.

കൊലാജന്‍ - മൈക്രോസ്കോപ്പിക് ചിത്രം

ഫൈബ്രോബ്ളാസ്റ്റുകള്‍, കൊണ്ട്രോബ്ലാസ്റ്റുകള്‍, ഓസ്റ്റിയോ ബ്ളാസ്റ്റുകള്‍, ഒഡോന്റോബ്ളാസ്റ്റുകള്‍ തുടങ്ങിയ മീസെന്‍കൈമാ കോശങ്ങളാണ് കൊലാജന്‍ പ്രധാനമായും നിര്‍മിക്കുന്നത്. ഘടനാവസ്തു എന്നതിലുപരി മുറിവുകള്‍ ഉണക്കുന്നതിലും പല രോഗങ്ങളുടെ അവസ്ഥയിലും കൊലാജനു പ്രാധാന്യമുണ്ട്. കൊലാജന്റെ വളര്‍ച്ച പൂര്‍ണമാകുമ്പോള്‍ അതിന്റെ അടിസ്ഥാന തന്മാത്രയില്‍ അടങ്ങിയിട്ടുള്ള പോളിപെപ്റ്റൈഡ് ശൃംഖല(ടോപോ കൊലാജന്‍)യിലെ തന്മാത്രകള്‍ തമ്മില്‍ വിലങ്ങനെ ബന്ധപ്പെടുന്നുണ്ട്. വിലങ്ങനെയുള്ള ഈ സംയോഗം കൊലാജനെ സാമാന്യം അലേയമാക്കി മാറ്റുന്നു. ഇതിനും പ്രായമാകലിനും തമ്മില്‍ ബന്ധമുണ്ടെന്നു കരുതുന്നു. മധുരപ്പയര്‍ (lathyrus odoratus) പോലെയുള്ള ചില സസ്യങ്ങളില്‍ കാണപ്പെടുന്ന അമൈനൊ പ്രൊപിയോ നൈട്രൈല്‍ പോലുള്ള വസ്തുക്കള്‍ക്ക് കൊലാജന്റെ വളര്‍ച്ചയെ തടസ്സപ്പെടുത്താന്‍ കഴിയും. ഇതുമൂലം മീസെന്‍കൈമയ്ക്ക് വൈകല്യം ഉണ്ടാകുന്നതോടൊപ്പം സംയോജക കലകളുടെ ആയതി നഷ്ടപ്പെടുകയും ചെയ്യും. ഈ രോഗത്തിനെ ലാഥിറിസം (Lathyrism) എന്നു പറയുന്നു. ജന്മനാ സംഭവിക്കുന്ന ഒരു ഉപാപചയത്തകരാറായ മര്‍ഫന്‍സ് സിന്‍ഡ്രോമി(Marfan's syndrome)ന് സംയോജകകലയുടെ വളര്‍ച്ചയുമായി ബന്ധമുണ്ട്.

സസ്തനികളില്‍ ബാഹ്യചര്‍മത്തിന്റെ അടിയില്‍ കാണുന്ന കട്ടിയുള്ള തൊലി (കൊറിയം) പ്രധാനമായും കൊലാജനാണ്. ഈ ഭാഗം ഊറയ്ക്കിട്ടാണ് തുകല്‍ നിര്‍മിക്കുന്നത്. തുകല്‍ ഊറയ്ക്കിടുമ്പോള്‍ ടാനിനും മറ്റു വസ്തുക്കളും കൊറിയത്തിലെ കൊലാജനുമായി സ്ഥിരമായ ഒരു രാസസംയോഗം ഉണ്ടാകുന്നു; ഇതുമൂലം മൃഗത്തൊലി തുകല്‍ ആയി രൂപാന്തരപ്പെടുന്നു.

ചൂടാക്കിയും ചില രാസവസ്തുക്കളുമായി ചേര്‍ത്തു പ്രവര്‍ത്തിപ്പിച്ചും കൊലാജനെ ജലാറ്റിനാക്കി മാറ്റാം. മൃഗത്തൊലിയും എല്ലും വളരെനേരം തിളപ്പിച്ചാല്‍ വജ്രപ്പശ ലഭിക്കും. അശുദ്ധ ജലാറ്റിന്റെ സത്താണിത്. അസ്ഥിയില്‍ നിന്നും നിര്‍മിക്കുന്ന ജലാറ്റിനെ ഒസ്സിന്‍ എന്നും പറയുന്നു. എല്ലും തോലും മറ്റും തിളപ്പിച്ചശേഷം ആദ്യം എടുക്കുന്ന ഊറ്റില്‍ അനാവശ്യവസ്തുക്കള്‍കുറവായിരിക്കും. ഇതാണ് ജലാറ്റിനായി ഉപയോഗിക്കുന്നത്. വീണ്ടും തിളപ്പിച്ചശേഷം എടുക്കുന്ന ചാറില്‍ നിന്നാണ് വജ്രപ്പശ നിര്‍മിക്കുന്നത്. മത്സ്യത്തില്‍ നിന്നും മേല്പറഞ്ഞ വസ്തുക്കള്‍ നിര്‍മിക്കാം. മത്സ്യത്തിന്റെ അസ്ഥി, തൊലി, ചെകിള, പൂവ് എന്നിവയില്‍ അടങ്ങിയിട്ടുള്ള കൊലാജന്‍ വെള്ളം ചേര്‍ത്ത് തിളപ്പിച്ച് ഊറ്റിയെടുത്ത് ശേഖരിക്കുന്നു. കൊലാജനില്‍ 33 ശതമാനം ഗ്ലൈസീനും 25 ശതമാനം പ്രൊലീനും ഹൈഡ്രോക്സിപൊലീനും അടങ്ങിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍